X

ബി.ജെ.പി അധികാരത്തില്‍ വന്നത് തന്നെ ഉപയോഗിച്ചെന്ന് ഹസാരെ

റാലിഗന്‍ സിദ്ധി: 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്നെ ഉപയോഗപ്പെടുത്തിയാണ് ബി.ജെ.പി വിജയിച്ചതെന്ന് അണ്ണാ ഹസാരെ. ലോക്പാല്‍, ലോകായുക്ത ആവശ്യങ്ങള്‍ക്കായി സമരം നടത്തിയത് താനായിരുന്നെന്നും എന്നാല്‍ അതുപയോഗിച്ചാണ് ബി.ജെ.പിയും ആപും അധികാരത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ലോക്പാല്‍ നിയമന ആവശ്യവുമായി നിരാഹാര സമരം നടത്തുന്ന ഹസാരെ ആറാം ദിവസം പിന്നിടുമ്പോഴാണ് ഈ പ്രതികരണം നടത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തന്നെ ഉപയോഗിക്കുകയായിരുന്നു. എ്ന്നാല്‍ ഇപ്പോള്‍ അവരുമായി യാതൊരു ബന്ധവുമിീല്ല. നരേന്ദ്ര മോദി സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇന്ത്യയെ ഒരു ഏകാധിപത്യ രാജ്യമാക്കാനാണ് മോദിയുടെ ശ്രമമെന്നും ഹസാരെ പറഞ്ഞു.
കേന്ദ്ര സര്‍ക്കാറിന് പുറമെ മഹാരാഷ്ട്ര സര്‍ക്കാറിനെയും ഹസാരെ വിമര്‍ശിച്ചു. ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കഴിഞ്ഞ നാലു വര്‍ഷമായി കള്ളം പറഞ്ഞാണ് മുന്നോട്ടു പോകുന്നതെന്നും ഇങ്ങനെ എത്ര നാള്‍ പോകുമെന്നും അദ്ദേഹം ചോദിച്ചു. തന്റെ ആവശ്യങ്ങള്‍ അനാവശ്യമാണെന്നാണ് സര്‍ക്കാറുകള്‍ പറയുന്നത്. എന്നാല്‍ മന്ത്രിമാര്‍ ചര്‍ച്ച നടത്തുമെന്നും പറയുന്നു. ജനങ്ങളെ കബളിപ്പിക്കാനാണ് അവരുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ പഴയ സഹപ്രവര്‍ത്തകനായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെയും ലോക്പാല്‍ പ്രക്ഷോഭത്തില്‍ പങ്കുചേരാന്‍ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ അണ്ണാ ഹസാരെ ഇനി കെജ്‌രിവാളിനെ തന്നോടൊപ്പം വേദി പങ്കിടാന്‍ അനുവദിക്കില്ലെന്നും പറഞ്ഞു.

chandrika: