X

ഓക്കെയെ ഓര്‍ക്കുമ്പോള്‍


ഒ.കെ സമദ്


മലബാറിലെ മാപ്പിള മക്കളുടെ ഒരുകാലത്തെ ആവേശവും കണ്ണൂര്‍ സിറ്റിയുടെ നിഷ്‌കളങ്കതയുടെയും നിസ്വാര്‍ത്ഥതയുടേയും പര്യായവുമാണ് ഒ.കെ മുഹമ്മദ് കുഞ്ഞി സാഹിബെന്ന ഒ.കെ മമ്മുഞ്ഞി തങ്ങള്‍. സ്രഷ്ടാവിന്റെ വിളിക്കുത്തരം നല്‍കി കടന്ന് പോയിട്ട് മെയ് 13ന് 27 വര്‍ഷം പൂര്‍ത്തിയായി. കറ പുരളാത്ത വ്യക്തിത്വംകൊണ്ട് മത-സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ രംഗങ്ങളിലൂടെ പൊതുസമൂഹത്തിന് സന്ദേശം പകര്‍ന്നുനല്‍കിയ വ്യക്തിത്വമായിരുന്നു. രാഷ്ട്രീയ സംഘടനയുടെ ഔന്നിത്യങ്ങളിലെത്തിയിട്ടും നിസ്വാര്‍ത്ഥതയും വിശ്വസ്തതയും മരിക്കുവോളം നെഞ്ചേറ്റി നടന്ന മഹാമാനുഷി. കേള്‍വിയും കേള്‍പ്പോരുമുള്ള ഒട്ടുവളരെ പ്രഗത്ഭര്‍ക്ക് ജന്മം നല്‍കിയ ഓവിന്നകത്ത് കമ്മുക്കകത്ത് തറവാട്ടില്‍ സൈനുഞ്ഞിയുടേയും സിറ്റി ജുമുഅത്ത് പള്ളി ഖാസിയും അറക്കല്‍ രാജവംശത്തിലെ മതകാര്യ ഉപദേഷ്ടാവുമായ ഹുസ്സന്‍കുട്ടി ഖാസിയുടെയും മൂത്ത മകനായി ജനിച്ച മമ്മുഞ്ഞി ചെറുപ്രായത്തിലേ അറിവിന്റെ കാര്യത്തില്‍ അസാമാന്യ പ്രതിഭയായിരുന്നു. വിദ്യാഭ്യസ കാലത്ത് തന്നെ ലോക ചരിത്രകാര്യത്തിലും ഭാരതത്തിന്റെ ദേശക്കൂറിലും അഗാധ അറിവ് സ്വയമത്താക്കിയിരുന്നു. പൊതുരംഗത്തെ അക്കാലത്തെ പ്രമുഖരായവരുടെ പ്രവര്‍ത്തന മേഖലകളും നിസ്വാര്‍ത്ഥതയോടെയുള്ള സമീപനങ്ങളും പ്രചോദകരമാക്കി സ്വജീവിതത്തില്‍ സാംശീകരിച്ചുകൊണ്ട് ബാല്യത്തിലെതന്നെ നായക പരിവേഷമുണ്ടായിരുന്നു. അക്കാലത്തെ പ്രമുഖ ബ്രിട്ടീഷ് വിരുദ്ധ ചേരിയിലെ പ്രമുഖനും തീപ്പൊരി പ്രാസംഗികനും ബ്രിട്ടീഷ് സര്‍ക്കാരിന്റെ കണ്ണിലെ കരടുമായ പരീക്കുട്ടി മുസ്‌ല്യാരുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി പതിനാലാമത്തെ വയസ്സില്‍ തുടക്കമിട്ട പൊതു പ്രവര്‍ത്തനം സേവനൗല്‍സുക്യത്തിന്റെ തീക്ഷ്ണ താപമേറ്റ് തലയും താടിയും നരച്ച് സ്മൃതി വിഭ്രമത്തിന്റെ മറക്കുപിന്നില്‍ എത്തുവോളം തുടര്‍ന്നു.1919 ഒന്നാം ലോക യുദ്ധകാലം തൊട്ട് ബ്രിട്ടീഷ് മേല്‍ക്കോയ്മക്കെതിരെ തുടക്കമിട്ട കോണ്‍ഗ്രസിലൂടെയുള്ള പ്രവര്‍ത്തനം 1921 ലെ മലബാര്‍ ലഹള കാലത്ത് ഉത്തുംഗ ശൃംഖലയിലെത്തി. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ പ്രസംഗങ്ങള്‍ ഉള്‍ക്കൊണ്ട് കോണ്‍ഗ്രസ് വേദിയിലെ തീപ്പൊരി പ്രാസംഗികനാകാന്‍ കാലമേറെ വേണ്ടിവന്നില്ല. 1927 ല്‍ മദിരാശിയില്‍ ഡോക്ടര്‍ എം.എ അന്‍സാരിയുടെ അധ്യക്ഷതയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ മലബാറില്‍നിന്ന് ഒ.കെയുടെ സാന്നിധ്യത്തിനു പ്രാമുഖ്യമുണ്ടായിരുന്നു. എന്നാല്‍ 1928ല്‍ മുസ്‌ലിം താല്‍പര്യത്തിന് എതിരായ മോട്ടിലാല്‍ നെഹ്‌റു കമ്മിറ്റി റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസിനോട് വിട പറഞ്ഞു. പ്രത്യാഘാതങ്ങള്‍ എന്ത്തന്നെയായാലും വെട്ടിത്തുറന്നുപറയുന്ന സ്വഭാവക്കാരന്റെ മനസ്സ് സ്വസമുദായത്തിന്‌വേണ്ടി നീറിയപ്പോള്‍ ദേശീയ നേതാക്കളില്‍പലരും രാജി പിന്‍വലിപ്പിക്കാന്‍ ശ്രമം നടത്തിയത് വിഫലമായി. സംതൃപ്തമായ രാഷ്ട്രീയ ജീവിതത്തിന്റെ അടിത്തറ ത്യാഗത്തിലാണ് പണിയേണ്ടതെന്ന തിരിച്ചറിവിലൂടെ അന്ന് ശൈശവ ദശയിലുണ്ടായ മുസ്‌ലിംലീഗിലേക്ക് 1928 അവസാനത്തോടെ കടന്നുവന്നു. മുസ്‌ലിംലീഗിനെ മലബാറിലുടനീളം പച്ച പിടിപ്പിക്കുന്നതില്‍ ജീവിതം മറന്നു ശ്രദ്ധ ചലിപ്പിച്ചു. പട്ടിണി കിടന്നും പരിമിതമായ അക്കാലത്തെ യാത്രാസൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയും നടന്നും ഗ്രാമ ഗ്രാമാന്തരങ്ങളില്‍ കീശയില്‍ ഹരിത പതാകയുമിട്ട് പാര്‍ട്ടി വളര്‍ത്താന്‍ മലബാറിലുടനീളം യാത്ര ചെയ്തു. മലബാര്‍ ജില്ലാ മുസ്‌ലിംലീഗ് രൂപീകരണത്തിലും അറക്കല്‍ ആദിരാജ അബ്ദുറഹിമാന്‍ ആലി രാജ സാഹിബിനെ മുസ്‌ലിം ലീഗിന്റെ നേതൃസ്ഥാനത്ത് കൊണ്ടുവരുന്നതിലും സ്തുത്യര്‍ഹമായ പങ്ക്‌വഹിച്ചു. മുസ്‌ലിംലീഗിന്റെ അക്കാലത്തെ മഹോന്നത നേതാക്കളായ അവി ഭക്ത ബംഗാള്‍ മുഖ്യമന്ത്രി മൗലവി ഫസലുല്‍ ഹഖ,് പാകിസ്താന്‍ പ്രഥമ പ്രധാനമന്ത്രി നവാബ് സാദാ ലിയാഖത്ത് അലി ഖാന്‍ എന്നിവരേയും മറ്റ് പ്രബലരായ അക്കാലത്തെ നേതാക്കളെയടക്കം മലബാറിലുടനീളം പങ്കെടുപ്പിച്ച് മുസ്‌ലിംലീഗിന്റെ മഹാസമ്മേളനങ്ങള്‍ നടത്തുന്നതിന്റെ മുഖ്യ സംഘാടകന്‍ ഒ.കെ ആയിരുന്നു. 1936 ലെ കേന്ദ്ര നിയമനിര്‍മ്മാണ സഭ തെരഞ്ഞെടുപ്പില്‍ മലബാര്‍ -തെക്കന്‍ കര്‍ണാടക – നീലഗിരി പ്രദേശങ്ങള്‍ ഉള്‍ക്കൊണ്ട നിയോജക മണ്ഡലത്തില്‍ മുസ്‌ലിംലീഗ് പ്രതിനിധിയായി മല്‍സരിച്ച സത്താര്‍ സേട്ടു സാഹിബിന്റെ മുഖ്യ തെരഞ്ഞെടുപ്പ് പ്രചാരകന്‍ ഒ.കെയായിരുന്നു. കണ്ണൂര്‍ സിറ്റി ജുമാഅത്ത് പള്ളിയിലാരംഭിച്ച ദര്‍സ് മലബാറിന്റെ സര്‍ സയ്യിദ് എ.എം കോയക്കുഞ്ഞി സാഹിബിന്റെ മദ്‌റസ മഅദിനുല്‍ ഉലും ദീനുല്‍ ഇസ്‌ലാം സഭ കണ്ണൂര്‍ മുസ്‌ലിം ജമാഅത്ത് തുടങ്ങിയവയുടെ സംസ്ഥാപനത്തിന് തുടക്കമിട്ടതിലും രൂപീകരണത്തിലുമെല്ലാം ഒ.കെയുടെ പങ്കുണ്ടായിരുന്നു. 1946 മുതല്‍ കണ്ണൂര്‍ മുനിസിപ്പല്‍ കൗണ്‍സിലറായ ഒ.കെ 1984 (1962 ല്‍ ഒഴികെ)വരെ കൗണ്‍സിലില്‍ ഉണ്ടായിരുന്നു. വിമോചന സമരരംഗത്ത് നിലയുറപ്പിച്ച് ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. 1957 ല്‍ മുസ്‌ലിംലീഗ് പ്രതിനിധിയായി കേരള നിയസഭയിലേക്ക് നാദാപുരത്ത് നിന്ന് സി.എച്ച് കണാരനുമായി മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. പൊതുപ്രവര്‍ത്തനത്തോടെപ്പം അക്കാലത്തെ പല പ്രസിദ്ധീകരണങ്ങളിലും ഗഹനങ്ങളായ വിഷയങ്ങള്‍ ആസ്പദമാക്കി ലേഖനങ്ങള്‍ എഴുതാറുണ്ടായിരുന്നു. വിദേശ- സ്വദേശ പ്രസിദ്ധീകരണങ്ങള്‍ വരുത്തി വായിക്കുന്ന പതിവ് അദ്ദേഹത്തിലുണ്ടായിരുന്നു. 1958ല്‍ മാസികയായും പിന്നീട് 1961 ന് ശേഷം വാരികയായും നിലവിലുണ്ടായ ‘നവ പ്രഭ’യുടെ പത്രാധിപരും പ്രസാധകനും ഒ. കെ ആയിരുന്നു. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ 1962 ല്‍ പ്രസിദ്ധീകരണം അവസാനിപ്പിച്ചു. മണിക്കുറുകളോളം നീണ്ടു നില്‍ക്കുന്ന നിരന്തര പ്രസംഗങ്ങള്‍, ദുര്‍ഘടംപിടിച്ച യാത്രകള്‍, വിശ്രമമില്ലാത്ത ദിനചര്യകള്‍ ഇവയൊക്കെ ഒ.കെയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചു. കണ്ഠനാളിയിലെ ക്യാന്‍സര്‍ മുര്‍ധന്യാവസ്ഥയിലായി. മണിക്കൂറുകളോളം സദസ്സിനെ നര്‍മ രസം കൊണ്ടും കാര്യകാരണങ്ങള്‍ കൊണ്ടും പിടിച്ചിരുത്തിയ പ്രസംഗ കുലപതിക്ക് സംസാരശേഷി കുറഞ്ഞുവന്നു. ഡോക്ടര്‍മാര്‍ കണ്ഠ നാളി മുറിച്ചു മാറ്റാന്‍ വിധിയെഴുതി. 1962 ആഗസ്റ്റില്‍ മദിരാശിയില്‍ വെച്ച് ഒ.കെ അക്കാലത്തെ ആധുനിക സൗകര്യങ്ങള്‍ ഉപയോഗിച്ചുള്ള ശസ്ത്രക്രിയക്ക് വിധേയമായി. ശസ്ത്രക്രിയക്കായി യാത്ര പുറപ്പെടുമ്പോള്‍ മലബാറിലെ റെയില്‍വേ സ്റ്റേഷനുകളിലെല്ലാം മുസ്‌ലിം ലീഗിന്റെ ഹരിത പതാകയുമേന്തി പ്രവര്‍ത്തകര്‍ യാത്രയയക്കാന്‍ എത്തുകയും ശസ്ത്രക്രിയ ദിനത്തില്‍ സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ ചന്ദ്രികയിലൂടെ മലബാറിലെ മുസ്‌ലിംലീഗിന്റെ സ്ഥാപകനായ ഒ. കെക്ക്‌വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഖാഇദേ മില്ലത്തും എം.കെ ഹാജി സാഹിബുമെല്ലാം ആസ്പത്രി വിടുന്നത്‌വരെ സഹായവുമായി നിത്യ സന്ദര്‍കരായിരുന്നു. കേരള മുസ്‌ലിംകളുടെ നിരന്തര പ്രാര്‍ത്ഥനയുടെ ഫലമായി മൂന്ന് മാസത്തെ ആസ്പത്രി വാസത്തിന് ശേഷം കണ്ണൂരിലെത്തിയ ഒ.കെ വീണ്ടും കര്‍മ്മമണ്ഡലത്തെ പരിണയിച്ചു. യന്ത്രസഹായത്തോടെയുള്ള പ്രസംഗം ആസ്വാദക മനസ്സുകളെ തളിരണിയിച്ചു. തീ ജ്വാലകളായി വേദികളില്‍ ഉല്‍ഘോഷിച്ചിരുന്ന പ്രസംഗ കുലപതിയുടെ ശൈലി മാറ്റം ആദ്യമൊക്കെ ഒ.കെ ക്ക് തന്നെ പ്രയാസമുണ്ടാക്കുമായിരുന്നുവെങ്കിലും സദസ്സിന്റ ദാഹമകറ്റാന്‍ പരമാവധി യത്‌നിച്ച് ആളുകളെ പിടിച്ചിരുത്താന്‍ പാകമുള്ളതാക്കി മാറ്റിയിരുന്നു. മുസ്‌ലിം ലീഗിന്റെ സംസ്ഥാന ഭാരവാഹിത്വത്തില്‍ ജോയിന്റ് സെക്രട്ടറി വൈസ് പ്രസിഡണ്ട് തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിച്ച ഒ.കെ ബാഫഖി തങ്ങള്‍, സി.എച്ച് തുടങ്ങിയവര്‍ക്ക് പ്രിയങ്കരനായിരുന്നു. പലപ്പോഴും സി.എച്ച് ഒ.കെ ഞാനെത്തിയിട്ട് പ്രസംഗിച്ചാല്‍ മതിയെന്ന് നിര്‍ദ്ദേശിക്കുമായിരുന്നു. പഴയ കാലത്തെ ചരിത്രം നിര്‍ലോഭമായി ലഭിക്കാന്‍ സി.എച്ചിന് ഒ.കെ യുടെ പ്രസംഗം പ്രചോദനമായിരുന്നു. ഒ.കെയുടെ നര്‍മങ്ങള്‍ കേള്‍ക്കാന്‍ ബാഫഖി തങ്ങളും സി.എച്ചും പലപ്പോഴും ഒ.കെയെ കാറില്‍ മധ്യത്തിലിരുത്തി യാത്ര ചെയ്തു ആസ്വദിക്കുക പതിവായിരുന്നു. 1991 വരെ കര്‍മ്മരംഗത്ത് സാന്നിധ്യമറിയിച്ചിരുന്ന ഒ.കെ പ്രായാധിക്യവും ശാരീരികാസ്വാസ്ഥ്യവും കാരണം പിന്നീട് പൊതുവേദിയില്‍ നിന്ന് മാറി. 1992 മെയ് 13ന് ആ ശബ്ദം നിലച്ചു. മുസ്‌ലിംലീഗിനെ നട്ടുവളര്‍ത്തി സമ്പാദ്യവും ശബ്ദവുമെല്ലാം സംഘടനയുടെ പരിപോഷണത്തിനായി സന്തോഷത്തോടെ സമര്‍പ്പിച്ചു മുസ്‌ലിംലീഗിനെ ഇന്നത്തെ നിലയിലെത്തിക്കാന്‍ ഒ.കെയും അക്കാലത്തെ മഹാന്മാരായ നേതാക്കളും നടത്തിയ ത്വാഗ്യോജ്ജ്വലവും നിസ്വാര്‍ത്ഥത നിറഞ്ഞതുമായ പ്രവര്‍ത്തനങ്ങള്‍ ഇന്നിന്റെ തലമുറക്ക് പ്രചോദനമാകേണ്ടതാണ്.
മുസ്‌ലിംലീഗിന്റെ ചരിത്രത്തോടൊപ്പം നടന്ന മഹാമാനുഷിയുടെ ഓര്‍മ ഇന്നും പഴമക്കാര്‍ക്ക് അമൂല്യമാണ്. അതുകൊണ്ട് തന്നെയാണ് തങ്ങള്‍ പാരമ്പര്യമില്ലാത്ത ഒ.കെ യെ ‘തങ്ങളെ’ന്ന പദവി നല്‍കി മരണംവരെ വിളിച്ചാദരിച്ചിരുന്നതും. ജീവിതത്തിന്റെ വഴിയില്‍ സനേഹം വിതറുകയും രാഷ്ട്രീയ രംഗത്ത് വെളിച്ചം പരത്തുകയും ചെയ്ത ആ കര്‍മ്മധീരന്‍ സംഘടനാപ്രവര്‍ത്തര്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ഒന്ന് മാത്രം: പ്രവര്‍ത്തിക്കുക. നിരന്തരമായി പ്രവര്‍ത്തിക്കുക. നല്ലത് മാത്രം ചെയ്യുക. നിസ്വാര്‍ത്ഥതയും. ത്യാഗസന്നദ്ധതയും മുഖമുദ്രയാക്കുക. വിജയം തീര്‍ച്ചയാണ് എന്നതാണത്.

web desk 1: