X

ശിരോവസ്ത്രം ധരിച്ചതിന് യു.എസ് അധ്യാപികക്ക് ഭീഷണി

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ജോര്‍ജിയയില്‍ ഹൈസ്‌കൂള്‍ അധ്യാപികയായ മാരിയ തെലിക്ക് ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ ഭീഷണിക്കത്ത്. ശിരോവസ്ത്രം കൂടുതല്‍ കാലം അനുവദിക്കില്ലെന്നും അതുപയോഗിച്ച് തൂങ്ങിമരിക്കുന്നതാണ് ഇനി നല്ലതെന്നും മാരിയക്ക് കിട്ടിയ അജ്ഞാത കത്തില്‍ പറയുന്നു.

ജോര്‍ജിയയിലെ ഡാക്കുള ഹൈസ്‌കൂളില്‍ അധ്യാപികയായ മാരിയ തനിക്കു കിട്ടിയ അജ്ഞാത കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. കറുപ്പ് മഷി കൊണ്ട് എഴുതിയ കത്തിന് താഴെ അമേരിക്ക എന്നെഴുതി ഒപ്പുവെച്ചിട്ടുമുണ്ട്. എന്നാല്‍ മുസ്്‌ലിമെന്ന നിലയില്‍ വിശ്വാസത്തിന്റെ ഭാഗമായാണ് താന്‍ ശിരോവസ്ത്രം ധരിക്കുന്നതെന്ന് മാരിയ വ്യക്തമാക്കി. മുസ്്‌ലിം സമുദായത്തിന്റെ ചുറ്റുപാടുകളെക്കുറിച്ച് ബോധവത്കരിക്കാനാണ് ഭീഷണിക്കത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു. വിദ്വേഷം പ്രചരിപ്പിച്ചുകൊണ്ട് മഹത്തായ അമേരിക്കയെ പുനര്‍നിര്‍മിക്കാനാവില്ലെന്നും മാരിയ ഓര്‍മിപ്പിച്ചു. ഡൊണാള്‍ഡ് ട്രംപ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനുള്ള പ്രതികരണമാണ് തനിക്ക് കിട്ടിയ കുറിപ്പെന്ന് 24കാരിയായ മാരിയ അഭിപ്രായപ്പെട്ടു. അധ്യാപികക്കെതിരായ ഭീഷണിക്കത്തിനെ നിസാരമായി കാണാന്‍ സാധിക്കില്ലെന്ന് സ്‌കൂള്‍ അധികാരികള്‍ അറിയിച്ചു. ആരാണ് അത് എഴുതിയതെന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് സ്‌കൂള്‍ വക്താവ് പറഞ്ഞു.

chandrika: