X

സുരക്ഷിതമായാല്‍ മാത്രമേ ഡല്‍ഹിയില്‍ സ്‌കൂളുകള്‍ തുറക്കൂവെന്ന് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: നഗരം സുരക്ഷിതമായതിന് ശേഷം മാത്രമേ സ്‌കൂളുകള്‍ തുറക്കുകയുള്ളൂവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹി സെക്രട്ടറിയേറ്റില്‍ സ്വാതന്ത്ര്യദിന ആഘോഷങ്ങളോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു കെജ്‌രിവാള്‍. രണ്ട് മാസം മുമ്പ് ആയിരുന്നതിനേക്കാള്‍ നിയന്ത്രണ വിധേയമാണ് ഡല്‍ഹിയിലെ കോവിഡ് സാഹചര്യമെന്നും അദ്ദേഹം വിലയിരുത്തി. കേന്ദ്രസര്‍ക്കാര്‍, കോവിഡ് പോരാളികള്‍, വിവിധ സംഘടനകള്‍ എന്നിവര്‍ക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്തു.

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയും ആരോഗ്യവും ആം ആദ്മി സര്‍ക്കാരിന് വളരെ പ്രധാനപ്പെട്ടതാണെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി. ‘ആളുകളുമായി സംസാരിക്കുകയും സ്‌കൂളുകള്‍ തുറക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അവരെപ്പോലെ തന്നെ അവരുടെ കുട്ടികളെക്കുറിച്ച് സര്‍ക്കാര്‍ ശ്രദ്ധാലുക്കളാണെന്ന് അവര്‍ക്ക് ഉറപ്പ് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സ്ഥിതിഗതികള്‍ സുരക്ഷിതമാണെന്ന് പൂര്‍ണ്ണമായി ബോധ്യപ്പെട്ടതിന് ശേഷം മാത്രമേ സ്‌കൂളുകള്‍ തുറക്കുകയുള്ളൂ.’ കെജ്‌രിവാള്‍ പറഞ്ഞു.

കോവിഡ് പ്രതിരോധങ്ങള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഹോം ഐസോലേഷന്‍, പ്ലാസ്മ തെറാപ്പി എന്നിവയുടെ ഏറ്റവും മികച്ച മാതൃകയാണ് ഡല്‍ഹി രാജ്യത്തിന് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയുടെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇത്തവണ സ്വാതന്ത്ര്യ ദിന ആഘോഷങ്ങള്‍ ഛത്രാസല്‍ സ്‌റ്റേഡിയത്തില്‍ നിന്നും ഡല്‍ഹി സെക്രട്ടറിയേറ്റിലേക്ക് മാറ്റിയിരുന്നു.

Test User: