X

ജനാധിപത്യത്തിന് ഖൈറാന നല്‍കുന്ന പാഠം

 

ഉത്തര്‍പ്രദേശില്‍ ഫുല്‍പൂര്‍, ഗോരഖ്പൂര്‍ ലോക്‌സഭാമണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെ പടിഞ്ഞാറന്‍ യു.പിയിലെ ഖൈറാനയിലും പ്രതിപക്ഷ ഐക്യത്തിനു മുന്നില്‍ സംഘ്പരിവാരകക്ഷികള്‍ പരാജയം അറിഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം എന്ന പേരുകേട്ടാല്‍ ‘ഞരമ്പുകളില്‍ ചോര തിളച്ച’ ഒരു ജനതയാണ് തബസ്സും ഹസ്സനെന്ന മുസ്‌ലിം സ്ഥാനാര്‍ത്ഥിയെ ജയിപ്പിച്ചത്. അതും 2.6 ലക്ഷത്തില്‍പരം വോട്ടിനു കഴിഞ്ഞ തവണ ഹുക്കും സിങ് എന്ന മുസഫര്‍നഗര്‍ കലാപ ശില്‍പി ജയിച്ച അതേ മണ്ഡലത്തില്‍, കാലത്തിന്റെ കാവ്യനീതി നടപ്പിലാക്കിക്കൊണ്ട് അദ്ദേഹത്തിന്റെ മകള്‍ മൃഗംഗ സിങിനെ തോല്‍പ്പിച്ചുകൊണ്ട്. മുസഫര്‍ നഗര്‍ കലാപാനന്തരം മുസ്‌ലിംകള്‍ ഒഴിഞ്ഞുപോയതിനു ശേഷമുള്ള കാലത്ത് പശ്ചിമ യു.പിയിലെ ഷാംലിയിലും ഖൈറാനയിലും ഭാഗ്പത്തിലും പിന്നീട് എന്ത് സംഭവിച്ചു എന്നതിന്റെ ഉത്തരം കൂടിയാണ് വിശാല സഖ്യത്തിന്റെ ബാനറില്‍ ഖൈറാനയില്‍ നിന്നും പാര്‍ലമെന്റിലെത്തിയ തബസ്സും ഹസന്‍. കലാപാനന്തര ഖൈറാനയില്‍ ഒരു മുസ്‌ലിമിനെ സ്ഥാനാര്‍ത്ഥിയായി രംഗത്തിറക്കാന്‍ ധൈര്യം കാണിച്ചു എന്നത് തന്നെയാണ് പ്രതിപക്ഷ വിജയത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ഘടകം. മുസഫര്‍ നഗര്‍ അതിന്റെ പാരമ്പര്യത്തിലേക്ക് തിരിച്ചുനടക്കാന്‍ ഈ വിജയം സഹായകമാകും എന്ന പ്രതീക്ഷക്ക്കൂടിയാണ് വിജയം ശക്തി പകരുന്നത്. ഞാന്‍ ഹോളിയും ദീപാവലിയും വൈശാഖിയും ആഘോഷിക്കും, പക്ഷേ ഈദ് ആഘോഷിക്കില്ല എന്ന് പരസ്യമായി തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞ് വര്‍ഗീയത ആളിക്കത്തിക്കാന്‍ നോക്കിയ മുഖ്യമന്തി ആദിത്യ നാഥിനുള്ള മറുപടി കൂടിയാണിത്. കലാപത്തില്‍ കൊല്ലപ്പെട്ട 60 മുസ്‌ലിംകളെയും പലായനം ചെയ്ത 60000 മുസ്‌ലിം കുടുംബങ്ങളെയും സൗകര്യപൂര്‍വം മറന്ന് രണ്ടു ഹിന്ദു യുവാക്കളുടെ കാര്യം റാലികളില്‍ എടുത്തു പറഞ്ഞു ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയത ഒരിക്കല്‍കൂടി തളിച്ച് തെരഞ്ഞെടുപ്പ് ജയിക്കാന്‍ നോക്കിയതിന്, ഖന്ന (കരിമ്പ്) അല്ല ജിന്നയാണ് പ്രധാനം എന്ന് വോട്ടര്‍മാരെ പരിഹസിച്ചതിനും കൂടിയുള്ള മറുപടിയാണ് ജനങ്ങള്‍ നല്‍കിയത്. തെരഞ്ഞെടുപ്പിന് തലേ ദിവസം എല്ലാ സീമകളും ലംഘിച്ചുകൊണ്ട് മീററ്റില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള എക്‌സ്പ്രസ് ഹൈവേ ആണ് പ്രധാനമെന്നും കര്‍ഷക പ്രശ്‌നങ്ങള്‍ നിസാരമെന്നു വിളിച്ചോതിയ സാക്ഷാല്‍ മോദിക്കുതന്നെ ഇങ്ങനെയൊക്കെ മറുപടി കൊടുക്കാന്‍ പശ്ചിമ യു.പിയിലെ ജാട്ടുകള്‍ക്ക് അറിയാമെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍ പ്രതീക്ഷകള്‍ക്ക് ഇനിയും ഏറെ വകയുണ്ട്. എന്നാല്‍ പ്രതിപക്ഷ ഐക്യത്തിനും അപ്പുറം ബി.ജെ.പിക്ക് ഞെട്ടിക്കുന്ന തോല്‍വികള്‍ സമ്മാനിക്കുന്ന വേറെയും ചില ഘടകങ്ങളുണ്ട്. 2014 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഉപതെരഞ്ഞെടുപ്പുകളിലും പ്രകടമാവുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട് പ്രതിപക്ഷ കക്ഷികളുടെ വോട്ട് വിഹിതം ഗണ്യമായി ഉയരുന്നുവെന്നതാണിതിലൊന്ന്. യു.പി പിടിച്ചവര്‍ ഇന്ത്യ ഭരിക്കുമെന്ന അലിഖിത നിയമം പോലൊരു മിത്തുള്ളതിനാല്‍ ബി.ജെ.പി എപ്പോഴും അവരുടെ തെരഞ്ഞെടുപ്പ് പരീക്ഷണ ശാലയായാണ് യു.പിയെ കാണുന്നത്. എന്നാല്‍ ബി.ജെ.പിയില്‍ നിന്നും യു.പി വഴുതി മാറുന്നതിന് പിന്നിലെ മറ്റു ഘടകങ്ങള്‍ ഇവയാണ്.
1. 2014ല്‍ ബി.ജെപി കെട്ടിപ്പടുത്ത മുസ്‌ലിം വിരുദ്ധ, യാദവേതര, ജാതവേതര ഹിന്ദു ഐക്യമെന്ന സമവാക്യം തകര്‍ന്നടിഞ്ഞു. പശ്ചിമ യു.പിയിലെ ജാട്ട് -മുസ്‌ലിം ഐക്യമെന്നത് സ്വാതന്ത്ര്യത്തിന് മുമ്പേ 1857 ലെ മഹത്തായ വിപ്ലവ കാലത്ത് ജാട്ട് നേതാവായിരുന്ന സര്‍ ചൗധ റാമിന്റെ നേതൃത്വത്തില്‍ കെട്ടിപ്പൊക്കിയ യാഥാര്‍ത്ഥ്യമായിരുന്നു. പ്രഥമ പാകിസ്താന്‍ പ്രധാനമന്ത്രി ലിയാഖത്ത് അലിഖാന്റെ ജന്മനാടായിട്ടും 41 ശതമാനം മുസ്‌ലിംകള്‍ ഇന്നും ഇന്ത്യക്കാരായി ബാക്കിയുള്ള മണ്ഡലമാണിത്. ഇന്ത്യാ-പാക് വിഭജനാനന്തര കലാപ സമയത്ത് പോലും ഖൈറാന ഉള്‍പ്പെട്ട പടിഞ്ഞാറന്‍ യു.പിയില്‍ ഈ ഐക്യം നിലനിന്നിരുന്നു. ചൗധരി ചരണ്‍ സിങ്ങായിരുന്നു ജാട്ട് മുസ്‌ലിം ഐക്യത്തിന്റെ പിന്നില്‍ അന്ന് പ്രവര്‍ത്തിച്ചത്. ജാട്ടുകളുടെ സംരക്ഷണം ഉറപ്പായതിനാല്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും മുസ്‌ലിംകള്‍ പാകിസ്താനിലേക്ക് പലായനം ചെയ്തപ്പോഴും ഖൈറാന ഉള്‍പ്പെട്ട മുസഫര്‍ നഗറിലെ മുസ്‌ലിംകള്‍ ഇവിടെ തന്നെ സാഹോദര്യത്തോടെ നിലയുറപ്പിക്കുകയായിരുന്നു. നേരത്തെ ജനസംഘത്തിന്റെ കാലഘട്ടത്തില്‍പോലും ജാട്ടുകള്‍ കോണ്‍ഗ്രസിനൊപ്പമോ ബി.ജെ.പി ഇതര പ്രതിപക്ഷത്തിനൊപ്പമോ ആയിരുന്നു നിലയുറപ്പിച്ചിരുന്നത്. വിപി സിങ് സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രി ആയി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം, കശ്മീരുകാരനായ മുഫ്തി മുഹമ്മദ് സയീദിനെ വോട്ടു കൊടുത്ത് ജയിപ്പിച്ച മണ്ഡലമായിരുന്നു മുസഫര്‍ നഗര്‍ എന്നുകൂടി ഓര്‍ക്കുക. പക്ഷേ മുസഫര്‍നഗര്‍ വര്‍ഗീയ കലാപത്തിന്റ ഭാഗമായ ഖൈറാന ഉള്‍പ്പെട്ട മേഖലയില്‍ കലാപത്തിന് ശേഷം 2014ലും 2017 ലും എസ്.പി, ബി.എസ്.പി, ആര്‍. എല്‍.ഡി, കോണ്‍ഗ്രസ് തുടങ്ങി പ്രതിപക്ഷ കക്ഷികളുടെ എല്ലാ പ്രതീക്ഷകളെയും അസ്ഥാനത്താക്കി ജാട്ടുകള്‍ ബി.ജെ.പി പാളയത്തിലേക്ക് കൂട്ടത്തോടെ ഒഴുകുകയായിരുന്നു. എന്നാല്‍ ഇത്തവണ ഖൈറാന ഉപതെരഞ്ഞെടുപ്പില്‍ 70 ശതമാനം ജാട്ടുകളും ആര്‍.എല്‍.ഡി സ്ഥാനാര്‍ത്ഥിക്കാണ് വോട്ട് ചെയ്തത്. ജാട്ടുകള്‍ക്ക് ആര്‍.എല്‍.ഡിയോട് അഭേദ്യമായ ഒരു മമതയുണ്ടെങ്കിലും ചരണ്‍ സിങിന്റെ മകന്‍ അജിത് സിങ് നല്‍കിയ എല്ലാ ഉറപ്പുകളേയും കാറ്റില്‍ പറത്തി കഴിഞ്ഞ രണ്ട് തെരഞ്ഞടുപ്പുകളിലും ജാട്ടുകള്‍ ബി.ജെ.പിക്കൊപ്പമാണ് നിന്നത്. ഇത്തവണ ബി.ജെ.പിയെ എതിര്‍ത്ത് മുസ്‌ലിംകളെ സഹായിക്കാന്‍ ജാട്ടുകള്‍ തയാറായത് ബി.ജെ.പിക്ക് അവരുടെ പ്രധാന സ്വാധീന ശക്തി നഷ്ടമായിരിക്കുന്നുവെന്ന വലിയ സന്ദേശമാണ് നല്‍കുന്നത്. അതേ പടിഞ്ഞാറന്‍ യു.പിയില്‍ ബി.ജെപി മുന്നേറ്റത്തിന് കാരണമായ സാമൂഹ്യശക്തി ബി.ജെ.പിയില്‍ നിന്നും അകന്നു കഴിഞ്ഞു. ജാട്ടുകളുടെ സഹായമില്ലാതെ പടിഞ്ഞാറന്‍ യു.പിയില്‍ അഞ്ച് സീറ്റുകള്‍ പോലും ബി.ജെ.പിക്ക് ലഭിക്കില്ലെന്നത് നഗ്നമായ യാഥാര്‍ത്ഥ്യമാണ്.
2 .ജാട്ടുകള്‍ക്ക് പുറമെ യാദവേതര ഒ.ബി.സി വിഭാഗക്കാരേയും ജാതവരല്ലാത്ത ദലിതരേയും 2014ലും 17 ലും ബി.ജെപി പണവും കായിക ശക്തിയും ഉപയോഗിച്ച് തങ്ങളോടൊപ്പം നിര്‍ത്തിയിരുന്നു. ഇവര്‍ക്കാകട്ടെ ചരിത്രപരമായി ജനസംഘത്തോട്, ബി.ജെ.പിയോട് അനുകമ്പയുമുണ്ട്. രാമക്ഷേത്ര പ്രക്ഷോഭം ബി.ജെ.പി ആരംഭിക്കുന്നതിന്ന് മുമ്പേ പശ്ചിമ യു.പിയിലെ അതി പിന്നാക്ക വിഭാഗം ഒറ്റക്കും തറ്റക്കും ജനസംഘത്തിനും ബി.ജെപിക്കും വോട്ടുകള്‍ ചെയ്തിരുന്നു. ഇത് തന്നെയാണ് ജാതവേ ത ര ദലിത് വിഭാഗമായ വാല്‍മീകി സുദായത്തിന്റെയും അവസ്ഥ. 1990 കളിലും 2000 ലും ഇവര്‍ ബി.ജെ.പിയോട് ചേര്‍ന്ന് നില്‍ക്കാന്‍ തുടങ്ങി. 2014ലും 17 ലും അത് ഏറ്റവും പാരമ്യത്തിലെത്തി. എന്നാല്‍ ഇത്തവണ ഖൈറാന ഉപതെരഞ്ഞെടുപ്പില്‍ വാല്‍മീകി വിഭാഗം ഒഴികെ അതി പിന്നാക്ക വിഭാഗത്തിന്റെ 25 മുതല്‍ 30 ശതമാനം വരെ വോട്ടുകള്‍ ആര്‍.എല്‍. ഡി സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുകയോ അല്ലെങ്കില്‍ ഇവര്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുകയോ ചെയ്തു.
3 .അതി പിന്നാക്ക വിഭാഗങ്ങള്‍ ബി.ജെ.പിയില്‍ നിന്നും അകലുന്നതിന്റെ വ്യക്തമായ സൂചനകള്‍ ഫുല്‍പൂര്‍, ഗോരഖ്പൂര്‍ ഉപതെരഞ്ഞെടുപ്പുകളിലും പ്രകടമായിരുന്നു. ഏറ്റവും പിന്നാക്ക വിഭാഗമായ നിഷാദുകള്‍ 204ലും 2014ലും ബി.ജെ. പിക്കൊപ്പമായിരുന്നു. എന്നാല്‍ ഗോരഖ്പൂരില്‍ നിഷാദ് സ്ഥാനാര്‍ത്ഥിയെ ഇറക്കിയാണ് എസ്. പി ബി.ജെ.പിയെ തറപറ്റിച്ചത്. ഇത് ഫലത്തില്‍ നിഷാദ് വിഭാഗക്കാരെ വിശാല സഖ്യത്തോട് അടുപ്പിച്ചു.
4. സവര്‍ണ വിഭാഗമായ ബ്രാഹ്മണരും താക്കൂറുകളുമാണ് ബി.ജെ.പിയുടെ ഉറച്ച വോട്ട് ബാങ്ക്. ഇതില്‍ താക്കൂര്‍ വിഭാഗം ബി.ജെ.പിക്കൊപ്പം നിലയുറപ്പിക്കുന്ന കാഴ്ചയാണ് കിഴക്കന്‍ യു.പിയില്‍ യോഗി മുഖ്യമന്ത്രിയായ ശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ പ്രകടമായത്. എന്നാല്‍ ഫുല്‍പൂരിലും ഗോരഖ്പൂരിലും ബി.ജെ.പിക്ക് പരാജയം ഉറപ്പ്‌വരുത്തുന്നതില്‍ ബ്രാന്മണര്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. എസ്.പി സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യാന്‍ അവര്‍ തയ്യാറായില്ലെങ്കിലും ബി. ജെ.പിയോടുള്ള എതിര്‍പ്പ് വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നാണ് പ്രകടമാക്കിയത്. ഇതിന്റെ ഫലമായി ഇരു മണലങ്ങളിലും വോട്ടിങ് ശതമാനത്തില്‍ ഗണ്യമായ കുറവ്‌വന്നു. ഇത് ബി.ജെ പിയുടെ പരാജയം ഉറപ്പുവരുത്തുന്നതില്‍ സഹായമാവുകയും ചെയ്തു. കിഴക്കന്‍ യു.പിയെ താരതമ്യം ചെയ്യുമ്പോള്‍ ബ്രാഹ്മണ വോട്ടുകള്‍ പടിഞ്ഞാറന്‍ യു.പിയില്‍ തുലോം കുറവാണ്. എങ്കിലും 20172014 തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെ ക്ലീന്‍ സ്വീപ്പില്‍ ഇത് സഹായകരമായിരുന്നു. പക്ഷേ ഖൈറാന, നൂര്‍പൂര്‍ ഉപതെരഞ്ഞെടുപ്പുകളില്‍ ബ്രാഹ്മണ വോട്ടര്‍മാരെ പോളിങ് സ്റ്റേഷനുകളില്‍ കണ്ടതേ ഇല്ല. പകരം അവര്‍ വോട്ടെടുപ്പ് ദിനത്തില്‍ സ്വവസതികളില്‍ തന്നെ തങ്ങി. ഫലത്തില്‍ പോളിങില്‍ 10 ശതമാനത്തിന്റെ കുറവ് വരാന്‍ ഇതും കാരണമായി.
5 .ജാതവ വോട്ടര്‍മാരില്‍ ചെറിയ ശതമാനം 2014ലും 2017 ലും ബി.ജെ.പിയെയാണ് പിന്തുണച്ചിരുന്നത്. എങ്കിലും ബഹുഭൂരിപക്ഷവും ബി.എസ്.പിക്ക് ഒപ്പമായിരുന്നു. ഫുല്‍പൂരിലും ഗോരഖ്പൂരിലും മായാവതി എസ്.പിക്ക് പിന്തുണ പ്രഖ്യാപിച്ചു. എന്നാല്‍ ഖൈറാനിയിലും നൂര്‍പൂരിലും പരസ്യ പിന്തുണ പ്രഖ്യാപിച്ചില്ലെങ്കിലും പ്രവര്‍ത്തകരോട് വിശാല സഖ്യത്തിനൊപ്പം നില്‍ക്കാന്‍ സിഗ്‌നല്‍ നല്‍കി. ഇത് ജാതവ ദലിത് വോട്ടുകളെ ബി.ജെ.പിക്ക് എതിരാക്കി. ഇതിന്റെയെല്ലാം പരിണിത ഫലമായി പടിഞ്ഞാറന്‍ യു.പിയില്‍ ദൃഢമല്ലെങ്കിലും ഒരിക്കല്‍കൂടി ദലിത് – മുസ്‌ലിം ഐക്യമെന്നത് ഫലത്തില്‍ പ്രാവര്‍ത്തികമായി.
6. യു.പിയിലെ 22 കോടി വരുന്ന ജനസംഖ്യയില്‍ 18 ശതമാനമാണ് മുസ്‌ലിംകള്‍. 2014ല്‍ ബി. ജെ.പി 80ല്‍ 72 ലോക്‌സഭാസീറ്റുകള്‍ നേടിയപ്പോള്‍ പേരിന് പോലും ഒരു മുസ്‌ലിം എം.പി യു.പിയില്‍ നിന്നുണ്ടായില്ല. ഖൈറാനയില്‍ വിശാല സഖ്യത്തിന്റ കീഴില്‍ ആര്‍.എല്‍.ഡി സ്ഥാനാര്‍ത്ഥിയായി തബസ്സും ഹസന്‍ വിജയിച്ചപ്പോള്‍ സംസ്ഥാനത്തുനിന്നും നിലവിലെ ലോക്‌സഭയില്‍ ആദ്യ മുസ് ലിം എം.പികൂടിയായി അത് മാറി. ഇത് മുസ്‌ലിംകളെ കൂടുതല്‍ വിശാല സഖ്യത്തിലേക്കെത്തിക്കാന്‍ സഹായകരമാവും.

chandrika: