X

വിഭാഗീയത അജണ്ട നിശ്ചയിച്ച തെരഞ്ഞെടുപ്പ്

എ. റഹീംകുട്ടി

ദേശീയതലത്തില്‍ പതിനാറു പ്രാവശ്യം നടന്ന തെരഞ്ഞെടുപ്പുകളില്‍ ദൃശ്യമാകാത്തതും തികച്ചും വ്യത്യസ്തത പ്രകടമാക്കിയതുമായ ഒന്നായി പരിണമിച്ചു പതിനേഴാം ലോക്‌സഭയിലേക്കു നടന്ന തെരഞ്ഞെടുപ്പ്. മുമ്പ് നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും പ്രകടപത്രികയിലെ വാഗ്ദാനങ്ങളോടൊപ്പം ഭരണസംവിധാനം ഭരണകാലഘട്ടത്തില്‍ കൈവരിച്ച നേട്ടങ്ങളും മുന്‍നിര്‍ത്തിയാണ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചിട്ടുള്ളത്. ഇതൊന്നും വിഷയീഭവിക്കാതെ ബോധപൂര്‍വം സൃഷ്ടിച്ചെടുത്ത ദേശീയതയുടെയും വര്‍ഗീയ വിഭാഗീയതയുടെയും വൈകാരികതലം ഉണര്‍ത്തിയാണ് പതിനേഴാം ലോക്‌സഭാതെരഞ്ഞെടുപ്പിനെ ബി.ജെ.പിയും പ്രധാനമന്ത്രിയും നേരിട്ടതും വിജയം കൈവരിച്ചതും. ഇന്ത്യന്‍ ജനത നേരിടുന്ന ജീവല്‍ പ്രശ്‌നങ്ങളും രാജ്യം അഭിമുഖീകരിക്കുന്ന യഥാര്‍ത്ഥ വെല്ലുവിളികളും ഇതിലൂടെ തമസ്‌കരിക്കപ്പെട്ടു. ഇതൊന്നും വോട്ടര്‍മാര്‍ ചര്‍ച്ച ചെയ്യുകയോ വിലയിരുത്തുകയോ ചെയ്യരുതെന്ന മുന്‍വിധിയോടുകൂടിയ ഹിഡന്‍ അജണ്ടയുമായാണ് പ്രധാനമന്ത്രിയും ബി.ജെ.പിയും മുന്നോട്ടുപോയത്. ഇപ്രകാരം വോട്ടര്‍മാരെ കബളിപ്പിച്ച് തെരഞ്ഞെടുപ്പു നേട്ടം തട്ടിയെടുക്കുന്നതില്‍ അസാധാരണവും അസൂയാവഹവുമായ വിജയം തന്നെ അവര്‍ കരസ്ഥമാക്കി. ഈ പ്രവണത ഇന്ത്യന്‍ ജനാധിപത്യത്തിനും രാജ്യത്തിനും ഏല്‍പ്പിക്കുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങളും അനാരോഗ്യകരമായ ദുരവസ്ഥയും വളരെയേറെ ചിന്തനീയമാക്കേണ്ടതു തന്നെയാണ്.
ഭാരതമൊട്ടാകെ നിരവധി പ്രതസന്ധികളും വിഷമതകളും പേറുന്ന കാലഘട്ടത്തെയാണ് ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്നത്. ഒന്നാമതായി അഭ്യസ്തവിദ്യരടക്കം തൊഴില്‍ രഹിതരുടെ സംഖ്യ രാജ്യത്ത് വളരെയേറെ വര്‍ധിച്ചിരിക്കുന്നുവെന്നതാണ്. കഴിഞ്ഞ 45 സംവത്സരങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ നിരക്കിലാണ് 2019ല്‍ രാജ്യം എത്തിപ്പെട്ടതെന്നാണ് സര്‍ക്കാര്‍ സ്ഥിതിവിവരക്കണക്കുതന്നെ വെളിപ്പെടുത്തിയത്. 2014 ലെ ബി.ജെ.പി പ്രകടനപത്രികയില്‍ പ്രതിവര്‍ഷം രണ്ടു കോടി തൊഴില്‍ പ്രദാനം ചെയ്യുമെന്ന വാഗ്ദാനമാണ് നല്‍കിയിരുന്നത്. ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ 5 വര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയ മോദി സര്‍ക്കാരിന് സാധ്യമായിരുന്നെങ്കില്‍ ഇതിനകം 10 കോടി തൊഴില്‍ ഇന്ത്യയില്‍ സൃഷ്ടിക്കപ്പെടുമായിരുന്നു. എങ്കില്‍ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന തൊഴിലില്ലായ്മ രൂക്ഷതയും പ്രതിസന്ധിയും നല്ലൊരു പരിധിവരെ ഇല്ലായ്മ ചെയ്യപ്പെടുമായിരുന്നു. ഇതിലൂടെ രാഷ്ട്ര പുനഃസൃഷ്ടിക്കും സാമ്പത്തിക പുരോഗതിക്കും ഉതകേണ്ടിയിരുന്ന ചെറുപ്പക്കാരുടെ കഴിവും ഊര്‍ജ്ജവുമാണ് ഇല്ലാതാക്കപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന യാഥാര്‍ത്ഥ്യം വളരെ ഗൗരവത്തോടുകൂടി ഭരണസംവിധാനം കാണേണ്ടതല്ലേ. ഇക്കാര്യത്തില്‍ വേണ്ടവിധം ഇച്ഛാശക്തിയും പ്രതിബദ്ധതയും ഇനിയെങ്കിലും ഭരണസംവിധാനം പുലര്‍ത്താതെ പോയാല്‍ സൃഷ്ടിക്കപ്പെടുന്ന ഭവിഷ്യത്ത് ഗുരുതരവും രാജ്യത്തിന് അപരിഹാര്യമായനഷ്ടമായും ഭവിക്കും.
ഇന്ത്യയുടെ സാമ്പത്തിക നട്ടെല്ലായി എക്കാലവും വര്‍ത്തിച്ചുപോന്നത് കാര്‍ഷിക മേഖലയാണ്. ഈ മേഖല നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധി വിവരണാതീതമാണ്. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് മതിയായ വില ലഭ്യമാകാത്തതിനാല്‍ ദശലക്ഷക്കണക്കിന് കര്‍ഷകരാണ് കടക്കെണിയിലകപ്പെട്ട് രാജ്യത്തിന് വെല്ലുവിളിയായി തുടരുന്നത്. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് നിയമമാക്കപ്പെട്ട സര്‍ഫാസി വ്യവസ്ഥ പ്രകാരം ലക്ഷക്കണക്കിന് കര്‍ഷകരാണ് ജപ്തി നടപടികള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇക്കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തിനുള്ളില്‍ രാജ്യത്തെമ്പാടുമായി 12000 ത്തിലധികം കര്‍ഷകരാണ് ആത്മഹത്യയില്‍ അഭയം കണ്ടെത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനേകം കര്‍ഷകരാണ് ഇപ്പോഴും ദിനംപ്രതി ആത്മഹത്യ ചെയ്യുന്നതും ആത്മഹത്യാമുനമ്പില്‍ നിലകൊള്ളുന്നതും. ഇതിന്റെ യാഥാര്‍ത്ഥ്യവും ഗൗരവവും ഉള്‍ക്കൊണ്ട് സമഗ്രവും ഫലപ്രദവുമായ ഭരണനടപടികള്‍ അധികൃതരില്‍ നിന്നുണ്ടാകുന്നതുമില്ല. കാര്‍ഷിക മേഖല നഷ്ടത്തിലായതിനാല്‍ ദശലക്ഷക്കണിക്കിന് കര്‍ഷകരാണ് ഉപജീവനമാര്‍ഗമായ കാര്‍ഷിക വൃത്തിയില്‍നിന്ന് പിന്തിരിയാന്‍ നിര്‍ബന്ധിതമാക്കപ്പെടുന്നത്. ഇത് തൊഴിലില്ലായ്മയുടെ ആക്കം വര്‍ധിപ്പിക്കുന്നതോടൊപ്പം രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ തളര്‍ത്തുകയും ചെയ്യും. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഏറ്റവും രൂക്ഷമായ കര്‍ഷക പ്രക്ഷോഭങ്ങളാണ് സമീപകാലത്ത് രാജ്യത്ത് അരങ്ങേറിയത്. ഇത് കണ്ടില്ലെന്ന് നടിച്ച കേന്ദ്ര സര്‍ക്കാര്‍ ഇലക്ഷന്‍ പ്രമാണിച്ച് ഒടുവില്‍ 6000 രൂപ കര്‍ഷകര്‍ക്ക് പാരിതോഷികമായി പ്രഖ്യാപിച്ച് അവരെ വലയില്‍ വീഴ്ത്താനുള്ള ചെപ്പടിവിദ്യയാണ് പ്രയോഗിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ കടക്കെണിയില്‍പെട്ട കര്‍ഷകര്‍ക്ക് ഈ പരിമിത തുക താല്‍ക്കാലിക ആശ്വാസത്തിനു മാത്രമേ ഉപകരിക്കൂ. ശാശ്വത പരിഹാരം വിദൂരമായിത്തന്നെ നിലകൊള്ളും. ഉത്പാദനചെലവിനോടൊപ്പം 50 ശതമാനം അധികരിച്ച തുകകൂടി കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് നല്‍കുമെന്ന് 2014 ല്‍ പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനം കര്‍ഷകരെ ഏറെ വ്യാമോഹിപ്പിച്ചു. അധികാരത്തിലേറിയവര്‍ പിന്നീട് ഇത് സൗകര്യപൂര്‍വം മറന്നു. അതിലൂടെ ഒരു ജലരേഖയായി ഈ വാഗ്ദാനം പരിണമിച്ചു. വാഗ്ദാനം പാലിക്കാന്‍ സര്‍ക്കാര്‍ പ്രതിബദ്ധത പുലര്‍ത്താതെ പോയതാണ് കാര്‍ഷിക മേഖല ഇന്ന് നേരിടുന്ന ദുവസ്ഥയുടെ മുഖ്യകാരണമായിത്തീര്‍ന്നത്. ഈ സാഹചര്യത്തിലാണ് കോര്‍പറേറ്റുകള്‍ക്ക് ലക്ഷക്കണക്കിന് കോടി രൂപ ഇളവ് നല്‍കിയതും പരിവാര സമേതം വിദേശപര്യടനങ്ങള്‍ക്കും പ്രതിമാനിര്‍മ്മാണങ്ങള്‍ക്കും സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കുമായി ക്രമാതീതമായി പണം ചെലവിട്ടത്. അതോടൊപ്പം ആയിരക്കണക്കിന് കോടി രൂപ ബാങ്കുകളെ കബളിപ്പിച്ച് മുങ്ങാനും 15 വന്‍കിടക്കാര്‍ക്ക് അവസരം ഒരുക്കിക്കൊടുത്തു. എന്നാല്‍ പരമപ്രധാനമായ കാര്‍ഷിക മേഖലയെ സംരക്ഷിക്കാന്‍ ആവശ്യമുള്ള പണം ചെലവിടാന്‍ സര്‍ക്കാരിന് സാധിച്ചില്ലെന്നത് വിചിത്ര അനുഭവമായി അവശേഷിക്കും. നോട്ട് നിരോധന ദുരന്തത്തിലൂടെ ഇന്ത്യയില്‍ ആയിരക്കണക്കിന് ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങള്‍ തകര്‍ന്നടിഞ്ഞു. ഇതിലൂടെ ഒരു കോടിയിലധികം നിലവിലെ തൊഴിലവസരങ്ങളാണ് നഷ്ടമാക്കപ്പെട്ടത്. ഇപ്രകാരം തകര്‍ന്ന വ്യവസായ സംരംഭങ്ങള്‍ പുനരുദ്ധരിക്കാന്‍ പ്രത്യേക സാമ്പത്തിക പാക്കേജുകള്‍ യാതൊന്നും തന്നെ ഇനിയും സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുമില്ല. ഇതോടൊപ്പം ഇന്ത്യയുടെ പൊതുവ്യവസായ വളര്‍ച്ചാനിരക്കുതന്നെ ഗണ്യമായി കുറഞ്ഞതായി സര്‍ക്കാര്‍ സ്ഥിതിവിവരക്കണക്ക് ബോധ്യപ്പെടുത്തുന്നു. കയറ്റുമതി കുത്തനെ കുറഞ്ഞു. രൂപയുടെ മൂല്യവും ഇടിഞ്ഞു. സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്ര സര്‍ക്കാര്‍ അകപ്പെടുന്ന സ്ഥിതിവിശേഷത്തെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. മുന്‍ കരാറു പ്രകാരം 126 റഫാല്‍ യുദ്ധവിമാനം വാങ്ങാന്‍ സാധിക്കാതെ ഗണ്യമായി കുറച്ചത് സര്‍ക്കാരിന്റെ സാമ്പത്തിക പരാധീനതകൊണ്ടാണെന്ന് കേന്ദ്ര ധനകാര്യമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്‌ലിക്കുപോലും തുറന്ന് സമ്മതിക്കേണ്ടിവന്നു. ആഭ്യന്തരരംഗവും ഗുരുതര സ്ഥിതിവിശേഷത്തിലാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. പാകിസ്താന്‍ – ജമ്മുകശ്മീര്‍, മാവോയിസ്റ്റ് ഭീകരതകളാല്‍ ഏറ്റവും കൂടുതല്‍ സുരക്ഷാസേനാംഗങ്ങളെ നഷ്ടപ്പെടേണ്ട സ്ഥിതിയിലാണ് സമീപകാല ഇന്ത്യ എത്തിപ്പെട്ടിരിക്കുന്നത്. ഇതിനു പുറമേയാണ് അസഹിഷ്ണുതയുടെയും വര്‍ഗീയ, വിഭാഗീയ പ്രവര്‍ത്തനങ്ങളുടെയും ഫലമായി ഭയപ്പെടുത്തലുകളും അക്രമങ്ങളും കൊലപാതകങ്ങളും ഏറിവരുന്നതിനെയും വിലയിരുത്തേണ്ടത്. പശു മാംസത്തിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഇന്നും തുടര്‍ന്നുവരുന്നു. ഭരണഘടനാസ്ഥാപനങ്ങള്‍ ഏറിയ പങ്കും സര്‍ക്കാര്‍ സ്വാധീനത്തിലകപ്പെട്ട് നിഷ്പക്ഷതയും നീതിയും നിര്‍ഭയത്വവും നഷ്ടപ്പെടുത്തുന്ന സ്ഥിതിവിശേഷത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതും. രാജ്യതാല്‍പര്യാര്‍ത്ഥം ഈ വക പ്രധാനവിഷയങ്ങള്‍ ഏറെ ചര്‍ച്ചക്കും വിലയിരുത്തലുകള്‍ക്കും വിധേയമാക്കപ്പെടേണ്ട അതിപ്രധാന തെരഞ്ഞെടുപ്പാണ് കടന്നുപോയത്. ഭാവിയില്‍ രാജ്യത്ത് നടത്തപ്പെടേണ്ട ഭരണപരിഷ്‌കാരങ്ങളും നടപടികളും ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കപ്പെടേണ്ടതുതന്നെയായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇതിനുപകരം തെരഞ്ഞെടുപ്പു ഗോദയില്‍ മാറ്റുരയ്ക്കാന്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട അജണ്ട മറ്റൊന്നായി മാറി. ഭരണത്തെക്കുറിച്ചുള്ള വിലയിരുത്തലിന് അവസരം നല്‍കിയാല്‍ പരിമിത ഭരണ നേട്ടങ്ങളേക്കാള്‍ മുഴച്ചുനില്‍ക്കുന്ന ഭരണപരാജയങ്ങളും വാഗ്ദാനലംഘനങ്ങളും തിരിച്ചടിയായിമാറുമെന്ന് മുന്‍കൂട്ടി ദര്‍ശിച്ച പ്രധാനമന്ത്രിയും ബി.ജെ.പി ദേശീയപ്രസിഡന്റ് അമിത്ഷായും കൂട്ടരും ദേശീയവൈകാരികതയുടെയും വര്‍ഗീയ വിഭാഗീയതകളുടെയും കാര്‍ഡുതന്നെ എടുത്തുപ്രയോഗിക്കാന്‍ തിരുമാനിച്ചു. അതിന് വീണുകിട്ടിയ പുല്‍വാമഭീകരാക്രമണവും ബാലാക്കോട്ട് സര്‍ജിക്കല്‍ സ്‌ട്രൈക്കും അവര്‍ നന്നായി വിനിയോഗിച്ചു. ഐതിഹാസികവും സമ്പൂര്‍ണ്ണവുമായ യുദ്ധവിജയങ്ങള്‍ പാകിസ്താനുമായി മുമ്പ് ലാല്‍ബഹദൂര്‍ ശാസ്ത്രിയും ഇന്ദിരാഗാന്ധിയും പ്രധാനമന്ത്രിയായിരുന്ന ഘട്ടങ്ങളില്‍ ഉണ്ടായിട്ടുണ്ട്. വിജയകരമായ സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക് മന്‍മോഹന്‍സിംഗിന്റെ കാലത്തും രണ്ടുവട്ടം പാകിസ്താനെതിരെ ഉണ്ടായിട്ടുള്ളതാണ്. എന്നാല്‍ അന്നൊന്നും മുഖ്യതെരഞ്ഞെടുപ്പ് അജണ്ടയായി ഈ സൈനിക വിജയവും മുന്നേറ്റവും ഉപയോഗിക്കാനും ആഘോഷമാക്കി മാറ്റാനും അതത്കാലത്തെ ഭരണകര്‍ത്താക്കളാരും തയ്യാറായിട്ടുമില്ല. അതോടൊപ്പം വര്‍ഗീയ-വിഭാഗീയ വിഷയങ്ങളും സമര്‍ത്ഥവും, അവസോരിചതവുമായി ഉപയോഗിച്ച് പ്രയോജനപ്പെടുത്താനും ഇവര്‍ക്കായി. പ്രധാനമന്ത്രിയുടെ ന്യൂനപക്ഷ-ഭൂരിപക്ഷപ്രയോഗവും പാകിസ്താനിലാണോ വയനാട് എന്ന അമിത്ഷായുടെ പ്രയോഗവും മുസ്‌ലിംകള്‍ കൊല്ലപ്പെട്ട മാലേഗാവ് സ്‌ഫോടനങ്ങള്‍ ഉള്‍പ്പെടെ നിരവധി സ്‌ഫോടനക്കേസുകളില്‍ പ്രതിയാക്കപ്പെട്ട പ്രഗ്യാസിംഗിന്റെ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വവും ബഹുസ്വരതയോടൊപ്പം വിവിധ മത-ജാതി വിഭാഗങ്ങളുടെ സ്വത്വം ഹനിക്കുന്ന ഏക സിവില്‍കോഡ് കൊണ്ടുവരുമെന്നും വിഭാഗീയതയിലധിഷ്ഠിതമായ പൗരത്വ നിയമം ദേശീയ വ്യാപകമായി നടപ്പാക്കുമെന്നുമുള്ള പ്രഖ്യാപനങ്ങളും നീക്കങ്ങളും തെരഞ്ഞെടുപ്പില്‍ സ്വാധീനിക്കാന്‍ വിനിയോഗിക്കപ്പെട്ടു. ഏറ്റവും ഒടുവില്‍ കാശിയില്‍ ഗുഹയ്ക്കുള്ളില്‍ പ്രധാനമന്ത്രി നടത്തിയ ധ്യാനവും തെരഞ്ഞെടുപ്പ് ലാക്കാക്കി പ്രയോഗിച്ച തന്ത്രപരമായ നീക്കങ്ങളായി മാറി. ഇതിലൂടെ ഇന്ത്യയുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ വിസ്മരിക്കപ്പെട്ടു. എന്നാല്‍ പ്രതിപക്ഷങ്ങള്‍ ഭരണപരാജയങ്ങളും വാഗ്ദാനലംഘനങ്ങളും ഉയര്‍ത്തിക്കൊണ്ടുവരാന്‍ ആവതും ശ്രമിച്ചുനോക്കി. ബി.ജെ.പിയും പ്രധാനമന്ത്രിയും വിപുലവും വിവിധങ്ങളുമായ പ്രചാരണയോഗങ്ങളിലൂടെയും മീഡിയകളിലൂടെയും തെരഞ്ഞെടുപ്പ് അന്തരീക്ഷത്തില്‍ ഉയര്‍ത്തിവിട്ട ഈ വര്‍ണ്ണ ബലൂണുകളില്‍ വോട്ടര്‍മാരുടെ ദൃഷ്ടി പതിപ്പിക്കാന്‍ അവര്‍ക്ക് അസാധാരണ മികവുപുലര്‍ത്താന്‍ സാധിച്ചു. ഈ പ്രചാരണ തന്ത്രത്തില്‍ മേല്‍ക്കൈ നേടാന്‍ സംഘടനാപരമായും മറ്റു പ്രചരണ ഉപാധികളിലൂടെയും ദുര്‍ബലതയാല്‍ ബി.ജെ.പിയുടെ അടുത്തെങ്ങും എത്താന്‍ കഴിയാതെപോയ പ്രതിപക്ഷങ്ങള്‍ പരാജയമടയേണ്ടിവന്നു. അതിനാല്‍ ബി.ജെ.പി ഉയര്‍ത്തിയ വൈകാരികവും വിഭാഗീയവുമായ പ്രചാരണ പത്മവ്യൂഹത്തില്‍പ്പെട്ട് ഉഴലേണ്ട ദുഃസ്ഥിതിയില്‍ പ്രതിപക്ഷം വീണു. അതിലൂടെ തെരഞ്ഞെടുപ്പ് മേല്‍ക്കോയ്മ നേടിയെടുക്കാനും വിജയം പ്രാപിക്കാനും ബി.ജെ.പിക്കു സാധിച്ചു. ഈ തെരഞ്ഞെടുപ്പ് സമീപനം രാജ്യത്തിന്റെ സുസ്ഥിരതയ്ക്കും, പുരോഗതിക്കും നല്ല ഭരണത്തിനും വല്ലുവിളിയായിത്തന്നെ നിലകൊള്ളും. തെരഞ്ഞെടുപ്പടുക്കുന്ന ഘട്ടത്തില്‍ എത്രഭരണ പരാജയമുണ്ടായാലും തെരഞ്ഞെടുപ്പുഘട്ടത്തില്‍ സൃഷ്ടിക്കപ്പെടുന്ന വൈകാരികതകളില്‍ ജനത്തെ അകപ്പെടുത്തുന്ന തന്ത്രം ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താനും രാജ്യത്തിന്റെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ പരിഹൃതമാകാതെ പോകുന്നതിനും കാരണമായി ഭവിക്കും. അതിനാല്‍ ഈ പ്രവണത രാജ്യത്തിന്റെ മുന്നോട്ടുള്ള ആരോഗ്യകരമായ പ്രയാണത്തിന് അപകടകരമായി തീരും. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തേണ്ടത് ഭാവി ഭാരതത്തിന്റെ പുരോഗതിക്കും നിലനില്‍പ്പിനും അനിവാര്യമാണ്. തെരഞ്ഞെടുപ്പ് ആരവം കഴിഞ്ഞു. എന്നാല്‍ ജനങ്ങളും രാജ്യവും നേരിട്ടുകൊണ്ടിരിക്കുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ എന്നും വെല്ലുവിളിയായിത്തന്നെ അവശേഷിക്കും. ഇത് ജനാധിപത്യവ്യവസ്ഥക്കും ജനങ്ങളുടെ ഗുണകരമായ മെച്ചപ്പെട്ട ജീവിതാവസ്ഥക്കും ഭൂഷണമായിരിക്കില്ല.

web desk 1: