X

സാമ്പത്തിക സംവരണത്തിലെ ചതിക്കുഴി

 

സംസ്ഥാന സര്‍ക്കാറിന്റെ സംവരണ നയം (സാമ്പത്തിക സംവരണം) സംവരണ സമുദായങ്ങളുടെ നിലനില്‍പ്പ് ഇല്ലാതാക്കുന്നതാണ്. ആ യാഥാര്‍ത്ഥ്യം തിരിച്ചറിയാതെ ദേവസ്വം ബോര്‍ഡിനെ മുന്നില്‍ നിര്‍ത്തിയുള്ള കളിയില്‍ പിന്നാക്ക സമുദായങ്ങള്‍ പരസ്പരം പോരടിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇക്കാര്യത്തില്‍ ഭിന്നിപ്പിച്ചു തമ്മിലടിപ്പിക്കുക എന്ന കൊളോണിയല്‍ തന്ത്രം ഒരുപരിധി വരെ വിജയിക്കുകയും ചെയ്തു. സര്‍ക്കാര്‍ തീരുമാനത്തിന്റെ കാതല്‍ മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ – അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗ നിയമനങ്ങളില്‍ പത്തു ശതമാനം സംവരണം നടപ്പിലാക്കാനും അതിന് ഭരണഘടനാ ഭേദഗതിക്കായി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാനും നടപടി സ്വീകരിച്ചു എന്നതാണ്.
ജാതി രഹിത സമൂഹം എന്ന സി.പി.എം സങ്കല്‍പ്പത്തെ വര്‍ഗ വിശകലനത്തിലൂടെ അവര്‍ മുന്നോക്ക ജാതിയുടെ കുറ്റിയില്‍ കെട്ടി സാമ്പത്തിക സംവരണത്തിലൂടെ ചാതുര്‍വര്‍ണ്യത്തിന്റെ പുന:സൃഷ്ടിയാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ബ്രാഹ്മണ്യത്തിന്റെ അഗ്രഹാരങ്ങളില്‍ രൂപപ്പെട്ട സാമ്പത്തിക സംവരണ വാദം ഭരണഘടനാവിരുദ്ധമായതിനാല്‍ സുപ്രീം കോടതിയുടെ ഒന്‍പതംഗ ഭരണഘടനാ ബഞ്ച് തള്ളിയതും കേരളത്തില്‍ നെട്ടൂര്‍ ദാമോദരന്‍ കമ്മീഷന്റെ സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന റിപ്പോര്‍ട്ട് സി. അച്യുതമേനോന്റെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ നിരാകരിച്ചതുമാണ്.
നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെടുകയും പാര്‍ശ്വവത്കരിക്കപ്പെടുകയും ചെയ്ത സമൂഹത്തിന് അധികാരത്തില്‍ പങ്കാളിത്തം ഉറപ്പുവരുത്തുന്ന ഏക പിടിവള്ളിയാണ് സംവരണം. അത് തകര്‍ക്കുക എന്നതാണ് സര്‍ക്കാരിന്റെ പുതിയ സംവരണ നയം കൊണ്ടുദ്ദേശിക്കുന്നത്. പിന്നാക്ക സമുദായക്കാര്‍ക്കിടയിലില്ലാത്ത എന്ത് സാമ്പത്തിക പിന്നാക്കാവസ്ഥയാണ് മുന്നോക്കജാതിക്കാര്‍ക്കിടയില്‍ ഉള്ളതെന്ന് സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല, മുന്നോക്ക പിന്നാക്ക ജാതിഭേദമന്യേ എല്ലാ വിഭാഗങ്ങളിലും സാമ്പത്തിക പിന്നാക്കാവസ്ഥ പ്രശ്‌നം തന്നെയാണ്. അത് പരിഹരിക്കാന്‍ മറ്റു മാര്‍ഗങ്ങളാണ് സര്‍ക്കാര്‍ തേടേണ്ടത്.
നിലവിലുള്ള ഉദ്യോഗം അധികാരം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോളജുകള്‍, യൂണിവേഴ്‌സിറ്റികള്‍, കമ്മീഷനുകള്‍, കോര്‍പറേഷനുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണാധികാര സ്ഥാപനങ്ങള്‍, വികസന അതോറിറ്റികള്‍ തുടങ്ങി സമസ്ത മേഖലകളിലേയും നിലവിലുള്ള ഉദ്യോഗസ്ഥന്മാരുടെ കണക്കും അതില്‍ മുന്നോക്ക ജാതിയില്‍പെട്ടവര്‍ എത്രയെന്ന കണക്കും പ്രസിദ്ധീകരിക്കാന്‍ തയ്യാറായാല്‍ അന്‍പതു ശതമാനം സംവരണമെന്നത് പിന്നാക്കക്കാര്‍ക്ക് ഇനിയും ലഭിച്ചിട്ടില്ലെന്ന് ബോധ്യപ്പെടും.
സാമ്പത്തിക സംവരണം നടപ്പാക്കാനെടുത്ത തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ പി.എസ്.സി നിയമനങ്ങളിലെ മെറിറ്റ് അട്ടിമറിയും നിലവിലുള്ള സംവരണനയവും പരിശോധിക്കേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ സംവരണം പാലിക്കേണ്ടത് എങ്ങനെയെന്ന് നിര്‍ദ്ദേശിക്കുന്നത് 1958 ലെ കേരളാസ്റ്റേറ്റ് സര്‍വീസ് റൂള്‍സ് (കെ.എസ്.ആന്റ് എസ്.എസ്.ആര്‍) രണ്ടാം ഭാഗം (ജനറല്‍ റൂള്‍സ്) 14 മുതല്‍ 17 വരെയുള്ള ചട്ടങ്ങളാണ്. നിയമത്തിലെ 14 (എ) എന്നത് ഒഴിവുകള്‍ എത്ര റിപ്പോര്‍ട്ട് ചെയ്താലും നിയമനത്തിന്റെ യൂണിറ്റ് 20 ആയിരിക്കണമെന്നും 14(ബി) പ്രകാരം അതില്‍ രണ്ടെണ്ണം പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കും എട്ടെണ്ണം മറ്റ് പിന്നാക്ക ജാതിക്കാര്‍ക്കും ബാക്കി പത്തെണ്ണം മുന്നോക്ക പിന്നാക്ക സംവരണ പരിഗണനകളൊന്നും കൂടാതെ മെറിറ്റ് അടിസ്ഥാനത്തില്‍ മാത്രം (ഓപ്പണ്‍ ക്വാട്ട) നികത്തണമെന്നും അനുശാസിക്കുന്നു. ഈ നിയമം അനുസരിച്ച് സംവരണത്തിനായി മാറ്റിവെക്കേണ്ട പത്ത് ഒഴിവുകള്‍ കഴിഞ്ഞുള്ള ബാക്കി പത്ത് സീറ്റുകളിലെ നിയമനങ്ങള്‍ക്ക് സംവരണ സമുദായത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ മെറിറ്റില്‍ തന്നെ നിയമിക്കണമെന്നും ഏതെങ്കിലും സംവരണ സമുദായ ഉദ്യോഗാര്‍ത്ഥിക്ക് മെറിറ്റില്‍ നിയമനം കിട്ടിയെന്നു വെച്ച് അവര്‍ക്കായി സംവരണം ചെയ്ത സീറ്റില്‍ കുറവുവരുത്താന്‍ പാടില്ലെന്നും നിയമം അനുശാസിക്കുന്നു. ഈ രീതിയില്‍ നിയമനങ്ങള്‍ നടക്കുമ്പോള്‍ 20ന്റെ ആദ്യ യൂണിറ്റിലെ 10ല്‍ ഉള്‍പ്പെട്ട മെറിറ്റ് യോഗ്യതയുള്ള സംവരണ സമുദായ ഉദ്യോഗാര്‍ത്ഥികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ മെറിറ്റില്‍ നിയമനം ലഭിക്കും. അതിനു ശേഷം തുടര്‍ന്നു വരുന്ന 20 ന്റെ യൂണിറ്റിലെ നിയമനം മുതലാണ് മെറിറ്റ് അട്ടിമറിയുടെ ഇന്ദ്രജാലം തുടങ്ങുന്നത്. അവിടം മുതല്‍ മെറിറ്റില്‍ ഉള്‍പ്പെട്ട സംവരണ സമുദായത്തിലെ ഉദ്യോഗാര്‍ത്ഥികളെ മെറിറ്റില്‍ നിയമനം നല്‍കാതെ സംവരണ സീറ്റിലേക്ക് വലിച്ചെറിഞ്ഞ് മെറിറ്റ് സീറ്റുകളില്‍നിന്ന് പടിയടിച്ച് പുറത്താക്കുകയും അങ്ങനെ സംവരണ സമുദായക്കാര്‍ക്ക് അര്‍ഹതപെട്ട ഏതാണ്ടെല്ലാ മെറിറ്റ് സീറ്റുകളും സംവരണേതര സമുദായക്കാര്‍ക്ക് രഹസ്യമായി സംവരണം ചെയ്തിരിക്കുന്നതു പോലെയുള്ള അട്ടിമറി നടക്കുകയും ചെയ്യുന്നു. നിലവിലുള്ള റൊട്ടേഷന്‍ വ്യവസ്ഥ അത്തരത്തില്‍ രൂപപെടുത്തി വെച്ചിരിക്കുന്നതിനാലാണ് ഈ നീതി നിഷേധം നടക്കുന്നത്. ഇതുമൂലം ഒരേസമയം മെറിറ്റ് സീറ്റിലെ നിയമനം നിഷേധിക്കുകയും അര്‍ഹതപെട്ട ഒരു സംവരണ സമുദായ ഉദ്യോഗാര്‍ത്ഥിയുടെ സംവരണനിയമനം ഇല്ലാതാകുകയും ചെയ്യുന്നു. ഈ അട്ടിമറിയിലൂടെ സംവരണ സമുദായത്തിലെ ഉദ്യോഗാര്‍ത്ഥികളേക്കാള്‍ മാര്‍ക്ക് കുറഞ്ഞ സംവരണേതരര്‍ മെറിറ്റില്‍ കയറിപ്പറ്റുകയാണ് ചെയ്യുന്നത്. ഒരു തസ്തികയിലേക്ക് നൂറ് നിയമനങ്ങളുടെ ഒരു ചക്രം (റൊട്ടേഷന്‍) പൂര്‍ത്തിയായാല്‍ മാത്രമെ എല്ലാ സംവരണ സമുദായങ്ങള്‍ക്കും അനുവദിച്ച മൊത്തം 50 ശതമാനം സംവരണ സീറ്റുകള്‍ നികത്തപ്പെടുകയുള്ളു. അതായത് ഒരു റൊട്ടേഷന്‍ പൂര്‍ത്തിയാകുമ്പോഴാണ് 50 സീറ്റുകള്‍ മെറിറ്റ്കാര്‍ക്കും 50 സീറ്റുകള്‍ സംവരണകാര്‍ക്കുമായി വിതരണം ചെയ്യപ്പെടുന്നത്. ഒന്നു മുതല്‍ 100 വരെയുള്ള സീറ്റുകളില്‍ മെറിറ്റ് ടേണുകളും സംവരണ ടേണുകളും ഒന്നിടവിട്ടാണ് വരുന്നത്. അതായത് റൊട്ടേഷന്‍ ചാര്‍ട്ട് 1,3,5,7,9,11,13,15 എന്നീ ക്രമത്തിലുള്ള ഒറ്റ സംഖ്യാ നമ്പരുകാര്‍ മെറിറ്റ് ടേണുകളിലും 2,4,6,8,10,12,14 എന്നീ ക്രമത്തില്‍ വരുന്ന ഇരട്ട സംഖ്യാ നമ്പരുകള്‍ റിസര്‍വേഷന്‍ ടേണുകളിലുമാണ് പരിഗണിക്കപ്പെടുന്നത്. മെറിറ്റ് ടേണുകള്‍ നികത്തിയതിന് ശേഷമേ സംവരണ ടേണുകള്‍ നികത്തൂ, ഇതിനര്‍ത്ഥം 20 ന്റെ ഓരോ യൂണിറ്റിലും റാങ്ക് ലിസ്റ്റിലെ ആദ്യത്തെ 10 പേര്‍ക്ക് ജാതി സമുദായ പരിഗണന കൂടാതെ മെറിറ്റില്‍ സെലക്ഷന്‍ ലഭിക്കുമെന്നാണ്. എന്നാല്‍ മെറിറ്റ് സീറ്റുകളിലെ നിയമനത്തിന് പി.എസ്.സി ഈ വ്യവസ്ഥ പലപ്പോഴും പാലിക്കപ്പെടുന്നില്ല. ഇത്തരത്തിലുള്ള മെറിറ്റ് അട്ടിമറിയുടെ പ്രകടമായ ഉദാഹരണമാണ് 2013നും 2016നും ഇടയില്‍ അഡൈ്വസ് ചെയ്യപ്പെട്ട് നിയമനം നടത്തിയ അസ്സിസ്റ്റന്റ് ഡന്റല്‍ സര്‍ജന്മാരുടെ നിയമനത്തില്‍ കാണാന്‍ കഴിയുന്നത്. 63 പേരുടെ നിയമനം നടന്നപ്പോള്‍ അതിന്റെ നേര്‍പകുതി (50 ശതമാനം)യായ 32 പേരെ മെറിറ്റില്‍ നിയമിക്കേണ്ടതാണ്. എന്നാല്‍ 20,24,26 റാങ്കുകാരായ മുസ്‌ലിം ഉദ്യോഗാര്‍ത്ഥികളെ മൂന്ന് പേരേയും മെറിറ്റില്‍ നിയമിക്കാതെ സംവരണ ടേണിലാണ് നിയമിച്ചത്. ഇവരെ കൂടാതെ മെറിറ്റ് ലിസ്റ്റില്‍ 85 ാമത്തേതും ഏറ്റവും അവസാനത്തേതുമായ റാങ്കുകാരന്‍ മാത്രമാണ് മുസ്‌ലിമായി ഉണ്ടായിരുന്നത്. പി.എസ്.സി യുടെ ഈ മെറിറ്റ് അട്ടിമറിമൂലം സപ്ലിമെന്ററി ലിസ്റ്റില്‍ ഉണ്ടായിരുന്ന മൂന്ന് മുസ്‌ലിം ഉദ്യോഗാര്‍ത്ഥികളുടെ നിയമനം തടയപ്പെടുകയും ചെയ്തു. ഇത്തരം നീതി നിഷേധത്തിലൂടെ ഒരേ സമയം മൂന്ന് മെറിറ്റ് സീറ്റുകള്‍ അട്ടിമറിക്കുകയും മൂന്ന് സംവരണ നിയമനം തടയപ്പെടുകയും ചെയ്ത നീതി നിഷേധമാണ് സംഭവിച്ചത്. കേവലം 63 പേരെ നിയമിച്ചപ്പോള്‍ മുസ്‌ലിംകളെ കൂടാതെ ഈഴവ, ഒ.ബി. സി വിഭാഗങ്ങളിലെ മൂന്ന് സീറ്റുകള്‍ ഉള്‍പ്പെടെ 7 മെറിറ്റ് സീറ്റുകളാണ് അട്ടിമറിക്കപ്പെട്ടത്. ഇത്തരത്തില്‍ വിവിധ തസ്തികകളിലെ നൂറുകണക്കിന് സീറ്റുകളാണ് സംവരേണതര്‍ക്കുവേണ്ടി അട്ടിമറിക്കപ്പെടുന്നത്.
ഇത്തരം മെറിറ്റ് അട്ടിമറികളെ ശരിവെക്കുന്ന റിപ്പോര്‍ട്ടായിരുന്നു 2000 ഫെബ്രുവരി 11ന് നിയമിക്കപ്പെട്ട ജസ്റ്റിസ് കെ.കെ നരേന്ദ്രന്‍ കമ്മീഷന്‍ 2001 നവംബര്‍ 9ന് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞത്. സംവരണ സമുദായത്തിലെ ഉദ്യോഗാര്‍ത്ഥികളുടെ 18514 തസ്തികകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നായിരുന്നു കമ്മീഷന്‍ കണ്ടെത്തിയിരുന്നത്. ഈ വിധത്തില്‍ സംവരണ സമുദായത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ നഷ്ടം അനുഭവിച്ചുകൊണ്ടിരിക്കുമ്പോഴാണ് മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി 10 ശതമാനം സാമ്പത്തിക സംവരണംകൂടി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നത്. ജനസംഖ്യയുടെ 14 ശതമാനം മാത്രം വരുന്ന സമൂഹത്തിലെ സാമ്പത്തിക പിന്നാക്കാവസ്ഥയുള്ളവരോടുമാത്രം ആര്‍ദ്രത കാണിക്കുകയും 86 ശതമാനം വരുന്ന ബഹുഭൂരിപക്ഷം ജനതയുടെ സാമ്പത്തിക പിന്നാക്കാവസ്ഥ അവഗണിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നിലപാട് ഭരണഘടനാ വിരുദ്ധവും സത്യപ്രതിജ്ഞാലംഘനവുമാണ്.
ഭൂരിപക്ഷ നഷ്ട ഭീഷണി ഉണ്ടാകാത്ത ഭരണം ലഭിച്ചപ്പോള്‍ മാത്രമാണ് തങ്ങളുടെ ദീര്‍ഘകാല രാഷ്ട്രീയ നിലപാടായ സാമ്പത്തിക സംവരണം നടപ്പാക്കാന്‍ ഇടതു സര്‍ക്കാര്‍ തീരുമാനിച്ചത്. സാമ്പത്തിക സംവരണം പിന്നാക്കക്കാരുടെ അതിജീവനത്തെയാണ് പ്രതിരോധിക്കുന്നത്. ജനറല്‍ മെറിറ്റില്‍ വരുന്ന 50 ശതമാനം സീറ്റുകളും എസ്.സി, എസ്.ടിക്ക് അനുവദിച്ച 10 ശതമാനം സംവരണ സീറ്റുകളും ഉള്‍പ്പെടെ 60 ശതമാനം സീറ്റുകളെ ഈ തീരുമാനം ബാധിക്കില്ല (സി.പി.എമ്മിന്റെ സംവരണ നയം അതാണ്). ബാക്കി സംവരണ സമുദായങ്ങള്‍ക്കെല്ലാം കൂടി അവശേഷിക്കുന്നത് 40 ശതമാനം സീറ്റുകളാണ്. ഇതില്‍ നിന്നാണ് സാമ്പത്തിക സംവരണത്തിനായി 10 ശതമാനം തസ്തികകള്‍ കണ്ടെത്തേണ്ടത്. അപ്പോള്‍ വീണ്ടും സംവരണ സീറ്റുകളുടെ എണ്ണം 30 ശതമാനമായി കുറയും. അവിടെയാണ് ചതിക്കുഴിയുടെ ആഴം ബോധ്യപ്പെടുന്നത്. മെറിറ്റ് നിയമനത്തിന് അര്‍ഹത നേടി നിയമനം കാത്തിരിക്കുന്ന സംവരണ സമുദായത്തിലെ ഉദ്യോഗാര്‍ത്ഥിയെ സംവരണത്തിലേക്ക് മാറ്റുകയും അവിടെ വെച്ച് പിന്നാക്കത്തിലെ സാമ്പത്തിക മുന്നോക്കക്കാരന്റെ പട്ടികയില്‍ പെടുത്തി നിയമനം നിഷേധിക്കപ്പെടുകയും ചെയ്യുന്ന അതിബുദ്ധിയാണ് സംഭവിക്കാന്‍ പോകുന്നത്.

chandrika: