X

വര്‍ധയ്ക്ക് ശമനം; തമിഴ്‌നാട്ടില്‍ 18 മരണം

ചെന്നൈ: തമിഴ്‌നാട്, ആന്ധ്ര തീരങ്ങളില്‍ കനത്തനാശം വിതച്ച വര്‍ധ ചുഴലിങ്കാറ്റിന് ശമനമായി. അതേ സമയം വര്‍ധ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ടുണ്ടായ കനത്ത മഴയിലും കാറ്റിലും തമിഴ്‌നാട്ടിലെ ആറു ജില്ലകളിലായി 18 പേര്‍ക്ക് ജീവഹാനി സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു.

മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ നാല് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. ദുരിത ബാധിതര്‍ക്ക് 10 കിലോ അരിയും വസ്ത്രങ്ങളും വെള്ളവും നല്‍കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി ഒ പനീര്‍ ശെല്‍വം അറിയിച്ചു.

മരിച്ചവരില്‍ ചെങ്കല്‍പ്പേട്ടുള്ള ദന്തല്‍ കോളജ് വിദ്യാര്‍ത്ഥിയായ തൃശൂര്‍ സ്വദേശി ഗോഗുലും ഉള്‍പ്പെടും. രണ്ട് മലയാളി വിദ്യാര്‍ത്ഥികളെ പരിക്കേറ്റതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തൃശ്ശൂര്‍ സ്വദേശി ശ്രീഹരി, കൊല്ലം സ്വദേശി അഭിഷേക് എന്നിവര്‍ക്കാണ് പരിക്ക്. ചുഴലിക്കാറ്റും കനത്ത മഴയും നാശനഷ്ടം വിതച്ച മേഖലകളില്‍ ജനജീവിതം സാധാരണ നിലയിലേക്കെത്തിക്കുന്നതിനായി മുഖ്യമന്ത്രി ഒ പനീര്‍ ശെല്‍വത്തിന്റെ നേതൃത്വത്തില്‍ ഉന്നതാധികാര സമിതി യോഗം ചേരുകയും ചെയ്തു.

തകരാറിലായ ടെലിഫോണ്‍, വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതിനായി ദ്രുത ഗതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നു അധികൃതര്‍ അറിയിച്ചു. ചെന്നൈ, തിരവള്ളൂര്‍ ജില്ലകളില്‍ അഞ്ചു പേര്‍ വീതവും കാഞ്ചീപുരം ജില്ലയില്‍ നാലു പേരും ഒരാള്‍ വീതം വില്ലുപുരം, നാഗപട്ടണം ജില്ലകളിലും രണ്ട് പേര്‍ തിരുവണ്ണാമലൈ ജില്ലയിലും വര്‍ധയുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ മരിച്ചതായി സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു.

കാറ്റ് അറബിക്കടലിലേക്ക് നീങ്ങിയതിനാല്‍ ബുധനാഴ്ചയും വ്യാഴ്ചയും കേരളത്തില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചന. കനത്ത മഴയ്ക്ക് സാധ്യതയില്ലെങ്കിലും കേരളത്തില്‍ 45 സെന്റിമീറ്റര്‍ മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന വിവരം. കാറ്റിന്റെ വേഗത കുറഞ്ഞത് ജനങ്ങള്‍ക്ക് ആശ്വാസമായിട്ടുണ്ട്.

ചെന്നൈക്ക് തൊട്ടടുത്തുള്ള താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് തുടരുകയാണ്. കടപുഴകി വീണ മരങ്ങള്‍ നീക്കം ചെയ്ത് റോഡ് ഗതാഗതം സുഗമമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആന്ധ്രയിലെ നെല്ലൂര്‍ ജില്ലയിലും ദുരിതം വിതച്ച ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് കര്‍ണാട വഴി ഗോവയുടെ തെക്കന്‍ മേഖലയിലെത്തിയിട്ടുണ്ട്. അതേസമയം, ചുഴലിക്കാറ്റിനെ തുടര്‍ന്ന് അടച്ചിട്ട ചെന്നൈ വിമാനത്താവളം ഇന്നലെ പുലര്‍ച്ചെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ട്രെയിന്‍ സര്‍വീസും ഭാഗികമായി പുനഃരാരംഭിച്ചിട്ടുണ്ട്.

chandrika: