X

മതവിശ്വാസം പാടില്ലെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി

 
ബീജിങ്: പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മതവിശ്വാസം പാടില്ലെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉത്തരവ്. പാര്‍ട്ടി ഐക്യം കാത്തുസൂക്ഷിക്കുന്നതിന് പ്രവര്‍ത്തകര്‍ മതവിശ്വാസം കൈയൊഴിയണമെന്നും മാക്‌സിസ്റ്റ് നിരീശ്വരവാദത്തില്‍ ഉറച്ചുനില്‍ക്കണമെന്നും ചൈനീസ് മതകാര്യ വിഭാഗം ഡയറക്ടര്‍ വാങ് സുവോണ്‍ പറഞ്ഞു. മതപരമായ വിശ്വാസവും മൂല്യങ്ങളും സ്വീകരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അനുമതിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഏതെങ്കിലും ഉദ്യോഗസ്ഥര്‍ മതവിശ്വാസികളാണെങ്കില്‍ എത്രയും പെട്ടെന്ന് അതില്‍നിന്ന് പിന്മാറണം. വിസമ്മതിക്കുന്നവര്‍ക്കെതിരെ ശിക്ഷാനടപടിയുണ്ടാകുമെന്നും ഉത്തരവില്‍ പറയുന്നു.
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19-ാം കോണ്‍ഗ്രസ് ഒക്ടോബറില്‍ നടക്കാനിരിക്കെയാണ് മതവിശ്വാസത്തിന് കര്‍ശന വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ്. പണ്ഡിതരെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിലര്‍ മതവിശ്വാസത്തെ അനുകൂലിക്കുന്നത് വൈരുദ്ധ്യാതിഷ്ഠിത ഭൗതികവാദത്തിന്റെ അടിസ്ഥാനത്തിലുള്ള പാര്‍ട്ടി മൂല്യങ്ങള്‍ അട്ടിമറിക്കപ്പെടാന്‍ കാരണമാകുമെന്ന് ചൈനീസ് പീപ്പിള്‍സ് പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടേറ്റീവ് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ സു വെയ്ഖൂണ്‍ പറഞ്ഞു. ചൈനയില്‍ ചില മതങ്ങളുടെ വളര്‍ച്ച കമ്യൂണിസ്റ്റ് പാര്‍ട്ടി ആശങ്കയോടെയാണ് കാണുന്നത്. പോളണ്ടിനെപ്പോലുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ക്കുണ്ടായ ദുരനുഭവം ചൈനക്കും ഉണ്ടാകുമെന്ന് കമ്യൂണിസ്റ്റ് ഭരണകൂടം ഭയക്കുന്നു.
ചൈനയില്‍ രണ്ടു കോടി മുസ്്‌ലിംകളുണ്ട്. ഷിന്‍ജിയാങില്‍ ഉയ്ഗൂര്‍ മുസ്്‌ലിംകളാണ് ഭൂരിപക്ഷ വിഭാഗം. ബുദ്ധിസവും ക്രിസ്തുമതവും കഴിഞ്ഞാല്‍ ചൈനയില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുന്ന മതമാണ് ഇസ്്‌ലാം.

chandrika: