X
    Categories: Article

വനംകൊള്ളയില്‍ സി.പി.ഐക്ക് എത്ര കോടി

 കെ.എം ഷാജഹാന്‍

 

കേരളത്തില്‍ കേട്ടുകേള്‍വി ഇല്ലാത്തത്ര വമ്പന്‍ വനംകൊള്ള നടന്നതിന്റെ വാര്‍ത്തകള്‍ ദൈനംദിനം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഏതാണ്ട് രണ്ടാഴ്ച മുമ്പ്, വയനാട്ടിലെ മുട്ടില്‍ എന്ന സ്ഥലത്ത്‌നിന്ന് 15 കോടി രൂപയുടെ ഈട്ടിത്തടി മുറിച്ചുകടത്തി എന്ന വാര്‍ത്തയാണ് ആദ്യം പുറത്തുവന്നത്. പിന്നീട്‌വന്ന വാര്‍ത്ത അഞ്ച് ജില്ലകളില്‍ നിന്നായി 100 കോടി രൂപയുടെ മരം മുറിച്ചുകടത്തി എന്നായിരുന്നു. ആദ്യം റവന്യുഭൂമിയില്‍ നിന്ന് മരം മുറിച്ചു കടത്തിയതിന്റെ വാര്‍ത്തകളാണ് വന്നതെങ്കില്‍ ഇപ്പോള്‍ വന ഭൂമിയില്‍നിന്ന് വ്യാപകമായി മരംമുറിച്ചതിന്റെ വാര്‍ത്തകളും വന്ന് തുടങ്ങിയിരിക്കുന്നു.

ഇടുക്കി അടിമാലി റേഞ്ചില്‍ നിന്ന് 300 ലേറെ മരങ്ങള്‍ മുറിച്ചുകടത്തിയതിന്റെ വാര്‍ത്തയാണ് ഏറ്റവും അവസാനമായി പുറത്തുവന്നിരിക്കുന്നത്. അഞ്ച് മാസത്തിനിടെ അടിമാലി റേഞ്ചിലെ മുക്കുടം സെക്ഷനില്‍നിന്ന് 1500 ല്‍ അധികം ലോഡ് തടികള്‍ കടത്തിയിട്ടുണ്ട് എന്നും തേക്ക്, ഈട്ടി മുതലായ മരങ്ങളാണ് കടത്തിയത് എന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. എട്ട് ജില്ലകളില്‍ വ്യാപകമായ രീതിയില്‍ മരംമുറി നടന്നതായി ഇതിനകം കണ്ടെത്തിക്കഴിഞ്ഞു. ഏകദേശം 250-300 കോടി രൂപയുടെ മരംമുറിച്ച് കടത്തപ്പെട്ടിട്ടുണ്ടാകാം എന്നാണ് പ്രാഥമിക വിലയിരുത്തല്‍.

കേരള സമൂഹ മന:സാക്ഷിയെ ആകെ ഞെട്ടിച്ച ഈ വന്‍ വനംകൊള്ളയില്‍, കഴിഞ്ഞ മന്ത്രിസഭയിലെ റവന്യൂമന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരനുള്ള പങ്ക് അര്‍ത്ഥശങ്കക്കിടമില്ലാത്തവിധം തെളിഞ്ഞുവരികയാണ്. ഈ മരംകൊള്ളക്ക് ആധാരമായ വിവാദ സര്‍ക്കുലറിനും ഉത്തരവിനും എതിരെ സി.പി.ഐയുടെ തന്നെ മറ്റൊരു മന്ത്രി കൈകാര്യംചെയ്ത വനംവകുപ്പ് ഒന്നിലധികം തവണ രേഖാമൂലം എതിര്‍പ്പ് ഉയര്‍ത്തിയതിന്റെ തെളിവുകളും പുറത്തുവന്നുകഴിഞ്ഞു. വനംവകുപ്പ് നിരന്തരം ഉയര്‍ത്തിയ എതിര്‍പ്പുകള്‍ തള്ളിക്കളഞ്ഞുകൊണ്ട് റവന്യൂവകുപ്പ് മന്ത്രിയാണ് വന്‍ വനംകൊള്ളക്ക് കാരണക്കാരന്‍ എന്നത് പകല്‍പോലെ വ്യക്തമായിരിക്കുന്നു.

24 ഒക്ടോബര്‍ 2020ന് റവന്യു വകുപ്പ് ഇറക്കിയ അന്നത്തെ റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഡോ. എ ജയതിലക് ഒപ്പുവെച്ച ഉത്തരവാണ് കേരളത്തില്‍ വന്‍ വനംകൊള്ളക്ക് കാരണമായത്. ഈ ഉത്തരവ് പിന്നീട് 2021 ജനുവരി 2 നാണ് റദ്ദാക്കപ്പെട്ടത്. ഉത്തരവ് നിലനിന്ന 69 ദിവസക്കാലത്താണ് കേരളത്തില്‍ വന്‍ വനംകൊള്ള അരങ്ങേറിയത്. കൈവശ ഭൂമിക്ക് പട്ടയം നല്‍കുമ്പോള്‍ 12 ഇനം മരങ്ങള്‍ സര്‍ക്കാറിലേക്ക് റിസര്‍വ് ചെയ്തിട്ടാവും പട്ടയം നല്‍കുക. ചന്ദനം, തേക്ക്, ഈട്ടി, ഇരൂള്‍, തേമ്പാവ്, ചെമ്പകം, ചടച്ചി, കമ്പകം, ചന്ദനവയമ്പ്, ചീനി, വെള്ളകില്‍, എബണി എന്നിവയാണ് ആ മരങ്ങള്‍. ഈ ഇനങ്ങള്‍ പട്ടയം ഉടമക്ക് പണമടച്ച് സ്വന്തമാക്കാനോ മുറിക്കാനോ കഴിയില്ല. എന്നാല്‍ 24.10.2020 ലെ ഉത്തരവിലെ ഒരു വാചകമാണ് ഈ വന്‍ വനംകൊള്ളക്ക് കാരണമായത്. അത് ഇപ്രകാരമായിരുന്നു.

‘.1964ലെ ചട്ടപ്രകാരം പതിച്ചുനല്‍കിയ ഭൂമിയില്‍ കര്‍ഷകര്‍ വെച്ചുപിടിപ്പിച്ചതും കിളിര്‍ത്ത്‌വന്നതും പതിച്ചുലഭിക്കുന്ന സമയത്ത് വൃക്ഷ വില അടച്ച് റിസര്‍വ് ചെയ്തതുമായ ചന്ദനം ഒഴികെയുള്ള എല്ലാ മരങ്ങളുടേയും അവകാശം കര്‍ഷകര്‍ക്ക് മാത്രമാണെന്നും അപ്രകാരമുള്ള മരങ്ങള്‍ അവര്‍ക്ക് മുറിക്കാവുന്നതാണെന്നും അതിന് പ്രത്യേകിച്ച് ആരുടെയെങ്കിലും അനുവാദം വാങ്ങേണ്ടതില്ലായെന്നും വ്യക്തമാക്കി ഉത്തരവാകുന്നു’. എന്നാല്‍ പച്ചയായ മരംകൊള്ളക്ക് ആഹ്വാനം നല്‍കുന്ന ഒരു വാചകംകൂടി ആ ഉത്തരവില്‍ ഉണ്ടായിരുന്നു.

അത് ഇങ്ങനെ ആയിരുന്നു. ‘അപ്രകാരമുള്ള മരങ്ങള്‍ മുറിക്കുന്നതിന് തടസ്സപ്പെടുത്തുന്ന രീതിയില്‍ ഉത്തരവുകള്‍ പാസ്സാക്കുന്നതോ നേരിട്ട് തടസ്സപ്പെടുത്തുന്നതോ ഗുരുതരമായ കൃത്യവിലോപമായി, അങ്ങനെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്’. നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ ആഹ്വാനം ചെയ്ത് ഒരു ഉത്തരവ് ഇറക്കുക. എന്നിട്ട് ആ ഉത്തരവില്‍ പറഞ്ഞിരിക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനത്തെ ചോദ്യംചെയ്താന്‍ കര്‍ശന നടപടി ഉണ്ടാകുമെന്നുകൂടി പറയുക! പോരേ പൂരം! എന്നിട്ട് ഈ വിവാദ ഉത്തരവ് നീണ്ട 69 ദിവസക്കാലം മന:പൂര്‍വം തുടരാന്‍ അനുവദിക്കുക. അതിന്റെ മറവില്‍ നൂറുകണക്കിന് കോടി രൂപയുടെ മരം റവന്യു-വനഭൂമിയില്‍ നിന്ന് കൊള്ള ചെയ്യാന്‍ അനുവദിക്കുക. അതാണ് ഇവിടെ നടന്നിരിക്കുന്നത്. ഈ വിഷയത്തില്‍ സി.പി.ഐയുടെ മുന്‍ റവന്യൂ-വനം വകുപ്പ് മന്ത്രിമാര്‍ക്കും പങ്കുണ്ടാകുമെന്നായിരുന്നു പൊതുവേയുള്ള ധാരണ. എന്നാല്‍ അതല്ല, മുഖ്യ പങ്ക് റവന്യൂ വകുപ്പ് മന്ത്രിക്കായിരുന്നു എന്നതിന്റെ വ്യക്തമായ തെളിവുകള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.

റവന്യൂവകുപ്പ് ഇറക്കിയ വിവാദ ഉത്തരവിന് കാരണമായ 2020 മാര്‍ച്ച് 11ലെ സര്‍ക്കുലറിനെ വനംവകുപ്പ് നിരന്തരം എതിര്‍ത്തിരുന്നു എന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അന്നത്തെ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന വി. വേണു ഇറക്കിയ sro no 621/17 സര്‍ക്കുലറില്‍ ആണ്, കര്‍ഷകര്‍ നട്ടുവളര്‍ത്തിയതും പട്ടയഭൂമിയില്‍ നിലനിര്‍ത്തിയതുമായ ചന്ദനം ഒഴികെയുള്ള എല്ലാ മരങ്ങളുടെയും ഉടമസ്ഥാവകാശം പട്ടാദാര്‍ക്കാണ് എന്ന് ആദ്യമായി പറഞ്ഞത്.

റവന്യൂ വകുപ്പ് ഇറക്കിയ ഈ സര്‍ക്കുലറിനെ വനംവകുപ്പ് ശക്തമായി എതിര്‍ത്തിരുന്നു എന്നതിന്റെ തെളിവാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 2020 മാര്‍ച്ച് 11ന് റവന്യു വകുപ്പ് ഇറക്കിയ മേല്‍പ്പറഞ്ഞ സര്‍ക്കുലര്‍ ‘അവ്യക്തത ഉള്ളതാണ്’ എന്നാണ് വനംവകുപ്പിലെ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, 2020 ജൂണ്‍ 30ന് വനം വന്യജീവി വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ പറഞ്ഞത്. ‘ചന്ദനം ഒഴികെയുള്ള എല്ലാ മരങ്ങളുടെയും ഉടമാവകാശം പട്ടാദാര്‍ക്കാണ് എന്ന് കാട്ടി റവന്യൂ വകുപ്പ് 2020 മാര്‍ച്ച് 11ന് ഇറക്കിയ സര്‍ക്കുലറിന് റവന്യൂ വകുപ്പ് ഒരു വിശദീകരണ സര്‍ക്കുലര്‍ (ടഞഛ) പുറപ്പെടുവിക്കണമെന്ന്, 2019 സെപ്തംബര്‍ 3നും 2019 ഒക്ടോബര്‍ 9നും റവന്യൂ വകുപ്പിന് എഴുതിയ കത്തുകളില്‍ വ്യക്തമായിരുന്നതാണ് എന്ന്, വനംവകുപ്പ് മേധാവി 2020 ജൂണ്‍ 30ന് വനം അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് എഴുതിയ കത്തില്‍ വ്യക്തമാക്കി. എന്നുമാത്രമല്ല ഇക്കാര്യം 2019 ജൂലൈ 18നും 2019 സെപ്തംബര്‍ 3നും ചേര്‍ന്ന വനം-റവന്യൂ വകുപ്പ് മന്ത്രിമാരുടെ സംയുക്ത യോഗ തീരുമാനപ്രകാരമുള്ളതാണ് എന്നും വനം വകുപ്പ് അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കി.

എന്നാല്‍ ഈ ആവശ്യം റവന്യൂ മന്ത്രി തള്ളിക്കളഞ്ഞതായും ‘കര്‍ഷകര്‍ വെച്ചുപിടിപ്പിക്കുന്ന മരങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കണം എന്നതാണ് സര്‍ക്കാര്‍ തീരുമാനം എന്ന് റവന്യൂ മന്ത്രി ആവര്‍ത്തിച്ചു വ്യക്തമാക്കി’ എന്നും വനം വകുപ്പ് മേധാവിയുടെ കത്തിലുണ്ട്. റവന്യൂ വകുപ്പിന്റെ 2020 മാര്‍ച്ച് 11ലെ സര്‍ക്കുലര്‍ വനം -റവന്യൂ മന്ത്രിമാരുടെ സംയുക്ത നടപടി കുറിപ്പുകള്‍ക്ക് അനുസൃതമല്ല എന്നും ഈ സര്‍ക്കുലര്‍ നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ട് എന്ന കാര്യം തങ്ങള്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നതായും വനംവകുപ്പ് വ്യക്തമാക്കുന്നു. അതായത് മരംകൊള്ളക്ക് കാരണമായ വിവാദ ഉത്തരവിനെ വനംവകുപ്പ് ശക്തമായി എതിര്‍ത്തിരുന്നു എന്നര്‍ത്ഥം. ആ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ടാണ് റവന്യൂമന്ത്രിയുടെ മുന്‍കൈയ്യില്‍ 2020 ഒക്ടോബര്‍ 24 ലെ വിവാദ ഉത്തരവ് ഇറങ്ങിയതും തുടര്‍ന്നുള്ള 69 ദിവസം കേരളം ഞെട്ടിത്തരിച്ച വന്‍ മരംകൊള്ള നടന്നതും.

69 ദിവസം തുടര്‍ച്ചയായി അരങ്ങേറിയ വമ്പന്‍ മരംകൊള്ളക്ക് ശേഷം 2021 ജനുവരി 2ന്, വിവാദ ഉത്തരവ് പിന്‍വലിക്കാന്‍ റവന്യൂ വകുപ്പ് പറഞ്ഞ മൂന്ന് പ്രധാന കാരണങ്ങളും റവന്യൂ വകുപ്പിലെ ഏത് കീഴുദ്യോഗസ്ഥന് പോലും അറിയാമായിരുന്നവയാണ്. അതില്‍ ഒന്ന് 2020 മാര്‍ച്ച് 11 ന് റവന്യൂ വകുപ്പ് ഇറക്കിയ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ കേസുകള്‍ ഉണ്ട് എന്നതാണ്! ഇതില്‍നിന്ന് ഒരുകാര്യം പകല്‍പോലെ വ്യക്തമാണ്. വനംവകുപ്പിന്റെ നിരന്തരവും രേഖാമൂലവും ഉള്ള കടുത്ത എതിര്‍പ്പുകള്‍ അവഗണിച്ചാണ്, റവന്യൂ മന്ത്രി നേരിട്ട് ഇടപെട്ട് 2020 ഒക്ടോബര്‍ 24 ലെ വിവാദ ഉത്തരവ് റവന്യൂവകുപ്പ് ഇറക്കിയത്. തുടര്‍ന്ന് ഈ ഉത്തരവ് നിലനില്‍ക്കേയാണ് 69 ദിവസം തുടര്‍ച്ചയായി കേരളത്തിലെ റവന്യൂ- വന മേഖലകളില്‍ ഏകദേശം 250-300 കോടി രൂപയുടെ മരംമുറിച്ച് കടത്തപ്പെട്ടത്. ഇനി ഒരൊറ്റ കാര്യമേ അറിയാനുള്ളൂ. ഈ വമ്പന്‍ വനംകൊള്ളക്ക് ഒത്താശ ചെയ്തതിന് എത്ര കോടി രൂപയാണ് സി.പി.ഐയുടെ ഖജനാവിലേക്ക് ഒഴുകി എത്തിയത് എന്ന്!

web desk 3: