X
    Categories: columns

രണ്ട് ഗൂഢാലോചനകളും ഒരു സംസ്‌കാര ചടങ്ങും

 

അരുന്ധതി റോയ്

ദീപാവലി അടുക്കുമ്പോഴും രാമന്‍ തന്റെ രാജ്യത്തിലേക്കുള്ള വിജയകരമായ തിരിച്ചുവരവ് ആഘോഷിക്കാന്‍ ഹിന്ദുക്കള്‍ ഒരുങ്ങുമ്പോഴും (അയോധ്യയില്‍ അദ്ദേഹത്തിനായി പണിയുന്ന പുതിയ ക്ഷേത്രം), നമ്മളില്‍ ബാക്കിയുള്ളവര്‍ ഇന്ത്യന്‍ ജനാധിപത്യത്തിനായുള്ള സീരിയല്‍ വിജയങ്ങളുടെ ഈ സീസണ്‍ ആഘോഷിക്കുന്നതില്‍ സംതൃപ്തരായിരിക്കണം. അസ്വസ്ഥജനകമായ ശവസംസ്‌കാരത്തിന്റെ ബ്രേക്കിങ് ന്യൂസിനും വലിയ ഗൂഢാലോചനയുടെ വിശ്രമവേളയിലും മറ്റൊന്നിന്റെ ഉദ്ഘാടനത്തിനുമിടയില്‍, പുരാതനവും ആധുനികവുമായ നമ്മുടെ സാംസ്‌കാരികവും നാഗരികവുമായ മൂല്യങ്ങളെക്കുറിച്ച് എങ്ങനെ അഭിമാനിക്കാന്‍ കഴിയില്ല? ഉത്തര്‍പ്രദേശിലെ ഹത്രാസിലുള്ള ഗ്രാമത്തില്‍ ഉന്നത ജാതിക്കാര്‍ കൂട്ടബലാത്സംഗത്തിനിരയാക്കുകയും അംഗഭംഗപ്പെടുത്തുകയും പിന്നീട് മരണത്തിന് കീഴടങ്ങുകയും ചെയ്ത 19 കാരി ദലിത് പെണ്‍കുട്ടിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നത് സെപ്തംബറിലാണ്. 600 കുടുംബങ്ങളില്‍ ഭൂരിഭാഗവും ബ്രാഹ്മണരും യോഗി ആദിത്യനാഥ് എന്ന് സ്വയം വിളിക്കുന്ന കാവി മേലങ്കയണിഞ്ഞ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അജയ്‌സിങ് ബിഷ്റ്റിന്റെ അതേ ജാതിക്കാരായ താക്കൂറുമാരുമുള്ള ഗ്രാമത്തിലെ 15 ദലിത് കുടുംബങ്ങളില്‍ ഒന്നായിരുന്നു അവളുടേത്. പ്രതികള്‍ പെണ്‍കുട്ടിയെ കുറച്ചുകാലമായി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സഹായത്തിനും സംരക്ഷണത്തിനും അവള്‍ക്ക് ആരുമുണ്ടായിരുന്നില്ല. അതിനാല്‍, അവള്‍ വീട്ടില്‍ ഒതുങ്ങിക്കഴിയുകയും അപൂര്‍വ്വമായി പുറത്തിറങ്ങുകയും ചെയ്തു. മേല്‍ജാതിക്കാര്‍ എന്തൊക്കെയോ ഉറപ്പിച്ചതായി അവളും കുടുംബവും ഉത്കണ്ഠപ്പെട്ടിരുന്നു. പക്ഷേ ഈ കരുതല്‍ അവര്‍ക്ക് സഹായകരമായില്ല. പശുക്കളെ മേയാന്‍ കൊണ്ടുപോയ വയലില്‍ രക്തമൊലിക്കുന്ന നിലയില്‍ മകളെ അമ്മ കണ്ടെത്തി. നാവ് മുറിച്ച നിലയിലും നട്ടെല്ല് തകര്‍ത്ത നിലയിലും കണ്ടെത്തിയ പെണ്‍കുട്ടി അവശനിലയിലായിരുന്നു. ആദ്യം അലിഗഡിലെ ആശുപത്രിയിലും പിന്നീട് നില വഷളായപ്പോള്‍ ഡല്‍ഹിയിലെ ആശുപത്രിയിലുമായി രണ്ടാഴ്ചയോളം പെണ്‍കുട്ടി ജീവിതത്തിനും മരണത്തിനുമിടയില്‍ കഴിച്ചുകൂട്ടി. സെപ്തംബര്‍ 29 ന് രാത്രി അവള്‍ മരിച്ചു.
കഴിഞ്ഞ വര്‍ഷം 400 കസ്റ്റഡി കൊലപാതകങ്ങള്‍-ഇന്ത്യയില്‍ മൊത്തം നടന്ന 1,700 ന്റെ നാലിലൊന്നും- നടത്തി കുപ്രസിദ്ധരായ ഉത്തര്‍പ്രദേശ് പൊലീസ് നേരം വെളുക്കുന്നതിനു മുമ്പുതന്നെ തിടുക്കത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം ഗ്രമത്തിലെത്തിച്ച് കത്തിച്ചുകളഞ്ഞു. പരിഭ്രാന്തരായ കുടുംബത്തെ അവര്‍ പൂട്ടിയിട്ടു, പെണ്‍കുട്ടിയുടെ അമ്മയെ അവസാനമായി ഒന്നു കാണാന്‍ പോലും അനുവദിച്ചില്ല. മകളുടെ മുഖം അവസാനമായി കാണാനുള്ള അവസരവും ഒപ്പം പ്രിയപ്പെട്ടവളുടെ അന്ത്യകര്‍മങ്ങള്‍ നടത്താനുള്ള അവകാശവും നിഷേധിച്ചു. സംസ്‌കരിച്ചത് അവരുടെ മകളുടെ ശരീരമാണെന്ന കൃത്യമായ അറിവ് പോലും അവര്‍ക്ക് നിഷേധിച്ചു. കൊല ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ തകര്‍ന്ന ശരീരം തിടുക്കത്തില്‍ ഒരുമിച്ച് ചേര്‍ത്ത് ചിതയില്‍ കിടത്തി, കാക്കി യൂണിഫോമുകളണിഞ്ഞ പൊലീസ്മതിലിന് പിന്നില്‍നിന്ന് രാത്രി ആകാശത്തേക്ക് പുക ഉയര്‍ന്നു. മാധ്യമ ശ്രദ്ധ ഇല്ലാതായാല്‍ അവര്‍ വേട്ടയാടപ്പെടുമെന്ന് അറിയുന്നതിനാല്‍ കുടുംബം ആശങ്കയിലാണ്.
ഹത്രാസിലെ ഗ്രാമത്തില്‍ ലജ്ജാകരവും ഭയാനകവുമായ ശവസംസ്‌കാരം കഴിഞ്ഞ് ഏതാനും മണിക്കൂറുകള്‍ക്ക്‌ശേഷം സെപ്തംബര്‍ 30 ന് രാവിലെ സി.ബി.ഐ പ്രത്യേക കോടതി വിധി പ്രസ്താവം നടത്തി. ആധുനിക ഇന്ത്യയുടെ ചരിത്ര ഗതിയെ മാറ്റിമറിച്ച, 1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കുന്നതിന് ഗൂഢാലോചന നടത്തിയ കേസിലെ 32 പേരെ 28 വര്‍ഷത്തെ ശ്രദ്ധാപൂര്‍വമായ ആലോചനക്കുശേഷം വെറുതെ വിട്ടു. വിട്ടയച്ചവരില്‍ മുന്‍ ആഭ്യന്തരമന്ത്രിയും മുന്‍ കാബിനറ്റ് മന്ത്രിയും മുന്‍ മുഖ്യമന്ത്രിയും ഉള്‍പ്പെടുന്നു. ഫലത്തില്‍ ബാബരി മസ്ജിദ് ആരും പൊളിച്ചില്ലെന്ന് തോന്നുന്നു. ഒരുപക്ഷേ പള്ളി പള്ളിയെതന്നെ സ്വയം പൊളിച്ചതായിരിക്കും. അല്ലെങ്കില്‍ ബാബാസാഹിബ് അംബേദ്കറുടെ മരണ വാര്‍ഷിക ദിനമായ ഡിസംബര്‍ 6ന്, ഹാമര്‍ സ്വയം അടിച്ച് പൊടിയില്‍ മുങ്ങുകയായിരുന്നു. അതുമല്ലെങ്കില്‍ അന്ന് അവിടെ തടിച്ചുകൂടിയ ഭക്തര്‍ എന്ന് സ്വയം വിശേഷിപ്പിച്ച കാവി ഗുണ്ടകളുടെ കൂട്ടായ ഇച്ഛശക്തിയില്‍ തകര്‍ന്നുവീഴുകയായിരുന്നു. നാമെല്ലാവരും കണ്ട പഴയ പള്ളിയുടെ ഭിത്തികളില്‍ ആള്‍ക്കൂട്ടം ആഞ്ഞടിക്കുന്ന വീഡിയോകളും ഫോട്ടോഗ്രാഫുകളും മാറുകയാണ്. നാമെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്ത സാക്ഷിമൊഴികള്‍ തുടര്‍ന്നുള്ള മാസങ്ങളില്‍ മാധ്യമങ്ങളില്‍ നിറഞ്ഞ വാര്‍ത്താറിപ്പോര്‍ട്ടുകള്‍ എല്ലാം നമ്മുടെ ഭാവനയുടെ രൂപങ്ങളായിരുന്നു. തുറന്ന ട്രക്കില്‍ വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് നഗര റോഡുകള്‍ നിശ്ചലമാക്കി അയോധ്യയില്‍ ഒത്തുചേരാനും പള്ളി നിലകൊള്ളുന്ന സ്ഥലത്ത് രാമക്ഷേത്രം പണിയുന്നതില്‍ പങ്കെടുക്കാനും യഥാര്‍ത്ഥ ഹിന്ദുക്കളെ ഉദ്‌ബോധിപ്പിച്ച് എല്‍.കെ അദ്വാനിയുടെ രഥയാത്ര ഇന്ത്യയുടെ വിരിമാറിലൂടെ സഞ്ചരിച്ചതും യഥാര്‍ത്ഥത്തില്‍ നടന്നതല്ല. യാത്ര തടഞ്ഞതിനെത്തുടര്‍ന്നു മരണവും നാശനഷ്ടങ്ങളും സംഭവിച്ചിട്ടില്ല.
പള്ളിപൊളിക്കാന്‍ പദ്ധതിയിട്ടിരുന്നില്ലെന്ന് 2,300 പേജ് വരുന്ന വിധിന്യായത്തില്‍ പ്രത്യേക കോടതി ജഡ്ജി വ്യക്തമാക്കിയിട്ടുണ്ട്. ഒരു പദ്ധതി നടന്നിട്ടില്ലെന്ന് സ്ഥാപിക്കാന്‍ 2300 പേജ് എന്നതൊരു നേട്ടമാണ്, നിങ്ങള്‍ സമ്മതിക്കണം. പള്ളി പൊളിക്കുന്നത് ആസൂത്രണം ചെയ്യുന്നതിനായി പ്രതികള്‍ ‘ഒരു മുറിയില്‍’ ഒത്തുകൂടി എന്നതിന് യാതൊരു തെളിവുമില്ലെന്ന് അദ്ദേഹം വിവരിക്കുന്നു. ഒരുപക്ഷേ അത് ഒരു മുറിക്ക് പുറത്ത്, നമ്മുടെ തെരുവുകളില്‍, പൊതു മീറ്റിങുകളില്‍, ടി.വി സ്‌ക്രീനുകളില്‍ നമുക്കെല്ലാവര്‍ക്കും കാണാനും പങ്കെടുക്കാനും വേണ്ടി സംഭവിച്ചതുകൊണ്ടാകാം?
എന്തായാലും ബാബരി മസ്ജിദ് ഗൂഢാലോചന ഇപ്പോള്‍ പുറത്താണ്. എന്നാല്‍ ‘അകത്ത്’, ‘ലക്ഷ്യമിടുന്ന’ മറ്റൊന്നുണ്ട്. 53 പേര്‍ (40 പേര്‍ മുസ്്‌ലിംകള്‍) കൊല്ലപ്പെടുകയും 581 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത 2020 ലെ ഡല്‍ഹി കൂട്ടക്കൊലയുടെ ഗൂഢാലോചനയാണത്. പള്ളികള്‍, ഖബറിടങ്ങള്‍, മദ്രസകള്‍ എന്നിവ പ്രത്യേകമായി ലക്ഷ്യമിട്ടിരുന്ന വംശഹത്യ. മുസ്്‌ലിംകളുടെ ഭൂരിഭാഗം വീടുകളും കടകളും വ്യാപാര സ്ഥാപനങ്ങളും തീയിട്ട് നിലംപരിശാക്കി. ഈ ഗൂഢാലോചനയുടെ കാര്യത്തില്‍ ആയിരക്കണക്കിന് പേജുകളിലായി ഡല്‍ഹി പൊലീസ് തയാറാക്കിയ കുറ്റപത്രത്തില്‍ ഒരു മേശക്കു ചുറ്റും ഇരിക്കുന്ന കുറച്ച് ആളുകളുടെ ഫോട്ടോ പോലും ഉണ്ട്. അതെ! ഒരു മുറിയില്‍, ഒരുതരം ഓഫീസ് പോലുള്ള സ്ഥലത്ത്. അവര്‍ ഗൂഢാലോചന നടത്തുന്നുവെന്ന് അവരുടെ പദപ്രയോഗത്തിലൂടെ നിങ്ങള്‍ക്ക് വ്യക്തമായി പറയാന്‍ കഴിയും. എന്തിനധികം, അവര്‍ ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് ആരോപണങ്ങളുണ്ട്. അവരെ തിരിച്ചറിയുന്നു. അവരുടെ പേരുകള്‍ നമ്മോട് പറയുന്നു. ഇത് വിനാശകരമാണ്. ബാബരി മസ്ജിദിന്റെ താഴികക്കുടത്തില്‍ പിക്കാസുകൊണ്ട് അടിക്കുന്ന ആള്‍ക്കൂട്ടത്തേക്കാള്‍ ഭയാനകമാണിത്. മേശക്കു ചുറ്റും ഇരുന്ന ചില ആളുകള്‍ ഇപ്പോള്‍ ജയിലിലാണ്. ബാക്കിയുള്ളവര്‍ ഉടന്‍ അഴിക്കുള്ളിലാകും. അറസ്റ്റിന് കുറച്ച് മാസങ്ങളേ വേണ്ടിവന്നുള്ളു. കുറ്റവിമുക്തരാക്കാന്‍ വര്‍ഷങ്ങളെടുക്കും. ബാബരി മസ്ജിദ് വിധി നടപ്പാക്കാനുണ്ടായിരുന്നുവെങ്കില്‍ 28 വര്‍ഷം. ആര്‍ക്കറിയാം. ഫെബ്രുവരിയില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാസന്ദര്‍ശന വേളയില്‍ അക്രമത്തിന് പ്രേരിപ്പിച്ച് രക്തരൂക്ഷിതവും സാമുദായികവുമായ ഏറ്റുമുട്ടല്‍ സൃഷ്ടിച്ച് ഇന്ത്യന്‍ സര്‍ക്കാരിനെ നാണംകെടുത്തുകയായിരുന്നു ഗൂഢാലോചനക്ക് പിന്നിലെന്നാണ്് പൊലീസ് ഭാഷ്യം. ബാബരി മസ്ജിദ് സ്വയം തകര്‍ന്നതായി കാണപ്പെട്ടതിന് സമാനമായി, 2020 ലെ ഡല്‍ഹി കൂട്ടക്കൊലയുടെ പൊലീസ് പതിപ്പില്‍, ഇന്ത്യ എത്ര ഭയാനകമാണെന്ന് ഡൊണാള്‍ഡ് ട്രംപിനെ കാണിക്കാന്‍, മുസ്്‌ലിംകള്‍ സ്വയം കൊലപ്പെടുത്താനും സ്വന്തം പള്ളികള്‍ കത്തിക്കാനും സ്വന്തം വീടുകള്‍ നശിപ്പിക്കാനും സ്വന്തം കുട്ടികളെ അനാഥരാക്കാനും ഗൂഢാലോചന നടത്തി എന്നു തോന്നുന്നു.
(കടപ്പാട്: scroll.in)

 

web desk 1: