X

സദ്ദാമില്ലാത്ത ഇറാഖിന് 10 വയസ്; മരിക്കാതെ ഇന്നും ജനഹൃദയങ്ങളില്‍

ബഗ്ദാദ്: ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്‍ തൂക്കിലേറ്റപ്പെട്ടിട്ട് ഇന്നേക്ക് 10 വര്‍ഷം തികയുന്നു. 2006 ഡിസംബര്‍ മുപ്പതിന് വടക്കന്‍ ബഗ്ദാദിലെ കാദിമിയ്യയില്‍ സൈനിക ഇന്റലിജന്‍സ് ആസ്ഥാനത്താണ് സദ്ദാമിനെ തൂക്കിലേറ്റിയത്. ഇറാഖില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള അധിനിവേശത്തെ തുടര്‍ന്ന് ഒളിവില്‍പോയ അദ്ദേഹത്തെ 2003 ഡിസംബര്‍ 13ന് തിക്രിതിലെ ഒളിത്താവളത്തില്‍നിന്ന് യു.എസ് സേന പിടികൂടുകയായിരുന്നു. കിരാതമായ ആ കൊലപാതകത്തിന് 10 വയസ് പൂര്‍ത്തിയാകുമ്പോള്‍ ഇറാഖ് എന്ന രാഷ്ട്രം പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്.

വംശീയ വൈരവും ഭീകരവാദികളുടെ തേര്‍വാഴ്ചയും ഇറാഖിന്റെ അസ്ഥിത്വത്തെ തന്നെ അപകടപ്പെടുത്തിയിരിക്കുന്നു. സമാധാനം സാധ്യമാക്കിയെന്ന് അവകാശപ്പെട്ട് അമേരിക്കന്‍ സേന പിന്‍വാങ്ങിയെങ്കിലും ലോകത്തെ ഏറ്റവും അപകടം പിടിച്ച ദുരന്തഭൂമിയായി ഇറാഖ് മാറി. സദ്ദാമിന്റെ പഴയ കാലത്തേക്ക് തിരിച്ചുപോകാനാണ് ഇറാഖികള്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്. അമേരിക്ക ഇടപെട്ട് പാവഭരണകൂടത്തെ പ്രതിഷ്ഠിച്ചെങ്കിലും രാഷ്ട്രീയമായും വംശീയമായും ഇറാഖ് ചിന്നിച്ചിതറുകയായിരുന്നു.
ശിയാക്കള്‍ക്ക് ആധിപത്യമുള്ള ഭരണകൂടം സുന്നികളോട് പ്രതികാരബുദ്ധിയോടെയാണ് പെരുമാറിയത്. അത് പുതിയ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചു. വംശീയ പ്രശ്‌നങ്ങള്‍ മുതലെടുത്ത് ഇസ്്‌ലാമിക് സ്റ്റേറ്റി(ഐ.എസ്)നെപ്പോലുള്ള ഭീകരസംഘടനകള്‍ തഴച്ചുവളര്‍ന്നു. അമേരിക്കയും മറ്റു പാശ്ചാത്യ ശക്തികളും അവര്‍ക്ക് ആയുധങ്ങളും പണവും ഒഴുക്കിക്കൊടുത്തു. യു.എസ് നല്‍കിയ ആയുധങ്ങള്‍ ഉപയോഗിച്ച് ഇറാഖികള്‍ ചേരിതിരിഞ്ഞ് പരസ്പരം കഴുത്തറുക്കുകയാണിപ്പോള്‍. ഫലൂജയടക്കം രാജ്യത്തിന്റെ നിരവധി ഭാഗങ്ങള്‍ ഐ.എസ് പിടിച്ചെടുത്തു. ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചു. ഇറാഖിനെ ആസ്ഥാനമാക്കിയായിരുന്നു ഐ.എസിന്റെ വളര്‍ച്ച. ഒടുവില്‍ ഇറാഖില്‍ അബദ്ധം സംഭവിച്ചുവെന്ന് അമേരിക്കക്ക് സമ്മതിക്കേണ്ടിവന്നു. പ്രത്യക്ഷമായും പരോക്ഷമായും പ്രസിഡന്റ് ബറാക് ഒബാമ അതു സൂചിപ്പിക്കുകയുംചെയ്തു. ഇറാഖ് ഭരിക്കാന്‍ യോഗ്യന്‍ സദ്ദാം തന്നെയാണെന്ന് മുന്‍ സി.ഐ.എ ഉദ്യോഗസ്ഥന്‍ ജോണ്‍ നിക്‌സണ്‍ തന്റെ പുതിയ പുസ്തകത്തില്‍ അഭിപ്രായപ്പെട്ടു.

തിക്രിതിലെ ഒളിത്താവളത്തില്‍നിന്ന് പിടികൂടിയ ശേഷം സദ്ദാമിനെ ചോദ്യംചെയ്ത സി.ഐ.എ ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു അദ്ദേഹം. അമേരിക്ക കരുതുന്നതുപോലെ എളുപ്പമായിരിക്കില്ല ഇറാഖ് ഭരണമെന്ന് സദ്ദാം തനിക്ക് മുന്നറിയിപ്പുതന്നിരുന്നതായി നിക്‌സണ്‍ വെളിപ്പെടുത്തി. സുന്നി, ഷിയാ വിഘടനവാദികളെ ഒരുപോലെ മെരുക്കാന്‍ സദ്ദാമിനെപ്പോലെ ശക്തനായ ഒരാള്‍ വേണമന്ന് ഇപ്പോള്‍ തോന്നുന്നതായും അദ്ദേഹം പറഞ്ഞു. എങ്ങനെയാണ് ഇത്രയും കാലം സദ്ദാം ഇറാഖിനെ ഭരിച്ചതെന്ന് ഓര്‍ക്കുമ്പോള്‍ അദ്ദേഹത്തോട് ബഹുമാനം തോന്നുന്നതായും നിക്‌സണ്‍ കൂട്ടിച്ചേര്‍ത്തു. ഒരിക്കല്‍ നിക്‌സണിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെ ജനങ്ങളെ യോജിച്ചുപോകാന്‍ പഠിപ്പിച്ചത് താനാണെന്ന് അദ്ദേഹം അവകാശപ്പെടുകയുണ്ടായി. ഇപ്പോള്‍ ഇറാഖിന് അത്തരമൊരു ആളെയാണ് ആവശ്യവും.

chandrika: