X

ഹോങ്കോങ് വിദ്യാര്‍ത്ഥി നേതാവിന് ആറുമാസം തടവ്

ഹോങ്കോങ്: 2014ലെ ജനാധിപത്യ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിന് ഹോങ്കോങിലെ വിദ്യാര്‍ത്ഥി നേതാവ് ജോഷ്വ വോങിന് ആറുമാസം തടവ്. നിയമവിരുദ്ധമായി സംഘടിച്ച കേസില്‍ ഹോങ്കോങ് കോടതി വോങിനെ നിര്‍ബന്ധിത സാമൂഹിക സേവനത്തിന് അയച്ചിരുന്നു. ഈ ശിക്ഷ പോരെന്ന് ചൂണ്ടിക്കാട്ടി ഹോങ്കോങ് ഭരണകൂടം നല്‍കിയ ഹര്‍ജിയിലാണ് ആറുമാസം തടവ് വിധിച്ചിരിക്കുന്നത്. വോങിനെക്കൂടാതെ മറ്റു രണ്ടു വിദ്യാര്‍ത്ഥികള്‍ക്കും എട്ടുമാസം വരെ തടവ് വിധിച്ചിട്ടുണ്ട്. കേസില്‍ ശിക്ഷിക്കപ്പെട്ട സാഹചര്യത്തില്‍ വോങിനും സഹപ്രവര്‍ത്തകര്‍ക്കും അടുത്ത അഞ്ചു വര്‍ഷം പ്രാദേശിക തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. യുവാക്കളെ രാഷ്ട്രീയത്തില്‍നിന്ന് അകറ്റിനിര്‍ത്താനും പ്രതിഷേധങ്ങളെ ഒതുക്കാനുമാണ് വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ശക്തമായ ശിക്ഷ വേണമെന്നാവശ്യപ്പെട്ട് ഹോങ്കോങ് ഭരണകൂടം കോടതിയെ സമീപിച്ചതെന്ന് മനുഷ്യാവകാശ സംഘടനകള്‍ കുറ്റപ്പെടുത്തി. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം ഹോങ്കോങ് ഭരണകൂടം നിഷേധിച്ചു. ഞങ്ങളുടെ ശരീരങ്ങളെ തുറുങ്കിലടച്ചാലും മനസുകളെ ബന്ദിക്കാനാവില്ലെന്ന് ശിക്ഷയോട് പ്രതികരിച്ചുകൊണ്ട് വോങ് ട്വിറ്ററില്‍ വ്യക്തമാക്കി. അവര്‍ക്ക് പ്രതിഷേധങ്ങളെ നിശബ്ദാമാക്കാനും ഞങ്ങളെ നിയമനിര്‍മാണ സഭയില്‍നിന്ന് പുറത്താക്കാനും സാധിച്ചേക്കും. പക്ഷെ, ഹോങ്കോങ് ജനതയുടെ ഹൃദയങ്ങളും മനസുകളും കീഴടക്കാന്‍ അവര്‍ക്ക് കഴിയില്ല-എന്നായിരുന്നു മറ്റൊരു ട്വീറ്റ്. ചൈനീസ് അനുകൂല ഭരണകൂടത്തെ വിറപ്പിച്ച കുട വിപ്ലവത്തിന് നേതൃത്വം നല്‍കിയത് വോങായിരുന്നു.

chandrika: