X

മെസി ബാര്‍സ വിടുന്നു!

ബാഴ്‌സിലോണ: അര്‍ജന്റീനയുടെ സൂപ്പര്‍ താരവും അഞ്ച് തവണ ബാലന്‍ ഡി ഓര്‍ പുരസ്‌കാര ജേതാവുമായ ലയണല്‍ മെസ്സി ബാഴ്‌സലോണയുമായി കരാര്‍ നീട്ടിയേക്കില്ലെന്ന് സൂചന. സ്‌പെയിനിലെ പ്രമുഖ സ്‌പോര്‍ട്‌സ് ദിനപത്രമായ മാഴ്‌സയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സ്‌പെയിനില്‍ മെസ്സിക്കും കുടുംബത്തിനും നേരെ നടക്കുന്ന നികുതി കേസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കരാറില്‍ നിന്നും പിന്തിരിയാന്‍ കാരണമെന്നും പറയുന്നു.

2018 വരെയാണ് മെസ്സിക്ക് ബാഴ്‌സലോണയുമായി കരാര്‍ ഉളളത്. ബാഴ്‌സ ടീം അധികൃതരുമായി ഇക്കാര്യം മെസ്സി സംസാരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. നികുതി വെട്ടിപ്പ് കേസില്‍ ബാഴ്‌സലോണയില്‍ നിന്നും വേണ്ടത്ര പിന്തുണ ലഭിക്കാത്തതാണ് ക്ലബ് വിടാന്‍ കാരണമായി പറയുന്നത്. നികുതി വെട്ടിപ്പ് കേസില്‍ മെസ്സിക്കും പിതാവിനും 21 മാസത്തെ തടവ് ശിക്ഷ ബാഴ്‌സലോണ കോടതി വിധിച്ചിരുന്നു. എന്നാല്‍ മെസ്സി ക്ലബ്ബ് വിടുന്നു എന്നതിനോട് ബാഴ്‌സയുടെ പുതിയ പ്രതികരണം വന്നിട്ടില്ല. മെസി ടീമില്‍ ഉണ്ടാകുമെന്ന് നേരത്തെ ടീം വ്യക്തമാക്കിയിരുന്നു.

മെസ്സി ബാഴ്‌സ വിടുന്നു എന്ന വാര്‍ത്ത കുറച്ച് കാലങ്ങളായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ പലപ്പോഴായി താരം തന്നെ രംഗത്തെത്തി ഇത് നിഷേധിക്കുകയും ചെയ്തിരുന്നു. കളി അവസാനിക്കുന്നത് വരെ ബാഴ്‌സയില്‍ തുടരാനാണ് ആഗ്രഹമെന്നാണ് അന്നെല്ലാം മെസ്സി പറഞ്ഞിരുന്നത്. എന്നാല്‍ ഇത്തവണ വാര്‍ത്തയെ കുറിച്ച് പ്രതികരിക്കാന്‍ മെസ്സി തയാറായിട്ടില്ല. കൗമാരക്കാലത്ത് ബാഴ്‌സയിലെത്തിയ താരം ഒരിക്കല്‍ പോലും ബാഴ്‌സയെ കുറിച്ച് പൊതു ഇടത്തില്‍ മോശമായി സംസാരിച്ചിട്ടില്ല.

chandrika: