X

മ്യാന്‍മറിലേക്ക് എന്ത്‌കൊണ്ട് നിരീക്ഷകരെ അനുവദിക്കുന്നില്ലെന്ന് യുഎന്‍

യാങ്കൂണ്‍: കൂട്ടക്കുരുതികളുടെയും ബലാത്സംഗങ്ങളുടെയും വാര്‍ത്തകളാണ് ഓരോ ദിവസവും മ്യാന്മറില്‍നിന്ന് കേട്ടുകൊണ്ടിരിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭ. റോഹിന്‍ഗ്യാ മുസ്്‌ലിംകള്‍ താമസിക്കുന്ന കേന്ദ്രങ്ങളില്‍ സൈന്യം നടത്തുന്ന നരനായാട്ടിനെക്കുറിച്ച് അന്വേഷിക്കാന്‍ ഭരണകൂടം സ്വതന്ത്ര നിരീക്ഷകരെ അനുവദിക്കുന്നില്ലെന്നും യു.എന്‍ മനുഷ്യാവകാശ മേധാവി സെയ്ദ് റഅദ് അല്‍ ഹുസൈന്‍ പറഞ്ഞു.

സമാധാന നൊബേല്‍ പുരസ്‌കാരം നേടിയ ആങ് സാങ് സൂകി നയിക്കുന്ന ഭരണകൂടം റോഹിന്‍ഗ്യാ വിഷയത്തില്‍ ഹൃദയശൂന്യവും പ്രതിലോമകരവുമായ നിലപാടാണ് സ്വീകരിച്ചരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സൈന്യം നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളെല്ലാം കെട്ടിച്ചമച്ചതാണന്ന് ആരോപിച്ച് മ്യാന്മര്‍ ഭരണകൂടം തള്ളിക്കളയുകയാണ്. വടക്കന്‍ റാഖിനിലെ ദുരിത ഭൂമിയിലേക്ക് സ്വതന്ത്ര നിരീക്ഷകര്‍ക്ക് പ്രവേശനം പോലും അനുവദിക്കുന്നില്ല. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ അനുസരിച്ച് ബാധ്യതകള്‍ നിറവേറ്റാന്‍ മ്യാന്മര്‍ ഭരണകൂടം തയാറാകുന്നില്ലെന്ന് ഹുസൈന്‍ പറഞ്ഞു. റാഖിനിലെ റോഹിന്‍ഗ്യാ ഗ്രാമങ്ങളില്‍ അധികാരികള്‍ക്ക് ഒന്നും ഒളിച്ചുവെക്കാനില്ലെങ്കില്‍ യു.എന്‍ പ്രതിനിധികള്‍ക്ക് എന്തുകൊണ്ടാണ് പ്രവേശനം നല്‍കാന്‍ മടിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

അത്തരമൊരു സാഹചര്യത്തില്‍ ഏറ്റവും മോശമായത് സംഭവിച്ചുവെന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നുവെന്ന് ഹുസൈന്‍ പറഞ്ഞു. റാഖിനിലേക്ക് പ്രവേശനം ചോദിച്ച് യു.എന്‍ മനുഷ്യാവകാശ കമ്മീഷന്‍ നല്‍കിയ അപേക്ഷ മ്യാന്മര്‍ തള്ളിയിരിക്കുകയാണ്. ഒരു മാസമായി തുടരുന്ന സൈനിക നടപടിയില്‍ 87 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് മ്യാന്മര്‍ ഭരണകൂടത്തിന്റെ ഔദ്യോഗിക കണക്ക്. എന്നാല്‍ കൊല്ലപ്പെട്ടവരുടെ യഥാര്‍ത്ഥ എണ്ണം ഇതിനെക്കാള്‍ എത്രയോ ഇരട്ടിയാണെന്ന് അനൗദ്യോഗിക കേന്ദ്രങ്ങള്‍ വ്യക്തമാക്കി. 27,000ത്തിലേറെ പേര്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തു.

കഴിഞ്ഞയാഴ്ച മാത്രം ആയിരത്തിലേറെ പേര്‍ ബംഗ്ലാദേശില്‍ എത്തിയതായി യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സി വക്താവ് അഡ്രിയാന്‍ എഡ്വേര്‍ഡ്‌സ് അറിയിച്ചു. റോഹിന്‍ഗ്യകളുടെ വീടുകള്‍ സൈന്യം ചുട്ടെരിക്കുകയാണ്. സ്ത്രീകള്‍ കൂട്ടബലാത്സംഗത്തിനിരയാകുന്നു. കുട്ടികള്‍ പോലും നിഷ്ഠൂരമായി കൊല്ലപ്പെടുകയാണ്. സ്ത്രീകളുടെയും കുട്ടികളുടെയും കണ്‍മുന്നില്‍ വെച്ചാണ് സൈന്യം ആളുകളെ കൊല്ലുന്നത്. അഭയം തേടിയെത്തുന്നവര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സി ബംഗ്ലാദേശ് ഭരണകൂടത്തോട് ആവശ്യപ്പെട്ടു. റോഹിന്‍ഗ്യാ മുസ്‌ലിംകള്‍ക്ക് പൗരത്വം നല്‍കാന്‍ മ്യാന്മര്‍ തയാറല്ല. പതിറ്റാണ്ടുകളായി ഇവിടെ കഴിയുന്ന അവര്‍ ബംഗ്ലാദേശില്‍നിന്ന് കുടിയേറിയവരാണെന്ന് മ്യാന്മര്‍ പറയുന്നു.

chandrika: