X

ഭക്തിയും വിനോദവും സമന്വയിച്ച സംസ്‌കാരം

പി. മുഹമ്മദ് കുട്ടശ്ശേരി

ഭൗതിക ജീവിതത്തിലെ കളിയും തമാശയും വിനോദവും സന്തോഷ പ്രകടനങ്ങളും സുഖാസ്വാദനങ്ങളുമെല്ലാം എത്രകണ്ടു ത്യജിക്കുന്നുവോ അത്രകണ്ട് ദൈവവുമായി അടുത്ത് മരണാനന്തരം ശാശ്വത സൗഭാഗ്യത്തിനര്‍ഹത നേടുമെന്ന് ചിലര്‍ ധരിക്കുന്നു. ഇതാണ് മതമെന്ന ധാരണ എത്രയാണ് വിനോദ പ്രേമികളായ ആധുനിക തലമുറയെ തെറ്റിദ്ധാരണയില്‍ വീഴ്ത്തി മത ചിന്തയില്‍ നിന്നകറ്റി നിര്‍ത്തുന്നത്. യഥാര്‍ത്ഥത്തില്‍ മനുഷ്യന് പ്രത്യക്ഷമായോ പരോക്ഷമായോ ഏതെങ്കിലും തരത്തില്‍ ദോഷം ചെയ്യുന്നത് മാത്രമേ ദൈവം നിരോധിക്കുന്നുള്ളുവെന്ന് ഖുര്‍ആന്‍ അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു. ‘ദൈവം അവന്റെ ദാസന്മാരായ മനുഷ്യര്‍ക്ക് അനുവദിച്ചുകൊടുത്ത അലങ്കാരത്തെയും നല്ല ആഹാരത്തെയും ആരാണ് നിരോധിക്കുന്നത്. പറയുക: അവ വിശ്വാസികള്‍ക്ക് ഈ ഭൗതിക ജീവിതത്തില്‍ അനുഭവിക്കാനുള്ളതാണ്. മരണാനന്തര ജീവിതത്തില്‍ അവര്‍ക്ക് മാത്രവുമായിരിക്കും’. ‘നല്ലതെല്ലാം അവര്‍ നിങ്ങള്‍ക്ക് അനുവദിക്കുന്നു; ചീത്തയായത് നിരോധിക്കുകയും ചെയ്യുന്നു’. ഈ ഭൗതിക ജീവിതത്തില്‍ ആഹ്ലാദജന്യമായ എന്തെല്ലാം കാര്യങ്ങളുണ്ട്. രുചികരമായ ആഹാരം, വൃത്തിയും ഭംഗിയും സൗകര്യങ്ങളുമുള്ള വീട്, നല്ല വസ്ത്രങ്ങള്‍- ഇവയെല്ലാം ഭക്തി ചിന്തക്കെതിരാണെന്ന ധാരണ എത്ര അപകരമാണ്. ദൈവം മനുഷ്യന് നല്‍കിയ അനുഗ്രഹങ്ങള്‍ അവന്റെ ജീവിതത്തില്‍ പ്രകടമാകുന്നത് അവനുള്ള നന്ദിപ്രകടനമായി കാണണം. അതേ അവസരം സാമ്പത്തിക സൗകര്യങ്ങള്‍ ലഭിച്ചവര്‍ പാവങ്ങളോടുള്ള കടമകള്‍ വിസ്മരിക്കുമ്പോള്‍ അത് ദൈവത്തോട് കാണിക്കുന്ന നന്ദികേടായി കണക്കാക്കുന്നു.
മനുഷ്യ മനസ്സ് സദാ സന്തോഷവും പ്രസന്നതയും നിറഞ്ഞതായിരിക്കണം. ജീവിതത്തില്‍ ദുഃഖവും വേദനയും നിരാശയും സൃഷ്ടിക്കുന്ന എന്തെല്ലാം അവസ്ഥകള്‍ മനുഷ്യനെ അഭിമുഖീകരിക്കാറുണ്ട്. ദൈവം വ്യവസ്ഥപ്പെടുത്തിയ ഈ പ്രകൃതിയില്‍ വെളിച്ചവും ഇരുട്ടും, മന്ദമാരുതനും കൊടുങ്കാറ്റും, അത്യഷ്ണവും അതിവൃഷ്ടിയുമെല്ലാം ഉണ്ടാകും. അതുപോലെ മനുഷ്യ ജീവിതത്തിലും സന്തോഷിപ്പിക്കുന്നത് മാത്രമേ സംഭവിക്കാന്‍ പാടുള്ളു എന്ന് ആരും കൊതിച്ചിട്ട് കാര്യമില്ല. പ്രവാചകന്‍ ജീവിതത്തില്‍ എന്തെല്ലാം പ്രയാസങ്ങള്‍ അനുഭവിച്ചു. എന്നിട്ടും അദ്ദേഹം എത്ര സന്തുഷ്ടനായിരുന്നു. തിരുമേനി ചിരിച്ച സന്ദര്‍ഭങ്ങള്‍ മാത്രം വിവരിക്കുന്ന ഗ്രന്ഥങ്ങളുണ്ട്. സദാ ശുഭപ്രതീക്ഷ എന്നതായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. ജീവിതത്തില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് സ്ത്രീകളും സുഗന്ധദ്രവ്യങ്ങളുമാണെന്ന് അനുയായികളോട് തുറന്നുപറയുന്നതില്‍ അദ്ദേഹം ഒരു മടിയും കാണിച്ചില്ല. തനിക്ക് ഏറ്റവും അധികം ഇഷ്ടപ്പെട്ട വ്യക്തി ആഇശ (റ) ആണെന്നും അദ്ദേഹം വ്യക്തമാക്കി. അതേ അവസരം തന്റെ ഏറ്റവും വലിയ മനഃകുളിര്‍മ നമസ്‌കാരത്തിലാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. സ്വന്തം ഇണയുമൊത്ത് കാമലീലകളിലേര്‍പ്പെടുമ്പോഴും അതില്‍ പുണ്യം ദര്‍ശിക്കണമെന്ന് പ്രവാചകന്‍ നിര്‍ദ്ദേശിക്കുന്നു. നിങ്ങളുടെ ലൈംഗികാവയവത്തിലും പുണ്യമുണ്ട് എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ അനുയായികള്‍ അത്ഭുതത്തോടെ ചോദിക്കുന്നു: ‘ഞങ്ങള്‍ വികാരശമനം നടത്തുമ്പോള്‍ അതിലും പുണ്യമോ?’ തിരുമേനിയുടെ മറുപടി ഇങ്ങനെ: ‘അതെ, തെറ്റായ മാര്‍ഗത്തിലൂടെയാണ് അത് നിര്‍വഹിക്കുന്നതെങ്കില്‍ പാപമാവുകയില്ലേ. അപ്പോള്‍ അനുവദനീയ രൂപത്തിലാകുമ്പോള്‍ പുണ്യവുമാണ്’. ഈ ദുന്‍യാവില്‍ ഈ സുഖസൗകര്യങ്ങളെല്ലാം ദൈവം സൃഷ്ടിച്ചത് മനുഷ്യന് അനുഭവിക്കാനാണ്. പക്ഷേ ‘ഹലാലും ത്വയ്യിബും’ അതായത് അനുവദനീയമായതും നല്ലതും മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു. കൂടുതല്‍ ഭക്തി നേടാന്‍ വേണ്ടി രാത്രി ഉറങ്ങാതെ പ്രാര്‍ത്ഥനയില്‍ മുഴുകുമെന്നും, എന്നും നോമ്പനുഷ്ഠിക്കുമെന്നും, ഭാര്യയുമായുള്ള ശാരീരിക ബന്ധം വര്‍ജിക്കുമെന്നും ശപഥം ചെയ്ത ചില അനുയായികളുടെ ശപഥം ലംഘിക്കാന്‍ നബി നിര്‍ബന്ധിച്ച സംഭവം ചരിത്രത്തില്‍ സുപ്രസിദ്ധമാണ്. ഇത് തന്റെ ചര്യക്ക് വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച നബി സ്രഷ്ടാവിനോടും സ്വന്തത്തോടും കുടുംബത്തോടുമുള്ള കടമകള്‍ നിര്‍വഹിക്കാന്‍ ഉപദേശിച്ചു.
മനസ്സ് സദാ ഉന്മേഷഭരിതവും ശുഭചിന്തകളും സ്വപ്‌നങ്ങളും നിറഞ്ഞതുമായിരിക്കണം. ശരീരത്തിന് ക്ഷീണവും മുഷിപ്പും ബാധിക്കുംപോലെ മനസ്സിനും തളര്‍ച്ച ബാധിക്കും. മനസ്സിന് അടിക്കടി ഉന്മേഷം നല്‍കാന്‍ പ്രായോഗിക മാര്‍ഗങ്ങള്‍ സ്വീകരിക്കണം. നല്ല മനുഷ്യരുമായി ഉള്ളുതുറന്ന് സംസാരിക്കുകയും പരസ്പരം ആശയങ്ങള്‍ കൈമാറുകയും ചെയ്യുമ്പോള്‍ മനസ്സിന് പുതുജീവന്‍ ലഭിക്കുന്നു. വര്‍ത്തമാനം പറയുന്നതിന് അറബിയില്‍ ‘ഹദീസ്’ എന്നാണ് പറയുക. ‘പുതിയത്’ എന്ന അര്‍ത്ഥത്തിനും ഈ പദം തന്നെയാണ് ഉപയോഗിക്കുക. ഉമറുബ്‌നു അബ്ദുല്‍ അസീസ് പറയുന്നു: ‘സംഭാഷണം ബുദ്ധിക്ക് പനര്‍ജീവന്‍ നല്‍കുകയും ദുഃഖം അകറ്റുകയും മനസ്സിന് ആശ്വാസമേകുകയും ചെയ്യും’. ഇബ്‌നുറൂമി രോഗശയ്യയിലായിരിക്കുമ്പോള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചവരോട് ഇപ്രകാരം പറഞ്ഞു: ‘എനിക്ക് എല്ലാറ്റിനോടും മടുപ്പ് തോന്നുന്നു. നല്ലതെല്ലാം ചീത്തയായി അനുഭവപ്പെടുന്നു. വര്‍ത്തമാനം പറയുന്നതൊഴികെ’. ശുദ്ധ മനസ്‌കരായ മനുഷ്യരുമായുള്ള സംഭാഷണം മനസിന് പരിപോഷണമാണ്.
തമാശകള്‍ക്ക് മനസ്സിന് കുളിര്‍മയേകുന്നതിന് എത്രമാത്രം ശക്തിയുണ്ട്. പ്രവാചകന്‍ പറഞ്ഞ തമാശകളെല്ലാം ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ‘ഞാന്‍ തമാശ പറയും. പക്ഷേ, സത്യമേ പറയുകയുള്ളു’- അദ്ദേഹം പ്രസ്താവിച്ചു. ആളുകളെ ചിരിപ്പിക്കാന്‍ വേണ്ടി വാസ്തവിരുദ്ധമായ കാര്യങ്ങള്‍ പടച്ചുണ്ടാക്കി പറയുന്നവര്‍ക്ക് നാശമുണ്ടാകുമെന്ന് അദ്ദേഹം താക്കീത് ചെയ്യുന്നു. ഖുര്‍ആനും പ്രവാചക വചനവും മാത്രം പോര, കവിതയും ചരിത്രവുമെല്ലാം വേണമെന്ന് ഇബ്‌നു അബ്ബാസ് പ്രസ്താവിച്ചു. പൂര്‍വികരായ പണ്ഡിതന്മാരുടെ തമാശകള്‍ പലതും ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം ശഅബിയോട് ഒരാള്‍ ചോദിച്ചു: ‘ഇബ്‌ലീസിന്റെ ഭാര്യയുടെ പേര് എന്താണ്?’
ശഅബി: ‘ഞാന്‍ ആ കല്യാണത്തില്‍ പങ്കെടുത്തിട്ടില്ല’
ഖാസി അബൂയൂസുഫിനെ സന്ദര്‍ശിച്ച ഒരാള്‍ ഒന്നുംമിണ്ടാതെ മൗനിയായി ഇരിക്കുന്നു.
ശഅബി: ‘എന്താ താങ്കള്‍ ഒന്നും മിണ്ടാതെ’. ഉടനെ അയാളുടെ ചോദ്യം: ‘എപ്പോഴാണ് നോമ്പ് തുറക്കുക’
ശഅബി: ‘സൂര്യന്‍ അസ്തമിച്ചാല്‍’.
ആഗതന്‍: ‘പാതിരാവ് വരെ സൂര്യന്‍ അസ്തമിച്ചില്ലെങ്കിലോ?’
ശഅബി: ‘നീ മൗനിയായി ഇരുന്നത് ശരിയായിരുന്നു. നിന്നെ സംസാരിപ്പിച്ച ഞാന്‍ ചെയ്തത് അബദ്ധമായി.’
ഭക്തിയും സൂക്ഷ്മതയുമുള്ള മനുഷ്യര്‍ കഥയും നോവലുമൊന്നും വായിക്കുകയില്ല എന്ന് വിശ്വസിക്കുന്ന പലരും സമൂഹത്തിലുണ്ട്.
കളികളും വിനോദങ്ങളും എത്രയാണ് മനസിന് ഉന്മേഷം പകരുന്നത്. അബുദ്ദര്‍ദാഅ് പറയുന്നു: ‘മനസ് മുഷിഞ്ഞാല്‍ അത് സ്‌നേഹം നശിപ്പിക്കും. വിദ്വേഷം വളര്‍ത്തും; രസം നഷ്ടപ്പെടുത്തും.’ പ്രവാചകന്‍ പത്‌നി ആയിശയുമായി ഓട്ടമത്സരം നടത്തിയ സംഭവം സുപരിചിതമാണല്ലോ. ഒരിക്കല്‍ അദ്ദേഹം കുട്ടികളെ വരിയില്‍ നിര്‍ത്തി ഓടി തന്റെയടുത്ത് ആദ്യമെത്തുന്നവര്‍ക്ക് സമ്മാനം വാഗ്ദാനം ചെയ്യുന്നു. അവര്‍ ഓടി ചിലര്‍ നബിയുടെ പുറത്തു കയറി മറ്റു ചിലരെ നബി അണച്ചുപിടിച്ചു. കുട്ടികള്‍ പള്ളിക്കൂടം വിട്ടു വന്നാല്‍ അവരെ കളിക്കാന്‍ വിടാന്‍ ഇമാം ഗസ്സാലി ഉപദേശിക്കുന്നു. അവര്‍ക്ക് പഠനത്തിന്റെ ക്ഷീണം മാറട്ടെ. വീണ്ടും അവരെ പഠിക്കാന്‍ നിര്‍ബന്ധിച്ചാല്‍ അവരുടെ മനസ് ചത്തുപോകും. ജീവിതത്തോട് തന്നെ അവര്‍ക്ക് മടുപ്പ് തോന്നും’- അദ്ദേഹം താക്കീത് ചെയ്യുന്നു. കുട്ടികളെ കളിക്കാന്‍ വിടാത്ത രക്ഷിതാക്കള്‍ അവരോട് വലിയ അനീതിയാണ് കാണിക്കുന്നത്.
സ്‌പോര്‍ട്‌സും ഗെയിംസുകളുെമല്ലാം വളരെയേറെ വളരുകയും സാര്‍വത്രികമാവുകയും ചെയ്ത ഇക്കാലത്ത് ഭക്തിയുടെ പേരില്‍ അവയില്‍ നിന്ന് പുറംതിരിഞ്ഞ് നില്‍ക്കുന്നതിന് ന്യായീകരണമില്ല. കളികളിലും വിനോദങ്ങളിലും മതമൂല്യങ്ങള്‍ക്ക് നിരക്കുന്നവയും അല്ലാത്തവയും തമ്മില്‍ വേര്‍തിരിച്ചു കാണിക്കേണ്ടതുണ്ട്. കാരണം പലതിന്റെയും കൂടെ മതം അംഗീകരിക്കാത്ത അനാശാസ്യതകളുമുണ്ട്. തിന്മയുള്‍ക്കൊള്ളാത്തതും വഴിപിഴപ്പിക്കാത്തതുമായ പാട്ടും സംഗീതവും കലയുമൊന്നും മതത്തിന്റെ പേരില്‍ നിരോധിക്കാന്‍ മനുഷ്യന് അധികാരമില്ല. തികഞ്ഞ ദൈവഭക്തിയും പ്രാര്‍ത്ഥനയും കളിയും തമാശയും വിനോദവുമെല്ലാം സമഞ്ജസമായി സമ്മേളിച്ച ഒരു സംസ്‌കാരത്തിന്റെ ഉടമയാണ് വിശ്വാസി. ഐഹിക ജീവിതത്തിന്റെ ഹ്രസ്വതയും സമയത്തിന്റെ വിലയും സംബന്ധിച്ച ശരിയായ ബോധം അവനുണ്ടായിരിക്കണം.
തിരുത്ത്
ഫെബ്രുവരി 15ലെ വെള്ളിത്തെളിച്ചത്തില്‍ രണ്ടാം പേര പന്ത്രണ്ടാം വരിയില്‍ ‘അബൂദര്‍റുല്‍ ഗിഫാരിയുടെ’ എന്നത് ‘അബുദ്ദര്‍ദാഇന്റെ’ എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ.

web desk 1: