X
    Categories: columns

ഷഹീന്‍ബാഗ് സമരവും കോടതി നിരീക്ഷണവും

സുഫ്‌യാന്‍ അബ്ദുസ്സലാം

മതേതര ഭാരതത്തെ നെടുകെ പിളര്‍ത്തുന്നതിനുവേണ്ടി സംഘ് സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമാകമാനം അലയടിച്ചിരുന്ന ജനാധിപത്യ പ്രക്ഷോഭ സമരങ്ങളുടെ ഭാഗമായി ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ നടന്ന സമരത്തിനെതിരെ ബി.ജെ.പി സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി വിധി പ്രസ്താവിച്ചിരിക്കുകയാണ്. പാര്‍ലമെന്റിലെ എണ്ണത്തിന്റെ വണ്ണം കാണിച്ച് ഭരണഘടനയെതന്നെ അട്ടിമറിച്ച് ഒരു മതവിഭാഗത്തിന്റെ അസ്തിത്വം ഹനിക്കുന്നതിന്‌വേണ്ടി രൂപപ്പെടുത്തിയ നിയമത്തിനെതിരെ മത രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കതീതമായാണ് രാജ്യത്തെ ജനങ്ങള്‍ അണിനിരന്നത്. 101 ദിവസം പിന്നിട്ട ഷഹീന്‍ബാഗിലെ സമരം കോവിഡ് പശ്ചാത്തലത്തില്‍ രാജ്യതാല്‍പര്യം മാനിച്ച് സമരക്കാര്‍ തന്നെ നിര്‍ത്തിവെച്ചതായിരുന്നു.

ഷഹീന്‍ബാഗ് പോലെയുള്ള സമരങ്ങള്‍ അനുവദിക്കാന്‍ സാധിക്കില്ലെന്നാണ് സമരം നിര്‍ത്തിവെച്ച് ഏഴു മാസം പിന്നിട്ടതിനുശേഷം പുറത്തുവന്ന വിധിയില്‍ പറയുന്നത്. പൊതു ഇടങ്ങളും നിരത്തുകളും പ്രതിഷേധങ്ങള്‍ക്കായി കയ്യടക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ജനത്തിന് അസൗകര്യം സൃഷ്ടിച്ചുകൊണ്ടും അവരുടെ അവകാശങ്ങള്‍ ലംഘിച്ചുകൊണ്ടും അനിശ്ചിതകാലത്തേക്ക് പൊതു സ്ഥലത്ത് പ്രതിഷേധങ്ങള്‍ നടത്തുന്നത് നിയമപ്രകാരം അനുവദനീയമല്ലെന്നുമാണ് കോടതി പറഞ്ഞിരിക്കുന്നത്. ഷഹീന്‍ബാഗ് മാത്രമല്ല, ഇപ്പോള്‍ പഞ്ചാബിലും ഹരിയാനയിലും മറ്റും നടന്നുകൊണ്ടിരിക്കുന്ന കര്‍ഷക സമരങ്ങളും സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന വിധത്തിലാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍. പൗരന്മാരുടെ പ്രതിഷേധിക്കാനുള്ള അവകാശം പരമമല്ലെന്നും അത് സഞ്ചാര സ്വാതന്ത്ര്യമടക്കമുള്ള പൗരന്മാരുടെ അവകാശത്തെയും പരിഗണിച്ചുകൊണ്ടുമാത്രമേ അനുവദിക്കാന്‍ പാടുള്ളൂ എന്നുമാണ് കോടതി അഭിപ്രായപ്പെട്ടത്. പൊതുസഞ്ചാരം തടസ്സപ്പെടുത്തുന്ന യാതൊന്നും പാടില്ല എന്ന കാര്യത്തില്‍ രാജ്യത്ത് രണ്ടഭിപ്രായമുണ്ടെന്ന് തോന്നുന്നില്ല. സമരത്തിന്റെ പേരിലാവട്ടെ സമ്മേളനങ്ങളുടെയോ ആഘോഷങ്ങളുടെയോ ഉത്സവങ്ങളുടെയോ പേരിലാവട്ടെ പൗരന്റെ സഞ്ചാര സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുക ഭരണഘടന നല്‍കിയ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ ഒരു ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശവും ഭരണഘടന നല്‍കുന്നുണ്ട് എന്നതിനാലും സമരം നടത്താനുമുള്ള പൊതുരൂപം എങ്ങനെയായിരിക്കണമെന്ന് നിര്‍ദ്ദേശിക്കാന്‍ കോടതികള്‍ അശക്തമാണ് എന്നതിനാലും പ്രതിഷേധങ്ങള്‍ പാടില്ലെന്ന് പറയാനോ അവയെ നിരോധിക്കാനോ അവക്ക് നിര്‍ണിത രൂപം നല്‍കി ഉത്തരവിറക്കാനോ കോടതികള്‍ക്കും സാധിക്കില്ല.

ഷഹീന്‍ബാഗ് സമരത്തിന് കാരണമായ പ്രശ്‌നങ്ങളെ മറ്റു രാഷ്ട്രീയ വിഷയങ്ങളില്‍ നടക്കുന്ന സമരങ്ങള്‍ക്ക് കാരണമാകുന്ന പ്രശ്‌നങ്ങളെപോലെ നിസ്സാരവത്കരിക്കാന്‍ കഴിയില്ല. രാജ്യത്തിന്റെ ഭരണഘടനയുടെ ഒരിക്കലും ഇളക്കിമാറ്റാന്‍ പാടില്ലെന്ന് കോണ്‍സ്റ്റിറ്റിയുവെന്റ് അസംബ്ലിയും പാര്‍ലമെന്റും സുപ്രീംകോടതിയും നേരത്തെതന്നെ വിധിയെഴുതിയിട്ടുള്ള അനുച്ഛേദങ്ങളിലാണ് കേന്ദ്രസര്‍ക്കാര്‍ കളിച്ചിട്ടുള്ളത്. അത് നിസ്സാര വിഷയമല്ല. ഇന്ത്യ നിലനില്‍ക്കുന്നത് ജനാധിപത്യത്തിലും മതനിരപേക്ഷതയിലുമാണ്. അവ രണ്ടിനെയും അവഗണിച്ച് ഏതെങ്കിലും മതവിഭാഗത്തോട് പക്ഷപാതം കാണിച്ച് നിര്‍മ്മിക്കുന്ന ഏതൊരു നിയമവും ഭരണഘടനക്ക് വിരുദ്ധമാണ്. പൗരത്വ ഭേദഗതി നിയമം ഇങ്ങനെ ഭരണഘടനക്ക് വിരുദ്ധമായാണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. ഇക്കാരണത്താലാണ് രാജ്യത്തെ ബഹുഭൂരിപക്ഷം മതനിരപേക്ഷ സമൂഹങ്ങളെയും പ്രക്ഷോഭത്തിലേക്ക് ഇറങ്ങാന്‍ നിര്‍ബന്ധിക്കപ്പെട്ടിട്ടുള്ളത്. ഭരണഘടനാവിരുദ്ധ നിയമം പിന്‍വലിക്കുന്നത്‌വരെ സമരം തുടരുക എന്നത് രാജ്യതാല്‍പര്യമാണ്.

ഷാഹീന്‍ബാഗ് സമരത്തിനെതിരെ സുപ്രീംകോടതിയില്‍ പരാതി വരുന്നതിന്മുമ്പ് അത്തരമൊരു സമരത്തിലേക്ക് ജനങ്ങളെ ഇറങ്ങാന്‍ പ്രേരിപ്പിച്ച പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പൗരത്വ നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ മതനിരപേക്ഷ പ്രസ്ഥാനങ്ങളും വ്യക്തികളും നല്‍കിയ 143 അപ്പീലുകള്‍ കോടതിക്ക് മുമ്പാകെ ഉണ്ടെന്ന കാര്യം മറന്നുപോകരുത്. ഏഴു മാസം പിന്നിട്ടിട്ടും അതിന്മേലുള്ള വാദം കേള്‍ക്കല്‍ ഇതുവരെ തുടങ്ങിയിട്ടില്ല. ഷഹീന്‍ബാഗില്‍ കണ്ട സമരത്തിന്റെ കാരണങ്ങള്‍ അതിതീവ്രമായി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് എന്നുതന്നെയാണ് ഇത് വ്യക്തമാക്കുന്നത്. കോവിഡ് കാലമായതുകൊണ്ട് പ്രതിഷേധങ്ങളും സമരങ്ങളും മാറ്റിവെച്ചത് കേന്ദ്ര സര്‍ക്കാരിന് കൂടുതല്‍ ഏകപക്ഷീയ നിയമങ്ങളുണ്ടാക്കാനുള്ള പ്രചോദനമായിട്ടുണ്ട് എന്ന വസ്തുതയും കാണാതിരുന്നുകൂടാ. സമരത്തില്‍ പങ്കെടുത്ത അനേകം പേര്‍ക്കെതിരെ അകാരണമായി കേസുകള്‍ എടുക്കുകയും യു.എ.പി.എ ചുമത്തുകയും ജയിലില്‍ അടക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്ന കാര്യംകൂടി ഓര്‍ക്കേണ്ടതുണ്ട്.

സഞ്ചാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള കോടതി നിരീക്ഷണം ശരിയാണെന്ന് പറയുമ്പോഴും കോടതിയുടെ ചില പരാമര്‍ശങ്ങള്‍ ആശങ്കയുളവാക്കുന്നുണ്ട്. അവയില്‍ ചിലത് ജനങ്ങള്‍ക്കുമേല്‍ കൂടുതല്‍ അടിച്ചമര്‍ത്തലുകള്‍ നടപ്പാക്കാന്‍ കേന്ദ്രത്തെ സഹായിക്കുന്നതാണ്. കോടതി പറയുന്നു: ‘സ്വാതന്ത്ര്യ പ്രക്ഷോഭങ്ങള്‍ നടക്കുന്ന കാലത്ത് പ്രതിഷേധത്തിന്റെ വിത്തുകള്‍ വളരെ ആഴത്തില്‍ വിതച്ചതുകൊണ്ടാണ് ജനാധിപത്യം പുഷ്പിച്ചതെന്ന് നമുക്ക് അറിയാവുന്നതാണ്. എന്നാല്‍ പണ്ടത്തെപ്പോലെ കൊളോണിയല്‍ ഭരണത്തിനെതിരെയുള്ള വിയോജിപ്പിന്റെ ശൈലിയും സമ്പ്രദായങ്ങളും ‘സ്വയം ഭരണ ജനാധിപത്യ’ സംവിധാനങ്ങളോടുള്ള വിയോജിപ്പിനോട് സമപ്പെടുത്താന്‍ കഴിയില്ല.’ ബ്രിട്ടീഷ് സാമ്രാജ്യത്വത്തോട് പൊരുതിയ പോലെയുള്ള പോരാട്ടങ്ങള്‍ സ്വന്തം നാടിന്റെ സര്‍ക്കാരുകളോട് പാടില്ല എന്നാണ് കോടതി നിരീക്ഷിക്കുന്നത്. ഭരിക്കുന്ന സര്‍ക്കാര്‍ ഉണ്ടാക്കിയ നിയമം ഭരണഘടനക്ക് വിരുദ്ധമാണെന്ന നിരീക്ഷണം ശക്തമാണ്. രാജ്യത്തിനെതിരാണ് സര്‍ക്കാര്‍ നടപടി എന്നാണ് ജനങ്ങള്‍ മനസ്സിലാക്കിയിട്ടുള്ളത്. ഭരിക്കുന്നത് വൈദേശികരായാലും സ്വദേശികളായാലും രാജ്യവിരുദ്ധവും ജനവിരുദ്ധവുമായ നിയമങ്ങള്‍ക്കെതിരെ ഉണ്ടാകുന്ന പ്രക്ഷോഭങ്ങളുടെ താല്‍പര്യങ്ങള്‍ സമാനമാണ് എന്നു കോടതി തിരിച്ചറിയേണ്ടതുണ്ട്.

‘സ്വയം ഭരണ ജനാധിപത്യം’ (Selfruled demo-cracy) എന്ന കോടതിയുടെ പരാമര്‍ശം എന്താണ്? നമ്മുടെ രാജ്യം ഒരു പരമാധികാര രാജ്യമാണ്. ജനാധിപത്യത്തില്‍ ജനങ്ങളാണ് പരമാധികാരികള്‍. ജനങ്ങളുടെ അധികാരമായിരുന്നു അധിനിവേശ ശക്തികള്‍ കൈയടക്കിയിരുന്നത്. അവര്‍ ‘സെല്‍ഫ് റൂള്‍ഡ്’ ആയിരുന്നു. മഹാത്മജി പറഞ്ഞു: ‘യഥാര്‍ത്ഥ സ്വരാജ് വരുന്നത് കുറച്ചുപേര്‍ അധികാരം നേടിയെടുക്കുന്നതിലൂടെയല്ല, മറിച്ച് അധികാരം ദുരുപയോഗം ചെയ്യപ്പെടുമ്പോള്‍ അതിനെ പ്രതിരോധിക്കാനുള്ള കഴിവ് എല്ലാവര്‍ക്കുമായി നേടിയെടുക്കുന്നതിലൂടെയാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, അധികാരം നിയന്ത്രിക്കാനും ക്രമപ്പെടുത്താനുമുള്ള അവരുടെ കഴിവിനെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിലൂടെയാണ് സ്വരാജ് നേടേണ്ടത്.’ (യംഗ് ഇന്ത്യ 29/01/1925 പേജ് 41).

പൗരത്വം, ജനായത്തം എന്നിവയുടെ ഭാഗമായി നൈസര്‍ഗികമായി രൂപപ്പെടുന്ന വികാരമാണ് അധികാരികള്‍ക്ക് നേരെയുള്ള ചെറുത്തുനില്‍പ്പും പ്രതിഷേധവും. അവ എങ്ങനെയായിരിക്കണമെന്ന് നിശ്ചയിക്കേണ്ടത് പ്രതിഷേധിക്കുന്നവരാണ്. കോടതി ചൂണ്ടിക്കാണിച്ച പോലെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്ന വിധത്തിലല്ലാതെ നോക്കണമെന്ന് മാത്രം. എന്നാല്‍ പ്രതിഷേധങ്ങളുടെ രൂപം നിശ്ചയിക്കാനുള്ള അധികാരം ഭരിക്കുന്ന സര്‍ക്കാരുകള്‍ക്ക് നല്‍കുക എന്നത് പ്രതിഷേധങ്ങളെ ഇല്ലായ്മ ചെയ്യാന്‍ മാത്രമാണ് സഹായിക്കുക. അനാവശ്യ സമരങ്ങളും അവശ്യ സമരങ്ങളും തിരിച്ചറിയാനുള്ള കഴിവ് ജനാധിപത്യ സമൂഹത്തിനുണ്ട്. ഒരു വിഭാഗത്തെ ഗ്രസിക്കുന്ന നിയമം ഉണ്ടാക്കുമ്പോള്‍ പ്രാഥമികമായി അതിനെതിരെ അഭ്യര്‍ത്ഥനകളും അപേക്ഷകളും ഉണ്ടാകും. ഈ അഭ്യര്‍ത്ഥനകള്‍ കേള്‍ക്കാനും ആശങ്കകള്‍ അകറ്റാനും ശ്രമിക്കുന്നതിന്പകരം തിണ്ണബലം കാണിച്ച് അധികാരത്തിന്റെ ഗര്‍വില്‍ മറ്റുള്ളവരെ കേള്‍ക്കാതെ മുമ്പോട്ട്‌പോകാന്‍ ശ്രമിക്കുമ്പോഴാണ് സമരങ്ങള്‍ രൂപപ്പെടുന്നത്. ജനാധിപത്യം എന്നാല്‍ ഭൂരിപക്ഷാധിപത്യമല്ല എന്നു രാഷ്ട്രശില്‍പികള്‍തന്നെ പഠിപ്പിച്ചു വെച്ചിട്ടുള്ളത് മനസ്സിലാക്കേണ്ടതുണ്ട്. ഭൂരിപക്ഷമുണ്ട് എന്നതിന്റെ പേരില്‍ ഭരണഘടനയെ തന്നെ അട്ടിമറിച്ച് നിയമങ്ങളുണ്ടാക്കുന്നതിനെതിരെ ഉണ്ടാവുന്ന പ്രതിഷേധങ്ങളെ ഭരണഘടനയുടെ കാവല്‍ക്കാരായ കോടതികള്‍ക്ക് സംരക്ഷിച്ച് നിര്‍ത്താനുള്ള ബാധ്യതയുണ്ട്.

സമൂഹത്തിന്റെ സന്തുലിതാവസ്ഥയില്‍ അസ്വസ്ഥതകളുണ്ടാകുമ്പോഴാണ് പ്രതിഷേധങ്ങള്‍ രൂപപ്പെടുന്നത്. അല്ലാതെ പ്രതിഷേധങ്ങളല്ല അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നത്. അസമത്വമാണ് മിക്ക സമരങ്ങളുടെയും അടിസ്ഥാന കാരണം. ഷഹീന്‍ബാഗ് സമരത്തിന്റെ അടിസ്ഥാനകാരണവും അസമത്വമാണ്. മുസ്‌ലിംകളുടെ പൗരത്വം ചോദ്യംചെയ്യുന്ന തരത്തിലുള്ള നിയമമുണ്ടായപ്പോള്‍ അവര്‍ പ്രതിഷേധിച്ചു. അവരുടെ കൂടെ മതനിരപേക്ഷ സമൂഹവും ഇറങ്ങി. സമരം നടത്തിയവരെ പൊലീസ് ക്രൂരമായി ദ്രോഹിക്കുകയാണ് ചെയ്തത്. പ്രതിഷേധക്കാരെ പാഠംപഠിപ്പിക്കണമെന്ന ഉദ്ദേശ്യത്തിലാണ് പൊലീസ് പെരുമാറിയത്. സമരം ചെയ്യുന്നവര്‍ക്കെതിരെയും അവരെ സഹായിക്കുന്നവര്‍ക്കെതിരെയും പ്രതികാരനടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ കൊള്ളക്കാരാണെന്നും പറഞ്ഞത് യു.പി മുഖ്യമന്ത്രി ആയിരുന്നു.
സഞ്ചരിക്കാനുള്ള അവകാശവും പ്രതിഷേധിക്കാനുള്ള അവകാശവും തമ്മിലുള്ള സന്തുലിതാവസ്ഥയുടെ കാര്യത്തിലുള്ള കോടതിയുടെ നീതി മനസ്സിലാക്കാം. പക്ഷേ ഷഹീന്‍ബാഗ് സമരങ്ങളെ യഥാവിധി അപഗ്രഥിച്ചാല്‍ സമരക്കാരുടെ കുത്തിയിരിപ്പോ പ്രതിഷേധമോ ഒന്നുമല്ല സഞ്ചാര സ്വാതന്ത്ര്യത്തെ ബാധിച്ചത് എന്നു മനസ്സിലാക്കാന്‍ സാധിക്കും. സമരം ചെയ്യാനും പ്രതിഷേധിക്കാനും അവകാശമുണ്ടെന്ന് കോടതി സമ്മതിക്കുമ്പോള്‍തന്നെ സമരം ചെയ്യുന്നവര്‍ക്കുള്ള ശരിയായ സൗകര്യങ്ങള്‍ ഒരുക്കാനുള്ള ഉത്തരവാദിത്വം അധികാരികള്‍ക്കുണ്ടായിരുന്നു എന്ന കാര്യം പറയാന്‍ വിട്ടുപോയി. സുരക്ഷാകാരണങ്ങളാലാണ് റൂട്ടുകള്‍ അടച്ചത് എന്ന ന്യായമാണ് പൊലീസ് അന്ന് പറഞ്ഞത്. പ്രതിഷേധക്കാര്‍ക്കെതിരെ ജനങ്ങളെ ഇളക്കിവിടാന്‍വേണ്ടി മാത്രം പൊലീസിന്റെ തലയിലുദിച്ച കുബുദ്ധിയായിരുന്നു അതെന്ന് ആര്‍ക്കാണ് മനസ്സിലാവാത്തത്.

സമരങ്ങളുടെ മറവില്‍ അക്രമവും കൊള്ളയും കൊള്ളിവെപ്പും നടത്തി ജനജീവിതം ദുസ്സഹമാക്കുന്നത് ഒട്ടും ന്യായീകരിക്കാന്‍ സാധ്യമല്ല. അത് ജനാധിപത്യപരമല്ല എന്ന കാര്യത്തില്‍ സംശയമില്ല. ഷഹീന്‍ബാഗ് സമരത്തില്‍ ജനാധിപത്യവിരുദ്ധമായ അക്രമങ്ങളോ കുഴപ്പങ്ങളോ സമരക്കാര്‍ ഉണ്ടാക്കിയതായി കാണാന്‍ കഴിയില്ല. സമരക്കാരെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചിട്ടും അവര്‍ പ്രകോപനങ്ങളില്‍ വീണില്ല എന്നതായിരുന്നു ശരി. വിയോജിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം നല്‍കിയില്ലെങ്കില്‍ ജനാധിപത്യം ജനാധിപത്യമാവില്ലെന്ന് കോടതി നിരീക്ഷിച്ചിട്ടുള്ളത് സന്തോഷം നല്‍കുന്ന കാര്യമാണ്. എന്നാല്‍ പ്രതിഷേധം അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ പാടില്ലെന്നും പ്രതിഷേധങ്ങള്‍ പ്രത്യേക സ്ഥലങ്ങളില്‍ മാത്രമേ പാടുള്ളൂ എന്നും കോടതി പറയുമ്പോള്‍ അതില്‍ ചില അസാംഗത്യങ്ങളുണ്ട്. അനീതി അനന്തമായി നീളുമ്പോള്‍ പ്രതിഷേധവും സമരവും അനന്തമായി നീളുക സ്വാഭാവിക നീതിയുടെ തേട്ടമാണ്. ഭൂരിപക്ഷത്തിന്റെ മറവില്‍ സര്‍ക്കാരുകള്‍ മൗലികാവകാശങ്ങള്‍ ലംഘിക്കുമ്പോള്‍ അതിനെതിരെ ജനങ്ങള്‍ പ്രതിഷേധവുമായി ഇറങ്ങും. ജന്മനാട്ടില്‍നിന്നും ആട്ടിപ്പുറത്താക്കുന്നതിനേക്കാള്‍ വലിയ അക്രമമൊന്നുമല്ല പ്രതിഷേധങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന അസൗകര്യങ്ങളെന്ന് തിരിച്ചറിയാന്‍ എല്ലാവര്‍ക്കും സാധിക്കേണ്ടതുണ്ട്.

 

web desk 3: