X
    Categories: CultureMore

കടലില്‍ പോയ 250-ലേറെ പേര്‍ തിരിച്ചെത്തിയില്ല; തിരുവനന്തപുരത്ത് ആശങ്ക

പൂന്തുറ: ഓഖി ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്നുള്ള ജാഗ്രതാ നിര്‍ദേശത്തിനിടെ, തിരുവന്തപുരം ജില്ലയിലെ പൂന്തുറ, വിഴിഞ്ഞം, അടിമലത്തുറ എന്നീ സ്ഥലങ്ങളില്‍ നിന്ന് മത്സ്യബന്ധനത്തിനായി കടലില്‍ പോയവര്‍ നിശ്ചിത സമയം കഴിഞ്ഞും കരയില്‍ തിരിച്ചെത്താത്തത് ആശങ്കയുണ്ടാക്കുന്നു. ഇന്നലെ രാത്രി പൂന്തുറയില്‍ നിന്നു പുറപ്പെട്ട മുപ്പതോളം ബോട്ടുകള്‍ ഇനിയും തിരിച്ചെത്തിയിട്ടില്ല. ഇവയില്‍ 150-ലേറെ ആളുകള്‍ ഉണ്ടെന്നാണ് കണക്ക്. വിഴിഞ്ഞം, അടിമലത്തുറ എന്നിവടങ്ങളില്‍ നിന്നായി പോയ 100-ലധികം പേരും ഇനിയും തിരിച്ചെത്തിയിട്ടില്ല.

നാവികസേനയും വ്യോമസേനയും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. കൊച്ചിയില്‍ നിന്ന് സേനയുടെ ഒരു വലിയ കപ്പല്‍ പുറപ്പെട്ടിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തനം ശരിയായ ദിശയിലാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. നാവിക സേന ഇരുപതോളം പേരെ ഒരു വലിയ ബോട്ടിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇന്നലെ രാത്രി കടലില്‍ പോയ മത്സ്യബന്ധന തൊഴിലാളികള്‍ ഇന്നു രാവിലെ പത്തു മണിയോടെയാണ് തിരിച്ചെത്തേണ്ടിയിരുന്നത്. എന്നാല്‍, കുറച്ചു പേര്‍ മാത്രമാണ് തിരിച്ചെത്തിയത്. ഉള്‍ക്കടലില്‍ കനത്ത കാറ്റും മഴയുമാണെന്നും മോശം കാലാവസ്ഥയെ തുടര്‍ന്ന് കരയിലെത്താന്‍ മൂന്നു മണിക്കൂറിലേറെ അധിക സമയമെടുത്തുവെന്നും കരയിലെത്തിയവര്‍ പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: