X

ലഹരിവിരുദ്ധപ്രവര്‍ത്തനത്തിന് ജില്ലാടിസ്ഥാനത്തില്‍ പൊലീസ് പദ്ധതി

 
തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരി ഉപയോഗശീലം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം ജില്ലയില്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കിവരുന്ന ‘ഓപ്പറേഷന്‍ ഗുരുകുലം’ പദ്ധതിയുടെ മാതൃകയില്‍ എല്ലാ ജില്ലകളിലും ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍ നിര്‍ദേശം നല്‍കി. ലഹരി ഉപയോഗം കുട്ടികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നിര്‍ദേശം.
കുട്ടികളെ ലഹരിക്കടിമയാക്കുന്നതിന് മുഖ്യകാരണക്കാര്‍ വിദ്യാലയ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പന നടത്തുന്നവരാണ്. കുട്ടികളില്‍ പാന്‍പരാഗ്, സിഗററ്റ്, മയക്കുമരുന്ന്, മദ്യം എന്നിവയുടെ ഉപയോഗം ഇതുവഴി വര്‍ധിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ഇതിനെതിരെ വിവിധ തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി കോട്ടയം ജില്ലാപൊലീസ് ഓപ്പറേഷന്‍ ഗുരുകുലം’പദ്ധതി ആവിഷ്‌കരിച്ചത്. ലഹരിവസ്തുക്കളുടെ വില്‍പന തടയുക, ലഹരിക്കടിമപ്പെടുന്ന കുട്ടികളെ കണ്ടെത്തി ലഹരിവിമുക്തി നേടുന്നതിന് സഹായിക്കുക, ലഹരിക്കടിമപ്പെടാതെ കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നടത്തുക എന്നിവയാണ് പദ്ധതിപ്രകാരമുള്ള പ്രധാന പ്രവര്‍ത്തനങ്ങള്‍. ചുരുങ്ങിയ കാലത്തിനുള്ളില്‍ത്തന്നെ പദ്ധതി വിജയമാണെന്ന് കണ്ടിരുന്നു. നല്ല രീതിയില്‍ പഠിച്ചു വരുന്ന വിദ്യാര്‍ത്ഥികള്‍ പെട്ടെന്ന് പഠനത്തില്‍ പിന്നാക്കം പോകുക, ഏതുകാര്യത്തിലും ഉദാസീനമനോഭാവം പ്രകടിപ്പിക്കുക, പാതിമയങ്ങിയ കണ്ണുകള്‍, ആരോടും സംസാരിക്കാതെ ഒതുങ്ങുകയും പെട്ടെന്ന് പ്രകോപിതരാവുകയും അക്രമാസക്തരാവുകയും ചെയ്യുക എന്നിവയൊക്കെ സ്ഥിരമായ മയക്കുമരുന്ന് ഉപയോഗത്തിന്റെ ലക്ഷണമാണ്. ഇത്തരത്തിലുള്ള കുട്ടികളെ കണ്ടെത്തി ബോധവത്കരണം നടത്തുക, അവരുടെ കുടുംബാംഗങ്ങള്‍ക്കും ബോധവത്കരണം നല്‍കുക, വിദ്യാലയ പരിസരങ്ങളില്‍ ലഹരിവസ്തുക്കളും വ്യാജ മദ്യവും വില്‍പന നടത്തുവരെ കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കുക എന്നിവ കോട്ടയത്ത് ആവിഷ്‌കരിച്ചിരുന്നു.
ചികിത്സ ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അത് ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിദ്യാലയാധികൃതരും രക്ഷിതാക്കളുമായി ബന്ധപ്പെട്ട് നടത്തിവരുന്നു. ഓണ്‍ലൈനായി കൗണ്‍സിലിങ് നല്‍കുന്നതിനും അവസരമുണ്ട്. സ്‌കൂളില്‍ എത്താത്ത കുട്ടികളെ സംബന്ധിച്ച വിവരം പ്രത്യേക സോഫ്റ്റ്‌വെയര്‍ സംവിധാനത്തിലൂടെ രക്ഷിതാക്കളെ അറിയിക്കുന്നതിനും കോട്ടയം ജില്ലാ ഗുരുകുലം പദ്ധതിയില്‍ സംവിധാനമുണ്ട്. ഇവ ഉള്‍പ്പെടുത്തി എല്ലാ ജില്ലയിലും പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കാനാണ് നിര്‍ദേശം. കോട്ടയം ജില്ലയില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ അതത് ജില്ലകളിലെ പ്രാദേശിക സാഹചര്യമനുസരിച്ച് ഭേദഗതികളോടെ നടപ്പാക്കണം. കുടുംബം, വിദ്യാലയം, പൊതുസ്ഥലം എന്നീ ഘടകങ്ങള്‍ക്ക് കുട്ടികളില്‍ ലഹരി ഉപയോഗത്തിന് വഴിവെക്കുന്നതിനുള്ള പങ്ക് വിശകലനം ചെയ്ത് പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കണം. കുട്ടികളിലെ കുറ്റകൃത്യങ്ങള്‍ക്ക് കാരണമായേക്കാവുന്ന ഘടകങ്ങള്‍, മൊബൈല്‍, ഇന്റര്‍നെറ്റ് ദുരുപയോഗം എന്നിവ തടയുന്നതിനുള്ള നടപടികളും പദ്ധതിയുടെ ഭാഗമായി ആവിഷ്‌കരിക്കാന്‍ പൊലീസ് മേധാവി നിര്‍ദേശിച്ചു.

chandrika: