X

യു.എ.പി.എ; സര്‍ക്കാര്‍ മനുഷ്യവേട്ട അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ലഘുലേഖ വിതരണം ചെയ്തു എന്ന കുറ്റത്തിന് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് തെറ്റായ നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രത്യേക കുറ്റംകൃത്യങ്ങള്‍ ചെയ്യാതെ ലഘുലേഖകള്‍ വിതരണം ചെയ്തതിന് മാത്രം യു.എ.പി.എ ചുമത്തുന്നത് ശരിയല്ല. അവരൊന്നും മാവോയിസ്റ്റുകളല്ല. അവരോട് അനുഭാവമുള്ളവരാണ്. അങ്ങനെയുള്ളവര്‍ എല്ലാകാലത്തുമുണ്ട്. താന്‍ ആഭ്യന്തരവകുപ്പ് മന്ത്രി ആയിരുന്നപ്പോഴും ഇത്തരം ആളുകള്‍ ഉണ്ടായിരുന്നു എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ആശയപ്രചരണം നടത്തുന്നവര്‍ക്കെതിരെ യു.എ.പി.എ ചുമത്തുന്നത് തെറ്റാണ്. സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങള്‍ കൂടിയായ രണ്ട് വിദ്യാര്‍ത്ഥികളുടെ പേരില്‍ യു.എ.പി.എ എടുത്തത് വഴി പിണറായി സര്‍ക്കാര്‍ നടത്തുന്നത് മനുഷ്യവേട്ടയാണെന്നു തെളിഞ്ഞു. സര്‍ക്കാരിന്റെ കിരാത മുഖമാണ് ഇതില്‍ നിന്ന് തെളിഞ്ഞു വരുന്നത്. ഇടത് സര്‍ക്കാര്‍ എല്ലാ ജനാധിപത്യ അവകാശങ്ങളെയും അടിച്ചമര്‍ത്തിക്കൊണ്ട് മുന്നോട്ടു പോകുകയാണ്. അട്ടപ്പാടിയില്‍ നാലുപേരെ വെടിവച്ചുകൊന്നിട്ടും മുഖ്യമന്ത്രി ഒരു ഖേദപ്രകടനംപോലും നടത്തിയില്ല. സര്‍ക്കാറിന്റെ ഈ മനുഷ്യ വേട്ട അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

സി.പി.ഐ ഉന്നയിക്കുന്ന കാര്യങ്ങള്‍പോലും എന്തുകൊണ്ടാണ് മുഖ്യമന്ത്രിക്ക് മനസ്സിലാകാത്തത് എന്നറിയില്ല. കേരളത്തില്‍ ഇടതുമുന്നണി ഭരണം അധികാരത്തില്‍ വന്നതിനുശേഷം ഏഴു പേരെ വെടിവച്ചു കൊന്നു. ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് ഏഴുപേരെ വെടിവച്ചു കൊന്ന പൊലീസ് നടപടിയെ ന്യായീകരിക്കുന്നത് എന്നത് ഗൗരവമായി കാണേണ്ട കാര്യമാണ്. ഈ കാര്യത്തില്‍ സി.പി.എം. അഭിപ്രായം പറയാത്തത് കള്ളക്കളിയാണ്. സി.പി.എം പ്രവര്‍ത്തകരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത് അടക്കമുള്ള കാര്യങ്ങളില്‍ വ്യക്തമായ മറുപടി മുഖ്യമന്ത്രി കേരള സമൂഹത്തെ ബാധ്യപ്പെടുത്തണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

chandrika: