X

രാഷ്ട്ര തന്ത്രജ്ഞനായ അഹമ്മദ് കുരിക്കള്‍

 

പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍

രാഷ്ട്രീയക്കാരന്‍ അടുത്ത തെരഞ്ഞെടുപ്പിനെക്കുറിച്ചും രാഷ്ട്രതന്ത്രജ്ഞന്‍ അടുത്ത തലമുറയെക്കുറിച്ചും ചിന്തിക്കും എന്ന പ്രയോഗം നമ്മുടെ രാഷ്ട്രീയ മണ്ഡലത്തിലെ വ്യക്തികളെ അളക്കാവുന്ന അളവുകോലാക്കിയാല്‍ മുസ്‌ലിം ലീഗ് നേതാവ് എം.പി.എം അഹമ്മദ് കുരിക്കള്‍ എന്ന ബാപ്പു കുരിക്കള്‍ ഒരു രാഷ്ട്രതന്ത്രജ്ഞനായിരുന്നു. ഹ്രസ്വകാലം മാത്രം അധികാര പദവിയില്‍ ഇരുന്ന് നാല്‍പ്പത്തി എട്ടാം വയസില്‍ ലോകത്തോട് വിടപറയുമ്പോള്‍ ബാപ്പു കുരിക്കള്‍ ബാക്കിവെച്ചത് അടുത്ത തലമുറക്ക് വേണ്ടിയുള്ള കാഴ്ചകളും കാഴ്ചപ്പാടുകളുമായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ പോരാട്ടങ്ങളുടെ ചരിത്രത്തില്‍ രക്തഗന്ധമുള്ള ഏറനാടിന്റെ ആസ്ഥാനമായ മഞ്ചേരിയില്‍ മലബാറിലെ ഏറെ പുരാതനവും പ്രശസ്തവുമായ കുരിക്കള്‍ കുടുംബത്തിലാണ് അഹമ്മദ് കുരിക്കളുടെ ജനനം. പിതാവ് ഖാന്‍ ബഹദൂര്‍ മൊയ്തീന്‍കുട്ടി കുരിക്കള്‍ പൗര പ്രമാണിയും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്നു. മുപ്പതുകളുടെ അവസാനത്തില്‍ മുസ്‌ലിംലീഗ് മലബാറില്‍ പ്രവര്‍ത്തനം ആരംഭിച്ച കാലത്ത് തന്നെ ഏറനാട്ടിലും പ്രവര്‍ത്തനം സജീവമായി. മുസ്‌ലിംലീഗ് പ്രവര്‍ത്തനത്തിന് സഹായ സഹകരണങ്ങള്‍ നിര്‍ലോഭം ചെയ്തുകൊടുത്തു മൊയ്തീന്‍കുട്ടി കുരിക്കള്‍. അക്കാലത്ത് മുസ്‌ലിംലീഗ് കെട്ടിപ്പടുക്കാന്‍ ഏറനാട്ടില്‍ മുന്‍പന്തിയിലുണ്ടായിരുന്നവരില്‍ പ്രധാനിയായിരുന്നു ബാപ്പുകുരിക്കളുടെ പിതൃ സഹോദര പുത്രനായ എം.പി.എം ഹസ്സന്‍കുട്ടി കുരിക്കള്‍.
കേരളപ്പിറവിക്ക് മുമ്പ് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന കാലത്ത് മലബാര്‍ ജില്ലയില്‍ മലപ്പുറം നിയമസഭാംഗമായിരുന്ന കൊയപ്പത്തൊടി അഹമ്മദ്കുട്ടി ഹാജിയുടെ വിയോഗാനന്തരം 1950 ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥിയാകാന്‍ ആര്‍ക്കും ധൈര്യമില്ലാത്ത അക്കാലത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ ത്യാഗസന്നദ്ധനായി മുന്നോട്ടുവന്നത് ഹസ്സന്‍കുട്ടി കുരിക്കളായിരുന്നു. കെ.പി.സി.സി മെമ്പറും ഡിസ്ട്രിക്ട് ബോര്‍ഡ് മെമ്പറും ആയിരുന്ന ബാപ്പുകുരിക്കള്‍ അന്‍പതുകളുടെ ആദ്യത്തില്‍ മുസ്‌ലിംലീഗില്‍ സജീവമായി.
കേരളപ്പിറവിക്ക് ശേഷം 1957ലെ ആദ്യ നിയമസഭാതെരഞ്ഞെടുപ്പിലും 60 ലെ തെരഞ്ഞെടുപ്പിലും കൊണ്ടോട്ടിയില്‍നിന്നും മത്സരിച്ച് നിയമസഭാംഗമായ ബാപ്പു കുരിക്കള്‍ 1965ലും 1967ലും മലപ്പുറത്ത് നിന്ന് വിജയിച്ചു. കേരളത്തില്‍ മുസ്‌ലിംലീഗിന് ആദ്യമായി കിട്ടിയ രണ്ട് മന്ത്രിമാരില്‍ സി.എച്ചിനൊപ്പം ബാപ്പു കുരിക്കളും സത്യപ്രതിജ്ഞ ചെയ്തു. 1968 ല്‍ കോഴിക്കോട് ചേരമാന്‍ പെരുമാള്‍ നഗരിയില്‍ നടന്ന മുസ്‌ലിംലീഗ് സംസ്ഥാന സമ്മേളനത്തിന് വളണ്ടിയര്‍ യൂണിഫോം അണിഞ്ഞ് മഞ്ചേരിയില്‍നിന്നും പ്രവര്‍ത്തകര്‍ക്കൊപ്പം ലോറിയിലാണ് കുരിക്കള്‍ എത്തിയത്. ഈ സമ്മേളനത്തിലാണ് മലപ്പുറം ജില്ലാ രൂപീകരണ പ്രമേയം മുസ്‌ലിംലീഗ് അവതരിപ്പിച്ചത്. പ്രമേയം വിശദീകരിച്ച് സി.എച്ച് പ്രസംഗം അവസാനിപ്പിച്ചപ്പോള്‍ ഇങ്ങിനെ പറഞ്ഞു. ജില്ലയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ബാപ്പു കുരിക്കള്‍ പറയുന്നതാണ്. ജനലക്ഷങ്ങളെ സാക്ഷി നിര്‍ത്തി ബാപ്പു കുരിക്കള്‍ നിര്‍വഹിച്ച പ്രസംഗം ചരിത്രത്തിലെ സുപ്രധാന രേഖയാണ്. ജില്ലാ രൂപീകരണത്തിന്റെ ആവശ്യകതകള്‍ വിശദീകരിക്കാന്‍ അദ്ദേഹം കൃത്യമായ കണക്കുകളും ഈ പിന്നാക്ക പ്രദേശങ്ങളും മറ്റു പ്രദേശങ്ങളും തമ്മിലുള്ള താരതമ്യവും വിശദീകരിച്ചു. മരച്ചീനി കൃഷി മുതല്‍ ആസ്പത്രി കിടക്കകള്‍ വരെ, കേര കൃഷി മുതല്‍ കവുങ്ങ് വരെ എല്ലാറ്റിന്റെയും കണക്കുകള്‍ വിശദീകരിച്ചു. വലിയ രീതിയില്‍ ഗൃഹപാഠം നടത്തിയ ആ പ്രസംഗത്തിലൂടെ അവതരിപ്പിച്ച പ്രമേയം ജനങ്ങള്‍ ഏറ്റെടുത്തു. ജില്ല ഒരു ജനകീയ വികാരമായി മാറി.
1960ല്‍ ജില്ലക്ക് വേണ്ടി ആദ്യമായി നിയമസഭയില്‍ ശബ്ദിച്ച മങ്കട എം.എല്‍.എ ആയിരുന്ന ആലങ്കോട് അബ്ദുല്‍ മജീദ് സാഹിബ്, ബാപ്പു കുരിക്കള്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ പോകുന്നതിനു മുമ്പ് മഞ്ചേരി സഭാഹാളില്‍ ഏറനാട് താലൂക്ക് മുസ്‌ലിം ലീഗ് കമ്മിറ്റി നല്‍കിയ യാത്രയയപ്പില്‍ ജില്ലയെക്കുറിച്ച് ശേഖരിച്ച വിവരങ്ങള്‍ അടങ്ങിയ രേഖ ബാപ്പു കുരിക്കള്‍ക്ക് കൈമാറിക്കൊണ്ട് പറഞ്ഞു. ബാപ്പു, ജില്ലയേയും കൊണ്ടേ മടങ്ങാവു. 1967 ലെ തെരഞ്ഞെടുപ്പിന് മുമ്പേ സപ്തകക്ഷി മുന്നണി ചര്‍ച്ചയില്‍ മുസ്‌ലിം ലീഗ് ഉന്നയിച്ച ആവശ്യങ്ങള്‍ സമയോചിതമായി നടപ്പിലാക്കുമെന്ന് ഇ.എം.എസ് നമ്പൂതിരിപ്പാട് വാക്ക് നല്‍കിയിരുന്നു.
തെരഞ്ഞെടുപ്പിന് ശേഷം സപ്തകക്ഷിയിലും മന്ത്രിസഭയിലും മുസ്‌ലിംലീഗ് നേതാക്കള്‍ ജില്ലയെക്കുറിച്ച് പറയുമ്പോള്‍ കൂടെ നില്‍ക്കാന്‍ മറ്റാരും ഉണ്ടായിരുന്നില്ല. എതിര്‍പ്പുകള്‍ മാത്രം ഉയര്‍ന്നുവന്നു. താനൂര്‍ കടല്‍തീരത്ത് പാക്കിസ്താന്റെ കപ്പല്‍ എത്തും എന്നുപോലും പ്രചരിപ്പിച്ചു ജില്ലാ വിരുദ്ധര്‍. അത്തരം വ്യാജ വാദങ്ങളെയൊക്കെ തട്ടിത്തെറിപ്പിച്ച് സി.എച്ചും ബാപ്പു കുരിക്കളും ജില്ല പിടിച്ചുവാങ്ങി. മുസ്‌ലിംലീഗിലെ രണ്ടു മന്ത്രിമാരുടെ തന്ത്രങ്ങള്‍ക്ക് മറുതന്ത്രം പ്രയോഗിക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു എന്ന് പില്‍ക്കാലത്ത് ഇ.എം.എസ് എഴുതി. സമൂഹത്തോടും സമുദായത്തോടും അത്രമാത്രം പ്രതിബദ്ധതയും ആത്മാര്‍ത്ഥയും ആ മന്ത്രിമാര്‍ക്ക് (സി.എച്ചിനും കുരിക്കള്‍ക്കും) ഉണ്ടായിരുന്നു. ആ സാഹചര്യത്തില്‍ സി.പി.ഐ(എം) ജില്ലയെ എതിര്‍ത്തിരുന്നുവെങ്കില്‍ പാര്‍ട്ടിയെക്കുറിച്ച് തെറ്റായ ധാരണ പടരാന്‍ കാരണമാവുമായിരുന്നുവെന്നും ഇ.എം.എസ് എഴുതി. 1969 ജൂണ്‍ 16 ന് ജില്ലയുടെ പിറവിക്കുമുമ്പ് 1968 ഒക്ടോബര്‍ 24 ന് ബാപ്പു കുരിക്കള്‍ വിടവാങ്ങി. പതിനായിരം പറ നെല്ല് പാട്ടമായി ലഭിച്ചിരുന്ന ജന്മി കുടുംബത്തില്‍ പിറന്ന ബാപ്പു കുരിക്കള്‍ക്ക് ഭൂപരിഷ്‌ക്കരണ നിയമത്തിനുവേണ്ടി വാദിക്കാന്‍ പ്രചോദനമായത് സമൂഹത്തോടുള്ള പ്രതിബദ്ധതയാണ്. അധികാരം, തറവാട്, വിദ്യാഭ്യാസം, സമ്പത്ത് എല്ലാം ഉണ്ടായപ്പോഴും സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുകയും അവരില്‍ ഒരാളായി ജീവിക്കുകയും ചെയ്തു അദ്ദേഹം. മദ്രാസ് അസംബ്ലിയില്‍ മലബാറിലെ കുടിയാന്മാര്‍ക്കുവേണ്ടി വാദിച്ച കോട്ടാല്‍ ജന്മി തറവാട്ടിലെ ഉപ്പി സാഹിബിനെ പോലെ ഭൂ പരിഷ്‌കരണ നിയമത്തില്‍ കശുവണ്ടി തോട്ടങ്ങള്‍ ഭൂപരിധിയില്‍ നിന്നും ഒഴിവാക്കിയ സെലക്ട് കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ ആയിരക്കണക്കിന് ഏക്കര്‍ കശുവണ്ടി തോട്ടമുള്ള കുടുംബാംഗമായിരുന്ന ബാപ്പു കുരിക്കള്‍ വാദിച്ചു. എ.കെ.ജി യുടെ നേതൃത്വത്തില്‍ മലബാറില്‍ നടത്തിയ പട്ടിണി ജാഥക്ക് മഞ്ചേരിയില്‍ സ്വീകരണമൊരുക്കാനും നേതൃത്വം നല്‍കിയത് ജന്മി തറവാടിന്റെ സൗകര്യമുള്ള ബാപ്പു കുരിക്കള്‍ തന്നെയായിരുന്നു.
മന്ത്രിയായിരിക്കുമ്പോഴും നാട്ടുകാരുടെ ചുമലില്‍ കൈയിട്ട് നടന്ന ബാപ്പു കുരിക്കള്‍ സാധാരണക്കാരുടെ അത്താണിയായി. അതുകൊണ്ടാണ് അനന്തപുരിയിലെ ഭരണ സിരാകേന്ദ്രത്തിന്റെ പരമാധികാരം സാധാരണ ജനങ്ങളിലെത്തുന്നതിനുള്ള നടപടിയുണ്ടായ അധികാരവികേന്ദ്രീകരണത്തിനായി പഞ്ചായത്തീരാജ് ബില്ലും മത്സ്യ തൊഴിലാളികളുടെ ജീവിതത്തിന് സുരക്ഷിതത്വം നല്‍കുന്ന ഫിഷറീസ് മാസ്റ്റര്‍പ്ലാനും ബാപ്പു കുരിക്കളുടെ പ്രധാന സംഭാവനയായി മാറിയത്.
ദരിദ്ര പിന്നാക്കക്കാരായ കടലോര മക്കള്‍ക്ക് അദ്ദേഹത്തോടുള്ള സ്‌നേഹം വിവരണാതീതമാണ്. ബാപ്പു കുരിക്കള്‍ മരിച്ച വാര്‍ത്ത കേട്ട് ജനാസ കാണാന്‍ വന്ന് വിതുമ്പിയ കടലോരമേഖലയിലെ മത്സ്യതൊഴിലാളികള്‍ ധാരാളമുണ്ട്. ബാപ്പു കുരിക്കള്‍ അവതരിപ്പിച്ച പഞ്ചായത്തീരാജ് ബില്ലില്‍ ജില്ലയുടെ അധികാരി തെരഞ്ഞെടുത്ത ജനപ്രതിനിധിയാണ്. എന്നാല്‍ ഇന്ന് ജില്ലയിലെ പൂര്‍ണ്ണാധികാരം ജനപ്രതിനിധിക്കല്ല. കാരണം ജില്ലാപഞ്ചായത്ത് അധികാര പരിധിയില്‍ മുനിസിപ്പാലിറ്റികള്‍ ഉള്‍ക്കൊള്ളുന്നില്ല. ഇവിടെയാണ് ബാപ്പു കുരിക്കളുടെ പഞ്ചായത്തീരാജ് ബില്ലിന്റെ പ്രസക്തി. മാപ്പിള സാഹിത്യ പരിപോഷണത്തിനായി മുന്നിട്ടിറങ്ങാനും ബാപ്പു കുരിക്കള്‍ക്ക് സാധിച്ചു. മാപ്പിളപ്പാട്ട് രചനയില്‍ തല്‍പ്പരനായിരുന്നു. കവി പി. ടി ബീരാന്‍കുട്ടി മൗലവിയുടെ വിയോഗാനന്തരം ബാപ്പു കുരിക്കള്‍ രചിച്ച സ്മരണ ഗാനം ഏറെ പ്രചാരം നേടി. മാപ്പിള സാഹിത്യ രംഗത്തെ പരിപോഷണം വെച്ച് പൂക്കോയ തങ്ങളുടെയും ബാപ്പു കുരിക്കളുടെയും നേതൃത്വത്തില്‍ ഒരു സമിതി രൂപീകരിച്ചിരുന്നു. ചാക്കീരി അഹമ്മദ് കുട്ടി സാഹിബ്, പി.ടി ബീരാന്‍കുട്ടി മൗലവി, സി.എന്‍ അഹമ്മദ് മൗലവി, നീലാമ്പ്ര മരക്കാര്‍ ഹാജി തുടങ്ങിയവര്‍ അംഗങ്ങളായ സമിതിയുടെ സ്വപ്‌നമായിരുന്ന മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകം പില്‍ക്കാലത്ത് യാഥാര്‍ത്ഥ്യമായി.
മുസ്‌ലിംലീഗിന്റെ യുവജന വിഭാഗം മുസ്‌ലിം യൂത്ത്‌ലീഗ് രൂപീകരിക്കാന്‍ നേതാക്കള്‍ക്ക് പ്രചോദനമായത് അറുപതുകളുടെ മധ്യത്തില്‍ കോഴിക്കോട് ഹിമായത്തുല്‍ ഇസ്‌ലാം മദ്രസാ ഹാളില്‍ ചേര്‍ന്ന മുസ്‌ലിംലീഗ് പരിപാടിയില്‍ ബാപ്പു കുരിക്കള്‍ നടത്തിയ പ്രസംഗമാണ്. യുവജന വിഭാഗത്തിന് ഒരു സംഘടന ആവശ്യമാണെന്ന കാര്യം നേതാക്കളുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ആ പ്രസംഗത്തിലൂടെ ബാപ്പുകുരിക്കള്‍ക്ക് സാധിച്ചു. അറബി, ഉര്‍ദു ഭാഷകളുടെ പരിപോഷണത്തിന് വേണ്ടിയും അദ്ദേഹം പരിശ്രമിച്ചു. ഏറനാടിന്റ അലിഗഡ് എന്ന് വിശേഷിപ്പിക്കുന്ന മമ്പാട് കോളജിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതും പൂക്കോയ തങ്ങളും ബാപ്പു കുരിക്കളും അടങ്ങുന്ന ഏറനാട് താലൂക്ക് മുസ്‌ലിംലീഗ് ആയിരുന്നു. 1967ല്‍ ബാപ്പു കുരിക്കള്‍ മന്ത്രിയാകുന്നതുവരെ അദ്ദേഹം കോളജ് കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്നു. പില്‍ക്കാലത്ത് കോളജ് എം.ഇ.എസിന് ഉത്തരവാദിത്തം ഏല്‍പ്പിച്ചു. സി.എച്ചിന്റെ ധിഷണയും ബാപ്പു കുരിക്കളുടെ ധീരതയും തന്ത്രജ്ഞതയും ഒത്തുചേര്‍ന്ന കാലത്തിന്റെ അടയാളമാണ് മലബാറിന്റെ വികസന കുതിപ്പിന്റെ സ്റ്റാര്‍ട്ടിങ് പോയിന്റ്.

chandrika: