X
    Categories: Video Stories

സാമ്പത്തിക സ്ഥിതിയും സാധാരണക്കാരന്റെ ജീവിതവും

എ.വി ഫിര്‍ദൗസ്

ഇന്ത്യയെ ‘ക്യാഷ്‌ലെസ് ഇക്കണോമി’യിലേക്ക് നയിക്കുന്നതിനുള്ള പ്രചാരണങ്ങളുടെ ഭാഗമായി മോദി സര്‍ക്കാറിന്റെ നികുതി വകുപ്പ് പുറത്തിറക്കിയ പരസ്യത്തില്‍ വിവിധ സ്ഥാപനങ്ങളുടെ മേധാവികള്‍ ‘തങ്ങള്‍ ഒരു നിശ്ചിത സംഖ്യയേക്കാളധികം പണമായി’ സ്വീകരിക്കാറില്ല എന്നു പറയുന്നതുകാണാം. ഇത്തരത്തില്‍ വരുന്ന പരസ്യങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത് നിലവിലുള്ള ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥിതിയെയാണോ എന്ന സംശയമാണ് സാമാന്യ ബുദ്ധി നശിച്ചിട്ടില്ലാത്ത ചിലര്‍ ഉന്നയിക്കാറുള്ളത്. ദരിദ്ര കോടികള്‍ അന്നന്നത്തെ അന്നത്തിനുവേണ്ടി വെയിലും മഴയും കാറ്റുമേറ്റ് കഠിനാധ്വാനം നടത്തുന്ന രാജ്യമാണ് ഇന്നും ഇന്ത്യ. കഴിഞ്ഞ പതിറ്റാണ്ടുകളില്‍, സ്വാതന്ത്ര്യാനന്തര വര്‍ഷങ്ങളില്‍ ഇന്ത്യന്‍ സാമ്പത്തികരംഗം, ക്രമാനുഗതമായി പതുക്കെപ്പതുക്കെ മുന്നോട്ട് ചുവടുകള്‍ വെച്ചുകൊണ്ടിരുന്നെങ്കിലും രാജ്യത്തിന്റെ പൊതുവായ സാമ്പത്തിക സ്ഥിതിഗതികളില്‍ ഇന്നും പ്രശ്‌നങ്ങള്‍ നിരവധി നിലനില്‍ക്കുകയാണ്. ജനസംഖ്യയില്‍ അറുപത് ശതമാനത്തിലധികം പേര്‍ ഗ്രാമകേന്ദ്രിത-കാര്‍ഷിക കേന്ദ്രിത-നാഗരികേതര തൊഴിലുപാദികളിലും വരുമാന മാര്‍ഗങ്ങളിലും ആശ്രയം കണ്ടെത്തി മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കയാണിന്നും ഇന്ത്യയില്‍. പെട്ടെന്നൊരു ദിവസം ഈ വലിയ ശതമാനത്തെ സമ്പന്നരാക്കി മാറ്റിയെടുക്കാനോ, അവരെ നഗരകേന്ദ്രിത കോര്‍പറേറ്റ് സമ്പന്നതയുടെ ശീലങ്ങളിലേക്ക് നയിക്കാനോ കഴിയില്ല. ഒട്ടും സാമ്പത്തിക-ധനകാര്യ പരിജ്ഞനല്ലാത്ത പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ സംഭവിക്കണം എന്നാഗ്രഹിക്കുന്ന മാറ്റങ്ങളില്‍ പലതിനും കേവലം അതിമോഹങ്ങളുടെ സ്വഭാവം മാത്രമേ ഉള്ളൂ. ഗ്രാമീണ ഇന്ത്യയെയും സാധാരണക്കാരെയും കാണാതിരിക്കുകയും കോര്‍പറേറ്റ് ഭീമന്മാരുടെയും ഇടത്തട്ട് സമ്പന്നരുടെയും മധ്യവര്‍ഗ ദല്ലാളന്മാരുടെയും പ്രശ്‌നങ്ങളെ മാത്രം ഒരു രാജ്യത്തെ ജനങ്ങളുടെ മൊത്തം പ്രശ്‌നങ്ങളായി അവരോധിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ക്യാഷ്‌ലെസ് ഇക്കണോമിയെക്കുറിച്ചുള്ള വിഡ്ഢിത്തങ്ങള്‍ പരസ്യരൂപത്തില്‍ അവതരിപ്പിക്കാന്‍ മോദി സര്‍ക്കാര്‍ കോടികള്‍ ചെലവഴിക്കുന്നത്.
ഒരു രാജ്യത്തെ സാമ്പത്തിക വ്യവഹാരങ്ങളെ ക്യാഷ്‌ലെസ് സിസ്റ്റത്തിലേക്ക് മാറ്റണമെങ്കില്‍ ഉണ്ടായിരിക്കേണ്ട ചില അടിസ്ഥാന മാനദണ്ഡങ്ങള്‍ ഇവയാണ്: (1) രാജ്യത്തിന്റെ മൊത്തം ജി.ഡി.പി നിരക്ക് തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഒരു നിശ്ചിത അനുപാതത്തില്‍നിന്ന് കുറയാതെ സ്ഥിരമായി നില്‍ക്കണം. (2) ബാങ്കിങ് മേഖലയില്‍ സജീവമല്ലാത്ത ഒരു ശതമാനം ജനങ്ങള്‍ പോലും രാജ്യത്തുണ്ടായിരിക്കരുത്. നേരിട്ട് സാമ്പത്തിക ഇടപാടുകള്‍ക്ക് അവകാശവും അധികാരവുമില്ലാത്ത മൈനര്‍മാരായ പണം കൈവശം വെക്കുന്നവര്‍ പോലും ഒരു ശതമാനം ഉണ്ടായിരിക്കരുത്. (3) വ്യാപാര ബിസിനസ്സ്-ഇടപാടു സ്ഥാപനങ്ങള്‍ നിശ്ചിത ശതമാനം പ്രതിവര്‍ഷ വിറ്റുവരവുള്ളവയും ഇ-ബാങ്കിങ്, ഇ-ക്യാഷ് സംവിധാനത്തില്‍ പൂര്‍ണമായി പ്രവര്‍ത്തിക്കുന്നവയും ആയിരിക്കണം. (4) നിക്ഷേപകരിലെല്ലാവരും തന്നെ പേപ്പര്‍രഹിത ഡോക്യുമെന്റേഷന്‍ അഥവാ ഇ-ഡോക്യുമെന്റേഷന്‍ വഴിയായി ബാങ്കിങ് ഇടപാടുകള്‍ നടത്തുന്നവരായിരിക്കുകയും രാജ്യത്തെ ബാങ്കുകള്‍ അത്തരത്തില്‍ പൂര്‍ണമായ ‘ഡിജിറ്റല്‍ ഗ്രോത്ത്’ നേടിയെടുക്കുകയും വേണം. (5) ഉപഭോക്തൃ വസ്തുക്കളുടെ വിലകളുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ സുസ്ഥിര സ്വഭാവമുള്ളവയും വിലകളില്‍ അടിക്കടിയുണ്ടാകുന്ന ഇടര്‍ച്ചകളെയും വ്യതിയാനങ്ങളെയും നിയന്ത്രണ വിധേയമാക്കത്തക്കവിധത്തില്‍ ക്രമീകരണങ്ങള്‍ ഉണ്ടായിരിക്കയും വേണം. (6) തൊഴില്‍-വരുമാന ലഭ്യതയുടെ കാര്യത്തില്‍ ഒരു പ്രത്യേക പിരിയഡിനുള്ളില്‍ വ്യതിയാനങ്ങള്‍ സംഭവിക്കാത്തവിധത്തില്‍ തൊഴില്‍-വരുമാന മേഖലകള്‍ ഭദ്രമായിരിക്കണം. (7) ദാരിദ്ര്യരേഖാ സങ്കല്‍പം, സബ്‌സിഡി അര്‍ഹതയുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍ എന്നിവയൊന്നും ജനങ്ങളുടെ സാമ്പത്തിക-ദൈനംദിന ക്രയവിക്രയങ്ങളെ ബാധിക്കുന്ന സ്ഥിതി ഉണ്ടാവരുത്. ഇത്തരം സാഹചര്യങ്ങള്‍ ക്യാഷ്‌ലെസ് ഇക്കണോമിക്കാവശ്യമായ സാമ്പത്തിക പശ്ചാത്തല സുസ്ഥിരതയെ വെല്ലുവിളിക്കുന്നവയാണ്. മേല്‍ സൂചിപ്പിച്ച മാനദണ്ഡങ്ങളില്‍ എത്രയെണ്ണത്തിന് ഇന്ത്യന്‍ സാഹചര്യങ്ങളില്‍ സാധ്യതയും സാംഗത്യവുമുണ്ട് എന്ന് പരിശോധിച്ചാല്‍ മാത്രം മതിയാകും ഇന്ത്യയെ ക്യാഷ്‌ലെസ് ചെയ്യാനുള്ള മോദിയുടെ പരസ്യ പ്രചാരണങ്ങള്‍ വെറും ഉഡായിപ്പുകള്‍ മാത്രമാണെന്ന് തിരിച്ചറിയാന്‍.
തൊണ്ണൂറുകള്‍ക്ക് ശേഷവും ആഗോളവത്കരണ-ഉദാരണവത്കരണ ഘട്ടത്തിനുശേഷം, പൊതുവിലും ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചാനിരക്ക് അസ്ഥിരമായ സൂചനകളിലാണ് അവസാനിച്ചുവന്നിട്ടുള്ളത്. ഇത് ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനത്തിന്റെയും തൊഴില്‍ വിതാനത്തിന്റെയും വ്യാവസായിക ക്രമത്തിന്റെയും അസ്ഥിര സ്വഭാവവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്. രാജ്യത്തെവിടെയെങ്കിലും ബീഫിന്റെ പേരില്‍ ഒരാള്‍ക്കൂട്ട കൊലപാതകം സംഭവിച്ചാല്‍ ഉള്ളിക്കും പരിപ്പിനും വില കൂടുന്ന നാടാണ് ഇന്ത്യ. രാജ്യത്തുണ്ടാകുന്ന സാമൂഹികവും രാഷ്ട്രീയവുമായ കാലുഷ്യങ്ങള്‍ ആഭ്യന്തര ഉത്പാദനത്തിന്റെയും വ്യവസായ-വരുമാനങ്ങളുടെയും തോതുകളെ ബാധിക്കുന്നതോടൊപ്പം കമ്പോള-ഉപഭോക്തൃ മേഖലകളിലെ വിലക്കയറ്റം, ക്ഷാമം, അലഭ്യത തുടങ്ങിയ നൂറുകൂട്ടം പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇന്ത്യയിലേത്. പൊതുവേ ആഗോള ഓഹരി വിപണിയെ വിവിധ രാജ്യങ്ങളിലുണ്ടാകുന്ന സംഭവവികാസങ്ങള്‍ സ്വാധീനിക്കുന്നതുപോലുള്ള ഒരു പ്രശ്‌നമല്ല ഇത്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിക്കപ്പെട്ടപ്പോള്‍ വാള്‍സ്ട്രീറ്റിനെയും ആഗോള ഓഹരി വിപണിയെയും കിടിലം കൊള്ളിച്ചെങ്കിലും യൂറോപ്പിലെയും യു.എസിലെയും കമ്പോളങ്ങളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഉപഭോക്തൃ വില്‍പന കേന്ദ്രങ്ങളിലും പഴയ വില സൂചികകള്‍ അതേപടി നിലനിന്നു. ഇതാണ് ഇന്ത്യയുടെയും പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളുടെയും ദൈനംദിന സാമ്പത്തിക സാഹചര്യങ്ങള്‍ തമ്മിലുള്ള വ്യത്യാസം. ഇന്ത്യയെ സംബന്ധിച്ച് സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട ഒരു വിഷയത്തിലും ഒരു സൂചികയിലും സുസ്ഥിരത എന്ന ആശയത്തിന് സാംഗത്യമില്ലാത്തതിനാല്‍ പരമാവധി സാമ്പത്തിക സുസ്ഥിരത കൈവരിക്കുകയും നിലനില്‍ക്കുകയും ചെയ്യുന്ന സമ്പന്ന രാഷ്ട്രങ്ങളിലെപ്പോലെ ഇവിടെ ക്യാഷ്‌ലെസ് ചുവടുവെപ്പുകള്‍ സാധിക്കില്ല എന്ന യാഥാര്‍ത്ഥ്യബോധം മോദിക്കും അദ്ദേഹത്തിന്റെ സാമ്പത്തിക ഉപദേഷ്ടാക്കള്‍ക്കും ഇല്ലാതെപോയത് ഇന്ത്യയെ ഒട്ടൊന്നുമല്ല ദുരിതത്തിലകപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യന്‍ ജനതയില്‍ വലിയൊരു ശതമാനം ഇന്നും ബാങ്കിങ് ഇടപാടുകള്‍ നടത്താത്തവരാണ്. അഥവാ താല്‍ക്കാലിക അക്കൗണ്ടുകള്‍ ഉള്ളവര്‍ തന്നെയും സബ്‌സിഡികള്‍ക്കായും ഇതര നിര്‍ബന്ധിതാവസ്ഥകളിലും മാത്രമാണ് അക്കൗണ്ടുകളെ ഉപയോഗിക്കുന്നത്. 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചപ്പോള്‍ ഒട്ടനവധി പേര്‍ക്ക് അക്കൗണ്ടില്ലാത്തതാണ് ഉത്തരേന്ത്യയില്‍ പലയിടത്തും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. രാജ്യത്ത് ബാങ്കിങ് ഇടപാടുകള്‍ ഇല്ലാത്തവരുടെ ശതമാനം എത്രയെന്ന കൃത്യമായ കണക്കെടുപ്പുപോലും മോദി സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഇതുവരെയും ഉണ്ടായിട്ടില്ല. വിറ്റുവരവുകളുടെ കാര്യത്തിലാവട്ടെ ഇന്ത്യയിലെ ചെറുതും വലുതുമായ വ്യാപാര സംവിധാനങ്ങളെല്ലാം രാജ്യത്ത് അപ്പപ്പോള്‍ ഉണ്ടാകുന്ന സാഹചര്യങ്ങള്‍ക്ക് വിധേയമാണ്. ക്യാഷ്‌ലെസ് സംവിധാനത്തിലേക്ക് മാറാനാവശ്യമായ സുസ്ഥിരത വ്യാപാര-വ്യവസായ രംഗത്ത് പൊതുവിലില്ല. സീസണ്‍ അടിസ്ഥാനമാക്കിയുള്ള കൃഷികളും കച്ചവടങ്ങളും വിവിധ മാസങ്ങളിലെയും ആചാരാനുബന്ധ സമയങ്ങളിലെയും ‘കാത്തിരിക്കപ്പെടുന്ന വരുമാനങ്ങളും’ ഇന്ത്യയില്‍ വളരെയധികമാണ്. തീര്‍ത്ഥാടനങ്ങളുടെയും വിനോദ യാത്രകളുടെയും വിളവെടുപ്പുകളുടെയും കാലങ്ങളില്‍ അവയെ പ്രതികൂലമായി ബാധിക്കുന്ന ഏതൊരു ഘടകവും ആത്യന്തികമായി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തുരങ്കംവെക്കാനിടയുണ്ട്. ഒരുപക്ഷേ ഇത്തരമൊരു സാഹചര്യം ലോകത്ത് മറ്റൊരു രാജ്യത്തും ഉണ്ടാകാനുമിടയില്ല. ഇന്ത്യയില്‍ വലിയൊരു ശതമാനം ജനങ്ങള്‍ കൃത്യമായ സാമ്പത്തിക സ്ഥിതിഗതികള്‍ ഉള്ളവരേ അല്ല എന്ന യാഥാര്‍ത്ഥ്യ ബോധത്തോടെ ഊന്നിയായിരുന്നു നമ്മുടെ പഞ്ചവത്സര പദ്ധതികളും ഒട്ടുമിക്ക സര്‍ക്കാര്‍ വികസന ആസൂത്രണങ്ങളും മുന്നോട്ടുപോയിരുന്നത്. ‘ദാരിദ്ര്യരേഖ’ എന്ന സങ്കല്‍പത്തിന്റെയും അതിന്റെ മാനദണ്ഡ രൂപീകരണങ്ങളുടെയും പശ്ചാത്തലവും ഈ യാഥാര്‍ത്ഥ്യബോധം തന്നെയായിരുന്നു. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവരിലേക്ക് ഭരണകൂട ആനുകൂല്യങ്ങള്‍ പരമാവധി എത്തിക്കുന്നതിനുള്ള ചരടായാണ് ദാരിദ്ര്യരേഖ കണക്കാക്കപ്പെട്ടത്.
ക്യാഷ്‌ലെസ് ഇക്കണോമിക് ഏറ്റവും അനിവാര്യമായും ഉണ്ടായിരിക്കേണ്ട പശ്ചാത്തല ഘടകമാണ് സബ്‌സിഡികള്‍ ഇല്ലാതിരിക്കുക എന്നത്. മോദി സര്‍ക്കാര്‍ വിവിധ മേഖലകളില്‍നിന്ന് സബ്‌സിഡികള്‍ പിന്‍വലിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചത് ആ നിലക്ക് തന്നെയാണ്. എന്നാല്‍ സാമ്പത്തിക സ്ഥിതിഗതികളില്‍ സംഭവിക്കുന്ന മാറ്റത്തിലൂടെയും പുരോഗതിയിലൂടെയും സബ്‌സിഡികള്‍ സ്വാഭാവികമായി ഇല്ലാതാകുക എന്നതാണ് ക്യാഷ്‌ലെസ് ഇക്കണോമിക്കുണ്ടായിരിക്കേണ്ട പശ്ചാത്തല പിന്‍ബലം. അല്ലാതെ ദരിദ്രനാരായണന്മാരുടെ ജീവിതത്തിലെ ദുരിതങ്ങള്‍ക്ക് നേരിയ ആശ്വാസം പകരുന്ന വിവിധ സബ്‌സിഡികള്‍ നിര്‍ബന്ധിതമായി പിന്‍വലിച്ച് അവരെ ഗതികേടിലാക്കുക എന്നതല്ല. ഉപരിപ്ലവവും അപ്രായോഗികങ്ങളുമായ സാമ്പത്തിക ക്രമീകരണങ്ങളിലൂടെ ഇന്ത്യന്‍ സമ്പദ് രംഗത്തിന്റെ മുഖച്ഛായയില്‍ വര്‍ണം തേയ്ക്കാമെന്ന മിഥ്യാധാരണയാണ് മോദിയെയും സംഘത്തെയും ഇന്നാള്‍ വരെയും മുന്നോട്ട് നയിച്ചുകൊണ്ടിരുന്നത്. ആവശ്യത്തിലധികം പണം കുന്നുകൂട്ടി സുഖിച്ചും ആഢംബര ജീവിതം നയിച്ചും ‘അഭിപ്രായങ്ങള്‍ പുറംതള്ളിക്കൊണ്ടിരിക്കുന്ന’ കോര്‍പറേറ്റ് കുബുദ്ധികളുടെയും അവരുടെ ശിങ്കിടികളുടെയും വാക്കുകള്‍ക്ക് മാത്രം ചെവികൊടുത്തുകൊണ്ടിരുന്ന മോദിക്ക് സത്യത്തില്‍ ഈ നാലേമുക്കാല്‍ വര്‍ഷം കൊണ്ട് ഇന്ത്യയിലെ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌ന-പ്രതിസന്ധികള്‍ തൊട്ടറിയാന്‍ സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം. ഒരു പൈസയും അഞ്ചിന്റെയും പത്തിന്റെയും നാണയങ്ങളും ഒന്നും രണ്ടും രൂപകളും ഉള്‍പ്പെടെ ഇന്നിപ്പോള്‍ കാലയവനികക്കുള്ളിലേക്ക് അപ്രത്യക്ഷമായിക്കഴിഞ്ഞ ചില്ലറ നാണയങ്ങളും നോട്ടുകളുമെല്ലാം നിലനിന്ന കാലത്തെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥിതിയുടെ മെച്ചമൊന്നും നോട്ടുകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഇക്കാലത്തിന്റെ സമ്പദ് വ്യവസ്ഥിതിക്കില്ല. ഒരഞ്ഞൂറ് രൂപ നോട്ടിന് ചില്ലറക്കായി അമ്പത് കടകള്‍ കയറിയിറങ്ങേണ്ടിവരുന്ന തികച്ചും സാധാരണക്കാരനായ മനുഷ്യന്റെ ദയനീയ ദുരവസ്ഥ ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയെയല്ല അധോഗതിയെത്തന്നെയാണ് പ്രിതിനിധാനം ചെയ്യുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: