X
    Categories: Culture

അഫ്ഗാന്‍ സൈനികന്റെ വെടിയേറ്റ് രണ്ട് അമേരിക്കക്കാര്‍ കൊല്ലപ്പെട്ടു

താലിബാന്‍: താലിബാനുമായി ബന്ധമുള്ള അഫ്ഗാന്‍ സൈനികന്‍ അമേരിക്കന്‍ സൈനികരുടെ നേരെ നടത്തിയ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. നിരവധി യു.എസ് സൈനികര്‍ക്ക് പരിക്കേറ്റു. അമേരിക്കക്കാരായ ഒരു സൈനികനും സിവിലിയന്‍ ഉദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ടത്. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ സൈനിക ക്യാമ്പ് സന്ദര്‍ശിക്കാനെത്തിയ യു.എസ് സൈനിക സംഘത്തിനുനേരെയാണ് ആക്രമണമുണ്ടായതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ദൗലത്ത് വസീറി അറിയിച്ചു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ അക്രമിയും കൊല്ലപ്പെട്ടു. പരിശീലനത്തിന്റെ ഭാഗമായാണ് യു.എസ് സൈനികര്‍ ക്യാമ്പ് മോര്‍ഹെഡിലെത്തിയത്.
സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്യാമ്പിലെ ആയുധ വിതരണ പോയന്റിനു സമീപമാണ് വെടിവെപ്പുണ്ടായതെന്ന് യു.എസ് വൃത്തങ്ങള്‍ പറയുന്നു. താലിബാനുമായി ബന്ധമുള്ള അഫ്ഗാന്‍ സൈനികര്‍ നടത്തുന്ന ആക്രമണങ്ങള്‍ അമേരിക്കന്‍ സേനക്ക് തലവേദനയായിരിക്കുകയാണ്. 2008നുശേഷം ഇത്തരം 92 ആക്രമണങ്ങളുണ്ടായിട്ടുണ്ടെന്നാണ് ലോങ് വാര്‍ ജേണലിന്റെ കണക്ക്. ഇതില്‍ 150 വിദേശ സൈനികര്‍ കൊല്ലപ്പെടുകയും 187 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വിദേശ സൈനികരെ ആക്രമിക്കുന്നതിനുവേണ്ടി താലിബാന്‍ പോരാളികള്‍ അഫ്ഗാന്‍ സേനയില്‍ നുഴഞ്ഞുകയറുന്നുണ്ട്.

Web Desk: