X

സര്‍ക്കാര്‍ ഈ വിധം സഞ്ചരിച്ചാല്‍

പ്രശ്‌ന സങ്കീര്‍ണമാവുകയാണ് നമ്മുടെ നാട്. കൊലപാതക പരമ്പരകള്‍ സമാധാന ജീവിതത്തെ ചോദ്യം ചെയ്യുമ്പോള്‍, പൊലീസ് നരനായാട്ടും കസ്റ്റഡി മരണവും സ്വാശ്രയ പ്രശ്‌നങ്ങളും ഭരണകക്ഷിയിലെ ബന്ധുനിയമന പുലിവാലുകളുമെല്ലാമായി ഭരണകൂടം പ്രതിക്കൂട്ടില്‍ നില്‍ക്കുന്നു. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂര്‍ അശാന്തിയുടെ തട്ടകമായിരിക്കുന്നു. കഴിഞ്ഞ ദിവസവും അവിടെ കൊലപാതകം നടന്നു. കൂത്തുപറമ്പിനടുത്ത് സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗമാണ് വെട്ടേറ്റ് മരിച്ചത്. ആര്‍.എസ്.എസ്-സി.പി.എം അങ്കക്കലിയില്‍ കണ്ണൂരും പരിസര പ്രദേശങ്ങളും വിറങ്ങലിച്ച് നില്‍ക്കുകയാണ്. യു.ഡി.എഫ് സര്‍ക്കാര്‍ ഭരിച്ചിരുന്ന സമയത്ത് രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കുറഞ്ഞ കണ്ണൂര്‍ ഇപ്പോള്‍ ഹര്‍ത്താലുകളുടെ ആസ്ഥാനമായിരിക്കുന്നു. ഇന്നലെയും അവിടെ ഹര്‍ത്താലായിരുന്നു. അടുത്ത മൂന്ന് ദിവസത്തേക്ക് കൂത്തുപറമ്പും പരിസരത്തും പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നു. രാഷ്ട്രീയ സമരങ്ങളും അതിക്രമങ്ങളും കണ്ണുരില്‍ ഇതാദ്യമായല്ല. പക്ഷേ പരസ്പര വൈര്യത്തിലേക്കും കൊലപാതകങ്ങളിലേക്കും കാര്യങ്ങള്‍ നീങ്ങുമ്പോള്‍ സംഘ്പരിവാര്‍ ശക്തികളും സി.പി.എമ്മും പരസ്പരാരോപണങ്ങള്‍ നടത്തി രക്ഷപ്പെടുകയാണ്.

പൊലീസ് പലയിടത്തും നോക്കുകുത്തികളായി നില്‍ക്കുന്നു. ഒരു ഭാഗത്ത് സംസ്ഥാന ഭരണകക്ഷിയും മറുഭാഗത്ത് കേന്ദ്ര ഭരണകക്ഷിയുമാവുമ്പോള്‍ അതിന്റെ പ്രശ്‌നങ്ങള്‍ പൊലീസിന്റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. പരസ്പര വൈരാഗ്യത്തില്‍ രാഷ്ട്രീയ വേട്ടയാടലുകള്‍ തുടര്‍ക്കഥയായി മാറിയിട്ടും സംസ്ഥാന ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ക്രിയാത്മകമായ ഇടപെടല്‍ ഉണ്ടായിട്ടില്ല. സമാധാന യോഗങ്ങള്‍ ചേര്‍ന്ന് പരസ്പരം പൊറുത്തുവെന്ന് പറഞ്ഞ് നേതാക്കള്‍ പിരിയുമ്പോള്‍ അണികള്‍ ആയുധങ്ങളെടുക്കുന്ന കാഴ്ചകളില്‍ സന്ധ്യ മയങ്ങിയാല്‍ കണ്ണൂരും പ്രാന്തങ്ങളും വിറങ്ങലിച്ച് നില്‍ക്കുന്നു. സര്‍ക്കാര്‍ അധികരമേറ്റെടുത്തിട്ട് മാസങ്ങളാവുന്നതേയുള്ളൂ. പക്ഷേ തെരഞ്ഞെടുപ്പില്‍ ജയിച്ചത് മുതല്‍ പാര്‍ട്ടി അണികള്‍ ആയുധങ്ങള്‍ കൈയിലെടുക്കുന്നു. വിജയത്തിന്റെ ആഹ്ലാദത്തിലും അഹങ്കാരത്തിലും ചിലര്‍ക്ക് ജീവഹാനി നേരിട്ടു. പക്ഷേ കാര്യമായ നടപടികളുണ്ടായില്ല. സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാര്‍ നടത്തിയ ഒളിച്ചുകളികള്‍ക്കെതിരെ പ്രതിപക്ഷം നിയമസഭയിലും പുറത്തും ശക്തമായ സമരം നടത്തിയപ്പോള്‍ അത് അടിച്ചൊതുക്കാനാണ് ഭരണകൂടവും പൊലീസും ശ്രമിച്ചത്. ഈ സര്‍ക്കാര്‍ വന്നതിന് ശേഷം ആറ് രാഷ്ട്രീയ കൊലപാതകങ്ങളാണ് കണ്ണൂര്‍ ജില്ലയില്‍ നടന്നത്. ഹര്‍ത്താലുകള്‍ നിരവധിയും.

കൊലപാതകങ്ങള്‍ നിര്‍ബാധം തുടരുമ്പോഴും പൊലീസ് ഐ.എസ് ബന്ധത്തിന്റെ പേരില്‍ ന്യൂനപക്ഷങ്ങളെയും ന്യൂനപക്ഷ സ്ഥാപനങ്ങളെയും വേട്ടയാടാനുള്ള നീക്കത്തിലുമാണ്. ഭീകരവാദത്തെയും തീവ്രവാദത്തെയും നഖശിഖാന്തം എതിര്‍ക്കുന്നവരാണ് എല്ലാവരും-വിശിഷ്യാ ന്യൂനപക്ഷ പ്രസ്ഥാനങ്ങള്‍. പക്ഷേ ചിലരുടെ അധാര്‍മിക ചെയ്തികള്‍ക്കെതിരെയുള്ള അന്വേഷണത്തിന്റെ പേരില്‍ ഒരു സമുദായത്തെ മുഴുവന്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ കേന്ദ്ര ഭരണകൂടം ശ്രമിക്കുമ്പോള്‍ എന്‍.ഐ.എയെ പോലുളള അന്വേഷണ ഏജന്‍സികള്‍ക്കൊപ്പം നിന്ന് സംസ്ഥാന പൊലീസും ന്യൂനപക്ഷ സ്ഥാപനങ്ങളെ വേട്ടയാടുകയാണ്. മുസ്‌ലിംലീഗ് ഉള്‍പ്പെടെ എല്ലാവരും കര്‍ക്കശമായ ഭാഷയില്‍ ഭീകരവാദ-തീവ്രവാദ പ്രസ്ഥാനങ്ങളെയും അവരുടെ പ്രവര്‍ത്തനങ്ങളെയും തള്ളിപറഞ്ഞിട്ടുണ്ട്. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ ആരായാലും അവര്‍ക്കെതിരെ പൊലീസ് നീങ്ങണം. അതിനെ ആരും ഏതിര്‍ക്കില്ല. പക്ഷേ തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണത്തില്‍ പല സ്ഥാപനങ്ങളെയും പ്രസ്ഥാനങ്ങളെയും സംശയിക്കുകയും അവിടെ റെയ്ഡ് നടത്തുകയും ചെയ്യുമ്പോള്‍ അത് ന്യൂനപക്ഷങ്ങളെ ഒന്നടങ്കം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതിന് തുല്യമാണ്.

കൊലപാതകങ്ങളും അസ്വാരസ്യങ്ങളും പടരുമ്പോള്‍ മുഖ്യഭരണകക്ഷിയായ സി.പി.എമ്മില്‍ ബന്ധുനിയമന വിവാദങ്ങളും പുലിവാലുകളുമാണ്. പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയംഗവും മന്ത്രിയുമായ ഇ.പി ജയരാജന്‍ ഉള്‍പ്പെടെ പല സീനിയര്‍ നേതാക്കളും സ്വന്തക്കാരെ സര്‍ക്കാര്‍ ജോലിയില്‍ നിയമിച്ചതായുളള വാര്‍ത്തകളും പ്രതികരണങ്ങളും സര്‍ക്കാരിനെതിരെ ഗുരുതരമായ ആയുധമായി മാറിയിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത്തരം നിയമനങ്ങള്‍ക്കെതിരെ സംസാരിച്ചുവെങ്കിലും അദ്ദേഹത്തിന്റെ വിശ്വസ്തര്‍ തന്നെ നിയമനകാര്യത്തില്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളും മന്ദീഭവിച്ചിരിക്കുന്നു. മുഖ്യമന്ത്രി അറിയാതെയാണ് എല്ലാ നിയമനങ്ങളുമെന്ന് ആരും വിശ്വസിക്കുന്നില്ല. ഭരണത്തില്‍ മൊത്തം അദ്ദേഹത്തിന്റെ നിയന്ത്രണമുളളപ്പോള്‍ വലിയ നിയമനങ്ങള്‍ മുഖ്യമന്ത്രി അറിയാതെ നടക്കുന്നു എന്ന് പറയുമ്പോള്‍ അതും സര്‍ക്കാരിന്റെ വീഴ്ച്ചയാണ്. സി.പി.എമ്മാണ് സര്‍ക്കാരിനെ നയിക്കുന്നത്. ആ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ സ്വന്തക്കാര്‍ക്കായി കരുക്കള്‍ നീക്കി എന്ന് പറയുമ്പോള്‍ അണികള്‍ക്ക് പോലും അത് വിശ്വസിക്കാനാവാത്ത കാര്യമായിരിക്കുന്നു. പക്ഷേ മാധ്യമങ്ങള്‍ വഴി അനുദിനം നിയമന വിവാദങ്ങളുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്തകള്‍ വരുമ്പോള്‍ പല സി.പി.എം നേതാക്കള്‍ക്കും വ്യക്തമായി മറുപടി പറയാന്‍ പോലും കഴിയുന്നില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിനെതിരെ സമരം നയിച്ച് ഇടത്പക്ഷ യുവജനസംഘടനകള്‍ പലതും പുതിയ വിവാദത്തില്‍ മൗനം പാലിച്ച് നാണക്കേടിന്റെ മുറ്റത്താണ്. ആര്‍ക്കും പ്രതികരിക്കാന്‍ കഴിയാത്ത വിധം വ്യക്തമായ തെളിവുകള്‍ ഓരോ ദിവസവും പുറത്ത് വരുന്നു.

വിജിലന്‍സ് ഡയരക്ടര്‍ അഴിമതി വിരുദ്ധ പ്രഖ്യാപനം നടത്തിയ വ്യക്തിയാണ്. എല്ലാതരം അഴിമതികളും തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ച അദ്ദേഹത്തിന് പക്ഷേ ബന്ധു നിയമന വിവാദത്തില്‍ പ്രതിപക്ഷ നേതാവ് പരാതി നല്‍കിയിട്ട് പ്രതികരണമുണ്ടായിട്ടില്ല. സര്‍ക്കാര്‍ അധികാരത്തിലെത്തി 100 ദിവസം പിന്നിട്ടപ്പോള്‍ പല പ്രഖ്യാപനങ്ങളും മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയിരുന്നു. പക്ഷേ ആ പ്രഖ്യാപനങ്ങള്‍ അവിടെ തന്നെ നില്‍ക്കുമ്പോള്‍ അപ്രഖ്യാപിത കൊലപാതക പരമ്പരകളും പൊലീസ് നായാട്ടുമാണ് നാട്ടില്‍ നടക്കുന്നത്. എല്‍.ഡി.എഫ് വന്നാല്‍ എല്ലാം ശരിയാവുമെന്നായിരുന്നു ഇടത് മുന്നണിയുടെ വലിയ വാഗ്ദാനം-പക്ഷേ ഇപ്പോള്‍ എന്താണ് ശരിയായാത് എന്ന് സ്വന്തം പാര്‍ട്ടിക്കാര്‍ ചോദിക്കുമ്പോള്‍ മറുപടി പറയാന്‍ നേതാക്കള്‍ക്കാവുന്നില്ല. വളരെ ഗുരുതരമായ ഈ അവസ്ഥക്ക് പരിഹാരം കാണാനും സമാധാന ജീവിതം ഉറപ്പ് വരുത്താനും അടിയന്തര നടപടികളാണ് അത്യാവശ്യം.

chandrika: