X

സാക്ഷിയുടെ ശാപം കടകംപളളിയുടെ ദൈവകോപം വരാണസിയില്‍ പ്രിയങ്കയുടെ സന്ദേശം


ലുഖ്മാന്‍ മമ്പാട്


”എനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ദൈവം ശപിക്കും”: ബി.ജെ.പി എം.പി സാക്ഷി മഹാരാജ്.
”പിണറായിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ദൈവം ചോദിക്കും”: സി.പി.എം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

മതത്തെയും ദൈവത്തെയും വോട്ടു നേടാന്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് ചട്ടം. ശബരിമലയും അയ്യപ്പനും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉപയോഗിക്കരുതെന്ന് പറഞ്ഞ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ തന്നെ അതൊരു തെരഞ്ഞെടുപ്പ് വിഷയമാക്കിയെന്ന് മറ്റൊരുകാര്യം. പ്രധാനമന്ത്രി കോഴിക്കോട്ടു വന്ന് ശബരിമല പറയാതെ പറഞ്ഞ് വോട്ടു ചോദിച്ച ശേഷം തമിഴ്‌നാട്ടില്‍ പോയി കേരളത്തില്‍ ശബരിമല പറയാന്‍പോലും പാടില്ലെന്നായിരിക്കുന്നു എന്നു പറഞ്ഞത് ലൈവ് വിട്ടതിന് പുറമെ മലയാള പത്രങ്ങളെല്ലാം വെണ്ടക്ക നിരത്തിയിരിക്കുന്നു. മറുപടി എന്ന പേരില്‍ കേരള മുഖ്യമന്ത്രി ശബരിമലയുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും വിശദീകരിക്കുന്നു.
മതവും ആചാരവും സംരക്ഷിക്കണമെന്നും തിരസ്‌കരിക്കണമെന്നും രണ്ടു പക്ഷം രാജ്യത്തുണ്ട്. രാജ്യത്തിന്റെ ഭരണഘടന ഇപ്പോള്‍ ഏതു മതവും വിശ്വാസവും ആചാരവും സ്വീകരിക്കാനും നിരാകരിക്കാനും പൗരന് അവകാശം നല്‍കുന്നുണ്ട്. ഇതു വകവെച്ചു തരുന്ന ഭരണഘടന തന്നെ മാറ്റണമെന്ന് പറയുന്നവരാണ് സി.പി.എമ്മും ബി.ജെ.പിയും. ഭരണഘടനയുടെ മൗലികമായ വ്യക്തിപരമായ വിശ്വാസ ആചാരങ്ങളെ ഇല്ലാതാക്കാന്‍ ഭരണഘടനാ ഭേതഗതിയും കൂട്ടിച്ചേര്‍ക്കലും വ്യാഖ്യാനവും സജീവ അജണ്ടയാക്കിയവരാണ് ഇരു കൂട്ടരും. ഏക സിവില്‍കോഡിനായി ആദ്യം വാദിച്ചു തുടങ്ങിയതും ഇപ്പോള്‍ ബി.ജെ.പി അതൊരു മുഖ്യ വിഷയമായെടുക്കുമ്പോള്‍ ഹിന്ദുത്വം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമെന്ന് സി.പി.എം തലയില്‍ കൈവെക്കുന്നതും നമ്മള്‍ കാണുന്നു.
മതത്തെയും ആചാരങ്ങളെയും വ്യക്തി ജീവിതവുമായി ചേര്‍ത്തു വെക്കേണ്ടതാണെന്നും രാഷ്ട്രത്തിന് പ്രത്യേകിച്ച് മതമോ ജാതിയോ വിശ്വാസമോ ഇല്ലെന്നുമാണ് നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന പ്രമാണം. അതാതു മത-ജാതികള്‍ പൊതു സമൂഹത്തിന്റെയും പൗരന്റെയും മനുഷ്യാവകാശം ധ്വംസിക്കാത്തിടത്തോളം അതില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ലെന്നതും ഇതിന്റെ തുടര്‍ച്ചയാണ്. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാമോ എന്ന ഒരു വ്യാഴവട്ടത്തിലേറെ നീണ്ട കോടതിയിലെ വാദങ്ങള്‍ക്ക് ശേഷം സംസ്ഥാന സര്‍ക്കാറിന്റെയും ദേവസ്വത്തിന്റെയും നിലപാടുകള്‍ കൂടി ചോദിച്ച് ലിംഗസമത്വത്തില്‍ ഊന്നിയാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. മുമ്പ് വി.എസ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്ങ്മൂലം തിരിച്ചു വാങ്ങി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ‘വിശ്വാസികളുടെ ആവശ്യത്തിന് മുന്‍ഗണന നല്‍കണമെന്നു’ കോടതിയെ അറിയിച്ചിരുന്നു. പിണറായി സര്‍ക്കാര്‍ അതു വാങ്ങി വി.എസ് സര്‍ക്കാറിന് കാലത്തു നല്‍കിയ ആചാരങ്ങള്‍ ലംഘിക്കപ്പെടാനുളളതാണ് എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഭാഷണത്തിന്റെ ലൈനിലുള്ള സത്യവാങ്മൂലം നല്‍കിയതും കോടതി ഉത്തരവിനെ സ്വാധീനിച്ചിട്ടുണ്ട്.
ആര്‍.എസ്.എസും സി.പി.എമ്മും ഒരുപോലെ സുപ്രീം കോടതി വിധിയെ നിരുപാധികം സ്വാഗതം ചെയ്തപ്പോള്‍ വിശ്വാസികളോടൊപ്പം എന്ന് ആദ്യം നിലപാട് സ്വീകരിച്ചത് മുസ്‌ലിംലീഗായിരുന്നു. ഏക സിവില്‍ കോഡ് ഇന്ത്യയില്‍ പ്രായോഗികമല്ലെന്നും മതങ്ങളും ജാതികളും ഉപജാതികളും ഒരു ജാതിയിലെ വ്യത്യസ്ഥ ക്ഷേത്രങ്ങളില്‍ വ്യത്യസ്ഥ ആചാരങ്ങളുമെല്ലാമുള്ള രാജ്യത്ത് ക്രിമിനല്‍ നിയമം പോലെ സിവില്‍ നിയമത്തിലെ ഏകീകരണം അസാധ്യമാണെന്ന് ഭരണഘടനാ നിര്‍മ്മാണ സഭയില്‍ അംഗമായിരുന്ന് തന്നെ മുസ്‌ലിംലീഗ് നിലപാട് സ്വീകരിച്ചതാണ്. ശബരിമലയില്‍ ആചാരലംഘനത്തിന് പൊലീസിനെ ഉപയോഗിച്ച് ശ്രമം നടത്തിയപ്പോള്‍ നിയമ നിര്‍മ്മാണത്തിലൂടെ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട യു.ഡി.എഫ് ഇക്കാര്യം ഉന്നയിച്ച് എം.പിമാരുടെ സംഘം പ്രധാനമന്ത്രിയെ വരെ കണ്ടു.
ശബരിമല സംരക്ഷണത്തിന് വോട്ടു ചോദിക്കുന്ന ബി.ജെ.പിക്കാര്‍ കേന്ദ്രത്തില്‍ അവരാണ് ഭരിച്ചിരുന്നതെന്നത് ബോധപൂര്‍വ്വം മറച്ചുപിടിക്കുന്നു. നെറ്റിപ്പട്ടം കെട്ടി എം.പിയാക്കൂ ഗുരൂവായൂര്‍ കേശവനെപ്പോലെ നിങ്ങളോടൊപ്പം ഉണ്ടാകുമെന്ന് പറയുന്ന തൃശൂരിലെ സ്ഥാനാര്‍ത്ഥി സുരേഷ്‌ഗോപി നിലവില്‍ രാജ്യസഭാ എം.പിയാണ്. എം.പിയും കേന്ദ്രമന്ത്രിയുമാണ് എറണാകുളത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി. കോഴിക്കോട്ട് പ്രധാനമന്ത്രിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയ വി മുരളീധരനും എം.പിയാണ്. തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ കുമ്മനം രാജശേഖരന്‍ ഗവര്‍ണ്ണറും രാഷ്ട്രപതിയോട് നേരിട്ട് ബന്ധപ്പെട്ട ഉന്നത സ്ഥാനീയനുമായിരുന്നു. കേന്ദ്ര ഭരണവും ഏഷ്യാനെറ്റ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെ കേരളത്തില്‍ നാലു എം.പിമാരും ഗവര്‍ണ്ണറും ഉണ്ടായിട്ടും ഒരു ഓഡിനന്‍സിലൂടെ തീര്‍ക്കാമായിരുന്ന ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കിയ ബി.ജെ.പിക്ക് സി.പി.എമ്മിന്റെ മത-ആചാര വിരുദ്ധ സമീപനത്തില്‍ നിന്ന് മറിച്ചൊരഭിപ്രായമുണ്ടെങ്കില്‍ അതു തെരഞ്ഞെടുപ്പിലെ അടവു സമീപനം മാത്രമാണ്.
ബി.ജെ.പിയും സി.പി.എമ്മും പിറക്കുന്നതിനും ഒരു വ്യാഴവട്ടം മുമ്പ് വിശ്വാസ ആചാര സംരക്ഷണം ഭരണഘടനാ നിര്‍മ്മാണ സഭയിലിരുന്ന് ഭരണഘടനയുടെ ഭാഗമാക്കിയ കോണ്‍ഗ്രസ്സിനെയും മുസ്‌ലിംലീഗിനെയും വിജയിപ്പിക്കുകയെന്നതാണ് യഥാര്‍ത്ഥ പോംവഴി.
‘നമ്മള്‍ മതത്തെ എതിര്‍ക്കുക തന്നെ വേണം. ഇതാണ് മാര്‍ക്‌സിസത്തിന്റെ എ.ബി.സി. ഒരു മാര്‍ക്‌സിസ്റ്റ് മതദ്രോഹിയായിരിക്കണം. നമ്മുടെ പരിപാടിയുടെ ഒരു അവിഭാജ്യ ഘടകമാണ് നിരീശ്വരത്ത പ്രചാരണം’ -ലെനിന്‍; ദ റിലീജ്യന്‍., മനുഷ്യനാണ് മതത്തെ സൃഷ്ടിക്കുന്നത്. അല്ലാതെ, മതം മനുഷ്യനെ സൃഷ്ടിക്കുകയല്ല ചെയ്യുന്നത്’ -മതത്തെ പറ്റി; മാക്‌സ്എംഗല്‍സ്., ‘ദൈവത്തെക്കുറിച്ചുള്ള സങ്കല്‍പത്തിന്റെ അടി ഇളക്കാതെ ആധുനിക യന്ത്ര യുഗത്തിന്റെ അത്ഭുതാവഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ മനുഷ്യന് കഴിയില്ല’ -ഇ.എം.എസ് നമ്പൂതിരിപ്പാട്; സാംസ്‌കാരിക വിപ്ലവം, മാര്‍ക്‌സിസം., ആചാരങ്ങള്‍ ലംഘിക്കാനുള്ളതാണ്. നവോത്ഥാനം സാധ്യമായതും നമ്മള്‍ ഇവിടംവരെ എത്തിയതും അങ്ങിനെയാണ്-പിണറായി വിജയന്‍. എന്നിവരുടെ ഇടതടവില്ലാത്ത മതവിരുദ്ധ സമീപനം തിരിച്ചറിയാന്‍ പ്രബുദ്ധ സമൂഹത്തിനാവും.
ശബരിമലയില്‍ മാത്രമല്ല, ശരീഅത്തിലും സി.പി.എമ്മിന്റെ നിലപാട് വിശ്വാസികളെ വെല്ലുവിളിക്കുന്നതായിരുന്നു. ശബരിമല വിവാദമായപ്പോള്‍ കഴിഞ്ഞ വര്‍ഷം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത് ഇങ്ങനെയാണ്: ‘…ശരിഅത്ത് നിയമത്തിന്റെ മറവില്‍ സ്ത്രീകളെ ഇഷ്ടംപോലെ മൊഴി ചൊല്ലി ഉപേക്ഷിക്കാനുള്ള മുസ്‌ലിം പുരുഷന്മാരുടെ സ്വേച്ഛാപരമായ സ്വാതന്ത്ര്യത്തിനെതിരെയും സി.പി.ഐ എമ്മും ഇ.എം. എസും നിലപാട് സ്വീകരിച്ചിരുന്നു. വിവാഹമോചിതകളായ മുസ്‌ലിം സ്ത്രീകള്‍ക്ക് ജീവിക്കാന്‍ വേണ്ട സംഖ്യ നല്‍കാന്‍ അവരുടെ മുന്‍ ഭര്‍ത്താക്കന്മാര്‍ക്ക് ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി വിധിച്ചു. അതിനെതിരെ യാഥാസ്ഥിതിക മുസ്‌ലിം പ്രമാണിമാര്‍ ശബ്ദമുയര്‍ത്തി. ഇന്ത്യയിലെ സിവില്‍ നിയമമല്ല, മുസ്‌ലിം സമുദായത്തിന്റേതായ ശരിഅത്ത് നിയമമാണ് തങ്ങള്‍ക്ക് ബാധകം എന്നവര്‍ വാദിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ സംഘടിപ്പിച്ച പ്രക്ഷോഭത്തിന് കീഴ്‌പ്പെട്ട് രാജീവ്ഗാന്ധിയുടെ ഗവണ്‍മെന്റ് ഒരു പുതിയ നിയമം പാര്‍ലമെന്റില്‍ പാസാക്കി. ഇതിനെതിരെ സ്ത്രീകളും പുരോഗമനവാദികളായ പുരുഷന്മാരുമടക്കം മുസ്‌ലിം സമുദായത്തിലെ ഒരു വിഭാഗം പ്രതിഷേധ ശബ്ദമുയര്‍ത്തിയപ്പോള്‍ സി.പി.ഐ എം അവര്‍ക്കൊപ്പമാണ്‌നിന്നത്. ഇത്തരം വസ്തുതകള്‍ മനസിലാക്കാന്‍ വിമര്‍ശകര്‍ തയ്യാറാവണം…’.
‘നാലു പെണ്ണുകെട്ടുന്ന ഏര്‍പ്പാട് തെമ്മാടിത്തമാണ്, മുത്തുനബിയല്ല അള്ളാ പറഞ്ഞാലും അത് അനുവദിക്കില്ല’ എന്ന് ഇ.എം.എസ് വ്യക്തമാക്കിയ നയം ശബരിമലയില്‍ കോടിയേരിയും പറഞ്ഞതാണ്: ‘സ്ത്രീവിവേചനം എല്ലാ മേഖലയില്‍നിന്നും അവസാനിപ്പിക്കുന്നതിന് സഹായകമായ വിധിയാണ് ശബരിമല സ്ത്രീ പ്രവേശന കേസില്‍ സുപ്രീംകോടതി പ്രഖ്യാപിച്ചത്. സ്ത്രീകളെ വിവേചനത്തോടെ കാണുന്നതും വിവിധ മേഖലകളില്‍നിന്ന് മാറ്റിനിര്‍ത്തുന്നതുമായ സമീപനത്തിനെതിരായ ശ്രദ്ധേയമായ വിധിന്യായമാണ് സുപ്രീംകോടതിയുടേത്. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഇത് സംബന്ധിച്ച് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതാണ്. ഇതില്‍ എല്‍.ഡി.എഫിന്റെ നിലപാട് വ്യക്തമാക്കിയതാണ്. ഈ നിലപാടിന് അനുസൃതമായ വിധിയാണ് സുപ്രീംകോടതിയില്‍നിന്ന് ഉണ്ടായിരിക്കുന്നത്. വിധി നടപ്പിലാക്കുന്നതിന് ആവശ്യമായ പ്രായോഗിക നടപടികള്‍ ദേവസ്വം ബോര്‍ഡ് ആലോചിച്ച് നടപ്പിലാക്കാണ്ടതുണ്ട്.’ എന്ന കോടിയേരിയുടെ എഫ്.ബി കുറിപ്പിന് പുറമെ ദേശാഭിമാനിയില്‍ ‘സ്ത്രീകളെ ശബരിമലയില്‍ കൊണ്ടുപോകാനും വരാനും സി.പി.ഐ.എം ഇടപെടില്ല… ഈ വിധിയില്‍ പതറുകയല്ല വിധി നടപ്പാക്കാനുള്ള ഇച്ഛാശക്തിയാണ് വേണ്ടത്. ഇതാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത്’ (കൊടിയേരി ബാലകൃഷ്ണ്‍; ദേശാഭിമാനി 2018 ഒക്ടോബര്‍ 5).
സുപ്രീംകോടതി വിധിയെ ആദ്യം സ്വാഗതം ചെയ്ത സി.പി.എമ്മും ബി.ജെ.പിയും പിന്നീട് വിരുദ്ധ നിലപാട് സ്വീകരിച്ച് ഒത്തുകളിയിലൂടെ ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കിയത് കേരളീയ സമൂഹം വേദനയോടെയാണ് നോക്കിക്കണ്ടത്. പ്രധാനമന്ത്രി മോദിജിയുടെ നിര്‍ദേശ പ്രകാരമാണ് ശബരിമലയില്‍ 144 പ്രഖ്യാപിച്ചതെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വെളിപ്പെടുത്തിയത് സി.പി.എം-ബി.ജെ.പി ഒത്തുകളിയുടെ ആഴം വ്യക്തമാക്കുന്നതാണ്. മതത്തെയും ജാതിയെയും വോട്ടു ബാങ്ക് രാഷ്ട്രീയത്തിന് മറയില്ലാതെ ഉപയോഗിക്കുന്ന ബി.ജെ.പിയുടെ അതേപാതയില്‍ സി.പി.എമ്മും നീങ്ങിയപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണം കേരളത്തിലും എല്ലാ സീമയും ലംഘിക്കുന്നു.
സി.പി.എമ്മും ബി.ജെ.പിയും രണ്ടു വ്യത്യസ്ഥ പാര്‍ട്ടികളാണെന്ന് തെരഞ്ഞെടുപ്പ് വരുന്നത് വരെ ധരിച്ചിരുന്നത്. എന്നാല്‍, കോണ്‍ഗ്രസ്സ് അധ്യക്ഷനും യു.പി.എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തിയതോടെ ആ ധാരണയാകെ മാറിയിരിക്കുന്നു. അഞ്ചു വര്‍ഷം ഇന്ത്യ ഭരിച്ച് എല്ലാ മേഖലയെയും തകര്‍ത്ത് രാജ്യത്തെ കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിയിട്ട, കാര്‍ഷിക വരുമാനം ഇരട്ടിയാക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന് അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യന്‍ കാര്‍ഷികരംഗം തകര്‍ത്ത് തരിപ്പണമാക്കിയമോദിക്ക് എതിരെ സമരം ചെയ്ത് മോദി കോഴിക്കോട്ടെത്തുന്ന ദിവസം ആയിരക്കണക്കിന് കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിച്ച നരേന്ദ്ര മോദിയെ രക്ഷപ്പെടുത്താന്‍ ഇതുവരെ പ്രധാനമന്ത്രിയോ മുഖ്യമന്ത്രി ആവാത്ത രാഹുല്‍ഗാന്ധി എം.പിക്ക് എതിരെ വയനാട്ടില്‍ കര്‍ഷക റാലി സംഘടിപ്പിക്കുന്ന സി.പി.എം സംഘപരിവാറിന്റെ ക്വാട്ടേഷനാണ് നടപ്പാക്കുന്നതെന്ന് വിശ്വസിക്കാന്‍ പ്രയാസമുള്ളവരോട് അന്നത്തെ ഒരു സംഭവം കൂടി ഉണര്‍ത്താം. സി.പി.എം രാഹുലിന് എതിരെ വയനാട്ടില്‍ കര്‍ഷക റാലി നടത്തുന്ന അതേസമയത്ത് മോദിയെ പ്രതിഷേധം അറിയിക്കാന്‍ എത്തിയ
പോസ്റ്റര്‍ പ്രചാരണത്തിന് ശേഷം പൊതുയോഗം സംഘടിപ്പിക്കാനൊരുങ്ങിയ കിസാന്‍ മഹാസംഘ് പ്രവര്‍ത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത് എങ്ങിനെ ന്യായീകരിക്കും. മൂന്നര പതിറ്റാണ്ട് അടക്കി ഭരിച്ച ബംഗാളില്‍ ടാറ്റക്കായി കാര്‍ഷിക ഭൂമി ബലമായി പിടിച്ചുവാങ്ങിയപ്പോള്‍ നന്ദിഗ്രാമിലും സിംഗൂരിലും സി.പി.എം ഭരണകൂടം വെടിവെച്ചുകൊന്ന കര്‍ഷകരുടെ എണ്ണം എത്രയാണെന്ന് അറിയാമോ. കര്‍ഷകര്‍ക്കായി പ്രത്യേക ബജറ്റ് തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയ അധികാരം ലഭിച്ച് ആഴ്ച ഒന്നായപ്പോള്‍ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും പഞ്ചാബിലുമെല്ലാം കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയ രാഹുലിനെതിരെ കാര്‍ഷിക റാലി നയിക്കുമ്പോള്‍ മോദി പ്രസാദിക്കുമായിരിക്കും. പക്ഷെ, പ്രളയാനന്തരം തിരിഞ്ഞു നോക്കാത്ത സംസ്ഥാന സര്‍ക്കാറിന്റെ പിടിപ്പുകേടിന്റെ ഫലമായി ഇടുക്കിയിലും കുട്ടനാട്ടിലും പാലക്കാട്ടും വയനാട്ടിലും ജീവനൊടുക്കിയ കര്‍ഷകരുടെ കുടുംബങ്ങളെ കബളിപ്പിക്കാന്‍ ഈ പൊറാട്ടു നാടകമൊന്നും മതിയാവില്ല.
വയനാട്ടില്‍ രാഹുല്‍ മത്സരിക്കുന്നതിന്റെ സന്ദേശം ആവര്‍ത്തിച്ച് ചോദിക്കുന്ന മോദിയും പിണറായിയും വരാണസിയില്‍ പ്രിയങ്ക മത്സരിക്കുമ്പോഴും അതിന്റെ പൊരുള്‍ തേടി തലപുണ്ണാക്കേണ്ടി വരും. 15 ലക്ഷം വോട്ടുകളുള്ള വരാണസിയില്‍ 1967ല്‍ സി.പി.എമ്മാണ് ജയിച്ചത്. 1996ല്‍ 26ശതമാനം വോട്ടോടെ രണ്ടാം സ്ഥാനത്ത് എത്തിയതും സി.പി.എമ്മാണ്. പിന്നീട് പലരും ഒടുവില്‍ ബി.ജെ.പിയും പിടിച്ചെടുത്ത ഇവിടെ മോദി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്നു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചത്. വയനാട്ടില്‍ ഇന്നേവരെ സി.പി.എം ജയിക്കാത്ത മണ്ഡലത്തില്‍ രാഹുല്‍ മത്സരിക്കുന്നതിന്റെ സന്ദേശം അറിയാത്ത പിണറായിക്ക് വരാണസിയില്‍ മോദിക്ക് എതിരെ പ്രിയങ്ക മത്സരിക്കുമ്പോഴും ചൊറിഞ്ഞ് വരാം.
വയനാട്ടിലോളം ന്യൂനപക്ഷങ്ങള്‍ക്ക് പ്രാധാന്യമുള്ള വരാണസിയില്‍ മുസ്‌ലിം വോട്ടര്‍മാര്‍ മൂന്നു ലക്ഷമാണ്. യാദവര്‍ 1.5 ലക്ഷവും ദളിതര്‍ 80000 വും ഉയര്‍ന്ന ജാതിക്കാരായ ബ്രാഹ്മിന്‍സ് 2.5 ലക്ഷവും ക്രിസ്ത്യാനികള്‍ 60000വും വൈശ്യര്‍ രണ്ടു ലക്ഷവും ഭൂമിയാര്‍ 1.5 ലക്ഷവും ചൗറസിയ 80000വും ഉള്ള ഇവിടെ മുസ്‌ലിം വോട്ടര്‍മാര്‍ പൊതുവെ വിട്ടുനിന്ന 55ശതമാനം പോളിംഗ് നടന്നപ്പോഴാണ് മോദി വിജയിച്ചത്. എസ്.പിയും ബി.എസ്.പിയും പിന്തുണച്ച് പ്രിയങ്ക മത്സരിക്കുമ്പോള്‍ മോദിക്ക് മുമ്പ് മുരളി മനോഹര്‍ ജോഷി 17000 വോട്ടിന് കഷ്ടിച്ച ഇവിടെ സി.പി.എമ്മിന്റെ കര്‍ഷക റാലിക്കും മോദിയെ രക്ഷിച്ചെടുക്കാനാവില്ല.
വയനാട് മുസ്‌ലിംകള്‍ കൂടുതലുള്ള പാക്കിസ്ഥാന് തുല്ല്യമായ പ്രദേശമാണെന്ന് പ്രചരിപ്പിക്കുന്ന അമിത്ഷാക്ക് അമേഠിയില്‍ അതിലേറെ മുസ്‌ലിംകളുണ്ട് എന്നത് അറിയാതിരിക്കില്ല. പാകിസ്ഥാനെതിരെ ഇന്ത്യ ബാലാക്കോട്ടില്‍ നടത്തിയ പ്രത്യാക്രമണത്തില്‍ 300 പേര്‍ കൊല്ലപ്പെട്ടതായ അവകാശ വാദത്തില്‍ സംശയം പ്രകടിപ്പിച്ചവരെ കടന്നാക്രമിച്ച്, ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ജാതിയും മതവും തിരയുന്നവരുണ്ടെന്നും ഇസ്‌ലാമാണെങ്കില്‍ ചില അടയാളങ്ങള്‍ പരിശോധിക്കണമെന്നും ഡ്രസ്സെല്ലാം മാറ്റി നോക്കണമല്ലോ എന്നും പറയുന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയൊക്കെ വോട്ടു ചെയ്തില്ലെങ്കില്‍ മുസ്‌ലിംകള്‍ ഒന്നിനും സമീപിക്കേണ്ടെന്ന മന്ത്രം ജപിക്കുന്ന മേനകാഗാന്ധിയുടെ വരവും സാക്ഷി മഹാജിന്റെ അനുഗ്രഹവും ലഭിച്ചവരാകും.
ആചാരലംഘനത്തിന് ഭരണപിന്തുണ നല്‍കി നവോത്ഥാന നായകന്റെ പദവിയിലേക്ക് ഉയര്‍ന്ന പിണറായി വിജയന് വോട്ടു ചെയ്തില്ലെങ്കില്‍ ദൈവം ചോദിക്കുമെന്ന് പറയുന്ന കമ്മ്യൂണിസ്റ്റായ മന്ത്രി കടകംപള്ളി സുരേന്ദ്രനൊക്കെ ചേര്‍ന്ന് റഷീദ് കണിച്ചേരിയുടെ മരുമകനായ എം.ബി രാജേഷിനെ പോലും ശബരിമല മുന്‍ മേല്‍ശാന്തി ടി.എം. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വീട്ടിലൊക്കെ പോയി തൊഴുതു നിര്‍ത്തും. എന്നാല്‍, കഴിഞ്ഞ തവണത്തെ ‘ഹര്‍ ഘര്‍ മോദി’ (എല്ലാവീട്ടിലും മോദി) എന്ന തരംഗം ഇത്തവണ ‘മോദി കോ ഹട്ടാവോ ദേശ് കോ ബചാവോ’ (മോദിയെ ഓടിക്കുക രാജ്യത്തെ രക്ഷിക്കുക) എന്ന നിലയിലേക്ക് കാറ്റ് മാറി വീശുമ്പോള്‍ കേരളത്തിലും അതിന്റെ തിരയിളക്കമുണ്ടാവും. മതവിരുദ്ധരും അക്രമരാഷ്ട്രീയക്കാരുമായ വികസന വിരോധികളെ തുടച്ചുനീക്കാനുള്ള സുവര്‍ണ്ണാവസരമാണിത്.

web desk 1: