X

പൊലീസിലെ ഖലാസികള്‍

 

സേവനത്തിന്റെ സുവര്‍ണ്ണകാലം തീര്‍ന്നു. മനസ്സില്ലാമനസ്സോടെ പടിയിറങ്ങുന്ന ലോക്‌നാഥ് ബഹ്‌റ. അദ്ദേഹത്തെ ഒരു പൊലീസ് വണ്ടിയില്‍ ഇരുത്തുന്നു. ആ വണ്ടി കീഴുദ്യോഗസ്ഥന്മാര്‍ വടം കെട്ടി വലിക്കുന്നു. ഈ കാഴ്ച ചാനലുകള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നു. അതുകണ്ട് നാം എല്ലാവരും രോമാഞ്ചകഞ്ചുകമണിയുന്നു. ഏത് പുസ്തകത്തിലാണ് ഈ ആചാരനിഷ്ഠ നിഷ്‌ക്കര്‍ഷിച്ചിട്ടുള്ളതെന്ന് അറിഞ്ഞുകൂടാ. ഹാരപ്പന്‍ നാഗരികതയുടെ കാലത്തുപോലും ഇങ്ങിനെയൊന്ന് നടന്നതായി തെളിവു കിട്ടിയിട്ടില്ല. ഉണ്ടായിരുന്നുവെങ്കില്‍ പുരാവസ്തു ഗവേഷകയും ചരിത്ര പണ്ഡിതയുമായ മാളവിക ബിന്നിയെങ്കിലും പറഞ്ഞുകേള്‍ക്കുമായിരുന്നു. അടുത്തൂണ്‍പറ്റി പിരിഞ്ഞാലും പദവി വിട്ടുപോകാന്‍ മനസ്സില്ലാത്ത ആളായതുകൊണ്ടോ, അല്ലെങ്കില്‍ കീഴുദ്യോഗസ്ഥര്‍ക്ക് ഇദ്ദേഹത്തിന്റെ ശല്യം സഹിക്കാന്‍ വയ്യാത്തതുകൊണ്ടോ ചെയ്‌തൊരു പണിയായി മാത്രമേ കണ്ടപ്പോള്‍ തോന്നിയുള്ളു. എന്തായാലും ഈ അസംബന്ധം അദ്ദേഹത്തിന് അപമാനകരമായി തോന്നാതെ പോയെങ്കില്‍ പിന്നെ നാം കാഴ്ചക്കാര്‍ എന്തു പറയാനാണ്. അതുമല്ലെങ്കില്‍ വണ്ടി കെട്ടിവലിച്ച ഖലാസികള്‍ക്ക് വേണ്ടെന്നു തോന്നണമായിരുന്നു. അതും ഉണ്ടായില്ല.

പെട്രോളിന്റെ വില വര്‍ധനവില്‍ പ്രതിഷേധിക്കുന്ന ഒരു പ്രതീതി അനുഭവപ്പെട്ടവരുമുണ്ട്. എന്തായാലും മോദി സര്‍ അറിയണ്ടേ. ലോകനാഥ് ഇതിന് നിന്നുകൊടുത്തത് ഇന്ത്യനാഥന്‍ അറിയാതിരിക്കട്ടെ. ആ വണ്ടിയും കയറുമായി ഖലാസികളോട് സൗകര്യമുള്ളൊരു ദിവസം തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റില്‍ വരാന്‍ കെ. സുധാകരന്‍ ആവശ്യപ്പെടണം. പറയാന്‍ ധൈര്യമുള്ള ആള്‍ വേണമല്ലോ. അവിടെ നിന്നും ചിലരെ കെട്ടിവലിച്ച് കണ്ണൂരില്‍ കൊണ്ടുപോയാല്‍ നാട് നന്നാവും. ഇപ്പോള്‍ നാട് നന്നാവാത്തത് യു.ഡി.എഫ് ജയിക്കാത്തതുകൊണ്ടാണല്ലോ. എല്‍.ഡി.എഫ് ഉറപ്പായതിനാല്‍ കെട്ടിവലിക്കാതെപോകാന്‍ ഇടയില്ല. അല്ലെങ്കില്‍ മണിച്ചിത്രത്താഴിലെ ഗംഗ വരണം. ദുര്‍ഗാഷ്ടമി ദിവസമായിരിക്കണം. വിടമാട്ടെ എന്ന് ഉറക്കെ പറയുമ്പോള്‍ ബാധ ഒഴിപ്പിക്കാന്‍ വി. ഡി സതീശന്‍ എത്തണം. മറ്റൊരു വഴിയുള്ളത് ഈ സര്‍ക്കാറിനെ അനുസരിപ്പിക്കാന്‍ കഴിവുള്ള സംഘങ്ങളെ വിളിക്കലാണ്. ശിവശങ്കറും സ്വപ്‌നയും മതിയാവില്ല. പാര്‍ട്ടിയോട് വേണ്ടത്ര കണക്ഷന്‍ പോര. സ്വര്‍ണ്ണത്തോട് മാത്രമേ ഭ്രമമുള്ളു.

കടത്തിക്കൊണ്ടുവരുന്ന സംഘവും പൊട്ടിക്കല്‍ സംഘവും റിക്കവറി സംഘവും വേണം. കണ്ണൂരും കൊടുവള്ളിയിലും ചെര്‍പ്പുളശേരിയിലും പോയാല്‍ കിട്ടും. പിന്നെ സെന്‍ട്രല്‍ ജയിലിലെ യമണ്ടന്‍ തടവുകാരുടെ കല്‍പ്പനയും വാങ്ങിയെടുക്കണം. അവരൊക്കെ വലിച്ചാല്‍ ഈ വണ്ടി നീങ്ങിപോകും. ഭരണത്തില്‍ അള്ളിപിടിച്ചുനില്‍ക്കുന്നവരെ നേരെയാക്കാന്‍ ഇതൊക്കെയാണ് വഴി. തുടര്‍ഭരണത്തിലേറിയ പുത്തന്‍ മന്ത്രിമാര്‍ നാടു നന്നാക്കുന്ന തിരക്കിലാണ്. പുത്തനച്ചി പുരപ്പുറവും തൂക്കുമല്ലോ. കോവിഡ് കാലം തീരും വരെ സത്യത്തില്‍ മന്ത്രിമാരെ ആവശ്യമില്ല. അത്യാവശത്തിന് ഒന്നോ രണ്ടോ മതി. ബാക്കി മന്ത്രിമാര്‍ക്ക് പകരം പണി ചെയ്യാന്‍ ഏതാനും ലാപ്‌ടോപ്പുകള്‍ വാങ്ങിവെച്ചാല്‍ മതി. അതിനുള്ള ഓപറേറ്റര്‍മാരെ സെക്രട്ടറിയേറ്റില്‍ തന്നെ കിട്ടും. ശിവന്‍ കുട്ടിക്ക് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാത്തതുകൊണ്ട് കാര്യമായി ജോലി ഇല്ല. സ്‌കൂള്‍ തുറക്കാന്‍ മുഖ്യമന്ത്രി മുതിരാത്തത് സുധാകരനെ പേടിച്ചാണെന്ന് പറയുന്നവരുമുണ്ട്. കുട്ടികളെയും സുരക്ഷിതരാക്കണമല്ലോ.

പിണറായിയെപോലെ പരാതിയൊന്നും കൊടുക്കാതെ എല്ലാ രക്ഷിതാക്കളും വെറുതെയിരിക്കില്ലല്ലോ. വിദ്യാഭ്യാസ മന്ത്രിക്ക് വേണമെങ്കില്‍ ഓണ്‍ലൈനില്‍ ക്ലാസെടുക്കാം. വിഷയങ്ങള്‍ പലതുമുണ്ടല്ലോ. നിയമസഭയില്‍ ശാസ്ത്രീയമായി നടത്താവുന്ന കയ്യാങ്കളി വിഷ്വല്‍സ് കാണിച്ചുതന്നെ പഠിപ്പിക്കാമല്ലോ. വീണ ജോര്‍ജ്ജിന് രണ്ടാം തരംഗം തീരും വരെ ഒഴിവില്ല. മൂന്നാമതൊന്ന് വരാന്‍ ഇടയായാല്‍ ശൈലജ ടീച്ചറെ കൂടി സഹായത്തിന് വിളിക്കേണ്ടി വരും. വിശ്വാസിയായതിനാല്‍ അവര്‍ക്ക് നമ്മേയെല്ലാവരെയും കര്‍ത്താവിന്റെ കരങ്ങളില്‍ അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയെങ്കിലും ചെയ്യാം. പിന്നെ ചെയ്യാനുള്ളത് കോവിഡിന്റെ ദൈനംദിന കണക്കുകള്‍ ജനങ്ങളില്‍ എത്തിക്കലാണ്. ഈ ഗണിതശാസ്ത്ര പാഠം പാരമ്പര്യമായി മുഖ്യമന്ത്രി ചെയ്തുവരുന്നതാണ്. അന്നൊക്കെ ശൈലജ ടീച്ചറും ചന്ദ്രശേഖരനും മുഖ്യമന്ത്രിയുടെ ഇടത്തും വലത്തും ഭാഗങ്ങളിലിരുന്ന് പ്രാണായാമം ചെയ്തിരുന്നു. ഇപ്പോള്‍ ആ ജോലിക്ക് വീണയേയും രാജനേയും വിളിച്ചുകാണുന്നില്ല.

വനം മന്ത്രി എ.കെ ശശീന്ദ്രന്റെ പൂച്ചക്കുട്ടിക്ക്‌പോലും ഒളിഞ്ഞിരിക്കാന്‍ ഇനി കാട്ടില്‍ മരമില്ല. പൂച്ച നല്ല പൂച്ച, പാലുവെച്ച പാത്രം വൃത്തിയാക്കി വെച്ചു എന്ന കുട്ടിപ്പാട്ടുപോലെയായി കാടുകള്‍, അവിടെ വെട്ടിവെളുപ്പിച്ച് വൃത്തിയാക്കി വെച്ചിട്ടുണ്ട്. ഇബ്്‌നുബത്തൂത്തയെന്ന സഞ്ചാരിക്ക്‌ശേഷം ബേപ്പൂരിലും പന്തലായനി കൊല്ലത്തും കോഴിക്കോട്ടും തുറമുഖങ്ങള്‍ തേടിപ്പോയ തേവര്‍കോയില്‍ കടന്നപ്പള്ളിയെ ആദ്യ റൗണ്ടില്‍തന്നെ തോല്‍പ്പിച്ചു. മുഹമ്മദ് റിയാസ് സത്യപ്രതിജ്ഞ ചെയ്ത അന്ന് നിരത്തിലിറങ്ങിയതാണ്. പ്രഖ്യാപനങ്ങള്‍ നടത്തി മത്സരിക്കുകയാണ് മന്ത്രിമാര്‍. അഞ്ചു കാശ് കയ്യിലില്ലെന്നു വിലപിക്കുന്ന ബാലഗോപാലിനെ കാണുമ്പോള്‍ പ്രകടനപത്രികയുടെപാവന സ്മരണക്കുമുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കേണ്ടിവരുമെന്നാണല്ലോ തോന്നുന്നത്. ആന്റണി രാജുവാകട്ടെ ഒന്നുങ്കില്‍ ഞാന്‍, അല്ലെങ്കില്‍ ആനവണ്ടി എന്ന മട്ടിലാണ് നടപ്പ്. ഇതിനിടയിലാണ് വനിതാകമ്മീഷനിലെ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. പെണ്ണായി പിറന്ന കാരണത്താല്‍ കണ്ണീരു കുടിക്കുന്ന സകലരെയും രക്ഷിക്കാന്‍ അവതരിച്ച ജോസഫൈന്‍ വിരട്ടിയോടിക്കാത്ത ഒരു പെണ്ണുമില്ല. കയ്യില്‍ കിട്ടിയ എല്ലാ ഇരകളെയും കടിച്ചുകീറി അവര്‍ താണ്ഡവം തുടര്‍ന്നു.

അവര്‍ക്ക് രണ്ട് പുരുഷന്മാരുടെ ഉശിരാണ്. അതായിരിക്കണം ജോസഫൈന്‍. അഥവാ രണ്ട് ജോസഫുമാര്‍ എന്ന് പണ്ടേ വിളിക്കപ്പെട്ടത്. ബഹറൈന്‍, മശ്‌രിഖൈന്‍, മഗ്്‌രിബൈന്‍ എന്നൊക്കെ പറയുന്നതുപോലെ അവരൊരു സത്യം അറിയാതെ വിളിച്ചുപറഞ്ഞു. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പൊലീസ് അന്വേഷണ ഏജന്‍സിയും കോടതിയുമൊക്കെ പാര്‍ട്ടിക്കകത്ത്തന്നെ ഉണ്ടെന്ന് രാഷ്ട്രീയമായി എതിര്‍ക്കുന്നവരെയും ആ കോടതി വിചാരണ ചെയ്ത് ശിക്ഷിച്ചിട്ടുണ്ടല്ലോ. ഷുക്കൂറിനെയും ശുഹൈബിനെയുമൊക്കെ കൊല്ലാന്‍ വിധിച്ച കോടതി അതാണല്ലോ. അവസാനം അതിവേഗ കോടതി ജോസഫൈനെയും ശിക്ഷിച്ചു. അവരെയാണ് വാസ്തവത്തില്‍ പാര്‍ട്ടി തന്നെ കാറില്‍ നിന്നും കെട്ടിവലിച്ചിറക്കിയത്.

പുതിയ ഡി.ജി.പി അനില്‍കാന്തിനോട് തീരുമാനങ്ങള്‍ എടുക്കുന്നതിനുമുമ്പ് നാല് എ.ഡി. ജി.പിമാരോട് ചോദിക്കണം എന്നു കല്‍പ്പിച്ചതായി പത്രത്തില്‍ കണ്ടു. ഇത് സത്യമാണെങ്കില്‍ ആ മാതൃക മുഖ്യമന്ത്രിക്കും ബാധകമാക്കുന്നത് നല്ലതാവും. അദ്ദേഹം ഏത് തീരുമാനവും എടുക്കുന്നതിനുമുമ്പ് ചുരുങ്ങിയത് നാലു മന്ത്രിമാരോടെങ്കിലും അഭിപ്രായം തേടണമെന്ന വ്യവസ്ഥയുണ്ടാക്കട്ടെ. അതങ്ങിനെ പൊലീസിലെങ്കിലും താഴെ തട്ടിലും നടപ്പിലാക്കാം. സബ്ഇന്‍സ്‌പെക്ടര്‍ എന്തു തീരുമാനവും എടുക്കുംമുമ്പ് നാലു പൊലീസുകാരോട് ചോദിക്കട്ടെ.

 

web desk 3: