X
    Categories: columns

പ്രതിഭാസം

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
1967 ല്‍ ഇടതുപക്ഷ സര്‍ക്കാരിനെതിരായി വിദ്യാര്‍ത്ഥി രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിച്ചതാണ് ഉമ്മന്‍ചാണ്ടിയുടെ പീക്ക് ടൈം. അന്ന് ഉമ്മന്‍ചാണ്ടി കെ.എസ്.യു സംസ്ഥാന പ്രസിഡന്റാണ്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായി കുര്യന്‍ ജോയിയും കെ.എസ്.യു ജില്ല പ്രസിഡന്റായ താനുമായും ഉറ്റ സൗഹൃദവും ഒരുമിച്ചുള്ള പ്രവര്‍ത്തനവുമായിരുന്നു. ഞങ്ങള്‍ തമ്മില്‍ രക്തബന്ധത്തേക്കാള്‍ ഉറ്റബന്ധം. യഥാര്‍ത്ഥത്തില്‍ ഞങ്ങളുടെ തലമുറയില്‍ ഉണ്ടായ സൗഹൃദം സമരങ്ങളിലൂടെ ഊതിക്കാച്ചിയെടുത്ത ബന്ധമാണ് അപ്പോള്‍ എത്രവിഷമങ്ങളുണ്ടായാലും ആര്‍ക്കും പരിഭവങ്ങളില്ല.
കോട്ടയം എം.ടി സെമിനാരി സ്‌കൂളില്‍ പഠിക്കുമ്പോള്‍ തൊട്ടടുത്ത് തന്നെ നടന്ന കെ.എസ്.യു നാലാം സംസ്ഥാന സമ്മേളനത്തില്‍ സജീവമായി പങ്കെടുത്തതോടെയാണ് ഏ.കെ ആന്റണി, ഉമ്മന്‍ചാണ്ടി, വയലാര്‍ രവി, എ.സി ജോസ്, എം.എ ജോണ്‍ തുടങ്ങി അന്നത്തെ പ്രമുഖരായ ഒട്ടേറെപ്പേരുമായി അടുത്ത ബന്ധം ഉണ്ടാകുന്നത്.
അഞ്ചല്‍ കോളജ് വെടിവയ്പില്‍ ഒരു വിദ്യാര്‍ത്ഥി മരിച്ചതിനെതുടര്‍ന്ന് കേരളമാകെ ഉണ്ടായ വിദ്യാര്‍ത്ഥി പ്രക്ഷോഭം പൂര്‍ണമായും കെ.എസ്.യു നേതൃത്വത്തിലായിരുന്നു. ആ സമയത്താണ് കോട്ടയത്ത് എം.ടി സെമിനാരി സ്‌കൂളില്‍ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവം നടക്കുന്നത്. വെടിവയ്പില്‍ വിദ്യാര്‍ത്ഥി മരിച്ചതിനുശേഷം മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യ ചടങ്ങായിരുന്നു. പ്രതിഷേധത്തിന്റെ ചൂട് മുഖ്യമന്ത്രിയെ അറിയിക്കാന്‍ കെ.എസ്.യു തീരുമാനിക്കുന്നു. ചടങ്ങില്‍ പങ്കെടുത്ത മുഖ്യമന്ത്രി ഇ.എം.എസ് ചുരുങ്ങിയ വാക്കുകളെ സംസാരിച്ചുള്ളൂ. പിന്നീട് വേദിയുടെ മുന്നില്‍ ഉണ്ടായിരുന്ന മുഖ്യമന്ത്രിയുടെ വാഹനം പിന്നിലൂടെ കൊണ്ടുവന്നാണ് പ്രതിഷേധക്കാരില്‍നിന്ന് മുഖ്യമന്ത്രിയെ രക്ഷിച്ചെടുത്തത്. കേരളമാകെ തുടര്‍ന്നുണ്ടായ സമരം കെ.എസ്.യുവിന് പുതുജീവനായി. പ്രതിഭയുള്ള വിദ്യാര്‍ത്ഥികളുടെ കേന്ദ്രമായി കെ.എസ്.യു മാറി. കേരളത്തിലെ യുവജന മുന്നേറ്റത്തിന്റെ ഏറ്റവും ശക്തമായ കാലമായിരുന്നു അത് ഓര്‍ക്കുന്നു. കോട്ടയം ബസേലിയസ് കോളജ് പടിക്കല്‍ നിരാഹാര സത്യഗ്രഹം നടത്തിയതും മറക്കാന്‍ പറ്റാത്ത സംഭവമാണ്. പാതിരാത്രിയില്‍ ഏ.കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും സമരപന്തലില്‍ എത്തിയാണ് സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തിയത്.
70-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിക്ക് പുതുപ്പള്ളിയില്‍ മത്സരിക്കാന്‍ സീറ്റ് കിട്ടിയപ്പോള്‍ സ്വര്‍ഗം കിട്ടിയ പ്രതീതി ആയിരുന്നു. പുതുപ്പള്ളിയിലെ ആദ്യ തെരഞ്ഞടുപ്പില്‍ എല്ലാവര്‍ക്കും പട്ടിണി മാത്രമായിരുന്നു. ആരുടെ കയ്യിലും കാശില്ല. ഫണ്ടായി കിട്ടിയതില്‍ 25000 ചെലവ് കഴിഞ്ഞ് ബാക്കി തിരിച്ച് നല്‍കിയത് ചരിത്രമാണ്. അന്ന് ഫോട്ടോയും വേണ്ട കളര്‍ പോസ്റ്ററും വേണ്ട. ഉമ്മന്‍ചാണ്ടിക്ക് അന്നത്തെ സ്വഭാവത്തില്‍ നിന്നും ഒരു മാറ്റവും ഇന്നുവരെ ഉണ്ടായിട്ടില്ല. ചിലര്‍ക്ക് സ്ഥാനം മാറുമ്പോള്‍ സ്വഭാവവും മാറും. വേഗതയിലുള്ള നടപ്പ്, ആളുകളോട് കുശലം പറഞ്ഞ് പോകുക, ജനക്കൂട്ടത്തിന്റെ മധ്യത്തില്‍ നില്‍ക്കുക ഇതൊക്കെ അന്നത്തെപ്പോലെ തന്നെ ഇപ്പൊഴും ഉമ്മന്‍ചാണ്ടിയില്‍ കാണാം.
രാഷ്ട്രീയത്തില്‍ ഒരു മാറ്റവുമില്ലാത്തവര്‍ വളരെ കുറവാണ്. ചിലര്‍ സ്ഥാനങ്ങളിലേക്ക് കയറുമ്പോള്‍ സ്വഭാവത്തില്‍ ചില മാറ്റങ്ങളൊക്കെയുണ്ടാകാറുണ്ട്. എന്നാല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴും ആ ആഫീസിനകത്തും ഒരു ജനക്കൂട്ടമാണ് നില്‍ക്കുന്നത്. ഇത് പഴയ സ്വഭാവമാണ്. ഒരാളോടും നോയെന്ന് പറയില്ല. എല്ലാവരും വന്നു ചേരും. സത്യം പറഞ്ഞാല്‍ ഒരു പ്രതിഭാസമാണ്. കേരള രാഷ്ട്രീയത്തിലെ ഒരു പ്രതിഭാസമാണ് ഉമ്മന്‍ചാണ്ടി.
(തയ്യാറാക്കിയത്
എന്‍.എസ്.അബ്ബാസ്)

 

web desk 1: