X

അഫ്ഗാനില്‍നിന്ന് ധൃതിയില്‍ പിന്മാറില്ല: ട്രംപ്

 

വാഷിങ്ടണ്‍: അഫ്ഗാനിസ്താനില്‍നിന്ന് ധൃതിപിടിച്ച് യു.എസ് സേനയെ പിന്‍വലിക്കുന്നത് ഭീകരര്‍ക്ക് കടന്നുകയറാന്‍ ശൂന്യസ്ഥലമൊരുക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ സേനയെ പിന്‍വലിക്കലാണ് തന്റെ യഥാര്‍ത്ഥ ലക്ഷ്യമെങ്കിലും ഇറാഖില്‍ സംഭവിച്ചതുപോലുള്ള അബദ്ധങ്ങള്‍ സംഭവിക്കാതിരിക്കാന്‍ വിജയം വരെ പോരാടാനാണ് തീരുമാനമെന്ന് അഫ്ഗാന്‍ നയം വിശദീകരിച്ചുകൊണ്ട് രാഷ്ട്രത്തോടായി നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്താനിലെ യുദ്ധസാഹചര്യങ്ങള്‍ക്കനുസരിച്ച് സമയാധിഷ്ഠിതമായി സമീപനത്തില്‍ മാറ്റം വരുത്താനാണ് ആഗ്രഹിക്കുന്നത്. സൈനിക പിന്മാറ്റത്തിന് അന്തിമ സമയം നിശ്ചയിക്കുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി. അഫ്ഗാനിസ്താന് ബ്ലാങ്ക് ചെക്ക് നല്‍കുന്നില്ല. അഫ്ഗാന്‍ ഭരണകൂടവുമായി യു.എസ് സഹകരിച്ച് പ്രവര്‍ത്തിക്കും. ആദര്‍ശപരമെന്നതിനെക്കാള്‍ പ്രായോഗികമായ പുതിയ സമീപനം സ്വീകരിക്കാനാണ് ആഗ്രഹിക്കുന്നത്. രാഷ്ട്രനിര്‍മാണത്തില്‍ തുടങ്ങി ഭീകരരെ കൊല്ലുന്നതില്‍ അത് അവസാനിക്കും. അഫ്ഗാനിലെ സൈനിക ഇടപെടല്‍ കൂടുതല്‍ ശക്തമാക്കുമെന്നും ട്രംപ് അറിയിച്ചു. എത്ര സൈനികരെ അധികമായി വിന്യസിക്കുമെന്ന് പറയാന്‍ അദ്ദേഹം തയാറായില്ല. അഫ്ഗാനിലെ യു.എസ് സൈനിക സാന്നിദ്ധ്യം എത്രകാലം ഉണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കിയില്ല. നാലായിരം സൈനികരെ അഫ്ഗാനിലേക്ക് അയക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. അഫ്ഗാന്‍ നയം വിശദീകരിക്കവെ അയല്‍ രാജ്യമായ പാകിസ്താനെയും അദ്ദേഹം സമ്മര്‍ദ്ദത്തിലാക്കി. തീവ്രവാദികള്‍ക്ക് സുരക്ഷിത താവളം നല്‍കുന്നത് അധിക കാലം പൊറുപ്പിക്കാനാവില്ലെന്ന് ട്രംപ് പാകിസ്താനെ ഓര്‍മിപ്പിച്ചു. താലിബാനുമായി സമാധാന കരാറുണ്ടാക്കാന്‍ അദ്ദേഹം പ്രസംഗത്തില്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. ആദ്യമായാണ് താലിബാനുമായി അനുരഞ്ജനത്തിലെത്തുന്നതിനെക്കുറിച്ച് ട്രംപ് സംസാരിക്കുന്നത്. അല്‍ഖാഇദ, ഇസ്്‌ലാമിക് സ്‌റ്റേറ്റ്(ഐ.എസ്) പേരാലുള്ള തീവ്രവാദ സംഘടനകള്‍ക്കെതിരെ പോരാട്ടം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയുടെ കൈകള്‍ എത്താത്ത ഒരിടവും തീവ്രവാദികള്‍ക്ക് ഒളിക്കാനുണ്ടാവില്ലെന്ന് ട്രംപ് മുന്നറിയിപ്പുനല്‍കി. അഫ്ഗാനിസ്താനിലെ പുതിയ തന്ത്രങ്ങള്‍ക്ക് സഖ്യകക്ഷികളുടെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

chandrika: