X
    Categories: Article

അന്യായമായി വേട്ടയാടപ്പെടുന്ന ജനത

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

ഇതെഴുതുമ്പോഴും വിശുദ്ധ ഖുദ്‌സ് നഗരവും പ്രാന്തപ്രദേശങ്ങളും ഒട്ടും ശാന്തമായിട്ടില്ല. മനുഷ്യവര്‍ഗത്തെ സമാധാനത്തിന്റെയും ശാന്തിയുടെയും തീരങ്ങളിലേക്ക് വഴിനടത്താന്‍ ദൈവദൂതുമായി പ്രവാചകന്‍മാര്‍ വന്നിറങ്ങിയ ഈ പുണ്യഭൂമിയില്‍ മനുഷ്യര്‍ മനുഷ്യരെ ആയുധങ്ങള്‍കൊണ്ട് വേട്ടയാടുകയാണ്. പവിത്രമായ സൂക്തങ്ങളും മന്ത്രോച്ചാരണങ്ങളും ഉയര്‍ന്ന വേദഭൂമിയില്‍നിന്ന് ഇപ്പോള്‍ കേള്‍ക്കുന്നത് നിരപരാധരായ സ്ത്രീകളുടെയും നിഷ്‌കളങ്കരായ കുഞ്ഞുങ്ങളുടെയും രോദനങ്ങളാണ്. ആത്മീയതയുടെ കുന്തിക്കം പുകഞ്ഞ പുണ്യഭൂമിയില്‍ ഇപ്പോള്‍ ഉയരുന്നത് ദരിദ്രരായ ഒരു ജനതയുടെ വസ്തുവകകള്‍ കത്തുന്നതിന്റെ കരിമ്പുകയാണ്. വാശിയും വീറും രണ്ടുഭാഗത്തായി നിരന്നുനിന്ന് പരസ്പരം പോര്‍വിളി തുടരുന്നു. ഒരു ഭാഗത്ത് മനുഷ്യാവകാശങ്ങള്‍ക്കും നൈതികതകള്‍ക്കുംനേരെ കുടില മനസ്‌കരായ വംശധ്വംസകര്‍ ക്രൂരമായി കാഞ്ചിവലിച്ചുകൊണ്ടിരിക്കുന്നു. ആ കൈകളെ തടയാന്‍ നയതന്ത്ര നീക്കങ്ങള്‍ക്കോ നീതിന്യായ വേദികള്‍ക്കോ അന്താരാഷ്ട്ര ഇടപെടലുകള്‍ക്കോ അഭ്യര്‍ഥനകള്‍ക്കോ അപേക്ഷകള്‍ക്കോ ഒന്നും കഴിയില്ല എന്ന് പതിറ്റാണ്ടുകളുടെ അനുഭവം പഠിപ്പിച്ചതിനാല്‍ ഇപ്പുറത്തുള്ളവര്‍ കൈനീട്ടിയാല്‍ കിട്ടുന്ന കല്‍ച്ചീളുകള്‍ കൊണ്ടെങ്കിലും പ്രതിരോധിക്കാന്‍ നിര്‍ബന്ധിതാരിയിരിക്കുകയാണ്. അവര്‍ക്കുവേണ്ടി ആരും ഉണ്ടായിട്ടില്ല എന്ന നിരാശയാണ് അവരുടെ ഉള്ളില്‍ പൊട്ടിത്തെറിക്കുന്നത്. തങ്ങള്‍ക്കുവേണ്ടി ആരും വരില്ല എന്ന ഉറപ്പാണ് അവരെ പിടിച്ചുതള്ളുന്നത്. നമുക്ക് -മനുഷ്യത്വത്തിലും മതങ്ങള്‍ പഠിപ്പിച്ച നന്മകളിലും വിശ്വസിക്കുന്നവര്‍ക്ക്-പക്ഷേ മാറിനില്‍ക്കാന്‍ കഴിയില്ല. പോരാട്ടങ്ങളുടെ തീച്ചൂളയില്‍ പതിറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ടുകഴിയുന്ന ഫലസ്തീന്‍ ജനതയോട് നാം മനസ്സുകൊണ്ട് ഒപ്പം നില്‍ക്കേണ്ടതുണ്ട്. പ്രാര്‍ഥനകൊണ്ട് പിന്തുണ നല്‍കേണ്ടതുണ്ട്.

തികച്ചും അന്യായമായി ഒരു ജനത നിരന്തരമായി വേട്ടയാടപ്പെടുമ്പോള്‍ അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതും പ്രാര്‍ഥനകള്‍ കൊണ്ട് പിന്തുണക്കുന്നതും തികച്ചും മനുഷ്യത്വപരമായ കടമയാണ്. ആ അന്യായം അവരെ സ്വന്തം മണ്ണില്‍നിന്നും തുരത്തുകയും കുടിയിറക്കുകയും ചെയ്യുക എന്ന വ്യക്തമായ ലക്ഷ്യത്തിനുവേണ്ടിയായിരിക്കുമ്പോള്‍ പ്രത്യേകിച്ചും. ഇത്തരം സാഹചര്യങ്ങള്‍ സഹിക്കാവുന്നതിലും സമ്മതിച്ചുകൊടുക്കാവുന്നതിലും അപ്പുറമാണ് എന്ന് എല്ലാ ധര്‍മ്മശാസ്ത്രങ്ങളും പഠിപ്പിക്കുന്നുണ്ട്. ഇസ്‌ലാമിക അനുഭവം അതിനു മതിയായ തെളിവാണ്. നബി (സ)യും അനുയായികളും ഇത്തരം വേട്ടയാടലുകള്‍ക്കു വിധേയരായതും അവരതു സഹിച്ചുനിന്നതും നീണ്ട 15 വര്‍ഷമായിരുന്നു എന്നാണ് ചരിത്രം. പതിമൂന്നു വര്‍ഷം നീണ്ട മക്കാജീവിതത്തിലും അവിടെ നിന്നുമാറി പോന്നിട്ട് മദീനായിലെ രണ്ടു വര്‍ഷവും അവര്‍ അന്യായമായി വേട്ടയാടപ്പെട്ടു. അവരോട് അപ്പോഴെല്ലാം ക്ഷമിച്ചിരിക്കാനും പിടിച്ചുനില്‍ക്കാനുമായിരുന്നു അല്ലാഹു ആവശ്യപ്പെട്ടത്. പിന്നെയും ആ ക്രൂരതകള്‍ തുടര്‍ന്നപ്പോഴായിരുന്നു ഹിജ്‌റ രണ്ടില്‍ ‘അന്യായമായി അക്രമിക്കപ്പെട്ടു എന്നതിന്റെ പേരില്‍’ പ്രതിരോധിക്കാന്‍ അനുമതി ലഭിച്ചത്. അതുകൊണ്ടുതന്നെ അന്യായമായ ആക്രമണങ്ങള്‍ എല്ലാ അതിര്‍വരമ്പുകളെയും നിരന്തരം ലംഘിക്കുമ്പോള്‍ ഫലസ്തീനികള്‍ പ്രതിരോധിക്കുന്നതില്‍ ചിലര്‍ നെറ്റിചുളിക്കുന്നതിനെ സ്വീകരിക്കാന്‍ കഴിയില്ല. അവര്‍ സത്യത്തില്‍ വേട്ടക്കാര്‍ക്കു ചൂട്ടുപിടിക്കുകയാണ്. മനുഷ്യാവകാശങ്ങള്‍ ലംഘിച്ചും അന്താരാഷ്ട്ര മര്യാദകളെ വെല്ലുവിളിച്ചും സയണിസ്റ്റുകള്‍ നടത്തുന്ന ഈ തേര്‍വാഴ്ചകള്‍ കണ്ടില്ലെന്നുനടിക്കുമ്പോഴും ഇരകളെ കുറ്റപ്പെടുത്തുമ്പോഴുമെല്ലാം മരിക്കുന്നത് നമ്മിലെ മനുഷ്യത്വമാണ്. ചോര്‍ന്നുപോകുന്നത് നമ്മിലെ മതാംശങ്ങളാണ്.

ചിലരെങ്കിലും വാദിക്കാറുണ്ട്, ചരിത്രത്തില്‍ തുല്യതയില്ലാത്തവിധം സ്വന്തം മണ്ണില്‍നിന്ന് ആട്ടിപ്പായിക്കപ്പെട്ടവരല്ലേ ജൂതന്‍മാന്‍ എന്ന്. ചരിത്രത്തില്‍ തുല്യതയില്ലാത്തവിധം കൂട്ടക്കുരിതിക്കു വിധേയരായ ജനതയല്ലേ അവരെന്ന്. അതിനാല്‍ സ്വന്തം മണ്ണില്‍ കാലുറപ്പിക്കാനുള്ള അവകാശം അവര്‍ക്കുമില്ലേ എന്നുമെല്ലാം. നിഷ്‌കളങ്കരായ ജനങ്ങളെ വഴിതെറ്റിക്കാനുള്ള ചോദ്യങ്ങളാണിവ. ഈ ചോദ്യങ്ങള്‍വഴി സയണിസ്റ്റുകള്‍ നടത്തുന്ന തേര്‍വാഴ്ചകളെ വെള്ളപൂശാന്‍ ശ്രമിക്കുകയാണ് ഇത്തരക്കാര്‍. എന്നാല്‍ ഇവര്‍ പറഞ്ഞുവരുന്നത് ചരിത്രപരമായി ശരിതന്നെയാണ്. അവര്‍ ആട്ടിയോടിക്കപ്പെട്ടിട്ടുണ്ട്. ക്രൂരമായി വേട്ടയാടപ്പെട്ടിട്ടുമുണ്ട്. പക്ഷേ, അതിന് ജൂതന്‍മാര്‍ ആരോടാണ് പ്രതികാരം ചെയ്യേണ്ടത് എന്നതാണ് പ്രധാന ചോദ്യം. ആരാണോ അവരെ കുടിയിറക്കിയതും ഗ്യാസ് ചേമ്പറുകളിലിട്ട് ചുട്ടതും അവരോടല്ലേ അവര്‍ പ്രതികാരം ചെയ്യേണ്ടത്. അതൊന്നും അറബികളും ഫലസ്തീനികളുമായിരുന്നില്ല. ലോക ചരിത്രം അതിനു തെളിവും സാക്ഷിയുമാണ്. ആദ്യമായി അവരുടെ നാട് തകര്‍ത്ത് അവരെ കുടിയിറക്കിയത് ബാബിലേണിയന്‍ സേനാനായകനായിരുന്ന ബുക്കഡ്‌നസര്‍ ആയിരുന്നു. ബി.സി 586-ല്‍ ആയിരുന്നു അവരുടെ ഹൈക്കല്‍ സുലൈമാന്‍ വരെ നശിപ്പിച്ചതും ആട്ടിയോടിച്ചതും. കാലക്രമത്തില്‍ അവര്‍ പിന്നെയും അവിടെതന്നെ വന്നുകൂടി. വീണ്ടും അവര്‍ ആട്ടിയോടിക്കപ്പെട്ടു. ഈ രണ്ടാം നിഷ്‌കാസനത്തിനുപിന്നിലും ഫലസ്തീനികളോ അറബികളോ ആയിരുന്നില്ല, മറിച്ച് റോമന്‍ സാമ്രാജ്യത്തിന്റെ സേനാനായകനായിരുന്ന ടൈറ്റസ് ആയിരുന്നു. ബി.സി 63-ല്‍. ചരിത്രത്തില്‍ അവരെ അവരുടെ നാട്ടില്‍നിന്നും പിടിച്ചുപുറത്താക്കിയ സംഭവങ്ങള്‍ ഈ രണ്ടെണ്ണം മാത്രമാണ്. ഈ രണ്ടിലും അറബികള്‍ക്കോ ഫലസ്തീനികള്‍ക്കോ യാതൊരു പങ്കുമില്ല. ഗ്യാസ് ചേമ്പറുകളിലിട്ട് അവരെ ഭസ്മമാക്കിയതാണെങ്കിലോ ജര്‍മ്മന്‍ നാസികളാണ്. ഇതിലൊന്നും അറബികള്‍ക്കു പങ്കില്ല എന്നു വ്യക്തം. എന്നിട്ടും അവര്‍ ഫലസ്തീന്‍ ജനതയെയും അറബികളെയും ഇവ്വിധം വേട്ടയാടുമ്പോള്‍ അതു ന്യായീകരിക്കാന്‍ കഴിയില്ല. അതിനെ അക്രമം എന്നല്ലാതെ മറ്റൊന്നും വിളിക്കാനുമാകില്ല.

അന്യായമായി അക്രമിക്കപ്പെട്ടതിന്റെ പേരിലെന്നപോലെ ഫലസ്തീന്‍ ജനതയോട് നാം ഐക്യദാര്‍ഢ്യപ്പെടുന്നത് വ്യക്തമായ ന്യായമുണ്ടായിട്ടും അവഗണിക്കപ്പെടുന്നതിന്റെ പേരില്‍കൂടിയാണ്. ഈ അവഗണന അന്താരാഷ്ട്ര സമൂഹത്തില്‍നിന്നുമാണ്. ജൂതരുടെ ഭാഗത്തുനിന്നുണ്ടാകുന്നതുപോലെ ഇതും നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഒന്നാം ലോക യുദ്ധത്തിനുശേഷം ഓട്ടോമന്‍ തുര്‍ക്കി ഖിലാഫത്തിന്റെ ഭൂമി വീതംവെച്ചെടുത്ത സാമ്രാജ്യത്വ ശക്തികള്‍ ഇതിനു തുടക്കം കുറിച്ചു. 1917-ലെ ബാള്‍ഫര്‍ ഡിക്ലറേഷന്‍ ഫലസ്തീനികളുടെ മണ്ണ് വാങ്ങിയും പാട്ടത്തിനെടുത്തും സ്വന്തമാക്കാനും ജൂതന്‍മാര്‍ക്ക് ഫലസ്തീനിലേക്ക് അധിനിവേശം നടത്താനുംവേണ്ടി ബ്രിട്ടണ്‍ ചെയ്തുകൊടുത്ത ചതിയായിരുന്നു. വെറും രാഷ്ട്രീയ മേല്‍ക്കോയ്മയുടെ പേരില്‍ ഫലസ്തീനിലെ മണ്ണ് വില്‍ക്കാനും കൊടുക്കാനും തങ്ങള്‍ക്ക് അവകാശമുണ്ട് എന്ന് ഡിക്ലയര്‍ ചെയ്യുമ്പോള്‍ നൂറ്റാണ്ടുകളായി അവിടെ താമസിക്കുന്ന ഫലസ്തീനികളെ ആട്ടിയിറക്കേണ്ടിവരും എന്നു അവര്‍ ചിന്തിച്ചതേയില്ല. അത് ഒന്നാമത്തെ ചതിയും അവഗണനയും. 1948-ല്‍ ഫലസ്തീനിന്റെമണ്ണില്‍ ജൂതരാഷ്ട്രം സ്ഥാപിക്കാന്‍ പ്രമേയം പാസാക്കുമ്പോള്‍ വീണ്ടും അവര്‍ ചതിക്കപ്പെട്ടു. അക്കുറി അവരെ ചതിച്ചത് ബ്രിട്ടണ്‍ മാത്രമല്ല, യു.എന്‍ ബാനറില്‍ എല്ലാവരും ചേര്‍ന്നായിരുന്നു. ജൂത രാഷ്ട്രം ഉണ്ടാക്കിക്കൊടുത്ത അവര്‍ ഫലസ്തീന്‍ എന്ന രാജ്യത്തെകുറിച്ച് മിണ്ടിയതേയില്ല എന്നതായിരുന്നു ചതിയും അവഗണനയും. തുടര്‍ന്ന് ഞങ്ങളുടെ മണ്ണില്‍ നിങ്ങള്‍ എല്ലാവരും ചേര്‍ന്ന് അവര്‍ക്ക് രാജ്യമുണ്ടാക്കിക്കൊടുത്തല്ലോ, ഇനി ഞങ്ങളുടെ മണ്ണില്‍ ഞങ്ങള്‍ക്കും രാജ്യമുണ്ടാക്കിത്തരൂ എന്നു ചോദിക്കേണ്ട ദയനീയ സാഹചര്യമാണ് ഫലസ്തീനികള്‍ക്കുണ്ടായത്. ന്യായമായ ഈ അഭ്യര്‍ഥനയും ആവശ്യവും അന്താരാഷ്ട്ര സമൂഹം അവഗണിച്ചു, നാലര പതിറ്റാണ്ടു കാലം. 1993-സെപ്തംബര്‍ 13ന് നടന്ന ഓസ്‌ലോ ഉടമ്പടിവരെ കാത്തിരിക്കേണ്ടിവന്നു ഫലസ്തീനികള്‍ക്ക് തങ്ങളുടെ രോദനം പരിഗണിക്കപ്പെടാന്‍. അപ്പോഴാണെങ്കിലോ ഒറ്റയടിക്ക് അവരുടെ രാജ്യത്തിന്റെ അതിരുകള്‍ വരച്ചുകൊടുക്കാന്‍ കഴിയുമായിരുന്നിട്ടും അവരതു ചെയ്തുകൊടുത്തില്ല. അഞ്ചു വര്‍ഷത്തിനുള്ളില്‍ പരിഗണിക്കാം എന്നു പറഞ്ഞ് പിരിയുക മാത്രമായിരുന്നു അവര്‍. അത് ഇന്നുവരെയും നടന്നിട്ടില്ല എന്നു പറയുമ്പോള്‍ ഫലസ്തീന്‍ ജനതയോട് അന്താരാഷ്ട്ര സമൂഹം എത്ര അവഗണനയാണ് കാണിച്ചത് എന്നതിന്റെ ആഴം കാണാന്‍ കഴിയും. ഇതുണ്ടാവാത്തതാണ് ഇപ്പോഴും കലാപങ്ങള്‍ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം. ഫലസ്തീനികള്‍ക്ക് അവരുടെ രാജ്യം അടയാളപ്പെടുത്തിക്കൊടുത്തിരുന്നുവെങ്കില്‍ അവര്‍ വീണ്ടും കുടിയേറ്റങ്ങള്‍ നടത്തുമായിരുന്നില്ല. ഇപ്പോള്‍ ഉണ്ടായ പ്രശ്‌നങ്ങളുടെ മൂല കാരണം ശൈഖ് ജര്‍റാഹ് ജില്ല തങ്ങളുടെ കയ്യിലൊതുക്കാനുള്ള ജൂത ശ്രമങ്ങളാണ്. അതിനുവേണ്ടി തദ്ദേശീയരെ ശല്യപ്പെടുത്തുകയും ജൂത തീവ്രാദികളുടെ അറബധിക്ഷേപ റാലികള്‍ അനുവദിച്ചും അകമ്പടി സേവിച്ചും പിന്തുണക്കുകയും ഫലസ്തീന്‍ ജനതയുടെ ചെറുത്തുനില്‍പ്പുകളെ അടിച്ചമര്‍ത്തുകയും എല്ലാം ചെയ്തുകൊണ്ടാണ് അവര്‍ കിരാതത്വങ്ങളിലേക്കു വളര്‍ന്നിരിക്കുന്നത്.

കാലപങ്ങളും യുദ്ധങ്ങളും എന്തിന്റെ പേരിലാണെങ്കിലും ഖേദകരമാണ്. അതുവഴിയുണ്ടാകുന്ന ഒരു വിജയത്തേയും മനുഷ്യത്വം ഉള്ളിലുള്ളവര്‍ക്ക് ആസ്വദിക്കാനും അനുഭവിക്കാനും ആഘോഷിക്കാനും കഴിയില്ല എന്നത് വസ്തുതയാണ്. അതിനാല്‍ സുന്നി യുവജന സംഘം ആഗ്രഹിക്കുന്നതും അഭ്യര്‍ഥിക്കുന്നതും സമാധാനപരമായ പരിഹാരമാണ്. ഓസ്‌ലോ പാക്ടനുസരിച്ച് ഇസ്രാഈലിനും ഫലസ്തീനിനും അതിരുകള്‍ വരച്ചുകൊടുക്കാന്‍ അന്താരാഷ്ട്ര സമൂഹം തയ്യാറാവണം. ആ അതിരുകള്‍ അന്താരാഷ്ട്ര നിയമങ്ങള്‍കൊണ്ട് സംരക്ഷിക്കപ്പെടുകയും വേണം. അപ്പോള്‍ മാത്രമേ ഫലസ്തീന്‍ എന്ന സ്വതന്ത്രരാജ്യം ഉണ്ടാകൂ. ഇപ്പോള്‍ അവിടെ ഫലസ്തീനികളുടെ വിവിധ സംഘടനകള്‍ ഭരണം നടത്തുകയാണ്. അങ്ങനെ സംഘടനകള്‍ ഭരണം നടത്തുമ്പോള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കാനോ അടിച്ചേല്‍പ്പിക്കാനോ ഒന്നും കഴിയാതെവരും. മാത്രമല്ല, ഇടക്കിടെ ഈ ആഭ്യന്തര സംഘടനകള്‍ക്കിടയില്‍ പ്രശ്‌നങ്ങളും ഉണ്ടാകും. ഇത്തരം പ്രയാസങ്ങളൊന്നുമില്ലാത്ത സ്വതന്ത്രമായ സൈ്വരവിഹാരത്തിന് ഫലസ്തീന്‍ ജനതക്കും അവസരം സൃഷ്ടിച്ചുകൊടുക്കാന്‍ അന്താരാഷ്ട്ര സമൂഹത്തിനു കടമയുണ്ട്. അതിനുവേണ്ടിയുള്ള സമ്മര്‍ദ്ദമാണ് പ്രധാനമായും സുന്നി യുവജന സംഘത്തിന്റെ പ്രതിഷേധജ്വാല അര്‍ഥമാക്കുന്നത്.

web desk 3: