X

മല്യയുടെ 1000 കോടിയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടും

ന്യൂഡൽഹി: ബാങ്കുകളുടെ ക ൺസോർഷ്യത്തിൽ നിന്ന് വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് മുങ്ങിയ മദ്യ വ്യവസായി വിജയ് മല്യയുടെ ആയിരം കോടി രൂപയുടെ സ്വത്തുക്കൾ കൂടി കണ്ടു കെട്ടാൻ എൻഫോഴ്‌സ്‌മെന്റ് നടപടി തുടങ്ങി.

ഇത്തവണ കണ്ടു കെട്ടുന്ന സ്വത്തുക്കളിൽ വിദേശത്തെ കടൽത്തീരങ്ങളിലെ സ്വത്തുകളും ഉൾപ്പെടും. നേരത്തെ 8041 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു. കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനുള്ള നിയമപ്രകാരമാണ് എൻഫോഴ്‌സ്‌മെന്റ് സ്വത്തുക്കൾ കണ്ടുകെട്ടുന്നത്. മല്യയുടെ ഓഹരി നിക്ഷേപവും ബിസിനസ് ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും എൻഫോഴ്‌സ്‌മെന്റ് ശേഖരിച്ചിട്ടുണ്ട്.

ഇതുപ്രകാരമുള്ള സ്വത്തുക്കൾ കണ്ട് കെട്ടുന്നതിനുള്ള ഉത്തരവും ഉടൻ ഉണ്ടാവുമെന്നാണ് കരുതുന്നത്. 13 ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നായി 9000 കോടി രൂപയാണ് മല്യ വായ്പ എടുത്തത്. ബാങ്കുകൾ സി.ബി.ഐക്ക് നൽകിയ പരാതിയെ തുടർന്നാണ് എൻഫോഴ്‌സ്‌മെന്റ് മല്യയ്‌ക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തത്. ഫെബ്രുവരിയിൽ ഒരു ബ്രിട്ടീഷ് സ്ഥാപനത്തിൽ നിന്ന് സ്വീകരിച്ച 40 മില്യൺ ഡോളറിന്റേതുൾപ്പെടെ മല്യ തന്റെ മുഴുവൻ സ്വത്തു വിവരക്കണക്കും കോടതിയിൽ വെളിപ്പെടുത്തിയിട്ടില്ലെന്ന് ബാങ്കുകളുടെ സംഘടന നേരത്തെ കോടതിയെ അറിയിച്ചിരുന്നു. തുക തിരിച്ചടയ്ക്കാതെ ഇക്കഴിഞ്ഞ മാർച്ചിലാണ് മല്യ രാജ്യം വിട്ടത്. ഇപ്പോൾ ലണ്ടനിൽ കഴിയുകയാണ്. നിരവധി തവണ സമൻസ് അയച്ചിട്ടും ഹാജരാകാത്ത മല്യയുടെ പാസ്‌പോർട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയിട്ടുണ്ട്.

എന്നാൽ, പാസ്‌പോ ർട്ട് റദ്ദാക്കിയതിനാലാണ് തനിക്ക് ഇന്ത്യയിലേക്ക് മടങ്ങി വരാൻ കഴിയാത്തതെന്നു മല്യ രണ്ടു ദിവസം മുമ്പ് വ്യക്തമാക്കിയിരുന്നു. മല്യയുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന കിങ്ഫിഷർ വിമാനക്കമ്പനി രാജ്യത്തെ വിവിധ എയർപോർട്ട് മാനേജ്‌മെന്റുകൾക്ക് നൽകിയ വണ്ടിച്ചെക്കുകൾ മടങ്ങിയ കേസിൽ മല്യക്കെതിരെ ഡൽഹി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

Web Desk: