X

മെഗാ മലയാളം

 

ഗുണ്ടൂര്‍: അവസാന ദിനം ഗുണ്ടൂരിലെ നാഗാര്‍ജ്ജുന യൂണിവേഴ്‌സിറ്റി ട്രാക്കില്‍ മെഡല്‍ കൊയ്ത്ത് നടത്തിയ കേരളം ദേശീയ ഇന്റര്‍സ്‌റ്റേറ്റ് സീനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ കിരീടം നിലനിര്‍ത്തി. 159 പോയിന്റുകള്‍ നേടിയാണ് കേരളത്തിന്റെ നേട്ടം. 110 പോയിന്റുകളോടെ തമിഴ്‌നാട് രണ്ടാം സ്ഥാനക്കാരായി. മൂന്നാം ദിനം വരെ കിരീടത്തിനായി കേരളത്തോട് കിട മത്സരം നടത്തിയ ഹരിയാന മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു, 101.5 പോയിന്റ്. മീറ്റിന്റെ സമാപന ദിനത്തില്‍ വന്‍ മെഡല്‍ കൊയ്ത്താണ് കേരളം നടത്തിയത്. ഇന്നലെ മാത്രം നേടിയത് നാലു സ്വര്‍ണവും ആറു വെള്ളിയും രണ്ടു വെങ്കലവുമടക്കം 12 മെഡലുകള്‍. മീറ്റില്‍ കേരളത്തിന്റെ ആകെ മെഡല്‍ നേട്ടം 23. 11 സ്വര്‍ണം, എട്ടു വെള്ളി, നാലു വെങ്കലം. വനിതകളില്‍ കേരളത്തിന്റെ മെര്‍ലിന്‍ ജോസഫ് വേഗമേറിയ താരമായി. 11.65 സെക്കന്റിലായിരുന്നു മെര്‍ലിന്റെ ഫിനിഷിങ്. തമിഴ്‌നാട് താരം ഏലക്യാദാസാണ് (10.56) വേഗമേറിയ പുരുഷ താരം. മലയാളി താരം അനുരൂപ് ജോണ്‍ വെള്ളിയണിഞ്ഞു (10.72). വനിത 400 മീറ്ററില്‍ സ്വര്‍ണവും വെങ്കലവും കേരള താരങ്ങള്‍ നേടി. അനില്‍ഡ തോമസിനാണ് (53.20) സ്വര്‍ണം. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മീറ്റ് റെക്കോഡോടെ സ്വര്‍ണം നേടിയ അനു രാഘവന്‍ വെങ്കലമണിഞ്ഞു (53.68). പുരുഷ വിഭാഗം 400 മീറ്ററില്‍ മലയാളി താരങ്ങളായ അമോജ് ജേക്കബ് (46.50) സ്വര്‍ണവും കുഞ്ഞുമുഹമ്മദ് (46.71) വെള്ളിയും നേടിയെങ്കിലും മറ്റു ടീമുകള്‍ക്ക് വേണ്ടി മത്സരിച്ചതിനാല്‍ മെഡല്‍ കേരളത്തിന്റെ അക്കൗണ്ടിലെത്തിയില്ല.
പുരുഷ ട്രിപ്പിള്‍ ജമ്പില്‍ എന്‍.അബ്ദുല്ല അബൂബക്കര്‍ (16.30) വെള്ളിയും സനല്‍ സ്‌കറിയ (15.79) വെങ്കലവും നേടി. ഹെപ്റ്റാത്ത്‌ലണില്‍ ഇരട്ട സഹോദരിമാരായ ലിക്‌സി ജോസഫ് സ്വര്‍ണവും (5160 പോയിന്റ്) നിക്‌സി ജോസഫ് (4945) വെള്ളിയുമണിഞ്ഞു. വനിതകളുടെ 1500 മീറ്ററില്‍ ഏഷ്യന്‍ മീറ്റില്‍ സ്വര്‍ണം നേടിയ പി.യു ചിത്രയെ ബംഗാള്‍ താരം ലിലിദാസ് അട്ടിമറിച്ചു. 4:28.00 സമയത്തില്‍ ലിലിദാസ് ഓട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ 4:28.87സെക്കന്റിലായിരുന്നു ചിത്രയുടെ വെള്ളിയിലേക്കുള്ള ഫിനിഷിങ്. പുരുഷ വിഭാഗത്തില്‍ ജിന്‍സണ്‍ ജോണ്‍സണ്‍ (3:46.30) വെള്ളി നേടി. 4400 റിലേയില്‍ കേരളത്തിന്റെ വനിത ടീം പൊന്നണിഞ്ഞു. പുരുഷ ടീം വെള്ളി മെഡല്‍ നേടി.

chandrika: