X

കേരളത്തിന്റെ സ്വച്ഛതക്കുപിന്നില്‍ മുസ്‌ലിംലീഗ്

 

കെ ശങ്കരനാരായണന്‍/ കെ.പി ജലീല്‍

മഹാരാഷ്ട്ര, അസാം, അരുണാചല്‍പ്രദേശ്, ഗോവ, നാഗാലാന്റ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ പദവി വഹിച്ച കടീക്കല്‍ ശങ്കരനാരായണന്‍ അതിലുംവലിയ തന്റെ മന്ത്രിപദവികളേക്കാളൊക്കെ വിലമതിക്കുന്നത് വ്യക്തിപരമായ സൗഹൃദങ്ങളിലാണ്. രാഷ്ട്രീയം ഏതോ ആയിക്കോട്ടെ, വ്യക്തിപരമായി ആളെങ്ങനെ എന്നതാണ് ഈ എണ്‍പത്തഞ്ചുകാരന്റെ അടുപ്പത്തിന്റെ മാനദണ്ഡം. അതുകൊണ്ടുതന്നെ അദ്ദേഹവുമായി സംസാരിച്ചിരിക്കുമ്പോള്‍ വിഷയമേതായാലും, മനസ്സിന്റെ ഊഷരതയിലൊരു കുളിര്‍കാറ്റ് നാമറിയാതെ വീശുന്നുണ്ടാകും. നല്ല പ്രഭാഷകനും വായനക്കാരനും. പ്രശ്‌നങ്ങളില്‍ ‘ശങ്കര്‍ജി എന്തുപറഞ്ഞു’ എന്നുകേള്‍ക്കാന്‍ മലയാളി കാതോര്‍ക്കുന്ന കാലം. സ്വന്തം കക്ഷിയായ കോണ്‍ഗ്രസിനെയും താന്‍ കണ്‍വീനറായിരുന്ന ഐക്യജനാധിപത്യമുന്നണിയിലെ വിവിധപാര്‍ട്ടികളെയും കുറിച്ചൊക്കെ ഈ ഈ പൊതു പ്രവര്‍ത്തകന് വ്യത്യസ്തവും ദൃഢതരവുമായ അഭിപ്രായങ്ങളുണ്ട്. യു.ഡി.എഫ് കണ്‍വീനറായി പ്രവര്‍ത്തിച്ചകാലത്തേതടക്കം കേരളരാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ വ്യത്യസ്തമായി വിലയിരുത്തുന്നു ശങ്കരനാരായണന്‍. അതുകൊണ്ടുതന്നെയാണ് മറ്റുപദവികളേക്കാളൊക്കെ മുകളില്‍ കോണ്‍ഗ്രസുകാരുടെ ശങ്കര്‍ജി കേരളരാഷ്ട്രീയത്തിന്റെ ‘കണ്‍വീനറാ’യി ഇന്നും അറിയപ്പെടുന്നത്. ‘ചന്ദ്രിക’ ക്കുവേണ്ടി അദ്ദേഹവുമായി പാലക്കാട്ടെ ശേഖരീപുരത്തെ വീട്ടില്‍ സംസാരിച്ചപ്പോള്‍.
? നീണ്ട ഏഴുപതിറ്റാണ്ടുകാലത്തെ രാഷ്ട്രീയപ്രവര്‍ത്തനപാരമ്പര്യം വെച്ച് എങ്ങനെയാണിപ്പോള്‍ കേരളരാഷ്ട്രീയത്തെ വിലയിരുത്തുന്നത്.
= കേരളരാഷ്ട്രീയം ഒരുപാട് മാറിപ്പോയി. അന്ന് ഞങ്ങള്‍ സജീവരാഷ്ട്രീയത്തിലിരുന്ന കാലത്ത് ഏതുപാര്‍ട്ടിയിലായിരുന്നാലും വ്യക്തിബന്ധങ്ങള്‍ക്ക് പരസ്പരം വലിയ മുന്‍ഗണന നല്‍കിയിരുന്നു. ഇന്ന് സ്വന്തം നിലപാട് സ്ഥാപിക്കാനും നിലനിര്‍ത്താനും വേണ്ടി ഏതുതരം തറവേലക്കും രാഷ്ട്രീയപ്രവര്‍ത്തകര്‍ തയ്യാറാണ്. അക്കാലത്ത് മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനും ഇ.കെ നായനാരും തമ്മില്‍ ഉണ്ടായിരുന്ന ഊഷ്മളമായ ബന്ധം ഇന്നത്തെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാക്കളും തമ്മിലുണ്ടോ. ആദര്‍ശം ഏതായാലും വ്യക്തിശുദ്ധിയാണ് പ്രധാനം. അതു തകര്‍ത്തുകൊണ്ട് എന്തുനേടിയിട്ടും ഒരു കാര്യവുമില്ല. അതുകൊണ്ടാണ് ഈ പ്രായത്തിലും സ്വസ്ഥമായി ഉറങ്ങാന്‍ എനിക്ക് കഴിയുന്നത്.
? മുന്നണിരാഷ്ട്രീയത്തെ രൂപപ്പെടുത്തിയത് മുന്‍നേതാക്കളായിരുന്നെങ്കിലും യു.ഡി.എഫിനെ പതിനേഴ് വര്‍ഷക്കാലം അരക്കിട്ടുറപ്പിച്ച് നിര്‍ത്താന്‍ കഴിഞ്ഞതാണ് താങ്കളുടെ നേട്ടം.
= അതെ പതിനേഴ് എന്നത് ചില്ലറ കാലയളവല്ല. അതിനൊക്കെ എനിക്ക് സഹായകമായത് വിവിധ കക്ഷികളുടെ നേതാക്കളുടെ കൂടി വിശാലമായ വീക്ഷണങ്ങള്‍ കൊണ്ടുകൂടിയായിരുന്നു. കോണ്‍ഗ്രസിലെയും മുസ്്‌ലിം ലീഗിലെയും നേതാക്കള്‍ കാണിച്ച വിശാലമായ മനസ്സും വിട്ടുവീഴ്ചാമനോഭാവവുമാണ് യു.ഡി.എഫിനെ ശക്തിപ്പെടുത്താനും നിലനിര്‍ത്താനും സഹായിച്ചത്. സി.എച്ചിനെ പോലുള്ള നേതാക്കളുമായി അതിനുമുമ്പ് തന്നെ അടുത്തിടപഴകാനും ഒരേ മന്ത്രിസഭയില്‍ പ്രവര്‍ത്തിക്കാനും സാധിച്ചു.
? ആ കാലഘട്ടത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്.
= സി.എച്ച് ഒരു വടവൃക്ഷമായിരുന്നു. അദ്ദേഹത്തിന് ഉണ്ടായിരുന്ന ഏറ്റവും വലിയ വ്യക്തിസവിശേഷത ഹിപ്പോക്രാറ്റല്ല എന്നുള്ളതാണ്. മനസ്സില്‍ ഒന്നുവെച്ച് മറ്റൊന്ന് പുറത്തുപറയില്ല. മുസ്്‌ലിംലീഗ് നേതാവെന്ന നിലയില്‍ സി.എച്ച് പലപ്പോഴും സ്വന്തം സമുദായത്തിനുവേണ്ടി ഘോരഘോരം പോരാടിയിട്ടുണ്ട്. അതുതന്നെയാണ് അദ്ദേഹത്തിന്റെ കര്‍ത്തവ്യവും. പക്ഷേ അതേസമയം തന്നെ സി.എച്ച് മറ്റുള്ളവരുടെ അവകാശങ്ങള്‍ ഹനിക്കപ്പെടരുതെന്ന നിര്‍ബന്ധമുള്ള ആളുമായിരുന്നു. പല വിധ ആവശ്യങ്ങളും സംശയങ്ങളുമായി താന്‍ സി.എച്ചിനെ സമീപിച്ചിരുന്നു. അതിനൊന്നും എനിക്ക് മടിയുണ്ടായിരുന്നില്ല. അപ്പോഴൊക്കെ സി.എച്ച് തികഞ്ഞ വാല്‍സല്യത്തോടെ മാത്രമാണ് എന്നോട് പെരുമാറിയതും ഉപദേശങ്ങള്‍ തന്നതും. എന്റെ താമസസ്ഥലമായ മന്‍മോഹന്‍ ബംഗ്ലാവില്‍ രാത്രികളില്‍ ഒരുപാട് നേരം സൊറപറഞ്ഞിരുന്നിട്ടുണ്ട് ഞങ്ങള്‍. എത്ര സരസമായാണ് അദ്ദേഹം ഗൗരവമായ കാര്യങ്ങള്‍ വിവരിച്ചുതന്നിരുന്നത്. അതാണ് യഥാര്‍ത്ഥത്തില്‍ മുസ്്‌ലിം ലീഗിനെ കേരളരാഷ്ട്രീയത്തില്‍ അനിവാര്യശക്തിയാക്കി നിലനിര്‍ത്തിയതെന്ന് ഞാന്‍ പറയും. ഞാനെല്ലാം മതേതരവാദിയായാണ് ജനിച്ചതും വളര്‍ന്നതും. തൃശൂരിലെ തന്റെ വീട്ടിനടുത്തുള്ള പള്ളിയിലേക്ക് അരിയും മറ്റും നല്‍കിയ പാരമ്പര്യമാണ് എന്റെ കുടുംബത്തിനുള്ളത്. കേരളത്തിന്റെ പൊതുമനസ്സ് മതേതരമാണ്. പിന്നെ ജാതിമതചിന്തകള്‍ എന്നും ഉണ്ടായിട്ടുണ്ട്്, ഇന്നുമുണ്ട്. പക്ഷേ അതിനുമുകളില്‍ മതേതരത്വത്തെ പ്രതിഷ്ഠിക്കാന്‍ മലയാളിക്കറിയാം.
? മുസ്‌ലിംലീഗ് അതിന്റെ എഴുപതാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ പാര്‍ട്ടിയുടെയും മുന്നണിയുടെയും പ്രസക്തിയെ എങ്ങനെ വിലയിരുത്തുന്നു.
= ഞാന്‍ സി.എച്ചിനെക്കുറിച്ച് പറഞ്ഞതു തന്നെയാണ് ലീഗിനെക്കുറിച്ചും പറയാനുള്ളത്. ലീഗില്ലായിരുന്നെങ്കില്‍ കേരളത്തിന്റെ സാമൂഹികമനസ്സ് വലിയതോതില്‍ ജീര്‍ണിക്കപ്പെട്ടേനേ. കേരളത്തെ ഒരു കലാപവും കാലുഷ്യവുമില്ലാതെ നിലനിര്‍ത്താന്‍ സഹായിച്ചതില്‍ മുസ്‌ലിം ലീഗിന് മുഖ്യ പങ്കുണ്ട്. മുസ്‌ലിം ലീഗ് മുസ്്‌ലിംകള്‍ക്കുവേണ്ടിയും പൊതുസമൂഹത്തിനുവേണ്ടിയും വാദിക്കുമ്പോള്‍ പൊതുമനസ്സ് അവരുടെ ന്യായമായ ആവശ്യങ്ങള്‍ക്കൊപ്പം നിന്നു. സമുദായങ്ങള്‍ തമ്മിലുണ്ടാകുമായിരുന്ന ജാതിമത അസ്വാരസ്യ ഇതോടെ അലിഞ്ഞില്ലാതായി. ഏതുഭാഗത്തുനിന്നായാലും പ്രശ്‌നം ഉടലെടുക്കുമ്പോള്‍ അതിലിടപെട്ട് ഒത്തുതീര്‍പ്പാക്കാന്‍ ലീഗ് നേതാക്കള്‍ ആത്മാര്‍ത്ഥമായി യത്‌നിച്ചു. പാണക്കാട് തങ്ങള്‍കുടുംബം ഇതില്‍വഹിച്ച പങ്ക് വളരെവലുതാണ്. 1992ല്‍ ബാബരിമസ്ജിദ് തകര്‍ക്കപ്പെട്ട ദിവസം ഞാന്‍ കോഴിക്കോട്ട് ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് മലപ്പുറംവഴി മടങ്ങിവരികയായിരുന്നു. പലരും എന്നോട് ഇന്നത്തെ യാത്ര നിര്‍ത്തിവെച്ചുകൂടെയെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ മലപ്പുറത്തെ റോഡിലൂടെതന്നെ യാത്രചെയ്യുമെന്ന് പറഞ്ഞു.അതുതന്നെ ചെയ്തു.ഒരുപ്രശ്‌നവുമുണ്ടായില്ല. പാണക്കാട് മുഹമ്മദലി ശിഹാബ്തങ്ങള്‍ സമുദായത്തിന് നല്‍കിയ ശാന്തിയുടെ സന്ദേശം കേരളത്തിലെ മൊത്തം ജനങ്ങളും മനസ്സാവാചാകര്‍മ്മണാ ഏറ്റെടുത്തതാണ് അന്ന് കണ്ടത്.
? കോണ്‍ഗ്രസിന്റെ സാമ്പത്തികനയം ശരിയല്ലെന്നാണ് സി.പി.എം പറയുന്നത്.
= ശുദ്ധ അസംബന്ധമല്ലേ അത്. അവര്‍ക്കെന്ത് സാമ്പത്തികനയമാണുള്ളത്. ചൈനയിലെന്ത് സാമ്പത്തികനയമാണിപ്പോള്‍. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവാണ് ഇന്ത്യയെ സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയിലേക്ക് പിടിച്ചുയര്‍ത്തിയത്. അന്നൊക്കെ അദ്ദേഹത്തെ എതിര്‍ത്തവര്‍ ഡോ.മന്‍മോഹന്‍സിംഗിനെ എതിര്‍ക്കാന്‍ ഇപ്പോള്‍ നെഹ്രുവിന്റെ നയമാണ് ശരിയെന്ന് പറയുകയല്ലേ. നോക്കൂ. 2005ല്‍ ലോകത്തെ ഏതാണ്ടെല്ലാ രാജ്യങ്ങളിലെയും പ്രമുഖ ബാങ്കുകള്‍ പൊട്ടിപ്പാളീസായപ്പോള്‍ ഇന്ത്യയിലെ ഒരു പ്രാഥമികസഹകരണസൊസൈറ്റിയെങ്കിലും പൂട്ടിയോ. ഇന്ന് മോദിയുടെ കീഴില്‍ ഒരു ലക്ഷത്തിപ്പതിനായിരം കോടിയാണ് കിട്ടാക്കടമായി ഉണ്ടായിരിക്കുന്നത്. സ്വിറ്റ്‌സര്‍ലാന്‍ഡില്‍നിന്ന് കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന് പറഞ്ഞവര്‍ക്ക് രാജ്യത്തെ ഉള്ള പണവും കൂടി കടത്തിക്കൊണ്ടുപോകുമ്പോള്‍ അനക്കമില്ല. ഇതുതന്നെയാണ് സി.പി.എമ്മിന്റെ കീഴിലെ തോമസ് ഐസക്കിന്റെ സാമ്പത്തികനയവും. ട്രഷറിനിയന്ത്രണം വേണ്ടിവന്നില്ലേ.
? രാജ്യത്തിന്റെ ഭാവിയില്‍ ബി.ജെ.പിയുടെ പങ്ക് എന്തായിരിക്കും.
= എന്ത് ബി.ജെ.പി. അവര്‍ക്ക് ഇപ്പോള്‍തന്നെ ഉള്ള സീറ്റുകളൊക്കെ നഷ്ടപ്പെടുകയല്ലേ. ഇന്ത്യയില്‍ എല്ലാ സംസ്ഥാനവും അവരുടെ കയ്യില്‍പോയാലും കേരളത്തില്‍ ഒരുചുക്കും അവര്‍ക്ക് ചെയ്യാന്‍ കഴിയില്ല. കോണ്‍ഗ്രസ് മാത്രമാണ് രാജ്യത്തെല്ലായിടത്തും വേരുള്ള കക്ഷി. അവരുടെ പക്ഷത്തേക്ക് ജനങ്ങള്‍ തിരിച്ചുവരികയാണ്. സോണിയാജിയുടെ നേതൃത്വത്തില്‍ പത്തുകൊല്ലം തുടര്‍ച്ചയായി രാജ്യം സുന്ദരമായി ഭരിച്ചില്ലേ. എന്തെങ്കിലും ആക്ഷേപം അവര്‍ക്കെതിരെ ഉണ്ടായോ. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ പ്രധാനമന്ത്രിപദം വേണ്ടെന്ന് വെച്ച മഹതിയാണവര്‍. അവരുടെ ഏഴയലത്ത്‌വരില്ല ബി.ജെ.പി നേതാക്കള്‍.
പാണക്കാട് കൊടപ്പനക്കല്‍ കുടുംബത്തില്‍ നിന്ന് വരുന്ന പുതിയ തലമുറയിലും വലിയ പ്രതീക്ഷയുണ്ട്. ഇ.അഹമ്മദിന്റെ സംഭാവന വിലമതിക്കാനാവാത്തതായിരുന്നു. പ്രൊഫ. ഖാദര്‍മൊയ്തീനും പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറുമൊക്കെ തികഞ്ഞ ദേശീയവാദികളാണ്. സയ്യിദ് ഹൈദരലി ശിഹാബ്തങ്ങളെ പോലുള്ളവരുടെ കൈകളില്‍ മുസ്്‌ലിംലീഗും കേരളവും ഇനിയും ഭദ്രമായിത്തന്നെ ഇരിക്കും.

chandrika: