X

നാഥുറാം വിനായക് ഗോദ്‌സെ വെറുമൊരു തീവ്രവാദിയായിരുന്നില്ല


എ.വി ഫിര്‍ദൗസ്
തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിനിടയില്‍ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി നാഥുറാം ഗോദ്‌സെയായിരുന്നു എന്നൊരു നിരീക്ഷണം നടത്തിയതിന്റെ പേരില്‍ മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവ് കമല്‍ഹാസനെതിരെ പത്തോളം കേസുകളാണ് തമിഴ്‌നാട്ടില്‍ മാത്രം റജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഡല്‍ഹിയിലും യു.പിയിലുമൊക്കെയായി കേസുകള്‍ വേറെയുമുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ ഇന്ത്യയിലെ ഫാസിസ്റ്റ് പ്രഭൃതികള്‍ക്ക് കൈവരാതെ പോയ ഒരവസരം അവസാനഘട്ട തെരഞ്ഞെടുപ്പിന് മുമ്പ് ഉരുത്തിരിഞ്ഞു എന്നൊരു തലം ഈ വിവാദങ്ങള്‍ക്കുണ്ട്. അതായത് കമല്‍ഹാസന്റെ ഈ പ്രയോഗം രാഷ്ട്രീയമായി വേണ്ടത്ര ഉപയോഗിക്കാന്‍ തല്‍പര കക്ഷികള്‍ക്ക് അവസരം ലഭിക്കാതെ പോയി എന്നര്‍ത്ഥം. എന്നാല്‍ കേവലം ചരിത്ര യാഥാര്‍ത്ഥ്യവും കമല്‍ഹാസനെപ്പൊലൊരാള്‍ സ്വാഭാവികമായി പ്രകടിപ്പിക്കാനിടയുള്ളതുമായ ഇത്തരമൊരു അഭിപ്രായത്തിന്റെ പേരില്‍ ഇന്ത്യയിലെ സംഘ്പരിവാര്‍ ഫാസിസത്തിന്റെ വക്താക്കള്‍ ഇത്രയധികം പ്രതികരണ ദാഹികളായി പ്രത്യക്ഷപ്പെട്ടത് വിശകലനം അര്‍ഹിക്കുന്നു. തെരഞ്ഞെടുപ്പിനുശേഷം ഇന്ത്യയില്‍ മോദി ഭരണം നിലനില്‍ക്കുമോ എന്ന ആശങ്ക പുലര്‍ത്തുന്ന ഫാസിസ്റ്റ് പ്രഭൃതികള്‍ക്ക് അഥവാ പരാജയപ്പെടുകയാണെങ്കില്‍ എടുത്തുപയോഗിക്കേണ്ട ആവശ്യങ്ങള്‍ക്കായി ചിലതെല്ലാം കരുതിവെക്കേണ്ടതുണ്ട്. അത്തരമൊരു കരുതല്‍ ഉരുപ്പടിയായിട്ടാണവര്‍ കമല്‍ഹാസന്റെ അഭിപ്രായ പ്രകടനത്തെ ഏറ്റെടുത്തിരിക്കുന്നതെന്ന് കൂട്ടായ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍ എത്ര തന്നെ കേസുകളും നിയമ നടപടികളും നേരിടേണ്ടിവന്നാല്‍ പോലും താന്‍ പറഞ്ഞതില്‍ കമല്‍ഹാസന്‍ ഉറച്ചുനില്‍ക്കുകയാണ് വേണ്ടത്.
തീവ്രവാദി, മതഭ്രാന്തന്‍, അസഹിഷ്ണു, ഭീകരവാദി, രാജ്യദ്രോഹി, പൊതു സമൂഹത്തിന്റെ ശത്രു എന്നിങ്ങനെ എന്തെല്ലാം ഋണാത്മക വിശേഷണങ്ങള്‍ നല്‍കാമോ അതെല്ലാം അര്‍ഹിക്കുന്ന തായിരുന്നു നാഥുറാം വിനായക് ഗോദ്‌സെയെന്നാണ് ആ വ്യക്തിയുടെ ജീവിതം കൊണ്ട് തെളിയുന്നത്. ദാമോദര്‍ സവര്‍ക്കറും, ഗോപാല്‍ ഗോദ്‌സെയും, നാരായണ ആപ്‌തേയുമെല്ലാം പലപ്പോഴായി പങ്കാളികളാകുകയും നാഗ്പൂരില്‍ നിന്ന് ഡോക്ടര്‍ കേശവബലിറാം ഹെഡ്‌ഗേവാറിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് മുന്നോട്ടുപോകുകയും ചെയ്ത ഒരു ഗൂഢാലോചനയിലെ നിര്‍വാഹക ദൗത്യം ഏല്‍പ്പിക്കപ്പെട്ട വ്യക്തി എന്നാണ് നാം പൊതുവെ ഗോദ്‌സെയെ മനസ്സിലാക്കി വന്നിട്ടുള്ളത്. എന്തുകൊണ്ട് മറ്റൊരാള്‍ ഗാന്ധിജിക്കുനേരെ നിറയൊഴിക്കാനുള്ള മൃഗീയ ദൗത്യം ഏറ്റെടുക്കാന്‍ തയ്യാറായി ആ ഗൂഢാലോചനാ സംഘത്തില്‍ നിന്ന് മുന്നോട്ട് വരികയുണ്ടായില്ല എന്ന ചോദ്യം അധികമാരും ചോദിച്ചു കാണില്ല. എന്നാല്‍ ഗാന്ധിജിയുടെ നെഞ്ചിനുനേരെ വെടിയുതിര്‍ക്കാനുള്ള അവസരം ഗോദ്‌സെ പലതവണ ആവശ്യപ്പെട്ട് നേടിയെടുക്കുകയായിരുന്നു. ആ ഗൂഢാലോചനാ സംഘത്തില്‍ ശാരീരിക ക്ഷമതയിലും ബുദ്ധിയിലുമെല്ലാം ഗോദ്‌സെയേക്കാള്‍ മുന്നില്‍ നിന്നവര്‍ അതേറ്റെടുക്കാന്‍ ഒരുക്കമായിരുന്നു. എന്നാല്‍ ഗോദ്‌സെ അവസരം വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. തനിക്കുതന്നെ ആ അവസരം കിട്ടണമെന്ന വാശിയില്‍ അയാള്‍ നാഗ്പൂരിനും പൂനെക്കും ബോംബെക്കും ഇടയില്‍ പലതവണ പരക്കം പായുകയും ഡോക്ടറുടെ പാദങ്ങളില്‍ വീണ് കേണപേക്ഷിക്കുകയുമുണ്ടായിട്ടുണ്ട് എന്നതിന് ചരിത്ര രേഖകളുണ്ട്. ഗാന്ധി ഹത്യയെക്കുറിച്ച് പറയുമ്പോള്‍ കണ്ണുകള്‍ ഇറുക്കിയടച്ച്, അവാച്യമായൊരു ആനന്ദം അനുഭവിക്കുന്ന ലഹരിയോടെയായിരുന്നുവത്രെ നാഥുറാം ഗോദ്‌സെ വാക്കുകള്‍ പുറത്തുവിട്ടുകൊണ്ടിരുന്നത്. ഗാന്ധിഹത്യയുടെ ലഹരി തലക്കുപിടിച്ച ഒരു കടുത്ത മനോരോഗിയായിരുന്നിരിക്കണം അയാള്‍.
മഹാരാഷ്ട്രക്കകത്തെയും പുറത്തെയും പല ക്ഷേത്രങ്ങളിലും പലതരം പൂജകള്‍ക്ക് അയാള്‍ ഏര്‍പ്പാടുകള്‍ ചെയ്തിരുന്നു. തന്റെ സമ്പാദ്യത്തിന്റെ ഗണ്യമായൊരു പങ്ക് നാഥുറാം ഈ വഴിപാടുകളില്‍ വ്യയം ചെയ്തു. അത്ര കടുത്ത ഈശ്വര വിശ്വാസിയോ, ക്ഷേത്രാരാധകനോ ആയിരുന്നിട്ടില്ലാത്ത, ഒരു വേള സവര്‍ക്കറുടെ കപട ഹിന്ദുത്വ ശൈലി തന്നെ പിന്തുടര്‍ന്നിരുന്ന ഗോഡ്‌സെ ശത്രുസംഹാരം ആയാസരഹിതമായി നടക്കുന്നതിനായി ക്ഷേത്രങ്ങളില്‍ വലിയ സംഖ്യമുടക്കി വഴിപാടുകള്‍ നടത്തിയതിന് പിന്നിലെ മനഃശാസ്ത്രം ഫാസിസത്തിന്റെ ഗുഢമായ ആസുരതകളില്‍ ഉള്‍പ്പെടുന്നു. ദുര്‍ഗാ ക്ഷേത്രങ്ങളിലും ഹനുമാന്‍ ക്ഷേത്രങ്ങളിലും നാഥുറാം വഴിപാടുകള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. മുംബൈയില്‍ രഹസ്യമായി വന്ന് താമസിച്ചിരുന്ന ഒരു ഇസ്രാഈലി-സിയോണിസ്റ്റ് ആയുധ കച്ചവടക്കാരനില്‍ നിന്ന് രണ്ട് തോക്കുകള്‍ നാഥുറാം ഗോദ്്‌സെ വാങ്ങിയതായി ചില ചരിത്ര രേഖകളുണ്ട്. ഈ സിയോണിസ്റ്റ് ആയുധ ഇടപാടുകാരനെ അന്നത്തെ ഹിന്ദുമഹാ സഭാ-ആര്‍.എസ്.എസ് നേതൃത്വം ക്ഷണിച്ചുവരുത്തി മുംബൈയില്‍ താമസിപ്പിച്ചുവരികയായിരുന്നു. കൃത്യമായി ഷൂട്ട് ചെയ്യാനും വളഞ്ഞു കീഴടക്കാന്‍ ശ്രമിക്കുന്ന ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലൂടെ വിദഗ്ധമായി മുന്നോട്ടുപോയി രക്ഷപ്പെടാനുമുള്ള വേണ്ടത്ര പരിശീലനം ഈ സിയോണിസ്റ്റ് ഏജന്റ് നാഥുറാമിന് നല്‍കിയിരുന്നു. ദേശസ്‌നേഹത്താല്‍ ആവേശം മൂത്ത ഒരു സംഘം ഹിന്ദുത്വ ദേശീയവാദികളില്‍ ഒരു വ്യക്തി സ്വയമേവ സിദ്ധിച്ച പരിശീലനം വെച്ചുകൊണ്ട് ഗാന്ധിജിക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു എന്നൊന്നും പറഞ്ഞാല്‍ ചരിത്ര സത്യങ്ങളോട് യോജിക്കില്ല. മഹാരാഷ്ട്രയിലും, രാജസ്ഥാനിലും അന്നത്തെ യു.പിയിലുമെല്ലാം ഗാന്ധി വധത്തിനായുള്ള ഫണ്ട് ശേഖരണം തന്നെ ഹിന്ദുമഹാ സഭക്കാര്‍ നടത്തിയിരുന്നു. ആ ശേഖരണം അത്ര മോശപ്പെട്ടതായിരുന്നില്ല. ഭീമമായ സംഖ്യ തന്നെ പിരിഞ്ഞു കിട്ടിയിരുന്നതായും അതിന്റെ കണക്കുകളില്‍ നിന്ന് സവര്‍ക്കര്‍ തന്ത്രപൂര്‍വം ഒഴിഞ്ഞുമാറിയിരുന്നതായും ഗോപാല്‍ ഗോദ്‌സെ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
ചുരുക്കത്തില്‍ ഗാന്ധി വധത്തോടെ സവര്‍ക്കര്‍ ഒരു മികച്ച പണക്കാരനായി മാറുന്നുണ്ട്. പിന്നീട് കേസ് നടത്തിപ്പിന്റെ ആവശ്യങ്ങള്‍ക്കായി ചിലവഴിക്കപ്പെട്ട തുച്ഛം സംഖ്യ മാറ്റിവെച്ചാല്‍ തന്നെയും അന്നത്തെ ബോംബെയിലെ ഏതൊരു പണക്കാരന്റെയും കൈവശമുള്ളതിനേക്കാള്‍ പണം, ഗാന്ധിജിയുടെ ചോര മണക്കുന്ന ശപിക്കപ്പെട്ട നാണയങ്ങള്‍, സവര്‍ക്കര്‍ കൈവശം വെച്ചിരുന്നു. ഗാന്ധിഹത്യക്ക് പിന്നില്‍ ഇത്തരത്തിലൊരു സാമ്പത്തിക തമോഗര്‍ത്തം കൂടി ഉണ്ടായിരുന്നതിനെക്കുറിച്ച് വേണ്ടത്ര ചര്‍ച്ചകള്‍ നടന്നിട്ടില്ല. രേഖകളുടെ അഭാവം അത്തരമൊരു ചര്‍ച്ചയുടെ സാധ്യതകളെ വഴി തടഞ്ഞിരിക്കാമെങ്കിലും അന്ന് പ്രതിക്കൂട്ടില്‍ മ്ലാനവദനരായി നിന്നിരുന്ന, സവര്‍ക്കറുടെ ഹീനതന്ത്രങ്ങളെക്കുറിച്ചു അല്‍പാല്‍പമായി മനസ്സിലാക്കിത്തുടങ്ങിയിരുന്നു, പലരുടെയും ഗദ്ഗദം നിറഞ്ഞ സംസാരങ്ങളില്‍ ആ വലിയ സാമ്പത്തിക തട്ടിപ്പിന്റെ വിവരണാംശങ്ങള്‍ കാണാം. തങ്ങളെ മുന്നില്‍ നിര്‍ത്തി ഗാന്ധിഹത്യയുടെ പേരില്‍ സവര്‍ക്കര്‍ പലതരം മുതലെടുപ്പുകള്‍ നടത്തുന്നുണ്ട് എന്ന് അവരില്‍ പലരും വൈകിയാണ് മനസ്സിലാക്കിയത്. ഗോപാല്‍ ഗോദ്‌സെ തന്നെ സ്വന്തം സഹോദരന്‍ നാഥുറാമിനെക്കുറിച്ച് പറയുന്ന പല ഘട്ടങ്ങളിലും സവര്‍ക്കറെ അത്ര സുഖകരമാല്ലാത്ത ഭാഷയില്‍ പരാമര്‍ശിക്കുന്നത് കാണാം. സ്വാഭാവികമായും നാഥുറാമിന് ഗാന്ധി വധത്തിന്റെ പേരില്‍ പിരിച്ചുണ്ടാക്കപ്പെട്ട ഭീമമായ സംഖ്യയില്‍ അര്‍ഹതയുണ്ടായിരുന്നല്ലോ- ഗാന്ധിഹത്യ നടപ്പിലാക്കിയ വ്യക്തി എന്ന നിലയില്‍. എന്നാല്‍ അത്തരമൊരു കൊടുക്കല്‍-വാങ്ങല്‍ നടക്കുകയുണ്ടായില്ല. പണത്തിനുവേണ്ടി ചെയ്യുന്ന വാടക ദൗത്യമായി തനിക്ക് ഗാന്ധിഹത്യയെ കാണാനാവില്ലെന്നും, ആ കൃത്യം നല്‍കുന്ന അവാച്യമായ നിര്‍വൃതിയാണ് തന്റെ ആത്യന്തിക ലക്ഷ്യമെന്നും നാഥുറാം ആത്മഗതം ചെയ്യുന്നുമുണ്ട്. വലിയൊരു സംഖ്യ ഇസ്രാഈലില്‍ നിന്ന് ക്ഷണിച്ചുവരുത്തി ബോംബെയില്‍ രഹസ്യമായി പാര്‍പ്പിച്ചിരുന്ന കുതന്ത്രശാലിയായ സിയോണിസ്റ്റ് ആയുധ പരിശീലകന്‍ അടിച്ചുമാറ്റിയിരിക്കണം. എന്നാലോര്‍ക്കു, എത്ര ഹീനവും നീചവുമായിരുന്നു അതെല്ലാമെന്ന്!
നാഥുറാം ഗോദ്‌സെ ഗാന്ധിജിയെ വധിക്കുന്നത് സ്വയം ഏറ്റെടുത്ത് അതിനെ ഒരു സല്‍ക്കര്‍മ്മമായി സ്വയം വിലയിരുത്തി അതില്‍ ആത്മനിര്‍വൃതി കണ്ടെത്തിയ ഫാസിസ്റ്റും, മതിഭ്രമക്കാരനും തീവ്രവാദിയും തന്നെയാണ്. ഗാന്ധി വധം കേവലം ഒരു വ്യക്തിയുടെ വധം മാത്രമായിരുന്നില്ല നാഥുറാമിന്റെ കാഴ്ചപ്പാടില്‍. ഗാന്ധിജി വധിക്കപ്പെട്ടാല്‍ ഇന്ത്യയില്‍ വര്‍ഗീയ കാലുഷ്യങ്ങള്‍ അണപൊട്ടിയൊഴുകുമെന്നും അവശേഷിക്കുന്ന മുസ്‌ലിംകള്‍ കൂടി ഇവിടെ നിന്ന് ജീവനുംകൊണ്ട് പലായനം ചെയ്യുമെന്നും നാഥുറാമിന്റെ ഭ്രാന്തന്‍ ഭാവന കണക്കുകൂട്ടി. എന്നാല്‍ സാവര്‍ക്കര്‍ക്ക് അത്തരത്തില്‍ ചിന്തിക്കാന്‍ സാധിച്ചിരുന്നില്ല. ഗാന്ധിഹത്യയോടെ തന്റെ ജന്മം സഫലമായിത്തീരുമെന്നും എന്നാല്‍ ഇന്ത്യ എന്നാണോ ഒരു ഹിന്ദു രാഷ്ട്രമായി പൂര്‍ണത പ്രാപിക്കുന്നത് അന്നേ തന്റെ ആത്മാവിന് ശാന്തി ലഭിക്കുകയുള്ളൂവെന്നും വൈരുധ്യാത്മകമായ ഒരു സാഫല്യവാദവും നാഥുറാമിനുണ്ടായിരുന്നു.
ഭാരതം മാത്രമല്ല, ലോകം മുഴുവന്‍ ഉന്നത മൂല്യങ്ങളുടെ പ്രതിപുരുഷനായി ആദരിച്ച ഒരു മഹാ വ്യക്തിയുടെ പ്രാണനെടുക്കുന്നതില്‍ മൃഗീയമായ ആനന്ദം കണ്ടെത്തിയ ഒരു കിരാത മനസ്‌കനെ ഭീകരവാദിയും തീവ്രവാദിയും എന്നല്ല അതിലെല്ലാം കൂടിയ ക്രൂരതയുടെ പദാവലികള്‍കൊണ്ട് വിശേഷിപ്പിക്കുന്നതില്‍ ഒരു ശരാശരി ഇന്ത്യക്കാരന് തെറ്റു കാണാനാവില്ല. ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമായി നീക്കിവെക്കപ്പെട്ട പദങ്ങളൊന്നുമല്ല അവ എന്ന യാഥാര്‍ത്ഥ്യം ലോകം അംഗീകരിക്കുന്നതുമാണ്. എന്നാല്‍ ഒരു കൊടിയ മനുഷ്യ വഞ്ചകനായാല്‍ പോലും, എത്ര നീചമായ മനുഷ്യകുല ദ്രോഹിയായിരുന്നാല്‍ പോലും ഒരു ഹിന്ദുവിനെ ഭീകരവാദി എന്ന് വിശേഷിപ്പിച്ച കമല്‍ഹാസനെ ഹിന്ദു വിരോധിയായി ചിത്രീകരിക്കുന്നതും ആ നീച സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ്. താന്‍ ഹിന്ദു കുടുംബത്തില്‍ ജീവിക്കുന്ന ഒരാളാണെന്നും ഹിന്ദു വിരോധമല്ല ഫാസിസ്റ്റ് വിരോധമാണ് തന്റേതെന്നുമുള്ള കമല്‍ഹാസന്റെ മറുപടി ശരാശരിയിലൊതുങ്ങുന്നു.

web desk 1: