X

സമ്പൂര്‍ണ പിന്മാറ്റത്തിന് ട്രംപ് ആലോചിക്കുന്നു അഫ്ഗാനിസ്താനില്‍ യു.എസ് കോടികള്‍ പാഴാക്കി

 
കാബൂള്‍: അഫ്ഗാനിസ്താനില്‍ അമേരിക്ക കോടിക്കണക്കിന് ഡോളര്‍ ചെലവഴിച്ചെങ്കിലും അഫ്ഗാന്‍ ഭരണകൂടത്തെ താങ്ങിനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടതായി അഫ്ഗാന്‍ പുനര്‍നിര്‍മാണ സ്‌പെഷ്യല്‍ ഇന്‍സ്‌പെക്ടര്‍ ജനറലുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും സായുധ സേനയെ ശക്തിപ്പെടുത്തുന്നതിനുംവേണ്ടി 71400 കോടി ഡോളറാണ് യു.എസ് അഫ്ഗാനിസ്താനില്‍ ചെലവിട്ടത്.
എന്നാല്‍ അഴിമതിയും അമേരിക്കന്‍ മേല്‍നോട്ടത്തിന്റെ അഭാവവും പണം പാഴാകാന്‍ കാരണമായി.
കോടികള്‍ കോരിച്ചൊരിഞ്ഞിട്ടും തൃപ്തികരമായ ഫലമുണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അഫ്ഗാനിസ്താനിലെ 60 ശതമാനം ജില്ലകളാണ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ളത്. ബാക്കി 40 ശതമാനം താലിബാന്റെ നിയന്ത്രണത്തിലാണ്.
ഓരോ വര്‍ഷവും താലിബാനും മറ്റു സായുധ സംഘടനകളും രാജ്യത്ത് സ്വാധീനമുറപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. സമീപ കാലത്ത് അഫ്ഗാന്‍ സേനക്കുനേരെ താലിബാന്റെ ആക്രമണം പതിന്മടങ്ങായിട്ടുണ്ട്. മാര്‍ച്ച് ഒന്നിനും മെയ് 31നുമിടക്ക് 6252 സുരക്ഷാ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെന്നാണ് യു.എന്‍ കണക്ക്. അഫ്ഗാനിസ്താനില്‍ യു.എസിന് വേണ്ടത്ര നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്ന് ജൂണ്‍ 13ന് സെനറ്റ് കമ്മിറ്റിക്ക് നല്‍കിയ വിശദീകരണത്തില്‍ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് സമ്മതിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ അഫ്ഗാനിലേക്ക് ഉപദേശകരായും പരിശീലകരായും കൂടുതല്‍ സൈനികരെ അയക്കണ മെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
അതേസമയം അഫ്ഗാനില്‍നിന്ന് സമ്പൂര്‍ണ സൈനിക പിന്മാറ്റത്തിന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആലോചിക്കുന്നതായി ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ പറഞ്ഞു. അങ്ങനെ സംഭവിച്ചാല്‍ രാജ്യത്തെ സ്ഥിതി നിലവിലുള്ളതിനെക്കാള്‍ വഷളാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പുനല്‍കുന്നു.

chandrika: