X

വര്‍ഗീയ യോഗം


സര്‍വ ലൗകിക സുഖങ്ങളും ത്യജിച്ചവനാണ് യോഗി. യോഗം എന്നത് ‘യോ’ എന്ന വാക്കില്‍നിന്ന് ഉല്‍ഭവിച്ചതാണെന്ന് സംസ്‌കൃതം. ‘യോ’ ക്ക് ഒരുമിപ്പിക്കുക, ചേര്‍ക്കുക എന്നൊക്കെയാണത്രെ അര്‍ത്ഥം. നാട്ടില്‍ ഇപ്പോള്‍ പ്രചാരം നേടിയിട്ടുള്ള പല യോഗികളുടെയും കാര്യം പക്ഷേ ആടും ആനയും പോലെയാണ്, ച്ചാല്‍ പറയുന്നതൊന്ന്, ചെയ്യുന്നത് മറ്റൊന്ന്. നമ്മുടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ പേരിലുമുണ്ട് കറിക്ക് വേപ്പിലെപോലെ ഒരു യോഗി. പൂര്‍ണനാമം യോഗി ആദിത്യനാഥ്. ഗോരഖ്പൂര്‍ ക്ഷേത്രത്തിലെ ഗുരു മഹന്ത് അവൈദ്യനാഥ് നല്‍കിയ പട്ടമാണ്. ഒരുമിപ്പിക്കുന്നവനാണ് യോഗി എന്നതൊന്നും പുള്ളിക്ക്് വലിയ തിട്ടമില്ല. കയ്യിലിരിപ്പ് മുക്കാലേ മുണ്ടാണിയും മനുഷ്യരെ എങ്ങനെ തമ്മിലടിപ്പിക്കാം എന്നതിനെക്കുറിച്ചാണ്. കണക്കിലാണ് ബിരുദമെങ്കിലും ഹിന്ദുത്വവര്‍ഗീയതയിലാണ് ‘ഡോക്ടറേറ്റ്’. ഭൂലോകത്തെ ഹിന്ദുക്കളെയാകെ യോജിപ്പിക്കുകയാണ് ലക്ഷ്യം. അങ്ങനെ ഹിമാലയ സാനുക്കള്‍ക്കിപ്പുറത്ത് ഒരു ഹിന്ദു രാഷ്ട്രം, ആദിത്യനാഥെന്ന ക്ഷത്രിയ ചക്രവര്‍ത്തിയും. ഭഗീരഥയത്‌നം തുടങ്ങിയിട്ട് കുറച്ചുകാലമായി. ഹിന്ദുക്കളെ ഒരുമിപ്പിക്കുന്നതിലൊന്നും തെറ്റു കാണാനാവില്ല. എന്നാല്‍ മുപ്പത്തിമുക്കോടി ജാതികളും ഉപജാതികളുമുള്ള ഇന്ത്യാമഹാരാജ്യത്ത് മഷിയിട്ട് നോക്കിയാല്‍പോലും കാണുക വെറും അഞ്ചു ശതമാനത്തോളം സനാതന ഹിന്ദുക്കളെ മാത്രമാണ്. എന്നാല്‍ ഇതൊന്നുമല്ല ഇതിയാന്റെ ഉന്നം. ഗോരഖ്പൂര്‍ ക്ഷേത്രത്തിലെ പൂജാരിയാകുന്നതിന് എത്രയോ മുമ്പേ ഭക്തര്‍ക്കിടയില്‍ മാത്രമല്ല, നാട്ടുകാര്‍ക്കിടയിലും അല്‍പസ്വല്‍പം മഹന്തിന്റെ പണിയെടുക്കണമെന്ന് മോഹം ഉള്ളില്‍ കയറിപ്പോയി. അതിന് ഗര്‍ഭഗൃഹം വിട്ടിറങ്ങണം. 1992ല്‍ അയോധ്യയിലെ ബാബരി മസ്ജിദ് പൊളിക്കാന്‍ കുറെയാളുകളെയും കൂട്ടിപ്പോയി. പിന്നാലെ കേട്ടാല്‍ കാതു പൊത്തുന്നത്രം വര്‍ഗീയ വിഷ വിസര്‍ജ്യം തള്ളലും. മതം രാഷ്ട്രീയത്തില്‍ കലരാന്‍ പാടില്ലെന്നൊന്നും ബാധകമല്ല. സ്വന്തമായ ഹിന്ദു യുവവാഹിനി സേനയുമുണ്ടാക്കി. അതില്‍ കിട്ടിയതാണ് പാര്‍ലമെന്റ്, നിയമസഭാ അംഗത്വങ്ങളും മുഖ്യമന്ത്രിപദവും.
അജയ് സിങ് ബിഷ്ത് എന്നാണ് അച്ഛനമ്മമാര്‍ ഇട്ട പേര്. ഇരുപതാം വയസ്സില്‍ ഗൃഹസ്ഥം വെടിഞ്ഞ് നേരെ പോയത് അയോധ്യയിലേക്ക്. മതേതര സുരഭിലമായ ഇന്ത്യയില്‍ യോഗിയെപോലൊരു ആസാമിക്ക് എന്ത് ഭാവിയെന്നായിരുന്നു പലരുടെയും ചോദ്യം. പക്ഷേ ഗോരഖ്പൂരില്‍നിന്ന് 1998 മുതല്‍ നാലു തവണയാണ് പരമോന്നതസഭയിലേക്ക് ടിയാന്‍ ജയിച്ചുകയറിയത്. എല്ലാം പച്ചയ്ക്ക് വര്‍ഗീയം പറഞ്ഞുകൊണ്ടുതന്നെ. അടുത്ത കടക്കാരന്റെ ഊപ്പാട് കഴിക്കണമെങ്കില്‍ അവനെതിരെ നാല് കുനിഷ്ഠ് പറഞ്ഞുണ്ടാക്കണം. അതുതന്നെയാണ് ആദിത്യനാഥും കോണ്‍ഗ്രസിനെതിരെ ചെയ്തത്. ദരിദ്ര നാരായണന്മാരായ മുസ്‌ലിംകള്‍ക്കെതിരെ ഹിന്ദുമതത്തെ ഫലപ്രദമായി ഉപയോഗിച്ചു. മുസ്്‌ലിം യുവതികളുടെ ശവമെടുത്ത് ബലാല്‍സംഗം ചെയ്യണമെന്ന രീതിയിലുള്ള മൂക്കു പൊത്തുന്ന വാക്കുകള്‍ തൊടുത്തുവിട്ടു. ‘ഒരു ഹിന്ദുവിനെ തൊട്ടാല്‍ നൂറ് മുസല്‍മാന്മാരെ കൊല്ലണം. മസ്ജിദുകളില്‍ വിഗ്രഹം വെക്കണം. തരംകിട്ടിയാല്‍ മുസ്്‌ലിംകളെ മുഴുവന്‍ രാജ്യത്തുനിന്ന് ആട്ടിയോടിക്കും’ എന്നിത്യാദി തീക്കൊള്ളികള്‍ പലതവണ. ചക്കിക്കൊത്ത ചങ്കരനെപോലെ ഇതേ സമയത്തുകിട്ടി തൊട്ടടുത്ത ഗുജറാത്തില്‍നിന്ന് മറ്റൊരു വര്‍ഗീയ പാഷാണത്തെ. ഗുജറാത്തിലെ യോഗി മുസ്‌ലിംകളെ ശൂലത്തില്‍ കൊരുത്തും വെടിവെച്ചും കൊന്നപ്പോള്‍ യോഗിയുടെ കളി നേരിട്ടല്ലായിരുന്നു. വര്‍ഗീയപ്പരിഷകള്‍ക്ക് ചെല്ലും ചെലവും കൊടുത്ത് യുവവാഹിനിസേനയെ സമൂഹ എഞ്ചിനീയറിങില്‍ യഥേഷ്ടം മേയാന്‍വിട്ടു. അയോധ്യ, മുസഫര്‍നഗര്‍ വര്‍ഗീയ കലാപങ്ങളില്‍ അവരവരുടെ പങ്ക് വഹിച്ചു. ബാക്കി പണി സാമി നോക്കി. 2017 മാര്‍ച്ചില്‍ എം.പി സീറ്റു വിട്ട് യു.പി മുഖ്യമന്ത്രിയായെങ്കിലും ജനം മാസങ്ങള്‍കൊണ്ട് പക്ഷേ യോഗിയെ കൈവിട്ടു. ഗോരഖ്പൂരിനും മുഖ്യമന്ത്രിക്കസേരക്കും ഇളക്കം തട്ടിത്തുടങ്ങിയിരിക്കെയാണ് പതിനേഴാം ലോക്‌സഭാ ചുനാവ് വന്നിരിക്കുന്നത്. ഇതുതന്നെ അവസരം. മോദിക്കെതിരെ നല്ല ജനവിരോധമുണ്ട്. അത് മുതലാക്കിയാല്‍ പ്രധാനമന്ത്രിക്കസേര പിടിക്കാം. ലോകത്തെ പ്രഥമ മഹന്ത്ജി പ്രധാനമന്ത്രിജി. എല്ലാ ഉദ്യോഗസ്ഥപ്പരിഷകളും കാലില്‍വന്നുവീഴട്ടെ.
ഇതിനുള്ള വഴികളാലോചിച്ചപ്പോഴാണ് ട്വിറ്ററില്‍ മുസ്‌ലിംലീഗിനെതിരെ ഒരു കാച്ചുകാച്ചാമെന്നു വെച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മല്‍സരിക്കാന്‍ ചെന്ന അവസരമാണ്്. മുസ്്‌ലിംലീഗിന്റെ കോട്ടയിലാണത്രെ മല്‍സരം. ലീഗ് കോണ്‍ഗ്രസിന്റെ ശരീരത്തിനേറ്റ വൈറസ് ആണെന്നും കോണ്‍ഗ്രസ് ജയിച്ചാല്‍ രാജ്യത്താകെ ഈ വൈറസ് പടരുമെന്നും ട്വീറ്റിറക്കി. രാജ്യത്തെ 20 കോടിയോളം മുസ്്‌ലിം ന്യൂനപക്ഷങ്ങളെ ശത്രുക്കളാക്കിയാല്‍ കിട്ടുന്നത് ബാക്കി ഹിന്ദു വികാരം ഉയരലാണ്. കാലങ്ങളായി സംഘ കുടുംബം ആലോചിച്ചുറപ്പിച്ച തിയറി. 1992ലും 2014ലും 2017ലും വിജയിച്ച പരീക്ഷണം. ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിംലീഗ് സ്വാതന്ത്ര്യ സമരകാലത്തെ അഖിലേന്ത്യാമുസ്്‌ലിം ലീഗല്ലെന്നൊന്നും അറിഞ്ഞുകൂടാ. വടക്കേഇന്ത്യയിലെ പട്ടിണിപ്പാവങ്ങള്‍ക്ക് രാഷ്ട്രീയം പഠിക്കാന്‍ എവിടെ സമയം. ഇന്ത്യന്‍ സൈന്യത്തെ ‘മോദി കീ സേന’ യെന്ന് വിളിച്ചതിന് കിട്ടി ഇന്നലെ തെരഞ്ഞെടുപ്പു കമ്മീഷന്റെ കിഴുക്ക്. ഇത്രയും വലിയ പദവിയിലിക്കുന്ന താങ്കള്‍ക്ക് ആ പ്രയോഗം ചേരില്ലെന്ന് കമ്മീഷന്‍ താക്കീതു ചെയ്തു. ഹേയ്, ഇതെത്ര കണ്ടിരിക്കുന്നു!

chandrika: