X

വന്‍ ശക്തികള്‍ ഇനിയും ഉള്‍ക്കൊള്ളാത്ത പാഠം

 

ഒരിക്കല്‍ കൂടി സെപ്തംബര്‍ 11 കടന്നുപോകുന്നു. അമേരിക്കയുടെ അഭിമാന സ്തംഭമായിരുന്ന ന്യൂയോര്‍ക്കിലെ ലോക വ്യാപാര സമുച്ചയം ഭീകരാക്രമണത്തില്‍ തകര്‍ന്ന ദിനം. ‘വേട്ടക്കാരന്‍ തന്നെ ഇര’യായ ദിനം എന്ന് അമേരിക്കയുടെ വിമര്‍ശകര്‍ വിശേഷിപ്പിക്കുന്ന ദിനം. അതിസൂക്ഷ്മ നിരീക്ഷണത്താല്‍ വലയം ചെയ്യപ്പെട്ട രാജ്യത്ത്, അവയെ അതിജയിച്ച് ഭീകരര്‍ തകര്‍ന്നാടിയ നിമിഷങ്ങള്‍ അമേരിക്കക്കാരുടെ ചിന്തകള്‍ക്കും അപ്പുറമായിരുന്നു.
സെപ്തംബര്‍ പതിനൊന്ന് ലോക ചരിത്രത്തില്‍ വഴിത്തിരിവാണ്. രണ്ടാം ലോക യുദ്ധത്തിന് ശേഷം അമേരിക്ക ലോക സമൂഹത്തില്‍ സൃഷ്ടിച്ച സ്വാധീനത്തെ പിടിച്ചുലച്ച് കളഞ്ഞു ഭീകരാക്രമണം. അമേരിക്കയെ തൊടാന്‍ ആര്‍ക്കും കഴിയില്ലെന്ന അഹങ്കാരത്തിനുള്ള കനത്ത പ്രഹരം. പുറത്തുനിന്നുള്ള ഏത് ആക്രമണത്തെയും നിലം തൊടാതെ തകര്‍ക്കാന്‍ അമേരിക്കയുടെ സൈനിക സംവിധാനത്തിന് ശേഷിയുണ്ട്. ലോകത്തിന്റെ തന്നെ മുക്കുമൂലകളിലെ കൊച്ചു ചലനങ്ങള്‍ പോലും നിരീക്ഷിക്കാന്‍ കഴിവുള്ള ഇന്റലിജന്‍സ് സംവിധാനവും അമേരിക്കക്ക് സ്വന്തം. ഇവയെ അതിജീവിച്ചാണ് ഭീകരര്‍ തന്ത്രം മെനഞ്ഞത്. അമേരിക്കയിലെ തന്നെ വിമാനങ്ങള്‍, സ്വന്തം പൈലറ്റുമാര്‍ റാഞ്ചിയെടുത്ത് ലോക വ്യാപാര സമുച്ചയം തകര്‍ത്തു. അമേരിക്കയുടെ സൈനിക കേന്ദ്രമായ പെന്റഗണിന് നേരെയുള്ള വിമാനാക്രമണം നേരിയ വ്യത്യാസത്തിലാണ് ഒഴിവായത്. പെന്റഗണ്‍ തകര്‍ന്നാല്‍ അമേരിക്കയുടെ പരാജയം സമ്പൂര്‍ണമാകുമായിരുന്നു. വൈറ്റ് ഹൗസില്‍ നിന്ന് പ്രസിഡണ്ട് ജോര്‍ജ്ജ് ബുഷിനെയും വൈസ് പ്രസിഡണ്ട് വിക്‌ചെനിയെയും അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. ന്യൂയോര്‍ക്ക് തെരുവില്‍ ജനങ്ങള്‍ ജീവനും കൊണ്ട് ഓടി. (ഇസ്രാഈലി വിമാനാക്രമങ്ങള്‍ ഭയന്ന് ഫലസ്തീന്‍ തെരുവില്‍ സ്ത്രീകളും കുട്ടികളുമടക്കം ഓടിയൊളിക്കുന്നതിന് സമാനചിത്രം) മൂവായിരം മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസ് തുടരുന്നു. പൈലറ്റുമാരില്‍ ഭൂരിപക്ഷവും ജന്മം കൊണ്ട് സഊദിക്കാരായതിനാല്‍ ആ രാജ്യത്തിന് എതിരായ നീക്കങ്ങളും ഇതിന്റെ ഭാഗമായി അമേരിക്ക നടത്തിവരുന്നുണ്ട്. അവയൊന്നും അവസാനമായിട്ടില്ല. ന്യൂയോര്‍ക്ക് ഭീകരാക്രമണം നടത്തിയവര്‍ക്കെതിരെ പ്രത്യാക്രമണം നടത്താന്‍ അമേരിക്കക്ക് അവകാശമുണ്ട്. ആക്രമണത്തിന്റെ ആസൂത്രകരായ അല്‍ ഖാഇദയുടെ താവളം എന്ന നിലയില്‍ ഉടന്‍ അഫ്ഗാനിസ്ഥാനെ അമേരിക്കയും മുപ്പത് സഖ്യരാഷ്ട്രങ്ങളും ആക്രമിച്ച് കീഴടക്കി. അല്‍ ഖാഇദയുടെ സഹോദര സംഘടനയായ താലിബാന്‍ ഭരണകൂടത്തെ പിഴുതെറിഞ്ഞു. അധിനിവേശം ഭാഗികമായിട്ടാണെങ്കിലും തുടരുകയാണ്. ഒന്നര ലക്ഷത്തോളം വരുന്ന സൈനികരില്‍ 8400 പേര്‍ അഫ്ഗാനിലുണ്ട്. ഒബാമ ഭരണകൂടം പൂര്‍ണ പിന്‍മാറ്റം പ്രഖ്യാപിച്ചിരുന്നുവെങ്കിലും കഴിഞ്ഞ മാസം ഡൊണാള്‍ഡ് ട്രംപ് അവ തിരുത്തി. കൂടുതല്‍ സൈനികരെ അയച്ച് പുതിയ യുദ്ധത്തിന് ഒരുങ്ങുന്നു അമേരിക്ക. അഫ്ഗാന്‍ അധിനിവേശത്തെ ന്യായീകരിച്ച ലോക രാജ്യങ്ങളില്‍ ഭൂരിപക്ഷവും പക്ഷെ, ഇറാഖി അധിനിവേശത്തോട് അനുകൂലമായിരുന്നില്ല. പ്രസിഡണ്ട് സദ്ദാം ഹുസൈന് അല്‍ ഖാഇദ ബന്ധമുണ്ടെന്നും ലോകത്തെ നശിപ്പിക്കാന്‍ കഴിയുന്ന കൂട്ട സംഹാരായുധങ്ങള്‍ ഇറാഖിലുണ്ടെന്നും ആരോപിച്ച് ഇറാഖിലേക്ക് സൈന്യത്തെ അയച്ച അമേരിക്കയും സഖ്യരാഷ്ട്രങ്ങളും അബദ്ധത്തില്‍ എത്തിപ്പെട്ടു. ആരോപണം രണ്ടും വസ്തുതാവിരുദ്ധമാണെന്ന് അമേരിക്കയുടെയും ബ്രിട്ടന്റെയും ഇന്റലിജന്‍സ് പിന്നീട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ ഇറാഖി അധിനിവേശത്തിന്റെ പാപഭാരം അമേരിക്കക്കും ബ്രിട്ടനുമായി. സദ്ദാമിന്റെ മികച്ച ഭരണത്തെ പുറത്താക്കി പകരം വന്നത് ‘ഇറാന്‍ മാതൃക’യിലുള്ള ശിയാ ഭരണമായതിന്റെ കുറ്റബോധവും പാശ്ചാത്യര്‍ക്കുണ്ട്.
സെപ്തംബര്‍ പതിനൊന്നില്‍ നിന്ന് അമേരിക്ക ഇനിയും പാഠം ഉള്‍ക്കൊണ്ടിട്ടില്ല. സൈനികശക്തി ഉപയോഗിച്ച് എല്ലാവരെയും നേരിടാമെന്നാണ് അവരുടെ അഹങ്കാരം. അഫ്ഗാനില്‍ 16 വര്‍ഷം പിന്നിടുമ്പോഴും ഭീകരത പൂര്‍ണമായും മാറ്റാന്‍ കഴിഞ്ഞില്ലെന്ന് വിലപിക്കേണ്ട ഗതികേടാണ്. ഐക്യരാഷ്ട്ര സംഘടനയാകട്ടെ എല്ലാ സംഭവങ്ങള്‍ക്കും മൂകസാക്ഷിയും. അമേരിക്ക ഉള്‍പ്പെടെ വന്‍ശക്തികളുടെ താല്‍പര്യത്തിന് മാത്രം വഴങ്ങുന്ന ലോക സംഘടനയെ ജനാധിപത്യപരമായി പുനസംഘടിപ്പിക്കേണ്ട കാലം അതിക്രമിച്ചു. 1948-ല്‍ രൂപം കൊള്ളുമ്പോഴുണ്ടായിരുന്ന ലോക സാഹചര്യത്തില്‍ വന്‍ മാറ്റം വന്നു. ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങള്‍ യു.എന്‍ രക്ഷാസമിതിക്ക് പുറത്ത് നില്‍ക്കുന്ന അവസ്ഥയില്‍ മാറ്റം വേണം. ഭീകരതയെ തകര്‍ക്കാന്‍ ആയുധ ശക്തി കൊണ്ട് മാത്രം കഴിയില്ലെന്ന് അഫ്ഗാന്‍ തെളിയിച്ചു. സമാധാനപരമായ രാഷ്ട്രീയ പരിഹാരത്തിനാണ് മുന്‍ഗണന നല്‍കേണ്ടത്. സെപ്തംബര്‍ പതിനൊന്നിന് ശേഷം ലോകമെമ്പാടും നിരവധി ഭീകരാക്രമണങ്ങള്‍ നടന്നു. ആയിരങ്ങളുടെ ജീവന്‍ നഷ്ടമായി. കോടികളുടെ നാശം സംഭവിച്ചു. ഇവയൊന്നും ഇനിയും ആവര്‍ത്തിച്ചുകൂട. സെപ്തംബര്‍ പതിനൊന്നില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ വന്‍ ശക്തികള്‍ തയാറാകണം. ലോക രാഷ്ട്ര സംഘടന അതിന് മുന്‍കയ്യെടുക്കുമെന്ന് പ്രതീക്ഷിക്കാം.

chandrika: