X

ഗാന്ധിയുടെ ജാതിയില്‍ അമിത് ഷായുടെ ഉന്നം

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ച ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷായുടെ നടപടി രാഷ്ട്രനിന്ദയുടെ മൂര്‍ത്തീഭാവമാണെന്നുതന്നെ വിശേഷിപ്പിക്കേണ്ടി വരും. ദേശനിന്ദ, ദേശസ്‌നേഹം തുടങ്ങിയ വാക്കുകള്‍ക്ക് തങ്ങളുടേതായ താല്‍പര്യങ്ങള്‍ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള ഇടുങ്ങിയ അര്‍ത്ഥതലങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നതിന്റെ തിരക്കിലാണ് സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍. ദേശീയഗാനാലാപന വേളയില്‍ എഴുന്നേറ്റുനില്‍ക്കാത്തവരെ തെരുവില്‍ നേരിടുന്നവരുടെ പരമോന്നത പ്രതിനിധിതന്നെയാണ് രാഷ്ട്രപിതാവിനെ ഇവ്വിധം നിന്ദിക്കുന്നത് എന്നത് ഇതിന് തെളിവാണ്.

2018 അവസാനത്തില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് അ്മിത് ഷാ നടത്തുന്ന ചതുര്‍ദിന ഝാര്‍ഖണ്ഡ് സന്ദര്‍ശനത്തിന്റെ മൂന്നാം ദിനത്തിലായിരുന്നു രാഷ്ട്രപിതാവിനെ നിന്ദിച്ചുകൊണ്ടുള്ള വിവാദ പ്രസംഗം. ബുദ്ധിമാനായ ബനിയ എന്നാണ് ഗാന്ധിജിയെ അദ്ദേഹം പ്രസംഗത്തില്‍ വിശേഷിപ്പിച്ചത്. ജാതിക്കും മതത്തിനും അതീതമായി ജനങ്ങളെ ഐക്യത്തിന്റെ കണ്ണിയില്‍ കോര്‍ത്തെടുക്കാന്‍ ഉത്തരവാദപ്പെട്ട സര്‍ക്കാറിനെ നയിക്കുന്ന പാര്‍ട്ടിയുടെ തലവന്‍, രാഷ്ട്രപിതാവിനെപ്പോലും ജാതി പറഞ്ഞ്, ഒരു വിഭാഗത്തിന്റെ മാത്രം പ്രതിനിധിയായി അടയാളപ്പെടുത്തി ഓരം ചേര്‍ത്തു നിര്‍ത്തുന്നത് രാജ്യത്തിന്റെ അഖണ്ഡതക്കു മേല്‍ സൃഷ്ടിക്കുന്ന മുറിവ് ചെറുതായിരിക്കില്ല. കേവല രാഷ്ട്രീയ വൈരത്തിന്റെ പുറത്തുള്ള വിമര്‍ശനമോ വാക്കുകളുടെ ആവേശത്തള്ളിച്ചയില്‍ വന്ന പിഴവോ ആയി അമിത് ഷായുടെ വാക്കുകളെ കണക്കാക്കാനാവില്ല. സംഘ്പരിവാര്‍ എക്കാലത്തും തുടര്‍ന്നു വന്നിട്ടുള്ള നിലപാടുകളും സമീപനങ്ങളും ഭിന്നിപ്പിന്റെയും ഛിദ്രതയുടേതും ആണ്. ജനങ്ങളെ പരസ്പരം കലഹിപ്പിച്ചും തമ്മിലടിപ്പിച്ചും രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ചൂട്ടു കത്തിക്കുന്നവര്‍ നടത്തുന്ന കുത്സിത ശ്രമങ്ങളുടെ തുടര്‍ച്ചയായി മാത്രം ഇതിനെയും കണ്ടാല്‍മതി.
സംഘ്പരിവാറിന്റെ താല്‍പര്യങ്ങള്‍ രാജ്യത്ത് നടപ്പാക്കുന്നതിന് ഇപ്പോഴും പ്രതിബന്ധമായി നില്‍ക്കുന്നതില്‍ പ്രധാന ഘടകങ്ങളാണ് ദേശീയ ചിഹ്നങ്ങളും അടയാളങ്ങളും. മുപ്പത്തി മുക്കോടി ദൈവങ്ങളും അത്ര തന്നെ ജാതികളും ഉപജാതികളും മത, ഭാഷാ ന്യൂനപക്ഷങ്ങളുമെല്ലാമായി ഇടകലര്‍ന്ന് കിടക്കുന്ന ഒരു ജനസഞ്ചയത്തെ ഏകരാഷ്ട്ര സങ്കല്‍പ്പത്തില്‍ കോര്‍ത്തു നിര്‍ത്തുന്നതില്‍ സ്വാതന്ത്ര്യാനന്തരം ഉയിര്‍കൊണ്ട ഇത്തരം ചില ദേശീയ ചിഹ്നങ്ങള്‍ക്ക് അവഗണിക്കാനാവാത്ത പ്രസക്തിയുണ്ട്. അവ നിലനില്‍ക്കുന്നിടത്തോളം കാലം സംഘ്പരിവാര്‍ താല്‍പര്യങ്ങള്‍ അവരുദ്ദേശിക്കുന്ന വേഗത്തില്‍ ഈ രാജ്യത്ത് നടപ്പാക്കാന്‍ കഴിയില്ല എന്നത് നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യവുമാണ്. അതുകൊണ്ടുതന്നെ ആ യാഥാര്‍ത്ഥ്യത്തെ ഇല്ലാതാക്കുക എന്നതാണ് അവരുടെ താല്‍പര്യ സംരക്ഷണത്തിനുള്ള പോംവഴി. ഗാന്ധിജിയും ദേശീയ ഗാനവും ദേശീയ നേതാക്കളുമെല്ലാം അവരെ അലോസരപ്പെടുത്തുന്നത് അതുകൊണ്ടുതന്നെയാണ്. ആരാധനാ സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഗോസംരക്ഷണത്തിനെന്ന പേരില്‍ സംഘ്പരിവാര്‍ സംഘടനകളെ തെരുവില്‍ കയറൂരി വിടുന്നതെന്ന് കരുതുന്നത് വെറും മൗഢ്യമാണ്. ജനങ്ങളെ ഭിന്നിപ്പിച്ചു നിര്‍ത്താനുള്ള ചില ഉപാധികളോ ആയുധങ്ങളോ മാത്രമാണ് ഇവയെല്ലാം. ഒപ്പം കോര്‍പ്പറേറ്റ് വല്‍ക്കരണങ്ങള്‍ക്ക് വിധേയപ്പെട്ടുകൊടുക്കുന്ന ഭരണസംവിധാനത്തിന്റെ പാളിച്ചകളെ മൂടിവെക്കാനുള്ള സമര്‍ത്ഥമായ പുകമറയും.
ബ്രിട്ടീഷുകാരില്‍നിന്ന് രാജ്യത്തിന് സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനു വേണ്ടിയുള്ള സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ മാത്രമായിരുന്നു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നാണ് അമിത് ഷാ പ്രസംഗത്തില്‍ വിശേഷിപ്പിച്ചത്. സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസിന് പ്രസക്തിയില്ലെന്ന് സ്ഥാപിക്കാന്‍ വേണ്ടിയാണെങ്കില്‍പോലും സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ പങ്ക് അംഗീകരിക്കാന്‍ ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാ കാണിച്ച വിശാലമനസ്സിനെ ഗൗരവത്തിലെടുക്കേണ്ടതാണ്. രാഷ്ട്രപിറവിയുടെ ബാലാരിഷ്ടതകളില്‍നിന്ന് മുക്തമാക്കിയെടുത്ത്, ലോകത്തിനു മുന്നില്‍ തലയെടുപ്പോടെ നില്‍ക്കാവുന്ന രാജ്യമാക്കി ഇന്ത്യയെ വികസിപ്പിച്ചെടുത്തതില്‍ പൂര്‍വസൂരികളായ അനേകം നേതാക്കളുടെ വിയര്‍പ്പും ഉത്സാഹവുമുണ്ട്. ആ നേതാക്കളെല്ലാം ഏതെങ്കിലും തരത്തില്‍ ദേശീയ പ്രസ്ഥാനങ്ങളുമായോ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായോ ബന്ധപ്പെട്ടവരാണ്. ആ പൊക്കിള്‍കൊടി ബന്ധം മുറിച്ചുകളയാനുള്ള വൃഥാശ്രമം മാത്രമാണ് അമിത് ഷായുടെ വിമര്‍ശനങ്ങളെന്ന് സാമാന്യയുക്തിക്ക് ബോധ്യപ്പെടുന്ന കാര്യമാണ്. സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ ദുര്‍ബലപ്പെടുത്താനും ബ്രിട്ടീഷുകാരോട് വിധേയപ്പെട്ടു നില്‍ക്കാനുമായിരുന്നു സംഘ്പരിവാര്‍ കേന്ദ്രങ്ങളും അതിന്റെ നേതാക്കളും ശ്രമിച്ചുപോന്നത്. കൃത്യമായ ലക്ഷ്യങ്ങളുടേയും ആശയങ്ങളുടെയും അടിസ്ഥാനത്തിലാണ് ബി.ജെ.പി നിലകൊള്ളുന്നതെന്നും അതുകൊണ്ടുതന്നെ അതിന് ആശയക്കുഴപ്പങ്ങളില്ലെന്നുമാണ് അമിത് ഷാ പ്രസംഗത്തില്‍ പറഞ്ഞത്. ആ ആശയങ്ങളും തത്വങ്ങളും അവര്‍ നടപ്പാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതിന്റെ പരിണിത ഫലങ്ങളാണ് രാജ്യത്തെ ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ദാദ്രിയിലെ അഖ്‌ലാഖ് മുതല്‍ മോദി ഭരണത്തിന്റെ മൂന്നാണ്ടില്‍ രാജ്യം കടന്നുപോയ ഭീതിയുടെ മിന്നലാട്ടങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ മാത്രം മതി, അവരുടെ ആശയാടിത്തറയും അതിന്റെ ലക്ഷ്യവും എന്തെന്ന് ബോധ്യപ്പെടാന്‍.
എന്ത് ഭക്ഷിക്കണം, എങ്ങനെ ജീവിക്കണം, ഏത് ആശയത്തില്‍ വിശ്വസിക്കണം, എന്ത് തൊഴിലെടുക്കണം എന്നെല്ലാം അടിച്ചേല്‍പ്പിക്കപ്പെടുന്ന ഭീതതമായ നാളുകളെയാണ് രാജ്യം അഭിമുഖീകരിക്കുന്നത്. ഛിദ്രതയുടേയും വിദ്വേഷത്തിന്റെയും ദളിത് വിരുദ്ധതയുടേയും അടിസ്ഥാനത്തില്‍ കെട്ടിപ്പൊക്കിയ സവര്‍ണ ഫാസിസ്റ്റ് പ്രത്യയശാസ്ത്രം, മനുഷ്യജീവന് പുഴുവിന്റെ വില പോലും കല്‍പ്പിക്കാത്ത വേദനാജനകമായ അനുഭവങ്ങളല്ലാതെ മറ്റെന്താണ് രാജ്യത്തിന് സമ്മാനിച്ചിട്ടുള്ളത്.

chandrika: