X
    Categories: columns

കിഫ്ബി വെട്ടിപ്പിന്റെ മാന്ത്രിക വടി

ഇ.ടി രാഗേഷ്

കിഫ്ബി ഒരു മാന്ത്രിക വടിയാണെന്നാണ് ധനമന്ത്രി തോമസ് ഐസകിന്റെ അഭിപ്രായം. അഴിമതിയില്‍ മുങ്ങിക്കുളിച്ച ഇടതുസര്‍ക്കാറിന് തട്ടിപ്പും വെട്ടിപ്പും നടത്താനുള്ള മാന്ത്രിക വടിയാണ് കിഫ്ബിയെന്ന് മാലോകര്‍ക്ക് ഇപ്പോഴാണ് മനസ്സിലായത്. കിട്ടാവുന്നിടത്ത് നിന്നെല്ലാം കൊള്ള പലിശക്ക് കടം വാങ്ങി അതില്‍നിന്ന് കമ്മീഷന്‍ തട്ടുന്ന സാമ്പത്തിക വികസന പ്രക്രിയയാണ് തോമസ് ഐസക്കും കൂട്ടരും നടത്തുന്നത്. ഒട്ടുമിക്കവയും കടലാസില്‍ മാത്രം ഒതുങ്ങുന്ന പദ്ധതികള്‍. ഇതിലെ തട്ടിപ്പും വെട്ടിപ്പിനെയും കുറിച്ച് ചോദിച്ചാല്‍ വികസനം അട്ടിമറിക്കുന്നു എന്ന് പറഞ്ഞ് ഒച്ചവെക്കാന്‍ തുടങ്ങും. വന്‍കിട പദ്ധതികള്‍ നടപ്പാക്കുന്നതിനെന്നു പറഞ്ഞ് കടം വാങ്ങാന്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ സംവിധാനമാണ് കിഫ്ബി എന്ന് ചുരുക്കിപ്പറയാം.
കിഫ്ബി വഴി 50000 കോടിയുടെ വികസനം വന്നു എന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ 50,000 കോടി രൂപയുടെ വികസന പദ്ധതികള്‍ കിഫ്ബി വഴി നടപ്പാക്കുമ്പോള്‍ സര്‍ക്കാരിനു ബാധ്യതയായിവരുന്നത് 94,118 കോടി രൂപയാണ് എന്നാണ് തോമസ് ഐസക് തന്നെ പറയുന്നത്. 9.5 ശതമാനം പലിശക്കാണ് പണം വായ്പയായി എടുക്കുന്നത്. ഒരു രൂപയുടെ വികസനം നടത്താന്‍ രണ്ടു രൂപ മുടക്കണം എന്നര്‍ത്ഥം. ഈ വായ്പകളുടെയെല്ലാം പലിശ പണം വാങ്ങിയതുമുതല്‍ നല്‍കുകയും വേണം. സര്‍ക്കാരാണ് വായ്പകള്‍ക്ക് ഗ്യാരണ്ടി നില്‍ക്കുന്നതെന്നിരിക്കെ അവ ഖജനാവിനുണ്ടാക്കുന്ന ബാധ്യത ഏറെ വലുതാണ്.
വികസനം വന്നോ എന്ന ചോദ്യത്തിന് ആകെ വന്നത് 6700 കോടിയുടെ വികസനം മാത്രമാണ് എന്നാണ് ഉത്തരം. ബാക്കി കടലാസിലാണ്. നടന്ന 6700 കോടിയുടെ പദ്ധതികളെപ്പറ്റി ആരും ഒന്നും ചോദിക്കരുത് എന്നാണ് സര്‍ക്കാറിന്റെ വാദം. കിഫ്ബിക്കെതിരെ കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) റിപ്പോര്‍ട്ട് സര്‍ക്കാരിനെ ചൊടിപ്പിച്ചിട്ടുണ്ട്. രാജ്യത്തിനകത്തുനിന്നും വിദേശത്തുനിന്നും കിഫ്ബി വായ്പ എടുക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും ഇതുവരെയുള്ള കടമെടുപ്പ് സര്‍ക്കാരിന് 3100 കോടി രൂപയുടെ ബാധ്യത വരുത്തിയെന്നും സി.എ.ജി ചൂണ്ടിക്കാട്ടുന്നു. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേറിയതുമുതല്‍ കിഫ്ബിക്കെതിരെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങളെ റിപ്പോര്‍ട്ട് ശരിവെക്കുന്നുണ്ട്. വികസനത്തേക്കാള്‍ ബാധ്യതകളാണ് അത് ഉണ്ടാക്കിവെച്ചിരിക്കുന്നതെന്ന് സി.എ.ജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വരാനിരിക്കുന്ന സര്‍ക്കാരുകള്‍ക്കുള്ള കെണിയാണ് കിഫ്ബിയെന്നാണ് തുടക്കംമുതല്‍ പ്രതിപക്ഷം വാദിച്ചത്. കിഫ്ബി മുഖേനയുള്ള വികസനത്തിലെ ഏറ്റവും വലിയ അപകടം ഭാവിയിലെ വായ്പാ തിരിച്ചടവായിരിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. 10 വര്‍ഷം കൊണ്ട് മുതലും പലിശയും ഉള്‍പ്പെടെ ഒരു ലക്ഷം കോടി രൂപയാണ് കിഫ്ബി തിരിച്ചടക്കേണ്ടത്. മോട്ടോര്‍ വാഹന നികുതി, പെട്രോളിയം സെസ് എന്നീ ഇനത്തിലാണ് കിഫ്ബിയുടെ പ്രധാന വരുമാന സ്രോതസ്. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വര്‍ധിക്കുമ്പോള്‍ പെട്രോളിയം സെസില്‍ നിന്നും കിഫ്ബിക്ക് പ്രതീക്ഷിക്കുന്ന വരുമാനം ലഭിക്കാനിടയില്ലെന്ന് കരുതേണ്ടിയിരിക്കുന്നു. വരുമാനദായകമല്ലാത്ത പദ്ധതികള്‍ കാരണം കിഫ്ബിയുടെ വികസനതന്ത്രം പരാജയപ്പെടാനുള്ള സാധ്യത ഏറെയാണ്. അതുണ്ടായാല്‍ കേരളം കടക്കെണിയില്‍ മുങ്ങിത്താഴുമെന്നതില്‍ തര്‍ക്കമില്ല. 2025 ആകുമ്പോഴേക്കും കേരളീയ ജനസംഖ്യയില്‍ 20 ശതമാനം വൃദ്ധരായിരിക്കും. ജോലി ചെയ്യാന്‍ കഴിവുള്ള ചെറുപ്പക്കാരുടെ എണ്ണം കുറയുന്നതിനാല്‍ സമ്പദ് ഘടനയുടെ വളര്‍ച്ചയും താഴേക്കാകും. ഇവയൊക്കെ കിഫ്ബി വായ്പയുടെ തിരിച്ചടവിനെ പ്രതിസന്ധിയിലാക്കാനിടയുണ്ട്. പിണറായി സര്‍ക്കാര്‍ കിഫ്ബി പുന:സംഘടിപ്പിച്ചശേഷം ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നുവന്നത്. വൈദ്യുതി ബോര്‍ഡുമായി ബന്ധപ്പെട്ട് കിഫ്ബിക്കെതിരെ പ്രതിപക്ഷം ശക്തമായ അഴിമതി ആരോപണമുന്നയിച്ചിരുന്നു.
വൈദ്യുതി കൊണ്ടുവരുന്നതിനുള്ള ട്രാന്‍സ് ഗ്രിഡ് പദ്ധതിയുടെ നടത്തിപ്പിലും കോട്ടയം ലൈന്‍സ് പദ്ധതിയിലും കിഫ്ബിക്കുവേണ്ടി വൈദ്യുതി ബോര്‍ഡിലെ എഞ്ചിനീയറെ മാറ്റിയതും സര്‍ക്കാരിന് ഇഷ്ടമുള്ള കമ്പനിക്കുവേണ്ടി കരാര്‍ മാനദണ്ഡങ്ങള്‍ മാറ്റിയതുമെല്ലാം കിഫ്ബിയുടെ മറവില്‍ നടന്ന വലിയ അഴിമതികളാണ്. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമല്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുകയും അതേക്കുറിച്ച് വിശദീകരണങ്ങള്‍ തേടുകയും ചെയ്‌തെങ്കിലും സര്‍ക്കാര്‍ മൗനംപാലിക്കുകയും വിവാദങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കുകയുമാണ് ചെയ്ത്.
കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളുടെ സാമ്പത്തിക ബാധ്യതയെക്കുറിച്ച് നേരത്തെതന്നെ പ്രമുഖര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മസാല ബോണ്ടുകളില്‍നിന്നുള്‍പ്പെടെ ഉയര്‍ന്ന പലിശക്ക് പണം സ്വീകരിച്ചതാണ് ഇത്തരമൊരു ആശങ്കക്ക് കാരണം. അന്താരാഷ്ട്ര വിപണിയില്‍നിന്ന് കിഫ്ബി മസാല ബോണ്ട് വഴി 2150 കോടി രൂപ സമാഹരിച്ചിരുന്നു. അതിന് പലിശ ഇനത്തില്‍തന്നെ നല്ല തുക നല്‍കേണ്ടിവരും. അതിനെല്ലാം പുറമെയാണ് പരസ്യങ്ങളും മറ്റുമായി പദ്ധതികളുടെ പേരില്‍ കോടികള്‍ വാരിയെറിയുന്നത്. കിഫ്ബിയുടെ മീഡിയാമാനേജ്‌മെന്റ് ഗ്രൂപ്പിന്റെ കോര്‍ഡിനേറ്റര്‍ക്ക് പ്രതിമാസം 80,000 രൂപയാണ് ശമ്പളം. ഇത്തരം കാര്യങ്ങളെല്ലാം ഒളിച്ചുവെക്കാനാണ് സര്‍ക്കാര്‍ സി. എ.ജി ഓഡിറ്റിങിനെ എതിര്‍ത്തതെന്ന് എളുപ്പത്തില്‍ മനസ്സിലാകും.
ഈ വര്‍ഷം നടത്തിയ തുടര്‍ ഓഡിറ്റിങിലാണ് കിഫ്ബിയുടെ വായ്പയെടുക്കല്‍ ഭരണഘടനാവിരുദ്ധമാണെന്ന് സി.എ.ജി വ്യക്തമാക്കിയത്. ഇതേക്കുറിച്ച് തോമസ് ഐസകിന്റെയും സര്‍ക്കാരിന്റെയും പ്രതികരണമാണ് ഏറെ പരിഹാസ്യം. രാഷ്ട്രീയ ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ച് ഒളിച്ചോടാനാണ് മന്ത്രി ശ്രമിക്കുന്നത്. സ്വന്തം കാര്യലാഭ്യത്തിന് സര്‍ക്കാര്‍ കിഫ്ബിയെ ദുരുപയോഗം ചെയ്യുകയാണ്. വയനാട്ടില്‍ തുരങ്കപാത നിര്‍മിക്കാനുള്ള പദ്ധതിയും കിഫ്ബിയില്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു പ്രഖ്യാപനം. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്ക് അപേക്ഷ പോലും കൊടുക്കാതെ മുഖ്യമന്ത്രി അതിന്റെ ലോഞ്ചിങും നടത്തി. തുരങ്കപാത വരാനും പോകുന്നില്ല. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാര്‍ ജനത്തിന്റെ കണ്ണില്‍ പൊടിയിടുകയാണ്. വികസന താല്‍പര്യങ്ങള്‍ക്കുപകരം രാഷ്ട്രീയ ലാഭം കൊയ്യാനായി ഇടതുസര്‍ക്കാര്‍ ഖജനാവ് മുടിക്കുകയാണെന്ന് വ്യക്തം.

 

 

 

 

web desk 1: