X

മുസ്ലിംവേട്ടക്കെതിരെ മുസ്‌ലിംലീഗ് റാലി ഇന്ന് കോഴിക്കോട്ട്

കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഭരണകൂട ഭീകരതക്കെതിരായ മുസ്‌ലിംലീഗ് റാലി ഇന്ന് കോഴിക്കോട്ട്. ഭീകരവാദത്തിന്റെ പേരില്‍ രാജ്യത്താകമാനം മുസ്‌ലിം യുവാക്കളെ കള്ളക്കേസുകളില്‍ കുടുക്കി ജയിലിലടക്കുകയും വിചാരണത്തടവുകാരാക്കി ജീവിതം തുലയ്ക്കുകയും ചെയ്യുന്നത് വര്‍ധിക്കുന്നതിനെതിരായ മനുഷ്യാവകാശ പോരാട്ടമായി സമ്മേളനം മാറും.

ബി.ജെ.പിയുടെ കാര്‍മികത്വത്തിലും പ്രോത്സാഹനത്തിലും നടക്കുന്ന മുസ്‌ലിം വേട്ട സഹിഷ്ണുതയുടെ ഈറ്റില്ലമായ കേരളത്തിലേക്കും പടരുകയാണ്. മുസ്‌ലിം സ്ഥാപനങ്ങള്‍ക്കും പ്രഭാഷകര്‍ക്കുമെതിരെ യു.എ.പി.എ ചുമത്തി കേസെടുക്കുന്നത് ഇതിനു തെളിവാണ്. ഈ സാഹചര്യത്തിലാണ് മതേതര ജനാധിപത്യവിശ്വാസികളെ അണി നിരത്തി ‘ഭീകരതയുടെ പേരിലുള്ള മുസ്‌ലിം വേട്ടക്കെതിരെ ജനജാഗരണം’ സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ റാലി സംഘടിപ്പിക്കുന്നത്. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ വൈകിട്ട് അഞ്ചിന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈരലി ശിഹാബ് തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അദ്ധ്യക്ഷത വഹിക്കും.

ദേശീയ പ്രസിഡണ്ട് ഇ അഹമ്മദ് എം.പി, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ജെ.ഡി.യു സംസ്ഥാന പ്രസിഡണ്ട് എം.പി വിരേന്ദ്രകുമാര്‍ എം.പി, സാഹിത്യക്കാരന്‍ കെ.പി രാമനുണ്ണി, പ്രമുഖ ദളിത് ചിന്തകനും എഴുത്തുകാരനുമായ സണ്ണി കപിക്കാട്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സംസ്ഥാന ട്രഷറര്‍ പി.കെ.കെ ബാവ, പി.വി അബ്ദുല്‍ വഹാബ് എം.പി, ഡോ.എം. കെ മുനീര്‍ എം.എല്‍.എ, സി.മോയിന്‍കുട്ടി, എം.സി മായിന്‍ ഹാജി, ടി.പി.എം സാഹിര്‍, അഡ്വ.കെ. എന്‍.എ ഖാദര്‍, കെ.എം ഷാജി എം.എല്‍.എ, പി.എം സാദിഖലി, പി.കെ ഫിറോസ് പ്രസംഗിക്കും. മുസ്‌ലിം ലീഗ് സംസ്ഥാന ജില്ലാ ഭാരവാഹികള്‍, എം.എല്‍.എമാര്‍, പോഷക ഘടകം നേതാക്കള്‍ സംബന്ധിക്കും.

റാലിക്ക് എത്തുന്ന പ്രവര്‍ത്തകര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ചെറുപ്രകടനങ്ങളായാണ് സമ്മേളന നഗരിയിലേക്ക് പ്രവേശിക്കുക. നേരെത്തെ എഴുതിതയ്യാറാക്കിയ മുദ്രാവാക്യം മുഴക്കി ഗതാഗത തടസ്സം സൃഷ്ടിക്കാത്ത രീതിയില്‍ അഞ്ചു മണിക്ക് മുമ്പായി പ്രവര്‍ത്തകര്‍ മുതലക്കുളത്ത് എത്തണമെന്ന് സംഘാടക സമിതിക്കുവേണ്ടി മുസ്‌ലിംലീഗ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാലയും ജനറല്‍ സെക്രട്ടറി എന്‍.സി അബൂബക്കറും അറിയിച്ചു.

chandrika: