X

സൗമ്യം, ദീപ്തം

സി.ഗൗരീദാസന്‍ നായര്‍

രാഷ്ട്രീയനേതക്കളെ നാമോര്‍ക്കുന്നത് പല രീതികളിലാണ്. ചിലരെ അവരുടെ മിതഭാഷിത്വം കൊണ്ട്, മറ്റു ചിലരെ അവരുടെ വാചാലത കൊണ്ട്. ഇനിയും ചിലരെ അവരുടെ കാര്‍ക്കശ്യമോ കര്‍മചാതുര്യമോ മാത്രം കൊണ്ട്. അഹമ്മദ് സാഹിബ് എന്റെ മനസില്‍ (ഒരുപക്ഷെ, അദ്ദേഹവുമായി അടുത്ത് പരിചയിച്ച മറ്റ് നിരവധി പേരുടെ മനസിലും) ഒരു സജീവസാന്നിധ്യമാകുന്നത് അദ്ദേഹത്തിന്റെ സൗമ്യവും ദീപ്തവുമായ വ്യക്തിത്വം കൊണ്ടാണ്. 1986-87 കാലയളവില്‍ കേരളരാഷ്ട്രീയം കലങ്ങിമറിയുമ്പോളാള്‍ ഒരു മാധ്യമപ്രവര്‍ത്തകനെന്ന നിലക്ക് ഞാന്‍ അദ്ദേഹത്തെ ആദ്യമായി കാണുന്നത്.

ആ കലങ്ങിമറിച്ചിലിന് നടുവില്‍ തന്റെ സ്വതസിദ്ധമായ ചിരിയും സംഭാഷണശൈലിയുമായി അഹമ്മദ് സാഹിബുണ്ടായിരുന്നു. പ്രതിസന്ധികളില്‍ നിന്ന് പ്രതിസന്ധികളിലേക്ക് കൂപ്പുകുത്തിയിരുന്ന കരുണാകരന്‍ സര്‍ക്കാരിന്റെ കാലം. അതിലൊരു പ്രതിസന്ധിയാകട്ടെ അഹമ്മദ് സാഹിബിന്റെ വ്യവസായവകുപ്പുമായി ബന്ധപ്പെട്ടതുമായിരുന്നു. കശുവണ്ടി മേഖലയിലെ വലിയൊരു സമരത്തിന്റെ തുടര്‍ച്ചയായി കെ.ആര്‍. ഗൗരിയമ്മയുടെ നേതൃത്വത്തില്‍ അഞ്ച് എം.എല്‍.എമാര്‍ നിയമസഭാ കവാടത്തില്‍ നിരാഹാരം കിടന്ന സന്ദര്‍ഭം. ആ സമരം അവസാനിപ്പിക്കുന്നതിന് സീതിഹാജിയുടെ നേതൃത്വത്തില്‍ നടന്ന ശ്രമങ്ങള്‍ക്ക് പിന്നില്‍ ഇ. അഹമ്മദ് എന്ന ഭരണകര്‍ത്താവിന്റെ അലിവുള്ള ഹൃദയമുണ്ടായിരുന്നു.

സംഘര്‍ഷത്തെക്കാള്‍ ശരിയായ വഴി അനുരഞ്ജനത്തിന്റേതാണെന്നും ഗൗരിയമ്മയെപ്പോലെ ഒരു നേതാവിന്റെ ജീവന്‍ വച്ച് പന്താടിക്കൂടെന്നുമുള്ള അദ്ദേഹമടക്കമുള്ള അന്നത്തെ ഭരണനേതൃത്വത്തിന്റെ തിരിച്ചറിവും. പിന്നീട് ആ കഴിവുകള്‍ അദ്ദേഹം വിനിയോഗിച്ചത് വിദേശത്ത് സംഘര്‍ഷ സാഹചര്യങ്ങളില്‍ കുടുങ്ങിയവരെ രക്ഷിക്കാനായിരുന്നുവല്ലോ?
‘ദ് ഹിന്ദു’വില്‍ ചേര്‍ന്ന ശേഷമാണ് അദ്ദേഹത്തിന്റെ സൗഹൃദത്തിന്റെ ദാര്‍ഢ്യം ഞാന്‍ നേരില്‍ കാണുന്നത്. അന്ന് ‘ദ് ഹിന്ദു’വിന് തലസ്ഥാനത്ത് നേതൃത്വം നല്‍കിയിരുന്ന കെ.പി. നായര്‍ സാറിനോടും വി. കൃഷ്ണമൂര്‍ത്തിസാറിനോടും അദ്ദേഹം പുലര്‍ത്തിയിരുന്ന അടുപ്പം ഒരു വെറും രാഷ്ട്രീയനേതാവിന്റേതായിരുന്നില്ല, ഒരു സഹോദരന്റേതായിരുന്നു.

‘എന്താ കേപീ?’ എന്നും ‘എന്താ മൂര്‍ത്തീ?’ എന്നും അവരെ വിളിച്ച് അവരോട് അന്ന് പത്രങ്ങളില്‍ വന്ന വാര്‍ത്തകളെയും വിശകലനങ്ങളെയും കുറിച്ചൊക്കെ സംസാരിക്കുന്നത് കൗതുകത്തോടെ ഞാന്‍ കേട്ടുനിന്നിരുന്നു. പിന്നീടുള്ള കാലത്ത് നഷ്ടപ്പെട്ടത് എന്ന് ഞാന്‍ കരുതുന്ന സൗഭ്രാതൃത്വത്തിന്റെ പ്രകാശനമായിരുന്നു ആ ഓരോ വിളിയും. പിന്നീട് തന്റെ രാഷ്ട്രീയം ദേശീയതലത്തിലേക്ക് വളരുമ്പോഴും അഹമ്മദ് സാഹിബ് അവര്‍ ഇരുവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. നായര്‍ സാറും മൂര്‍ത്തിസാറും അന്തരിച്ചപ്പോള്‍ ആ സ്‌നേഹവായ്പിന്റെ ഒരു ചെറിയ പങ്ക് എനിക്കും കിട്ടിയെന്നത് ഞാന്‍ ആഹ്ലാദത്തോടെ ഓര്‍ക്കുന്നു. അദ്ദേഹം ഒരിക്കല്‍ ഉപദേശിച്ച വഴിയിലൂടെ സഞ്ചരിച്ചിരുന്നുവെങ്കില്‍ ഞാന്‍ മറ്റൊരിടത്തെത്തുമായിരുന്നു എന്നും…

chandrika: