X
    Categories: CultureMore

ആധാര്‍ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് തുറന്ന് 167 കോടി വകമാറ്റി; എയര്‍ടെല്ലിന്റെ ലൈസന്‍സ് റദ്ദാക്കി

ന്യൂഡല്‍ഹി: സിം കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ മറവില്‍ പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെല്‍ നടത്തിയ കള്ളക്കളി പുറത്ത്. ബയോമെട്രിക് വിവരങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ച് 31.12 ലക്ഷം ഉപഭോക്താക്കളെ ‘എയര്‍ടെല്‍ പേമേന്റ് ബാങ്കി’ല്‍ ചേര്‍ക്കുകയും 167 കോടി രൂപ സമാഹരിക്കുകയുമാണ് എയര്‍ടെല്‍ ചെയ്തിരിക്കുന്നത്. വിവിധ പദ്ധതികളില്‍ സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കുന്ന തുക ഇങ്ങനെ വഴിവിട്ട കളിയിലൂടെ സ്വന്തം ബാങ്കിലെത്തിച്ചതിന്റെ പേരില്‍ ആധാര്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള എയര്‍ടെല്ലിന്റെ ലൈസന്‍സ് ആധാര്‍ അതോറിറ്റിയായ യു.ഐ.ഡി.എ.ഐ റദ്ദാക്കി.

ഉപഭോക്താക്കളുടെ പേരിലുള്ള മറ്റ് ബാങ്ക് അക്കൗണ്ടുകളില്‍ എത്തേണ്ട തുകയാണ് എയര്‍ടെല്‍ സ്വന്തം ബാങ്കിലേക്ക് വഴി മാറ്റി എത്തിച്ചത്. മൊബൈല്‍ ഫോണ്‍ കണക്ഷന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനൊപ്പം തങ്ങളുടെ ‘എയര്‍ടെല്‍ പേമെന്റ് ബാങ്കി’ല്‍ അക്കൗണ്ട് തുറക്കുകയും സബ്‌സിഡി തുക ഇതിലേക്ക് മാറുകയും ചെയ്യും എന്നാണ് ഇതിന് എയര്‍ടെല്‍ നല്‍കുന്ന വിശദീകരണം. അവസാനമായി ആധാര്‍ ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്കാണ് സബ്‌സിഡി തുക എത്തുക എന്നതിനാല്‍ എയര്‍ടെല്‍ പേമെന്റ് അക്കൗണ്ടുകളിലേക്ക് സബ്‌സിഡി തുകകള്‍ ക്രെഡിറ്റായിരുന്നത്.

ഉപഭോക്താക്കള്‍ ആവശ്യപ്പെടാതെ അക്കൗണ്ട് തുറക്കുകയും അവര്‍ മറ്റ് അക്കൗണ്ടുകളില്‍ സ്വീകരിച്ചിരുന്ന പണം പുതിയ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്യുന്ന എയര്‍ടെല്ലിനെതിരെ ആയിരക്കണക്കിനാളുകള്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് കര്‍ശന നടപടിയെടുക്കാന്‍ യു.ഐ.ഡി.എ.ഐ തീരുമാനിച്ചത്. എയര്‍ടെല്‍ മാത്രമല്ല ജിയോ, ഐഡിയ തുടങ്ങിയ സേവന ദാതാക്കളും ഇത്തരത്തില്‍ അക്കൗണ്ടുകള്‍ തുറന്ന് പണം മാറ്റുന്നതായി പരാതികളുണ്ട്.

പരാതികളില്‍ അന്വേഷണം നടത്തുന്ന അതോറിറ്റി ആധാര്‍ മൊബൈല്‍ ഫോണുമായി ബന്ധിപ്പിക്കാനുള്ള എയര്‍ടെല്ലിന്റെ ലൈസന്‍സ് തല്‍ക്കാലത്തേക്ക് റദ്ദാക്കി. ഇതോടെ മൊബൈല്‍ ഫോണ്‍, പേമെന്റ് ബാങ്ക് എന്നിവയില്‍ ആധാര്‍ ഉപയോഗിച്ച് പുതിയ ഉപഭോക്താക്കളെ ചേര്‍ക്കാന്‍ എയര്‍ടെല്ലിന് കഴിയില്ല. അനുവാദമില്ലാതെ വകമാറ്റിയെത്തിയ തുകകള്‍ ഉപഭോക്താക്കളുടെ പഴയ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എയര്‍ടെല്ലിനോട് ആവശ്യപ്പെട്ടേക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: