X

വാഴ്ത്തുന്നവരെ വീഴ്ത്തില്ല

Interview with businessman on press conference


തന്‍സീര്‍ ദാരിമി കാവുന്തറ

സമൂഹത്തിന്റെ നാഡീ സ്പന്ദനങ്ങളില്‍ മാധ്യമങ്ങള്‍ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ഇന്ത്യയിലെ സ്വാതന്ത്ര്യ സമരകാലത്ത് പത്രപ്രവര്‍ത്തനത്തിന് കൃത്യമായ ലക്ഷ്യവും ധീരമായ നിലപാടും കണിശമായ പോരാട്ട വീര്യവുമുണ്ടായിരുന്നു. സ്വാതന്ത്ര്യാനന്തരം അതിനുമാറ്റം വരികയും നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും വേണ്ടി പുതിയ കാഴ്ചപ്പാടുകളോടുകൂടിയ മത്സരവും വിപണനതന്ത്രങ്ങളും ആവശ്യമായി. കമ്പോളവല്‍കൃത വ്യവസ്ഥയിലാവട്ടെ സാമൂഹിക നിലനില്‍പ്പിന്റെ കാഴ്ചപ്പാടുകള്‍ക്കതീതവും കോര്‍പ്പറേറ്റ് താല്‍പര്യങ്ങളിലധിഷ്ഠിതവുമായി വിലയ്ക്കെടുക്കാവുന്ന ആയുധമായി പരിണമിച്ചിരിക്കുന്നു മാധ്യമങ്ങള്‍.
ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം,പശുവിന്റെ പേരിലുള്ള മനുഷ്യക്കുരുതി, ലവ് ജിഹാദ്, ശബരിമല സ്ത്രീ പ്രവേശനം, മുത്വലാഖ്, രോഹിത് വെമുല ആത്മഹത്യ, നോട്ടു നിരോധനം ,പുല്‍വാമ ആക്രമണം തുടങ്ങിയ രാജ്യത്തിന്റെ അസ്തിത്വത്തെ പിടിച്ചുലച്ച വിഷയങ്ങളിലെല്ലാം ഭരണാധികാരികള്‍ക്കു ഓശാന പാടുകയും വാലാട്ടുകയുമായിരുന്നു ഇന്ത്യയിലെ ‘കുത്തക മാധ്യമങ്ങള്‍’ എന്നതാണ് കലര്‍പ്പില്ലാത്ത നേര്. കശ്മീരിന്റെ ദീനരോദനങ്ങളെ നിര്‍ലജജം മറച്ചുപിടിച്ച ‘ഇന്ത്യന്‍ മീഡിയാ മോഡല്‍’ ആഗോള തലത്തില്‍ തന്നെ വിഷയീഭവിച്ചതാണ്.
അസത്യങ്ങള്‍ക്കുമേല്‍ രാഷ്ട്രീയ നേട്ടങ്ങളുടെ കോട്ട പണിയാന്‍ ശ്രമിക്കുന്ന ഭരണാധികാരികള്‍ മാധ്യമങ്ങളുമായി കൂട്ടുകച്ചവടമാണ് വളര്‍ത്തിയെടുക്കുന്നത്. കോര്‍പ്പറേറ്റ് അധീനതയിലുള്ള മാധ്യമങ്ങളും ഇത്തരം ഭരണാധികാരികളും തമ്മില്‍ ഊട്ടിയുറപ്പിക്കപ്പെടുന്ന ഈ അവിശുദ്ധ ബന്ധത്തിന്റെ രസതന്ത്രം ജനദ്രോഹപരമാണ്. നുണയില്‍ ജനിച്ച് നുണയില്‍ വളര്‍ന്ന് നുണയില്‍ തന്നെ മരിക്കുന്നതാണ് ലോകത്തെവിടെയും ഫാസിസത്തിന്റെ ചരിത്രം. അതിന്റെ വളര്‍ച്ചയുടെ ദിനങ്ങളില്‍ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ നുണകളുടെ വിളനിലങ്ങളായി മാറുന്നു. ജനാധിപത്യത്തിന്റെ കാവല്‍ നായ്ക്കളായി വിവക്ഷിക്കപ്പെടുന്ന മാധ്യമങ്ങള്‍ അപ്പോള്‍ ജനദ്രോഹ ശക്തികളുടെ മടിയില്‍ ജീവിക്കുന്ന വളര്‍ത്തുപട്ടികളായി മാറും. നരേന്ദ്ര മോഡി ഭരണത്തിന്‍ കീഴില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കുണ്ടായ ഭാവത്തകര്‍ച്ചകള്‍ അപഗ്രഥിച്ചാല്‍ ഇത് വ്യക്തമാകും. സമ്മതിയുടെ നിര്‍മ്മിതി എന്നത് ഭരണ വര്‍ഗ്ഗത്തിന്റെ അതിജീവന തന്ത്രങ്ങളില്‍ പ്രധാനമാണ്. ഭരണം വാരിയെറിയുന്നതെല്ലാം തിന്നു കൊഴുക്കുന്ന മാധ്യമങ്ങള്‍ ഈ സമ്മതി നിര്‍മ്മിച്ചെടുക്കുന്നതില്‍ പരസ്പരം മത്സരിക്കും. അവരുടെ പരക്കം പാച്ചിലിനിടയില്‍ പെട്ട് സത്യങ്ങളെല്ലാം ഞെരിഞ്ഞമരും. ഫുജിറ്റീവ് എക്കണോമിക് ഒഫന്‍ഡേഴ്സ് ബില്ലിനെ പറ്റി മോഡിയോടൊപ്പം മാധ്യമങ്ങളും വാചാലമാവും. എന്നാല്‍ ഈ സാമ്പത്തിക കുറ്റവാളികള്‍ക്ക് ഹിമാലയത്തോളം വലിയ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ കളമൊരുക്കിയത് ആരെന്നതിനെ കുറിച്ച് അവര്‍ അറിയാത്ത ഭാവം നടിക്കും. കള്ളന്‍ കപ്പലില്‍ തന്നെ ആണെന്ന സത്യം മൂടിവയ്ക്കാനാണ് ഇക്കൂട്ടര്‍ സംഘടിതമായി ശ്രമിക്കുന്നത്.
‘പെയ്ഡ് ന്യൂസ്’എന്നത് മാധ്യമ ലോകത്തെ പുതിയ ധര്‍മമാകുമ്പോള്‍ കൊടുക്കല്‍വാങ്ങല്‍ ശേഷിയുള്ള വന്‍കിടക്കാരനു വേണ്ടിയാവും മാധ്യമ ഉത്തരവാദിത്തമെന്നത് നാം ദര്‍ശിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ കാശ്കൊടുത്തു വോട്ടുവാങ്ങുന്ന രാഷ്ട്രീയ വൃത്തികേടിനേക്കാള്‍ നികൃഷ്ടമാണിതെന്ന് പറയാതെ വയ്യ. ‘ചമച്ച’ വാര്‍ത്തകള്‍ വിളമ്പി ജനങ്ങളെ വര്‍ഗീയ വിഷം തീറ്റിച്ചും തെറ്റിദ്ധരിപ്പിച്ചും വോട്ട് തട്ടുന്ന ധര്‍മപ്രചാരണം ഇന്ത്യ കണ്ടതാണ്. പെയ്ഡ് ന്യൂസിനെതിരെ മാധ്യമലോകത്തുനിന്നുതന്നെ ശക്തമായ വിമര്‍ശനവും ചര്‍ച്ചകളും ദേശവ്യാപകമായി ഉണ്ടായത് തീര്‍ച്ചയായും ആശാവഹമാണ്. നിരന്തരം കള്ള വാര്‍ത്തകള്‍ നല്‍കി ജനങ്ങളെ പറ്റിക്കാന്‍ ശ്രമിച്ച മാധ്യമ ഭീകരതക്കെതിരെ ‘ഫെയര്‍’എന്ന ജനകീയ പ്രസ്ഥാനം സംഘടിച്ച് തിരിച്ചടി നല്‍കി മാധ്യമങ്ങളെ തീരുത്തിച്ച് ക്ഷമ പറയിച്ച അമേരിക്കന്‍ അനുഭവം ഇന്ത്യന്‍ മാധ്യമ ഭീമന്മാര്‍ ഓര്‍ക്കേണ്ടതാണ.്
ഇന്ദ്രപ്രസ്ഥത്തില്‍ വീണ്ടും അവരോധിതരായപ്പോള്‍ ഭൂമി കീഴ്മേല്‍ മറിച്ചവരെ പോലെയാണ് നരേന്ദ്ര മോഡിയും സംഘ്പരിവാറും നില്‍ക്കുന്നത്. അവ എങ്ങനെ കൈപ്പിടിയിലാക്കി എന്നതിനെ പറ്റി ഒരു ചോദ്യം പോലും അവര്‍ക്ക് സഹിക്കാനാകില്ല. എങ്ങനെയും അധികാരം എന്നതാണ് സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെ ആത്യന്തിക തത്ത്വശാസ്ത്രം. അവിടെ ജനാധിപത്യത്തിന്റെ തത്വങ്ങളും മൂല്യങ്ങളും ഒന്നും ബാധകമായി കൂടെന്നാണ് ബിജെപി നിരന്തരം തെളിയിച്ചു കൊണ്ടിരിക്കുന്നത്. വാരിയെറിയാന്‍ പണവും ദുരുപയോഗം ചെയ്യാന്‍ അധികാരവും ഊര്‍ജം പകരാന്‍ വംശവിദ്വേഷത്തിന്റെ പ്രത്യയ ശാസ്ത്രവും അതിന്റെ കീഴില്‍ അണിനിരക്കാന്‍ സ്വയം സേവകരും ഉണ്ടെങ്കില്‍ രാഷ്ട്രീയത്തിന്റെ രഥചക്രങ്ങള്‍ എങ്ങോട്ടും ഉരുളുമെന്നാണ് ബിജെപി ഇന്ത്യയെ അറിയിച്ചത്. ഭരണഘടന നിര്‍വചിച്ചതു പ്രകാരമുള്ള ദേശീയ ലക്ഷ്യങ്ങളെയും ജനാധിപത്യത്തിന്റെ നിലനില്‍പ്പിനെയും ഈ രാഷ്ട്രീയതന്ത്രം എത്ര കണ്ടു ബാധിക്കുമെന്ന ചോദ്യം ഉയര്‍ത്താന്‍ കടപ്പെട്ടവരാണ് മാധ്യമങ്ങള്‍. അധികാര രാഷ്ട്രീയവും കോര്‍പ്പറേറ്റ് ലാഭക്കൊതിയും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ സ്വാധീനത്താല്‍ ചില മാധ്യമങ്ങള്‍ ഇവിടെ സ്വന്തം കടമ മറക്കുന്നു. അതിനാല്‍ രാജാവ് നഗ്നനാണെന്നു പറയാന്‍ അവര്‍ക്ക് നാവു പൊങ്ങുന്നില്ല. ഭരിക്കുന്നവര്‍ ആവശ്യപ്പെടുന്ന സമ്മതിയുടെ നിര്‍മാതാക്കളാകാനുള്ള അച്ചാരം പറ്റാനാണ് അവര്‍ പരസ്പരം മത്സരിക്കുന്നത്. ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് വിളിക്കപ്പെട്ട സങ്കല്‍പ്പം തന്നെ ഇവിടെ ഇടിഞ്ഞു വീഴുകയാണ്. സ്വന്തം രാഷ്ട്രീയ മോഹങ്ങള്‍ കൈയെത്തി പിടിക്കാന്‍ ആവശ്യമായത് മാത്രം കാണുകയും കേള്‍ക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന നരേന്ദ്ര മോഡിയുടെ ഇംഗിതങ്ങള്‍ക്കൊപ്പമാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇന്ന് ചുവടു വയ്ക്കുന്നത്. ജനങ്ങളിലെ ഭൂരിപക്ഷം നേരിടുന്ന വിശപ്പിന്റെയും ദാരിദ്ര്യത്തിന്റെയും വിവേചനങ്ങളുടേയും അസമത്വങ്ങളുടേയും അവഗണനയുടേയും സത്യങ്ങള്‍ മുഖത്തേക്കു വന്നു വീണാലും അവര്‍ അത് തുടച്ചു മാറ്റും. അല്ലെങ്കില്‍ ഒരു കൊച്ചു വാര്‍ത്തയില്‍ അവര്‍ അതിനെ കെട്ടിയിടും.
ഐക്യരാഷ്ട്രസഭ ഫെബ്രുവരി 14 ന് പുറത്തിറക്കിയ റിപ്പോര്‍ട്ടിന്റെ ഗതി ശ്രദ്ധിച്ചാല്‍ ഇത് വ്യക്തമാകും. ഇന്ത്യയിലെ ദളിത് സ്ത്രീകളുടെ തൊഴിലിന്റെയും ആരോഗ്യത്തിന്റെയും പ്രശ്നങ്ങളാണ് പ്രസ്തുത റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം . ദളിത് സ്ത്രീകളുടെ ആയുര്‍ ദൈര്‍ഘ്യം മറ്റു സ്ത്രീകളേക്കാള്‍ 14.5 ശതമാനം കുറവാണെന്നാണ് ആ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. അവരുടെ ജീവിത സാഹചര്യങ്ങളാണ് ഈ ദുസ്ഥിതിക്ക് കാരണം. ഇന്ത്യയിലെ സാമൂഹിക കുറ്റകൃത്യങ്ങളില്‍ ഭുരിഭാഗവും നടക്കുന്നത് സ്ത്രീകള്‍ക്കും ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരാണെന്ന് പഠനങ്ങള്‍ പറയുന്നു. ദളിത് സ്നേഹത്തെ കുറിച്ച്, അംബേദ്ക്കറെ കുറിച്ച് അത്യാവേശപൂര്‍വം വാചാലനാകുന്ന പ്രധാനമന്ത്രി ഈ കാര്യങ്ങളെ കുറിച്ച് എപ്പോഴെങ്കിലും നാവനക്കിയിട്ടുണ്ടോ? ദുര്‍ബല ജനതയുടെ അടിസ്ഥാന ജീവിത പ്രശ്നങ്ങളില്‍ മാത്രം അദ്ദേഹത്തിന് സംഭവിക്കുന്ന ഇത്തരം വിസ്മൃതികളുടെ കാരണമെന്താണ്?.മറ്റൊരു റിപ്പോര്‍ട്ടു കൂടി ഐക്യരാഷ്ട്രസഭ കഴിഞ്ഞ ദിവസം പുറത്തു വിട്ടു. ലോക രാജ്യങ്ങളിലെ ജനങ്ങളുടെ സന്തുഷ്ടിയെ കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് ആണത്. അത് പ്രകാരം ഇന്ത്യയുടെ സ്ഥാനം 133 ആണ്. തൊട്ടു മുന്‍പുള്ളകഴിഞ്ഞ പഠനത്തില്‍ 128) സ്ഥാനത്തായിരുന്ന ഇന്ത്യ മോഡിയുടെ ‘അച്ഛെ ദിന്‍’ ഭരണത്തിന്‍ കീഴിലാണ് ഈ സ്ഥാനത്തെത്തിയത്.
സദാ കണ്ണു തുറന്നിരിക്കുന്ന നമ്മുടെ മാധ്യമങ്ങളൊന്നും പാവങ്ങളുടെ ജീവിത സത്യങ്ങളും അവയോട് പ്രധാനമന്ത്രി പുലര്‍ത്തുന്ന മൗനവും ജനശ്രദ്ധയില്‍ കൊണ്ടു വരാതിരിക്കാന്‍ ഇത്രമേല്‍ ജാഗരൂകരാവാന്‍ കാരണമെന്താണ്?.നോട്ട് നിരോധിക്കലിന്റെ അഴിമതിയും, പുറത്തറിഞ്ഞതും കണ്ടെത്താത്തതുമായ കള്ളപ്പണത്തിന്റെ കഥകളും കാണാത്ത വന്‍കിട മാധ്യമങ്ങള്‍ വിറ്റുവരവില്‍ ഒരു വര്‍ഷത്തിനിടെ പതിനാറായിരം മടങ്ങ് വര്‍ദ്ധന നേടിയ അമിത്ഷായുടെ മകന്‍ ജയ് ഷായുടെ കമ്പനിക്കെതിരെയുള്ള ആരോപണത്തെ കാര്യമായി കാണുന്നുമില്ല. കോടാനുകോടി പാവങ്ങളുടെ ‘അഛെ ദിനു’ കള്‍ അകലെയാക്കി കോടാനുകോടികള്‍ വെളുപ്പിക്കുന്നവരുടെ കോഴക്കഥകള്‍ വെളിച്ചത്തു കൊണ്ടുവരാന്‍ ഈ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ക്കാവുമോ?
ഉത്തരേന്ത്യയില്‍ പലയിടത്തും നടക്കുന്ന ദളിത് പീഡനങ്ങള്‍ വന്‍കിടമാധ്യമങ്ങള്‍ കണ്ടില്ലായെന്നു നടിക്കുകയാണ്. രാജസ്ഥാനിലെ അജ്മേര്‍ ജില്ലയില്‍ പ്രേതബാധയുടെ പേരില്‍ ഒരു ദളിത് യുവതിയെ പൊള്ളിച്ചും മര്‍ദ്ദിച്ചും കൊന്നത് ലോകത്തെതന്നെ ഞെട്ടിക്കുന്നതാണ്. കൊല്ലുന്നതിന് മുമ്പ് മേലാളന്‍മാര്‍ മറ്റു രണ്ടു കാര്യങ്ങള്‍ കൂടി ചെയ്യിച്ചു. നഗ്‌നയാക്കി ഗ്രാമത്തെരുവിലൂടെ നടത്തിക്കുകയും മലം തീറ്റിക്കുകയുമായിരുന്നു അത്. ഗുജറാത്തിലെ ആനന്ദ് ജില്ലയിലാണ് ഗര്‍ബ നൃത്തം കാണാനെത്തിയ ദളിത് യുവാവിനെ അതി ക്രൂരമായി തല്ലിക്കൊന്നത്.
ഗുജറാത്തിലെ ഗാന്ധി നഗറിലാണ് മീശ വച്ചതിന്റെ പേരില്‍ ദളിത് യുവാക്കളെ മേല്‍ജാതിക്കാര്‍ തല്ലിചതച്ചത്. ദളിതന്‍ തൊട്ടാല്‍ അശുദ്ധമാകുമെന്ന് പറഞ്ഞ് ദേശീയ പതാക ഉയര്‍ത്തുന്നതില്‍ നിന്നും ദളിതനായ ഗ്രാമമുഖ്യനെ മേല്‍ ജാതിക്കാര്‍ വിലക്കിയതും ഗുജറാത്തിലാണ്. ലോകമറിയാത്ത കൊടുംപീഡനങ്ങള്‍ ഉത്തരേന്ത്യയില്‍ മിക്കയിടത്തും ഇന്ന് നാട്ടുനടപ്പായിരിക്കുകയാണ്. പുറത്തുവരുന്ന കണക്കുകളുടെ അടിസ്ഥാനത്തില്‍ ഓരോ 18 മിനിറ്റിലും ഒരു ദളിതന്‍ പീഡിപ്പിക്കപ്പെടുന്നു. ഔദ്യോഗിക കണക്കുപ്രകാരം ഇത്തരം കേസുകളില്‍ 5.3 ശതമാനം കേസുകളില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെടുന്നത്. പുറത്തറിയുന്നതും അറിയാത്തതുമായ എത്രയോ കേസുകളില്‍ മേല്‍ജാതി ഭ്രാന്തന്മാര്‍ ദളിതരെ കൊന്നു വലിച്ചെറിഞ്ഞ് സസുഖം വാഴുന്നു. കോര്‍പ്പറേറ്റ് ഉടമസ്ഥതയിലുള്ള വന്‍കിട ചാനലുകാര്‍ക്ക് ഇത്തരം വാര്‍ത്തകള്‍ അയിത്തമുള്ളതാവുമല്ലൊ.
നീതിക്കായി നേരിയ ശബ്ദമെങ്കിലും ഉയര്‍ത്തുന്ന മാധ്യമങ്ങളെ നിശബ്ദരാക്കുകയാണ്. കശ്മീരിലെ ദീനവിലാപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങള്‍ക്കു കഴിയാതെ പോവുന്നത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ജേര്‍ണലിസമേ നടക്കൂ എന്നതിന്റെ തെളിവാണ്.

web desk 1: