X
    Categories: Video Stories

മാര്‍ക്‌സ് പറഞ്ഞതും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ചെയ്യുന്നതും

ഇ സാദിഖലി

മാര്‍ക്‌സിന്റെ ദൈവനിഷേധവും മതനിരാസവും നിരുപാധികമായിരുന്നില്ല, സാഹചര്യപ്രേരിതമായിരുന്നു എന്ന് വാദിക്കുന്നവരുണ്ട്. തന്റെ സ്ഥിതിസമത്വം എന്ന മഹത്തായ സങ്കല്‍പത്തിന് വിഘാതമായി മതത്തെയും ദൈവത്തെയും കണ്ടതിനാലാണത്രേ അദ്ദേഹത്തിന് അവ പറ്റാതായത്. ജര്‍മ്മന്‍ തത്വചിന്തകനായ ഫ്രഡറിക് നീത്ഷയെ പോലുള്ളവര്‍ നിരുപാധികമായ ദൈവ നിഷേധത്തിന്റെ വക്താക്കളായി രംഗത്ത് വരികയായിരുന്നു. മാര്‍ക്‌സ് ആവട്ടെ ജനങ്ങളെ മയക്കുന്ന കറുപ്പായി മതത്തെ ദര്‍ശിച്ചത്‌കൊണ്ട് അവരെ മയക്കത്തില്‍നിന്ന് ഉണര്‍ത്തേണ്ടതാവശ്യമാണ് എന്നു വ്യക്തമാക്കിയാണ് മതത്തെയും ദൈവത്തെയും നിഷേധിക്കാന്‍ തയ്യാറായത്.

പ്രത്യയശാസ്ത്രപരമായി വേണ്ടുംവണ്ണം മാര്‍ക്‌സിസത്തെ വിലയിരുത്താത്തവരും അതിന്റെ വിമോചനസങ്കല്‍പ്പത്തിലും സമത്വ സിദ്ധാന്തത്തിലും ആകൃഷ്ടരായവരുമായ മത പശ്ചാത്തലമുള്ള ഏതാനും ആളുകളാണ് മാര്‍ക്‌സിന്റെ ദൈവനിഷേധത്തെയും മത നിരാകരണത്തെയും ഇപ്രകാരം ലാഘവബുദ്ധിയോടെ സമീപിച്ചു വിട്ട് വീഴ്ച നല്‍കി അംഗീകരിക്കാന്‍ കൂട്ടാക്കുന്നത്. ഇത്തരം ഒരു ധാരണ വ്യാപകമായി പ്രചരിപ്പിക്കുന്നതില്‍ രാഷ്ട്രീയമാര്‍ക്‌സിസ്റ്റുകാര്‍ വിജയിക്കുന്നതിന്റെ ഫലം കൂടിയാണിത്. മതവിശ്വാസം മുറുകെ പിടിച്ചുകൊണ്ട്തന്നെ രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ മാര്‍ക്‌സിസ്റ്റുകാരുമായി ഭാഗഭാഗിത്ത്വവും കൂട്ടുകെട്ടും ഗുണകരമായിരുന്നുവെന്ന ചിന്ത വെച്ചുപുലര്‍ത്തുകയും അതിന് പ്രായോഗിക രൂപങ്ങളെ നല്‍കുകയും ചെയ്യുന്നു അവര്‍.

എന്നാല്‍ ലോകത്തിലെ പ്രമുഖ മതങ്ങളെയോ അവയുടെ മൂലപ്രമാണങ്ങളെയോ ദൈവസങ്കല്‍പം, ലോകവീക്ഷണം, ആചാര്യചരിത്രം, വിമോചനദര്‍ശനം എന്നിവയേയൊ സംബന്ധിച്ച സാമാന്യവിജ്ഞാനം പോലുമില്ലാതെ ഗ്രീക് മിത്തോളജിയിലെ ദേവന്മാരുടെ കഥകളെ ആസ്പദമാക്കി അമര്‍ഷത്തോട് കൂടിയ ചില വികാരപ്രകടനങ്ങള്‍ നടത്തുകയായിരുന്നു മാര്‍ക്‌സ് മതങ്ങള്‍ക്ക്‌നേരെ. യുവ ഹെഗലിയനായിരുന്ന കാലത്ത് തന്റെ ഒരു ഗവേഷണപ്രബന്ധത്തില്‍ മാര്‍ക്‌സ് ഇപ്രകാരം എഴുതി :

‘പ്രോമിത്യൂസിന്റെ വിശ്വാസത്തോടാണ് തത്വചിന്ത കടപ്പെട്ടിരിക്കുന്നത്. പൊതുവില്‍ എനിക്ക് ദേവന്‍മാരോടു വെറുപ്പ് തോന്നുന്നു. ദൈവാസ്തിക്യത്തിന്റെ തെളിവുകളെല്ലാം യഥാര്‍ത്ഥത്തില്‍ ദൈവത്തെ നിഷേധിക്കുകയാണ്. പ്രകൃതിക്ക് ശരിയായ ക്രമമില്ലാത്തതിനാല്‍ ദൈവമുണ്ട്. അതായത് ദൈവാസ്തിക്യത്തിന്റെ അടിസ്ഥാനം യുക്തിരാഹിത്യമാണ്.’ ഗ്രീക്ക് പുരാണങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള വിഭാവനയില്‍നിന്ന് വിഭിന്നമായ ഒരു കാഴ്ചപ്പാടാണ് വേദങ്ങളെ അടിസ്ഥാനമാക്കിയുള്ള ലോകമനുഷ്യനും ദൈവവും മതങ്ങളുമെല്ലാം സംബന്ധിച്ചുഉള്ളത് എന്ന വസ്തുത ശ്രദ്ധിക്കാതെയും പരിഗണിക്കാതെയും ധൃതിപ്പെട്ടു ഒരു സങ്കല്‍പമുണ്ടാക്കിയതാണ് മാര്‍ക്‌സിന് പിണഞ്ഞ അബദ്ധം. മതത്തെയും ദൈവത്തെയും സംബന്ധിച്ച അദ്ദേഹത്തിന്റെ അഭിപ്രായങ്ങളിലെ മറ്റെല്ലാ അബദ്ധങ്ങളും അതില്‍നിന്നുത്ഭവിക്കുന്നു.
പ്രകൃതിക്ക് ശരിയായ ക്രമമില്ലാത്തതിനാല്‍ ദൈവം ഉണ്ട് എന്നല്ല പ്രപഞ്ചത്തിനും പ്രകൃതിക്കും ശരിയായ ക്രമവും വ്യവസ്ഥയും ഉള്ളതിനാല്‍ ദൈവം ഇല്ല എന്ന് വിശ്വസിക്കുന്നത് യുക്തിസഹമല്ല എന്നത്രെ മതവിശ്വാസികളുടെയെല്ലാം വാദം. പ്രപഞ്ചവ്യവസ്ഥ തികച്ചും ഉദ്ദേശ്യാധിഷ്ഠിതമാണ് എന്നാണ് വിശുദ്ധ ഖുര്‍ആനിലുടനീളം വായിക്കാനാവുന്നത്.

ഖുര്‍ആന്റെ ദൃഷ്ടിയില്‍, ദൈവാസ്തിക്യത്തിനുഉള്ള ഏറ്റവും വലിയ തെളിവ് യുക്തിഭദ്രവും ഗൗരവതരവുമായ ഒരു കണ്ടെത്തലായോ ഗഹനതയാര്‍ന്ന ഒരു ദാര്‍ശനികപഠനത്തിന്റെ ഫലമായോ അല്ല തനിക്കുണ്ടായ ഒരു അവജ്ഞയുടെ ബഹിര്‍പ്രകടനമായാണ് മാര്‍ക്‌സിന് ദൈവവിരോധവും മതനിരാസവുമുണ്ടായത് എന്നത്രെ മേല്‍പറഞ്ഞ പ്രസ്താവനയുടെ ധ്വനി. അല്ലെങ്കിലുണ്ടോ ഒരു ദാര്‍ശനികപ്രബന്ധത്തില്‍ വ്യക്തിപരമായ വെറുപ്പിന് വല്ല ഇടവും. മനുഷ്യന് അഗ്‌നി നിഷേധിച്ച ഗ്രീക്ക് ഇതിഹാസ ലോകത്തോടുള്ള അദ്ദേഹത്തിന്റെ വെറുപ്പും അവജ്ഞയും മാര്‍ക്‌സ് ലോകമതങ്ങളുടെ നേരെയും തിരിച്ചുവിട്ടു.

സാമൂഹിക അനീതികളെ സാധൂകരിക്കാനുള്ള മാര്‍ഗമാണ് മതം എന്നുവരെ വാദിച്ചുകളഞ്ഞു മാര്‍ക്‌സ്. തന്മൂലം മതത്തോടും മതാചാര്യന്മാരായ മഹത്തുക്കളോടും എന്ത്മാത്രം ക്രൂരതയും അപമര്യാദയുമാണ് അദ്ദേഹം കാണിച്ചത്. ഇസ്രായീലരെ ഫറോവന്‍ ഭരണത്തിന്റെ അടിമത്തത്തില്‍നിന്ന് വിമോചിപ്പിച്ച മോസസ് (മൂസാ നബി ) യഹൂദ പുരോഹിതരുടെ ചൂഷണതിനെതിരെ രംഗത്ത് വന്ന് കുരിശിലേറ്റാന്‍ വിധിക്കപ്പെട്ട,
‘ഭാരം ചുമക്കുന്നവരും അധ്വാനിക്കുന്നവരുമായുള്ളവരേ നിങ്ങള്‍ എന്റെ അടുക്കല്‍ വരീന്‍, ഞാന്‍ നിങ്ങള്‍ക്ക് ആശ്വാസം തരാം’ എന്ന് വിളംബരം ചെയ്ത യേശുക്രിസ്തു (ഈസാ നബി) മനുഷ്യരാശിയുടെ സമഗ്രമായ മോചനത്തിനും മോക്ഷത്തിനും വേണ്ടി നിലകൊണ്ട, അറേബ്യയിലെ അടിമവ്യാപാരികള്‍ക്കും പലിശക്കച്ചവടക്കാര്‍ക്കും സ്ത്രീ മര്‍ദ്ദകര്‍ക്കുമെതിരില്‍ സന്ധിയില്ലാ സമരം ചെയ്ത മുഹമ്മദ് നബി(സ) തുടര്‍ന്നിങ്ങോട്ട് ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിലായി മര്‍ദ്ദനവാഴ്ചകള്‍ക്കും സാമ്രാജ്യത്വ അധിനിവേശങ്ങള്‍ക്കും എതിരില്‍ നിലകൊണ്ട് ജീവത്യാഗത്തിന്റെ വീരചരിതങ്ങള്‍,രചിച്ച മതാധിഷ്ഠിത വിമോചനപ്രസ്ഥാനങ്ങള്‍ ക്രിസ്തീയസഭയ്ക്കും പൗരോഹിത്യത്തിനുമെതിരില്‍ പൊരുതി രക്തസാക്ഷിത്വം വരിച്ച ബാഴ്സലോണയിലെ ക്രിസ്തീയരക്തസാക്ഷികള്‍ ഇന്നും ഫലസ്തീനിലും മറ്റും സ്വാതന്ത്ര്യത്തിനും നീതിക്കുംവേണ്ടി പൊരുതുന്ന മതവിശ്വാസികള്‍ ഇവരെയെല്ലാം സാമൂഹിക അനീതികളെ സാധൂകരിക്കുന്ന മതത്തിന്റെ വക്താക്കളായാണ് മാര്‍ക്‌സ് വീക്ഷിക്കുന്നത്.
മാര്‍ക്‌സിസം അഥവാ വൈരുധ്യാത്മക ഭൗതികവാദം പദാര്‍ത്ഥത്തെ പ്രപഞ്ചത്തിന്റെയും മുഴുവന്‍ ചരാചരങ്ങളുടെയും മൂലസ്രോതസ്സ് ആയി ഗണിക്കുകയും ദൈവത്തെയും പദാര്‍ഥത്തിനതീതമായ എല്ലാ ശക്തികളെയും നിഷേധിക്കുകയുമാണ് ചെയ്യുന്നത്.

മതമാവട്ടെ അതീന്ദ്രീയനായ ദൈവത്തെ പ്രപഞ്ചത്തിന്റെ മൂലസ്രോതസ്സും ആദികാരണവുമായി വിശ്വസിക്കുന്നതില്‍ നിന്നാരംഭിക്കുന്നു. ദാര്‍ശനികമണ്ഡലത്തില്‍ മാത്രമല്ല മതവും മാര്‍ക്‌സിസവും തമ്മിലുള്ള ഈ പരസ്പരവിരുദ്ധത എന്നത് പ്രത്യേകമായി ശ്രദ്ധിച്ചിരിക്കേണ്ടതാണ്. ജീവിതത്തെയും സദാചാരത്തെയും ധനശാസ്ത്രത്തെയും സംസ്‌കാരത്തെയും വിദ്യാഭ്യാസത്തെയും എന്നുവേണ്ട മനുഷ്യന്റെ ചരിത്രപരവും പാരത്രീകവും ലൗകികവുമായ സത്തയെക്കൂടി അഗാധമായി സ്പര്‍ശിക്കുന്നുണ്ട് ഈ വ്യത്യാസം. അതിനാല്‍ വൈരുധ്യാത്മക ഭൗതികവാദത്തില്‍ വിശ്വസിക്കുന്ന (അതില്‍ വിശ്വസിക്കാത്ത മാര്‍ക്‌സിസ്റ്റ് ഉണ്ടാവില്ല) മാര്‍ക്‌സിസ്റ്റുകാര്‍ക്ക് മത വിശ്വാസികളോട് ഉള്ളില്‍ പുച്ഛവും അവജ്ഞയും വെച്ച് കൊണ്ടല്ലാതെ ആത്മാര്‍ത്ഥമായി യോജിച്ചു നില്‍ക്കാനാവില്ല. മതവിശ്വാസികള്‍ക്കാവട്ടെ തങ്ങളെ ഉന്മൂലനം ചെയ്യാന്‍ പരിശ്രമിക്കുന്ന, ഉള്ളില്‍ അടക്കിവെച്ചുകൊണ്ട് പുറത്തേക്ക് സഖ്യപ്പെടാന്‍ താത്പര്യം കാട്ടുന്ന വിഭാഗമായിട്ടേ ഗണിക്കാനാവൂ.

‘മനുഷ്യന്‍ മതത്തെ സൃഷ്ടിക്കുന്നു. മതം മനുഷ്യനെ സൃഷ്ടിക്കുന്നില്ല. ഈ ഭരണവും സമുദായവുമാണ് മതത്തിന്റെ നിര്‍മ്മാതാക്കള്‍. അതിനാല്‍ മതത്തിനെതിരായ ശബ്ദം പരോക്ഷമായി ആധ്യാത്മികപ്രഭാമണ്ഡലം മതമായിതീര്‍ന്നിരിക്കുന്നു. ആ ലോകത്തോട് തന്നെയുള്ള സമരമാണ് എന്നാണ് മാര്‍ക്‌സ് മതത്തോടുള്ള നിലപാടിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ഈ പ്രസ്താവന ഒരു മതവിശ്വാസിക്കെങ്ങനെ സ്വീകരിക്കാനാവും?.മനുഷ്യന്‍ മനുഷ്യനില്‍ കേന്ദ്രീകരിക്കാതിരിക്കുമ്പോള്‍ മാത്രമേ മതത്തെ ശ്രദ്ധിക്കുകയുള്ളുവെന്നത്രേ മാര്‍ക്‌സിന്റെ പക്ഷം. അദ്ദേഹം എഴുതുന്നു: ‘മതം ഭ്രാമാത്മകമായ ഒരു സൂര്യനാണ്,അത് മനുഷ്യന്റെ നാലുപാടും ചുറ്റിത്തിരിയുന്നു. മനുഷ്യന്‍ തനിക്ക് ചുറ്റിലും ചുറ്റാതിരിക്കുന്ന കാലത്തോളം മാത്രമേ അതിന് അസ്തിത്വമുള്ളു. അതുകൊണ്ട് ചരിത്രത്തിന്റെ കര്‍ത്തവ്യം പരലോകസത്യം അവസാനിപ്പിച്ചു ഇഹലോകസത്യം സ്ഥാപിക്കുകയാണ്’.
മതത്തിന്റെ അടിസ്ഥാനംതന്നെ പരലോകവിശ്വാസമായിരിക്കെ ഏത് മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കും തങ്ങളുടെ വിശ്വാസത്തിന് തങ്ങളില്‍ സ്വാധീനമുള്ളിടത്തോളം കാലം ഈ ചിന്താഗതിയുടെ വക്താക്കളുമായി ആത്മാര്‍ത്ഥമായ യോജിപ്പ് അസാധ്യംതന്നെ. മതത്തിനെതിരായ സമരമെത്രയും ക്രൂരമാകാമെന്നാണ് മാര്‍ക്‌സിസ്റ്റുകാരുടെ വിശ്വാസം. മാര്‍ക്‌സ് തന്നെ എഴുതി:’ഒരു തരത്തിലും ഖണ്ഡനത്തിന്റെ ആയുധം, ആയുധങ്ങള്‍ വഴിനടത്തപ്പെടുന്ന ഖണ്ഡനത്തിന്റെ സ്ഥാനത്തെത്തുകയില്ല.’ മാര്‍ക്‌സിനും മാര്‍ക്‌സിസത്തിനും മതത്തോട് വെറും വിയോജിപ്പല്ല ഉള്ളത്. മറിച്ച് രണോല്‍സുകമായ ശത്രുതയാണ് എന്നതാണ് ഇതും ഇതുപോലുള്ള അനേകം പ്രസ്താവനകളും മുമ്പില്‍ വെച്ച് പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയുന്നത്. സോവിയറ്റ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ 1961-ല്‍ പുറത്തിറക്കിയ ഔദ്യോഗിക പരിപാടിയില്‍ സോവിയറ്റ് ജനതക്കിടയില്‍ കമ്മ്യൂണിസം സ്ഥാപിക്കാന്‍ ‘മതത്തിനെതിരെ കടുത്ത പോരാട്ടം ദീര്‍ഘകാലം തുടരേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞിരുന്നു എന്നത് കൂടി കൂട്ടിവായിച്ചാല്‍ അധികാരം കൈവശമായി കഴിയുമ്പോള്‍ അത്തരത്തിലുള്ള സമീപനമായിരിക്കും മാര്‍ക്‌സിസ്റ്റുകാര്‍ മതവിശ്വാസികളോട് സ്വീകരിക്കുകയെന്ന് ഗ്രഹിക്കാന്‍ അധികമൊന്നും ആലോചിക്കേണ്ടി വരില്ല. സമഗ്രാധികാരമില്ലാത്തിടത്ത് അവര്‍ മതവിശ്വാസികളോട് സ്വീകരിക്കുന്ന മൃദുലവും സൗഹാര്‍ദ്ദപരവും അനുകമ്പാര്‍ദ്രവുമായ സമീപനത്തിന്റെ ഉദ്ദേശശുദ്ധി ഒട്ടും തെളിച്ച് കാട്ടുന്നതല്ല. അവരുടെ ആചാര്യന്റെ വാക്കുകളും സോഷ്യലിസ്റ്റ് മാറ്റങ്ങള്‍ ഭാഗികമായെങ്കിലും വന്നുപോയ രാജ്യങ്ങളിലെ അനുഭവങ്ങളും.

കേരളത്തില്‍ എപ്പോഴെല്ലാം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നിട്ടുണ്ടോ അപ്പോഴെല്ലാം അവര്‍ മതങ്ങളെയും മതവിശ്വാസങ്ങളെയും തള്ളിപ്പറഞ്ഞിട്ടുണ്ട്. വിവിധ മതവിഭാഗങ്ങളുടെ നെഗറ്റീവ് വോട്ടുകള്‍ വാങ്ങി വലിയ ഭൂരിപക്ഷത്തോടെ അധികാരസ്ഥരായ കമ്യൂണിസ്റ്റുകാര്‍ കിട്ടുന്ന അവസരങ്ങളിലെല്ലാം മതത്തേയും മതവിശ്വാസത്തെയും പരിഹസിക്കാനും വീര്യംകെടുത്താനും ഉപയോഗിക്കുന്ന കാഴ്ചയാണ് കാണുന്നത്.
പുതിയ തലമുറയെ മതവിശ്വാസത്തില്‍നിന്ന് എത്രമാത്രം അകറ്റാനാകുമെന്നതിന്റെ പരീക്ഷണാര്‍ത്ഥം തയ്യാറാക്കപ്പെട്ട നിയമങ്ങള്‍ പലതും മതവിശ്വാസികളുടെ എതിര്‍പ്പ് കാരണം അവര്‍ക്ക് മാറ്റേണ്ടിവന്നിട്ടുണ്ട്. എല്ലാ മതങ്ങളെയും നിഷേധിക്കുന്ന വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു എല്ലാ മതങ്ങളെയും ആദരിക്കുന്ന ഇന്ത്യന്‍ സംസ്‌കാരത്തെ ഇല്ലാതാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ നാം കണ്ടുകൊണ്ടിരിക്കുന്നു. ഇന്ത്യന്‍ മതേതരത്വത്തിന്റെ ചൈതന്യം കാത്തുസൂക്ഷിക്കാന്‍ മതവിഭാഗങ്ങള്‍ക്കിടയില്‍ സൗഹാര്‍ദ്ദവും ഒത്തൊരുമയും വളര്‍ത്തുന്നതിനു സഹായകമാകുന്ന തരത്തില്‍ പ്രവര്‍ത്തിക്കേണ്ടവര്‍ തന്നെ അതിന് പകരം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് കോപ്പ് കൂട്ടുന്നു. അതാണ് മതങ്ങളെക്കുറിച്ചുള്ള മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നയങ്ങള്‍ വിശദീകരിക്കുമ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയതിന്റെ സാരം. ഒരു മത വിശ്വാസിക്ക് കമ്മ്യൂണിസ്റ്റാകാം. ഒരു കമ്യൂണിസ്റ്റുകാരന് മതവിശ്വാസിയാവാന്‍ കഴിയില്ലെന്ന് അര്‍ത്ഥം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: