X

സ്വന്തം ജനതയെ നെരിപ്പോടില്‍ തള്ളിയ പ്രധാനമന്ത്രി

അബ്ദുറഹിമാന്‍ രണ്ടത്താണി

രാപ്പകലില്ലാതെ കഠിനാധ്വാനം ചെയ്ത് ബേങ്കില്‍ നിക്ഷേപിച്ച തുക മകളുടെ വിവാഹമടക്കമുള്ള നിര്‍ണ്ണായക ഘട്ടത്തില്‍ തിരിച്ചെടുക്കാനാവാതെ അപമാനഭാരം കൊണ്ട് ആത്മഹത്യ ചെയ്യേണ്ടിവന്ന വേദനിക്കുന്ന ഓര്‍മ്മകളാണ് നോട്ട് നിരോധനത്തിന്റെ വാര്‍ഷിക വേളയില്‍ ഓടിയെത്തുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനായിരുന്നു ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മുരടിപ്പിച്ച നോട്ട് നിരോധനമെന്ന മഹാപാതകം അരങ്ങേറിയത്.
വൈദേശികാധിപത്യത്തില്‍ നിന്നു രാജ്യം മോചിക്കപ്പെട്ട കാലം കാട്ടാന കയറിയ കരിമ്പിന്‍ കാടു പോലെ തകര്‍ന്നു കഴിഞ്ഞിരുന്നു. രാജ്യത്തിന്റെ ധാന്യകൂടാരമായ പഞ്ചാബിലെ ഗോതമ്പ് വയലുകള്‍ പാക്കിസ്താന് ഓഹരി വെച്ചപ്പോള്‍ ബംഗാള്‍ പട്ടിണിയുടെ മഹാദുരന്തം ഏറ്റുവാങ്ങേണ്ടി വന്ന ഇന്ത്യ. ഒരു നേരത്തെ അന്നത്തിനു വകയില്ലാത്തതിനാല്‍ അമേരിക്കയില്‍ നിന്നെത്തുന്ന നുറുക്കു ഗോതമ്പ് കഴിക്കാന്‍ പ്രൈമറി സ്‌കൂളില്‍ കുട്ടികളെത്തിയ കാലം. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനു മുന്നില്‍ മാര്‍ഗ രേഖയായി നിന്നത് രാഷ്ട്രപിതാവ് മഹാത്മജിയുടെ ജ്വലിക്കുന്ന ഉപദേശം മാത്രം.’നിങ്ങള്‍ ഇന്നുവരെ കാണാത്ത ഒരാളെ ദരിദ്രനില്‍ ദരിദ്രനായ ഒരാളെ മനസ്സിലോര്‍ത്തു വേണം ഭരണാധികാരി തീരുമാനമെടുക്കാന്‍’ എന്ന വാചകങ്ങള്‍.
ബാരിസ്റ്ററുടെ പത്രാസുള്ള വസ്ത്രം പോലും ഉപേക്ഷിച്ച് ഉടുക്കാനും പുതക്കാനും രണ്ടു കഷ്ണം തുണിയുമായി ഭാരത പര്യടനത്തിനിറങ്ങിയ ഗാന്ധിജിയുടെ മുന്നില്‍ ഗ്രാമീണ ജനതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പായിരുന്നു സ്വപ്‌നം. സ്വര്‍ണ്ണ നൂല്‍ കൊണ്ട് സ്വന്തം പേരു തുന്നിച്ചേര്‍ത്ത 30 ലക്ഷം രൂപ വില മതിക്കുന്ന കോട്ട് ധരിച്ച നരേന്ദ്ര മോദി എന്ന പ്രധാനമന്ത്രി ഇന്ത്യ ഭരിക്കുന്ന ദുര്യോഗമുണ്ടാകുമെന്നു മഹാത്മജി നിനച്ചിരിക്കില്ല.
പണ്ഡിറ്റ്ജിയുടെ ദീര്‍ഘ വീക്ഷണവും ആസൂത്രണ മികവും തെളിയിച്ച പഞ്ചവത്സര പദ്ധതിയും ഹരിത വിപ്ലവവും തുടങ്ങി പിന്നീടുള്ള പതിറ്റാണ്ടുകള്‍ ഇന്ത്യയുടെ കുതിപ്പിന്റെ കാലഘട്ടമായിരുന്നു. ബേങ്ക് ദേശസാത്കരണം സാമ്പത്തിക അച്ചടക്കത്തിനു നാന്ദി കുറിച്ചു. ശാസ്ത്ര സാങ്കേതിക രംഗത്ത് രാജ്യത്തിനു മുന്നില്‍ ലോക വാതായനങ്ങള്‍ തുറന്നിട്ട ഇന്ദിരാഗാന്ധിയുടെ പാത രാജീവ്ഗാന്ധി പ്രധാനമന്ത്രിയായപ്പോള്‍ ജീവസ്സുറ്റതാക്കി. മുന്‍ റിസര്‍വ് ബേങ്ക് ഗവര്‍ണ്ണറും അഞ്ചു വര്‍ഷം രാജ്യത്തിന്റെ ധനകാര്യമന്ത്രിയും ആയിരുന്ന മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായതോടെ വളര്‍ച്ചയുടെ വസന്തകാലം ആരംഭിക്കുകയായിരുന്നു. ഭക്ഷ്യ സുരക്ഷാ പദ്ധതിയിലൂടെ പട്ടിണിയില്ലാത്ത ഇന്ത്യയും തൊഴിലുറപ്പു പദ്ധതിയിലൂടെ ഗ്രാമീണ ജനതയുടെ സ്വയം പര്യാപ്തതയും ഉറപ്പാക്കിയ സര്‍ക്കാര്‍ കാര്‍ഷികാഭിവൃദ്ധിക്കു മുന്‍തൂക്കം നല്‍കി. ഇന്ത്യ വളര്‍ച്ചയില്‍ ചൈനയുടെ തൊട്ടു പിറകിലുണ്ടെന്നും ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയിലേക്കു ലോക ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യ മുന്നേറുകയാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയടക്കം പ്രവചനം നടത്തി.
എന്നാല്‍ ഈ നന്മകളൊക്കെ ഒരൊറ്റ രാത്രിയിലെ നോട്ട് നിരോധനം കൊണ്ട് നരേന്ദ്ര മോദി തല്ലിയുടച്ചു. പൗരന്മാരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുകയും നിക്ഷേപാന്തരീക്ഷം തകര്‍ക്കുകയും ചെയ്ത നിയമപരമായ പിടിച്ചുപറിയായി അത് മാറി. ഒരു രാജ്യത്തിന്റെ മൊത്തം കറന്‍സിയുടെ 86 ശതമാനം നോട്ടുകള്‍ റദ്ദാക്കി. അതായത് 15.44 ലക്ഷം കോടി രൂപയുടെ 1000 ത്തിന്റേയും 500 ന്റേയും നോട്ടുകള്‍. സഊദി അറേബ്യയില്‍ സല്‍മാന്‍ രാജാവ് ചെയ്തതു പോലെയുള്ള ഒരു മുന്നൊരുക്കവും ഇവിടെ ചെയ്തില്ല. ഇതു മനസ്സിലാക്കിയ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് താക്കീത് നല്‍കി. ഇതു കാരണം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ രണ്ട് ശതമാനം ഇടിവുണ്ടാകും. ചെറുകിട കര്‍ഷകരേയും കച്ചവടക്കാരെയും ബാധിക്കും.
എന്നാല്‍ കള്ളപ്പണവും കള്ളനോട്ടും പെരുകിയിരിക്കുന്നു എന്നും റദ്ദാക്കിയ 15.44 ലക്ഷം നോട്ടുകളില്‍ 4.5 ലക്ഷം മുതല്‍ 5 ലക്ഷം വരെ കള്ള നോട്ടാണെന്നും മോദി പറഞ്ഞു. ഇപ്പോഴാകട്ടെ നിരോധിച്ച നോട്ടില്‍ 15.28 കോടിയും തിരിച്ചെത്തി. അതായത് 98.96 ശതമാനം നോട്ടുകള്‍. അതില്‍ കള്ളനോട്ടാകട്ടെ 11.2 കോടി (0.0002%) മാത്രം. കള്ളപ്പണവും വന്നില്ല. 2012-13ല്‍ 19337 കോടിയും 2013-14 ല്‍ 90391 കോടിയും കള്ളപ്പണമാണു കണ്ടെത്തിയതെങ്കില്‍ ഇപ്പോള്‍ 34526 കോടിയായി ചുരുങ്ങി. മോദി കൊട്ടിഘോഷിച്ച മൊബെയില്‍ ബേങ്കിങിലും കുറവാണുണ്ടായത്. നോട്ട് നിരോധനത്തിനു മുമ്പ് 124490 കോടി രൂപയുടെ ഇടപാട് നടന്നത് നിരോധനത്തിനു ശേഷം 112160 കോടി രൂപയായി ചുരുങ്ങി.1000, 500 രൂപ നോട്ട് പിന്‍വലിച്ചാല്‍ കള്ളപ്പണം കുറയുമെന്നും അതിന്റെ ഭാഗമായി ഭീകരവാദം അമര്‍ച്ച ചെയ്യാനാവുമെന്നും പ്രധാനമന്ത്രി മോദി നിരന്തരമായി പ്രചരിപ്പിച്ചെങ്കിലും ഇപ്പോള്‍ ഭീകര പ്രവര്‍ത്തനം 38 ശതമാനം വര്‍ധിച്ചെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്.
രാജ്യം അഭിമാനം കൊണ്ടിരുന്ന ആഭ്യന്തര വളര്‍ച്ചാ നിരക്ക് 7.9 ശതമാനത്തില്‍ നിന്നു 5.7 ശതമാനമായി കുറഞ്ഞത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ നിരീക്ഷണം ശരിയെന്നു തെളിയിക്കുന്നതായിരുന്നു. പ്രധാനമന്ത്രി മോദിയുടെ ഈ വിഡ്ഢിത്തംവഴി 15 ലക്ഷം പേര്‍ക്കു പ്രത്യക്ഷത്തില്‍ തൊഴില്‍ നഷ്ടമായെന്നാണു സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കോണമി കണ്ടെത്തിയത്. മുന്‍ ധനമന്ത്രി യശ്വന്ത്‌സിന്‍ഹ, അരുണ്‍ ഷൂരി, ശത്രുഘ്‌നന്‍ സിന്‍ഹ, സുബ്രഹ്മണ്യ സ്വാമി എന്നിവരും നോട്ട് നിരോധനം പരിപൂര്‍ണ്ണ പരാജയമാണെന്നു പ്രസ്താവിച്ചു. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടാത്തവനു ജനങ്ങളുടെ പ്രശ്‌നമറിയില്ലെന്നും ധനമന്ത്രി അരുണ്‍ ജയിറ്റ്‌ലിയെക്കുറിച്ച് പരാമര്‍ശമുണ്ടായി. മുന്‍ റിസര്‍വ് ബേങ്ക് ഗവര്‍ണ്ണര്‍ രഘുറാം രാജനും പറഞ്ഞത് നോട്ട് നിരോധനം ഫലവത്തായില്ലെന്നാണ്.
പ്രതിശീര്‍ഷ വരുമാനം വര്‍ധിച്ചെന്നു പ്രചരിപ്പിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ വര്‍ധിച്ചത് കോര്‍പറേറ്റ് ആസ്തിയാണെന്നത് വിസ്മരിക്കുന്നു. 9.6 ശതമാനം കോര്‍പറേറ്റ് ആസ്തി വര്‍ധിച്ചപ്പോള്‍ അതിന്റെ ഭാഗമായി പൗരന്മാരുടെ പ്രതിശീര്‍ഷ വരുമാനം ഒരു ശതമാനം വര്‍ധിച്ചുവെന്നു മാത്രം. നോട്ട് നിരോധനം അദാനിക്കും അംബാനിക്കും നേരത്തെ അറിയാമായിരുന്നെന്ന ബി.ജെ.പി എം.എല്‍.എ ഭവാനിസിങിന്റെ വെളിപ്പെടുത്തലും ഇന്ധനവില വര്‍ധിപ്പിച്ചും നികുതി വര്‍ധിപ്പിച്ചും കാണിക്കുന്ന ഗിമ്മിക്കുകള്‍കള്ളപ്പണം വെളുപ്പിക്കാന്‍ അവസരമാകുന്നു എന്ന അരുണ്‍ഷൂരിയുടെ നിഗമനവുംകൂടി വായിക്കണം. നോട്ട് നിരോധനത്തിനു മുമ്പ് 38.56 ശതമാനം നികുതി വര്‍ധനവ് 2017 സെപ്തംബറില്‍ 39.4 ശതമാനം മാത്രമാണെന്നത് സ്വാഭാവിക വര്‍ധനവ് മാത്രമാണെന്നു തെളിഞ്ഞു.
യഥാര്‍ത്ഥത്തില്‍ കറന്‍സി കൊണ്ട് പ്ലൈവുഡ് ഉണ്ടാക്കിയ ലോകത്തിലെ ആദ്യത്തെ ഭരണാധികാരി എന്നു മോദിക്കഭിമാനിക്കാം. നോട്ട് കൊണ്ട് നിര്‍മ്മിച്ച പ്ലൈവുഡിന്റെ തിളക്കം ഇന്ത്യയുടെ തിളക്കമെന്നു വ്യാഖ്യാനിക്കാം. കാര്‍ഷിക മേഖലയില്‍ 25 ശതമാനം ഉത്പാദനം കുറഞ്ഞു. വ്യാപാര മേഖലയില്‍ നിക്ഷേപം വളര്‍ച്ചയില്‍ നിന്നു ഇടിഞ്ഞു. പുതിയ 2000, 500 നോട്ടടിക്കാന്‍ ചെലവാക്കിയ 7965 കോടി രൂപയടക്കം ഭീമമായ നഷ്ടം വേറെയും. അതിനേക്കാളെല്ലാമുപരി ഇതിന്റെ പേരില്‍ നഷ്ടപ്പെട്ട വിലപ്പെട്ട 150 പേരുടെ ജീവനും വില നിര്‍ണ്ണയിക്കാനാവാതെ നില്‍ക്കുന്നു. ത്രീ ടയര്‍, ഫോര്‍ ടയര്‍ സിസ്റ്റത്തില്‍ നിന്നു മാറി ഒറ്റ ടാക്‌സ് എന്ന നികുതി ഘടനയിലേക്ക് മാറ്റാന്‍ യു.പി.എ സര്‍ക്കാര്‍ വിവേകപൂര്‍വം കൊണ്ടു വന്ന ജി.എസ്.ടി എന്ന ആശയത്തെ പച്ചക്കറി അരിഞ്ഞെടുക്കാന്‍ വെച്ച അടുക്കള കത്തി കണ്ഠ നാളത്തിലിറക്കിയ മന്ദബുദ്ധിയെപ്പോലെയാണു മോദി വിനിയോഗിച്ചത്. വിലക്കയറ്റം, പെട്രോള്‍ വില വര്‍ധനവ്, പാചക വാതക വില വര്‍ധനവ്, റെയില്‍വേ നിരക്ക് വര്‍ധന, കാര്‍ഷികോത്പാദന കുറവ്, വില കമ്മി, വ്യാപാര കമ്മി ഇതിനിടയിലേക്കു ഗൃഹ പാഠം ചെയ്യാത്ത ജി.എസ്.ടി കൂടി വന്നതോടെ രാജ്യത്തെ ജനങ്ങള്‍ നെരിപ്പോടില്‍ കിടക്കുന്ന പ്രതീതിയിലാണ്.

chandrika: