X
    Categories: columns

ഇന്ത്യ വിടുന്നു ‘മനുഷ്യാവകാശം’

കെ. മൊയ്തീന്‍കോയ

ആംനസ്റ്റി ഇന്റര്‍നാഷനല്‍ എന്ന മനുഷ്യാവകാശ സംഘടന ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചു സ്ഥലം വിടുകയാണ്. ബംഗളൂരിലുള്ള, ഇന്ത്യന്‍ ആസ്ഥാനമന്ദിരവും അടച്ച് പൂട്ടുകയും 150 ജീവനക്കാരേയും പിരിച്ചുവിടുകയും ചെയ്തു. ഇന്ത്യയില്‍ മനുഷ്യാവകാശ ധ്വംസനം നടക്കാതിരുന്നിട്ടല്ല പ്രവര്‍ത്തനം നിര്‍ത്തുന്നത്. ഉത്തര്‍പ്രദേശില്‍ ദിനംപ്രതി സ്ത്രീകള്‍ക്ക്‌നേരെ മാത്രം ആറ് അതിക്രമം നടക്കുന്നു. ഇതൊന്നും പുറംലോകം അറിയരുതെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ ശാഠ്യം. അത്‌കൊണ്ട്തന്നെ ആംനസ്റ്റിയെ ഇന്ത്യയില്‍നിന്ന് ഓടിക്കുന്നു. ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നശേഷം, മനുഷ്യാവകാശ സംരക്ഷണത്തിന് ശബ്ദിക്കുന്നവരെ വേട്ടയാടുകയാണ്. പൗരത്വ നിയമ ഭേദഗതി (സി.എ.എ), കശ്മീരിലെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ആംനസ്റ്റി ഇടപെടല്‍ കേന്ദ്രത്തിന് സഹിക്കുന്നില്ല.

സി.എ.എ ഭരണ ഘടനക്ക് മാത്രമല്ല, അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ക്കും എതിരാണെന്ന് ആംനസ്റ്റി പ്രഖ്യാപിച്ചു. ജനങ്ങളെ മതത്തിന്റെപേരില്‍ ഭിന്നിപ്പിക്കുന്നതിനെ സംഘടന വിമര്‍ശിക്കുന്നു. ആംനസ്റ്റി മാത്രമല്ല ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഹ്യൂമണ്‍ റൈറ്റ് വാച്ച് തുടങ്ങി നിരവധി മനുഷ്യാവകാശ സംഘടനകളേയും കേന്ദ്രം വേട്ടയാടുന്നുവെന്ന് സ്വകാര്യ ചാനല്‍ രണ്ടാഴ്ച മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2019 നവംബര്‍ 5 ന് സി.ബി.ഐ ആംനസ്റ്റിക്കെതിരെ കേസെടുത്തു. എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെതായിരുന്നു അടുത്ത ഊഴം. അതിനുംമുമ്പ് 2019 മെയ് 14ന് ബംഗളുരു ഓഫീസ് റെയ്ഡ് നടത്തി. വിദേശ സഹായം സ്വീകരിച്ചത് നിയമംലംഘിച്ചാണെന്ന് ആരോപിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തതും റെയ്ഡ് നടത്തിയും. 36 കോടിയുടെ വിദേശ സഹായമാണത്രെ സ്വീകരിച്ചത്. 2017ല്‍ സംഘടനയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. എന്നാല്‍ കോടതി ആംനസ്റ്റിക്ക് അനുകൂലമായി വിധിച്ചു. 2020 സപ്തംബര്‍ 10ന് ബാങ്ക് ഇടപാട് വീണ്ടും തടഞ്ഞു. ഇതോടെ പഠന, ഗവേഷണങ്ങള്‍ നിലച്ചു.

ആംനസ്റ്റി പരിപാടിയില്‍ ഇന്ത്യക്ക് എതിരായ നീക്കം ഉണ്ടെന്ന് ആരോപിച്ച് 2016ല്‍ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തുവെങ്കിലും മൂന്ന് വര്‍ഷത്തിനുശേഷം ഒഴിവാക്കി. കശ്മീരില്‍ വാര്‍ത്താസമ്മേളനം നടത്താനുള്ള നീക്കം പിന്നീട് തടയുകയും സംഘടനയുടെ ഡയരക്ടര്‍മാരുടെ വീടുകളില്‍ പോലും സി.ബി.ഐ റെയ്ഡ് നടത്തുകയും ചെയ്തുവെന്നും അത്യന്തം ദു:ഖത്തോടെ പ്രവര്‍ത്തനം നിര്‍ത്തുന്നുവെന്നും ഗവേഷണ വിഭാഗം തലവന്‍ രജത് ഖോസല വ്യക്തമാക്കുന്നു. കേന്ദ്ര സര്‍ക്കാറിന്റെ ജനാധിപത്യവിരുദ്ധ നിലപാട് ഇന്ത്യയുടെ മികവുറ്റ മതേതര ജനാധിപത്യ പ്രതിച്ഛായക്ക് മങ്ങലേല്‍പിച്ചു.

അതേസമയം, കശ്മീരിലേക്ക് സ്‌പോണ്‍സര്‍ ചെയ്ത്‌കൊണ്ടിറക്കിയ വിദേശ സംഘം പോലും കേന്ദ്രത്തിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നില്ല. കശ്മീരിന്റെ പ്രത്യേകാവകാശം എടുത്ത്കളഞ്ഞശേഷം സ്വതന്ത്ര മാധ്യമപ്രര്‍ത്തനം ദുഷ്‌കരമാണല്ലൊ. മുന്‍ മുഖ്യമന്ത്രിമെഹ്ബൂബ മുഫ്തി, സൈഫുദ്ദീന്‍ സോസ് തുടങ്ങിയവര്‍ ഒരു വര്‍ഷത്തിലേറെയായി വീട് തടങ്കലില്‍ കഴിയുന്നതും മനുഷ്യാവകാശ പ്രശ്‌നമായി ഉയര്‍ത്തി കാണിക്കുന്നതില്‍ അസ്വാഭാവികതയില്ല. വിചാരണപോലും നടത്താതെ ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്ന ഹതഭാഗ്യരെ പുറംലോകത്തെ അറിയിക്കുക മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണ്. ആംനസ്റ്റിയെ വേട്ടയാടി ഓടിച്ചതിലൂടെ കേന്ദ്ര സര്‍ക്കാറിന് ഒന്നും നേടാനാവില്ല. അത്യന്താധുനിക വിവര സങ്കേതിക വിദ്യയിലൂടെ കൊച്ചു സംഭവങ്ങള്‍പോലും സമൂഹ മാധ്യമങ്ങളിലൂടെ ലോകമെമ്പാടും എത്തുന്നു.

ഉത്തര പ്രദേശിലെ ഹത്രാസിലെ പെണ്‍കുട്ടിയെ ക്രൂരമായി കൂട്ടബലാല്‍സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവം ലോകോത്തര വാര്‍ത്താമാധ്യമങ്ങളില്‍വരെ നിറഞ്ഞ്‌നില്‍ക്കുമ്പോള്‍ ശിരസ് കുനിക്കേണ്ടിവരുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കോ, യോഗി ആദിത്യനാഥിനോ മാത്രമല്ല, 130 കോടി ഇന്ത്യക്കാര്‍ക്കാണ്. ക്രമസമാധാനനില വഷളായ രാജ്യമായി ഇന്ത്യ തകരുകയാണോ? ഉത്തര്‍പ്രദേശ് കൊടുംക്രിമിനലുകളുടെ വിഹാര ഭൂമിയായി മാറിക്കഴിഞു. നാഷനല്‍ ക്രൈം റിസര്‍ച്ച് ബ്യൂറോ പലപ്പോഴും കുറ്റകൃത്യങ്ങളുടെ സ്ഥിതി വിവരണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാറില്ല. 2005 ഒക്ടോബര്‍15 വരെ ഒരു വര്‍ഷത്തെ മനുഷ്യാവകാശ ധ്വംസനകണക്ക് പുറത്തിറക്കിയതില്‍ 1,17,888 കേസുകളില്‍ 53,000 ഉത്തര്‍പ്രദേശിലാണ്. രാജ്യത്ത് ജയിലുകളില്‍ കഴിയുന്നത് നാലര ലക്ഷം പേരാണ്. ഇവരില്‍ ഏറ്റവും കൂടുതല്‍ (87,673) മുസ്‌ലിംകളാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രശസ്തരായ സാംസ്‌കാരിക പ്രവര്‍ത്തകര്‍ മരിച്ച് വീണു. ഒന്നിനും തെളിവില്ല. ജീവിക്കാനുള്ള അവകാശം മൗലികാവകാശമായി പ്രഖ്യാപിച്ച ഭരണഘടനയുള്ള രാജ്യത്ത്, എല്ലാം അട്ടിമറിക്കപ്പെടുന്നു. കോടതികളെ പോലും നോക്കുകുത്തിയാക്കിമാറ്റുന്നു. ഡല്‍ഹി കലാപ ഇരകളെ കേസില്‍ കുടുക്കിയും കലാപത്തിന് ആഹ്വാനം നല്‍കിയ ബി.ജെ.പി നേതാക്കളെ വെറുതെവിടുന്നതുമായ മോദി-ഷാ ശൈലി മനുഷ്യാവകാശ ധ്വംസനം തന്നെ.

 

web desk 3: