X
    Categories: columns

കോവിഡും വെന്റിലേറ്ററും

പി.എം മൊയ്തീന്‍കോയ

കോവിഡ് വന്നതോടെയാണ് പലരും വെന്റിലേറ്ററിനെക്കുറിച്ച് അറിയുന്നത്. അതുകൊണ്ട്തന്നെ വെന്റിലേറ്ററിനെക്കുറിച്ച് ഏറെ മിഥ്യാധാരണകളാണ് സമൂഹത്തില്‍ പടര്‍ന്നിട്ടുള്ളത്. മരിച്ചവരെ വീണ്ടും ജീവിപ്പിക്കാനോ ശരീരത്തിന്റെ മിടിപ്പോ ഹൃദയത്തിന്റെ താളമോ വീണ്ടെടുക്കാനോ ഒന്നും പാവം വെന്റിലേറ്ററിനാവില്ല. ഒരു റൂമില്‍ കാറ്റിന്റെ പ്രവാഹം ശരിയായി നടക്കുമ്പോഴാണ് അവിടെ നല്ല വെന്റിലേഷന്‍ ഉണ്ടെന്ന് പറയുന്നത്. ഇതിനായി ജനലിന് മുകളിലായി ചെറിയ ദ്വാരങ്ങള്‍ നല്‍കാറുണ്ട്. ഏതാണ്ട് ഇതേ പ്രവര്‍ത്തനമാണ് വെന്റിലേറ്ററും ചെയ്യുന്നത്. അന്തരീക്ഷ വായു ശ്വാസകോശങ്ങളില്‍ എത്തിച്ചു ശരീരത്തിലെ എല്ലാ കോശങ്ങള്‍ക്കുള്ള ഓക്‌സിജന്‍ നല്‍കുന്നു. കോശങ്ങളില്‍ ഉണ്ടാകുന്ന കാര്‍ബന്‍ ഡി ഓക്‌സിഡ് ശ്വാസകോശം വഴി പുറത്തു കളയുന്നു.

വെന്റിലേറ്ററിനെ ജീവിതത്തിലെ അവസാന അധ്യായമായി കാണുന്നവരാണ് ഭൂരിഭാഗവും. രോഗിയുടെ ബന്ധുക്കള്‍ വെന്റിലേറ്റര്‍ ഉപയോഗിക്കാന്‍ സമ്മതം നല്‍കാത്തതിനാല്‍ നിര്‍ണായക ഘട്ടത്തില്‍ ചികിത്സ മുന്നോട്ട് കൊണ്ട്‌പോകാനാവാതെ വരാറുണ്ട്. പ്രതിസന്ധിഘട്ടം വെന്റിലേറ്ററിന്റെ സഹായത്തോടെ മറികടന്നു നല്ലൊരു ശതമാനം രോഗികള്‍ ജീവിതത്തിലേക്ക് തിരിച്ചുവരാറുണ്ടെങ്കിലും വെന്റിലേറ്ററിനെ മരണത്തിന്റെ പ്രതിരൂപമായി കാണാനാണ് നമുക്കിഷ്ടം.
തീരെ ശ്വാസം എടുക്കാത്ത രോഗികളില്‍ കണ്ഠനാളത്തിലേക്ക് ട്യൂബ് ഇറക്കി ഇതിനെ വെന്റിലേറ്റര്‍ ട്യൂബുമായി ഘടിപ്പിച്ചാണ് ശ്വാസം നല്‍കുക (ഇന്‍വേസീവ് വെന്റിലേഷന്‍). സാധാരണയായി ഈ രോഗികള്‍ അബോധാവസ്ഥയില്‍ ആയിരിക്കുമെന്നത്‌കൊണ്ട് വേദന ഈ ഘട്ടത്തില്‍ പ്രശ്‌നമാവുന്നില്ല. ട്യൂബ് ഘടിപ്പിക്കുമ്പോള്‍ വേദന പ്രശ്‌നമായി പറഞ്ഞുവെങ്കില്‍ അനസ്‌തെഷ്യ മരുന്നുകളുടെ സഹായത്തോടെ അതിനെ മറികടക്കാന്‍ സാധിക്കും.

സാധരണനിലയില്‍ ശ്വസിക്കുന്ന രോഗികളുടെ ശ്വാസത്തെ സപ്പോര്‍ട്ട് ചെയ്യാനും വെന്റിലേറ്ററിനാവും. ഇവര്‍ക്ക് ട്യൂബ് ഘടിപ്പിക്കേണ്ട ആവശ്യമില്ല. മുഖത്ത് മാസ്‌ക് വെച്ചാണ് ശ്വസന സഹായം നല്‍കുന്നത്, ഇതിനെ നോണ്‍ ഇന്‍വേസീവ് വെന്റിലേഷന്‍ എന്ന് പറയും. വീട്ടിനകത്തുവെച്ച് തന്നെ ഉപയോഗിക്കാവുന്ന ഹോം വെന്റിലേറ്ററുകള്‍ ഈ രീതിയാണ് പിന്തുടരുന്നത്. ഇത്തരം രോഗികള്‍ക്ക് വെന്റിലേറ്റര്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ വായിക്കുക, മൊബൈലില്‍ മെസ്സേജ് അയക്കുക തുടങ്ങിയ ചെറിയ കാര്യങ്ങള്‍ ചെയ്യാനാവും.

ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനത്തില്‍ വൈകല്യം ഉണ്ടാക്കുന്ന അസുഖങ്ങള്‍, ശ്വാസം എടുക്കാന്‍ സഹായിക്കുന്ന മസിലുകളുടെ ബലക്ഷയം, തലക്കുണ്ടാകുന്ന പരിക്കുമൂലമോ, തലച്ചോറിനെ ബാധിക്കുന്ന അസുഖങ്ങള്‍ കാരണമോ രോഗിക്ക് സ്വന്തമായി ശ്വാസം എടുക്കാന്‍ കഴിയാത്ത അവസ്ഥ, ശാസ്ത്രക്രിയ സമയത്ത് ശ്വാസോചാസം സുഗമമാക്കാന്‍ എന്നീ അവസരങ്ങളിലാണ് വെന്റിലേറ്റര്‍ ഉപയോഗിക്കുക.
പ്രവര്‍ത്തനത്തില്‍ വിരളമായി വന്നേക്കാവുന്ന പാളിച്ചകള്‍ സ്വയം കണ്ടുപിടിക്കാനും അതു മറികടക്കാനും ആധുനിക വെന്റിലേറ്ററുകള്‍ക്കാകും. രോഗിക്ക് ആവശ്യമായ ശ്വാസത്തിന്റെ അളവും ഒരു മിനിറ്റിലെ ശ്വാസത്തിന്റെ എണ്ണവും തീരുമാനിച്ചു സെറ്റ് ചെയ്യുന്നത് ഐ. സി.യുവിലെ ഡോക്ടര്‍ ആയിരിക്കും. ഇ.ടി ട്യൂബിനകത്തു രക്തമോ കഫമോ നിറഞ്ഞു ട്യൂബ് ബ്ലോക്കാവുന്ന സാഹചര്യം ഉണ്ടെങ്കില്‍ ശ്രദ്ധാലുവാക്കാന്‍വേണ്ടി അലാറം അടിക്കും. ഭാഗികമായി ശ്വാസം വലിക്കുന്ന രോഗി പെട്ടെന്ന് സ്വന്തമായി ശ്വാസം എടുക്കാതായാല്‍ വെന്റിലേറ്റര്‍ സ്വയം ക്രമീകരിച്ച് രോഗിക്ക് പൂര്‍ണ്ണ ശ്വാസം കൊടുക്കും. അന്തിമ ലക്ഷ്യം രക്തത്തിലും ശരീര കോശങ്ങളിലും ഓക്‌സിജന്റെ അളവ് കുറയാതിരിക്കുക, കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് കൂടാതിരിക്കുക എന്നതാണ്. ഇവയുടെ അളവ് അറിയാനുള്ള മോണിറ്ററുകള്‍ സദാ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും.

സാധാരണ ഗതിയില്‍ രോഗികള്‍ പലപ്പോഴായിവരുന്നതുകൊണ്ട് പരിമിതമായ എണ്ണം വെന്റിലേറ്ററുകളേ ആവശ്യമുള്ളൂ. കൊറോണ പോലെ ശ്വാസകോശത്തെ ബാധിക്കുന്ന അസുഖം പാന്‍ഡമിക് ആയി കുറെ അധികം ആളുകളെ ഒരുമിച്ച് ബാധിക്കുമ്പോള്‍ നിലവില്‍ ഓരോ ഹോസ്പിറ്റലിലുമുള്ള വെന്റിലേറ്ററുകള്‍ മതിയാകാതെ വരും. ഇതുകൊണ്ടാണ് കോറോണയുമായി ബന്ധപ്പെട്ട് കൂടുതല്‍ വെന്റിലേറ്റര്‍ സൗകര്യം ഒരുക്കണമെന്ന് പറയുന്നത്.
അസുഖം ഭേദമാകാനുള്ള ചികിത്സ എന്നതിലുപരി അസുഖം സൃഷ്ടിക്കുന്ന വിഷമാവസ്ഥയെ മറികടക്കാനുള്ള താത്കാലിക സംവിധാനം മാത്രമാണ് വെന്റിലേറ്റര്‍. പ്രതിസന്ധി ഘട്ടത്തെ വെന്റിലേറ്ററിന്റെ സഹായത്തോടെ മറികടക്കാനാവുന്ന രോഗികള്‍ക്ക് തീര്‍ച്ചയായും ജീവിതത്തിലേക്ക് തിരിച്ചുവരാനാകും.

web desk 3: