X
    Categories: Video Stories

പെരിയയില്‍ ചരിത്രം സ്തംഭിച്ചുനില്‍ക്കുന്നു

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്
കാസര്‍കോട് ജില്ലയിലെ പെരിയ ഗ്രാമത്തിനുമുകളില്‍ ചരിത്രം സ്തംഭിച്ചുനില്‍ക്കുകയാണ്. പെരിയയോട് ചേര്‍ന്നുള്ള കയ്യൂരും നീലേശ്വരവും ജ്വലിപ്പിച്ച മലബാറിന്റെയും കേരളത്തിന്റെയും ഇടതുപക്ഷ രാഷ്ട്രീയ ചരിത്രം അവിടെ ഇപ്പോള്‍ തലകീഴായി നില്‍ക്കുന്നു. പെരിയ ഗ്രാമത്തില്‍ കല്യോട്ട് തന്നിത്തോട് റോഡരികില്‍ ദാനംകിട്ടിയ രണ്ടുസെന്റിലാണ് തിങ്കളാഴ്ച ആ ചിത എരിഞ്ഞത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്‌ലാലിന്റെയും. പെരിയഗ്രാമം ഒരിക്കലും കാണാത്ത ജനസഞ്ചയം പങ്കെടുത്ത സംസ്‌ക്കാര ചടങ്ങില്‍നിന്ന് ഉയര്‍ന്ന മുദ്രാവാക്യം ഇപ്പോള്‍ കേരളമാകെ മാറ്റൊലി കൊളളുകയാണ്:
‘ഇല്ല രക്തസാക്ഷികള്‍ മരിക്കുന്നില്ല
ജീവിക്കുന്നു ഞങ്ങളിലൂടെ.’
ആ ചിതയിലെ തീച്ചൂടേറ്റ കാറ്റ് കേരളമാകെ ആഞ്ഞുവീശുകയാണ്. ഒന്നുശ്രദ്ധിച്ചാല്‍ മനുഷ്യത്വമുള്ളവര്‍ക്ക് അതില്‍നിന്ന് നെഞ്ചുപൊട്ടി കരയുന്ന ഒരച്ഛന്റെ ഭീഷ്മപ്രതിജ്ഞകൂടി കേള്‍ക്കാം: ‘ഇനി പാര്‍ട്ടിയിലേക്ക് ഞാനില്ല. എനിക്ക് ആ പാര്‍ട്ടിയില്‍ വിശ്വാസമില്ല.’ ഇക്കാലമത്രയും സി.പി.എമ്മിന്റെ ഉറച്ച അനുഭാവിയായിരുന്ന പി.വി കൃഷ്ണന്‍ പറയുന്നു. കൊലയാളികള്‍ മഴുകൊണ്ട് വെട്ടിക്കൊന്ന 19 വയസുകാരന്‍ കൃപേഷിന്റെ അച്ഛന്‍.
കയ്യൂര്‍ സമരത്തിന്റെ വിപ്ലവ കാറ്റേറ്റ് തൊഴിലാളിവര്‍ഗ പാര്‍ട്ടിയില്‍ വിശ്വസിച്ച ഒരു കുടുംബത്തിലെ കഴിഞ്ഞ ദിവസംവരെ ചെങ്കൊടി പിടിച്ചുനടന്ന സി.പി.എം അനുഭാവിയായിരുന്നു ചായം തേപ്പു തൊഴിലാളിയായ കൃഷ്ണന്‍. രണ്ടു പതിറ്റാണ്ടായി ഓലമറച്ച ഒറ്റമുറിക്കൂരയില്‍ രണ്ടു പെണ്‍മക്കളും ഭാര്യയും കൃപേഷുമടങ്ങുന്ന കൃഷ്ണന്റെ കുടുംബം കഴിയുന്നു. തിങ്കളാഴ്ച സന്ധ്യയ്ക്ക് ആ വീട്ടിലേക്ക് വിറങ്ങലിച്ച ശരീരമായി മകന്റെ മൃതദേഹം കൊണ്ടുവന്നപ്പോഴാണ് കിടത്താന്‍ ആ കൂരയ്‌ക്കൊരു മുറ്റമില്ലെന്ന് കൃഷ്ണന്‍ ഓര്‍ക്കുന്നത്. അന്തിമചടങ്ങുകള്‍ക്ക് ആ മൃതദേഹം കുടിലിനകത്ത് കടത്തിയതും കര്‍മ്മം നടത്തിയതും പുറത്തേക്കെടുത്തതും എങ്ങനെയെന്ന് അതിനുമുമ്പില്‍ തിങ്ങിക്കൂടിയ ജനങ്ങള്‍തന്നെ അമ്പരന്നതും.
‘സൂക്ഷിക്കണേ’ എന്ന് കൃഷ്ണന്‍ കഴിഞ്ഞ ഒരുവര്‍ഷമായി മകനെ നിരന്തരം ഓര്‍മ്മപ്പെടുത്തിയിരുന്നു. രാത്രി വരാന്‍ വൈകിയാല്‍ ആധിയോടെ ഫോണില്‍ വിളിച്ച് അന്വേഷിക്കുമായിരുന്നു. ഞായറാഴ്ച രാത്രി വിളിച്ചപ്പോള്‍ മറുപടിയുണ്ടായില്ല. തന്റെ മാതാപിതാക്കളടക്കം ജീവനെപ്പോലെ സ്‌നേഹിച്ച, വിശ്വസിച്ച തന്റെ പാര്‍ട്ടിയുടെ ആളുകള്‍ അപ്പോഴേക്കും അതിമൂര്‍ച്ചയുള്ള മഴുകൊണ്ട് ജീവനും കൊണ്ടോടുന്ന ആ 19കാരനെ ഒറ്റവെട്ടിന് വീഴ്ത്തിയിരുന്നു. പതിമൂന്നിഞ്ച് ആഴത്തില്‍ തലയോട്ടിയും തലച്ചോറും പിളര്‍ത്ത് വീട്ടില്‍നിന്ന് വിളിപ്പാടകലെയുള്ള കുറ്റിക്കാട്ടിലിട്ട് കടന്നുകളഞ്ഞിരുന്നു. പൊതു പ്രവര്‍ത്തനത്തിലും വ്യക്തിജീവിതത്തിലും അവനൊപ്പമുണ്ടായിരുന്ന 24 വയസുള്ള ശരത്‌ലാലിനെ കഴുത്തില്‍ വെട്ടിയും കാല്‍മുട്ടിനുതാഴെ ഇരുപതോളം വെട്ടേല്‍പ്പിച്ചും ചോരവാര്‍ത്ത് മരിക്കാന്‍വിട്ട് അവര്‍ കടന്നുകളഞ്ഞിരുന്നു. അച്ഛന്‍ അനുവദിച്ചതനുസരിച്ച് സ്വതന്ത്രമായ രാഷ്ട്രീയം തെരഞ്ഞെടുത്തതായിരുന്നു കയ്യൂര്‍ രക്തസാക്ഷികളുടെ പിന്‍മുറക്കാരനായ കൃപേഷ് യൂത്ത് കോണ്‍ഗ്രസിന്റെ രക്തസാക്ഷിയാകാന്‍ കാരണം, ശരത്തിന്റെ ചിതയില്‍തന്നെ മരണത്തിലും ഇടംനേടാനും. പ്ലസ്ടു പാസായ കൃപേഷ് പോളി ടെക്‌നിക്കിന് ചേര്‍ന്നത് ഒരു സ്വപ്‌നം സാക്ഷാത്ക്കരിക്കാനായിരുന്നു. അതുവരെ പട്ടയവും റേഷന്‍കാര്‍ഡുമില്ലാത്ത ഒറ്റമുറി കൂരയില്‍ തന്റെ കുടുംബത്തിന് മനുഷ്യരെപ്പോലെ കഴിയാന്‍ സൗകര്യമുള്ള ഒരു വീട് നിര്‍മ്മിക്കണം. പ്ലസ് ടുവിനു പഠിക്കുന്ന സഹോദരിയും വിവാഹിതയായ സഹോദരിയും അച്ഛനും അമ്മക്കുമൊപ്പം കഴിയാന്‍. പോളി ടെക്‌നിക്കില്‍ ചേര്‍ന്നപ്പോഴാണ് കെ.എസ്.യുവില്‍ ചേരട്ടെയെന്ന് കൃപേഷ് അച്ഛന്റെ അഭിപ്രായം തേടിയത്. രാഷ്ട്രീയം ഓരോരുത്തരുടെയും സ്വന്തം ഇഷ്ടവും സ്വാതന്ത്ര്യവുമാണെന്നു പറഞ്ഞ അച്ഛന്‍ അനുവാദവും നല്‍കി. പോളി ടെക്‌നിക്കിലെ വിദ്യാര്‍ത്ഥി സമരങ്ങളില്‍ കെ.എസ്.യു പക്ഷത്തുനിന്ന കൃപേഷിനും സഹപ്രവര്‍ത്തകര്‍ക്കുമെതിരെ പുറത്തുനിന്നുവന്ന സി.പി.എം പ്രവര്‍ത്തകര്‍ നിരന്തരം ആക്രമണം നടത്തി. പഠിപ്പു തുടരാന്‍ കഴിയാതെ കൃപേഷ് അച്ഛനൊപ്പം പെയിന്റിങ് തൊഴിലാളിയായി. ബിടെക് പാസായി പൊതു പ്രവര്‍ത്തനത്തിനിറങ്ങിയ ശരത്തിനൊപ്പം ഊര്‍ജ്ജസ്വലനായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും. ഇരട്ടകൊലപാതകത്തിലെ രക്തസാക്ഷികളുടെ ജന്മഗ്രാമം ഇപ്പോള്‍ ദേശീയശ്രദ്ധ കേന്ദ്രീകരിച്ച രാഷ്ട്രീയ തീര്‍ത്ഥാടന കേന്ദ്രമാണ്. സി.പി.എം അടക്കമുള്ള ഇടതുപക്ഷക്കാരായ നേതാക്കളൊഴികെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രമുഖ നേതാക്കള്‍ ദു:ഖാര്‍ത്തരായ കുടുംബാംഗങ്ങളെ സമാശ്വസിപ്പിക്കാന്‍ അവിടെയെത്തുന്നു.
മട്ടന്നൂര്‍ എടയന്നൂരില്‍ സി.പി.എം കൊലപ്പെടുത്തിയ ഷുഹൈബിന്റെ പിതാവ് എസ്.പി മുഹമ്മദ് കല്യോട്ടെത്തിയത് സമാശ്വാസവുമായാണ്. കേരളത്തിലെ രാഷ്ട്രീയ രക്തസാക്ഷികളുടെ ചരിത്രത്തിലെതന്നെ വേറിട്ട കാഴ്ചയായി കൃപേഷിന്റെയും ശരത്തിന്റെയും അച്ഛന്മാരുമായുള്ള ആ കൂടിക്കാഴ്ച. രക്തസാക്ഷികളുടെ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന സി.പി.എം ജീവനെടുത്ത മൂന്നുമക്കളുടെ അച്ഛന്മാര്‍ പരസ്പരം ആശ്വസിപ്പിച്ചു. അതേസമയത്താണ് കമ്യൂണിസ്റ്റ് നേതാക്കളിലെ ഏറ്റവുംവലിയ മനുഷ്യസ്‌നേഹിയായിരുന്ന എ.കെ.ജിയുടെ പേരിലുള്ള ഡല്‍ഹിയിലെ സി.പി.എം ആസ്ഥാനത്തിനുമുമ്പിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തിയത്. അത് കാണാന്‍ വാതില്‍പ്പടിക്കല്‍ പൊളിറ്റ് ബ്യൂറോ അംഗങ്ങളായ രാമചന്ദ്രന്‍പിള്ളയും എം.എ ബേബിയും മറ്റും മ്ലാനവദനരായി നില്‍ക്കുന്നതും കേരളം കണ്ടു. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ശരത്‌ലാലിന്റെ അച്ഛന്‍ സത്യനാരായണനെയും സഹോദരി അമൃതയേയും ആശ്വസിപ്പിക്കാനാകാതെ കരഞ്ഞു. 76 വര്‍ഷങ്ങള്‍ക്കുമുമ്പുള്ള മറ്റൊരു രംഗമാണ് ചരിത്രം അപ്പോള്‍ പുറത്തെടുത്തത്. കയ്യൂര്‍ സമരത്തില്‍ തൂക്കിലേറ്റാന്‍ വിധിച്ച അഞ്ച് യുവാക്കളുടെ വീടുകളിലേക്ക് സാന്ത്വനവുമായി ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ സെക്രട്ടറി പി.സി ജോഷിയും പി സുന്ദരയ്യയും മലബാര്‍ പാര്‍ട്ടി സെക്രട്ടറി പി കൃഷ്ണപിള്ളയ്‌ക്കൊപ്പം കയ്യൂര്‍ ഗ്രാമത്തില്‍ എത്തിയ വികാരഭരിതമായ മുഹൂര്‍ത്തം. പ്രസ്ഥാനത്തിനുവേണ്ടി തൂക്കുമരത്തിലേറുന്ന സഖാക്കളുടെ കുടുംബങ്ങളെ അന്ന് സി.പി.ഐ ദേശീയ നേതൃത്വം എന്നെന്നേക്കുമായി ഏറ്റെടുത്തു. അവര്‍ക്കൊപ്പം എന്നും ഉണ്ടാകുമെന്ന് ഗദ്ഗദകണ്ഠരായി ഉറപ്പുനല്‍കി. ആ പാര്‍ട്ടിയുടെ പിന്‍തുടര്‍ച്ചക്കാരായ നേതാക്കള്‍ കേരളം ഭരിക്കുകയും രക്ഷായാത്ര നടത്തുകയും ചെയ്യുമ്പോഴാണ് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നെഞ്ചില്‍ക്കൂടി കൊലക്കത്തി കുത്തിയിറക്കിയത്. സി.പി.എം ഈ ഇരട്ടക്കൊല നടത്തിയത്. ഇന്നിപ്പോള്‍ ചരിത്രം ഇവിടെ തലകീഴായി നില്‍ക്കുന്നു.
കേരള സംസ്ഥാന രൂപീകരണത്തെതുടര്‍ന്ന് 1957ലെ ആദ്യ നിയമസഭാതെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റുപാര്‍ട്ടി നീലേശ്വരം മണ്ഡലത്തില്‍ നിര്‍ത്തിയാണ് ഇ.എം.എസിനെ വിജയിപ്പിച്ചത്. ആദ്യ മുഖ്യമന്ത്രിയാക്കിയത്. ആ ചരിത്രത്തിന്റെ തുടര്‍ച്ചയില്‍ ഇരു കമ്യൂണിസ്റ്റുപാര്‍ട്ടികളും നേതൃത്വം നല്‍കുന്ന ഒരു ഗവണ്മെന്റാണ് അധികാരത്തില്‍. ഭരണത്തിന്റെ ആയിരം ദിവസം പൂര്‍ത്തിയാക്കുന്നു. അപ്പോഴാണ് അന്നത്തെ നീലേശ്വരം മണ്ഡലത്തിലെ ചരിത്രഭൂമിയോടുചേര്‍ന്നുകിടക്കുന്ന പെരിയയില്‍ സി.പി.എം മറ്റൊരു ചരിത്രം സൃഷ്ടിച്ചത്. രാഷ്ട്രീയ കൊലപാതകത്തിന്റെകാര്യത്തില്‍ പിണറായി ഗവണ്മെന്റിനെ ഒന്നാം സ്ഥാനത്ത് പ്രതിഷ്ഠിച്ചുകൊണ്ട്. ഭരണത്തിന്റെ ഈ ആയിരം ദിനങ്ങളില്‍ സംസ്ഥാനത്ത് നടന്നത് 20 രാഷ്ട്രീയകൊലകള്‍. അതില്‍ മുഖ്യമന്ത്രിയുടെ പൊലീസ് വകുപ്പ് 16 കേസുകളിലും പ്രതികളായി കണ്ടെത്തിയത് സി.പി.എം പ്രവര്‍ത്തകരെ. തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ ഇരട്ടക്കൊല നടത്തി സി.പി.എം വീണ്ടും കൊമ്പുകുലുക്കുന്നു. ശക്തമായ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയതായി സംഭവം നടന്ന് 20 മണിക്കൂറിനുശേഷം മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പിറക്കി. പെരിയ കൊലപാതകത്തിന്റെ ആസൂത്രകനെന്ന നിലയില്‍ പൊലീസ് അറസ്റ്റുചെയ്ത ലോക്കല്‍ കമ്മറ്റി അംഗം എ പിതാംബരനെ സി. പി.എം പുറത്താക്കി. അക്രമികള്‍ക്കൊപ്പം പാര്‍ട്ടിയില്ലെന്നും പ്രതികളെ രക്ഷപെടാന്‍ അനുവദിക്കരുതെന്നും സെക്രട്ടറി പ്രസ്താവനയിറക്കി. ഈ തള്ളിപ്പറയല്‍ പ്രസ്താവനകളിലൂടെ കൊലപാതകത്തിന്റെ ചോരക്കറകള്‍ കഴുകിക്കളയാന്‍ സി.പി.എമ്മിനോ മുഖ്യമന്ത്രിക്കോ കഴിയില്ല. ഞായറാഴ്ച സന്ധ്യയ്ക്ക് 7.30നും 7.40നും ഇടയ്ക്കാണ് പെരിയയിലെ കല്യോട്ട് കൂരാംകരയില്‍ റോഡില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കൃപേഷിനെയും ശരത്‌ലാലിനെയും വെട്ടിവീഴ്ത്തിയത്. ഇരുവരും കൊല്ലപ്പെട്ട വാര്‍ത്ത അധികംവൈകാതെ കേരളം അറിഞ്ഞു. കൊന്നത് ആര്, കൊല്ലിച്ചതാര് എന്നൊക്കെ കൃത്യമായി മനസിലാക്കാന്‍ ഒരുമണിക്കൂറിനകം മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കഴിയുമായിരുന്നു. മകനെ കൊന്നത് പാര്‍ട്ടിക്കാരാണെന്ന് സി.പി.എം അനുഭാവിയായ കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ പറഞ്ഞു കരയുമ്പോള്‍ പ്രത്യേകിച്ചും. അതിനുള്ള പാര്‍ട്ടി ഭരണ സംവിധാനങ്ങള്‍ മുഖ്യമന്ത്രിയുടെയും സെക്രട്ടറിയുടെയും കൈപ്പിടിയിലുണ്ട്. അതിന്റെ സ്വാധീനം തിങ്കളാഴ്ച രാവിലെ സി.പി.എം സെക്രട്ടറിയുടെ വെബ്‌സൈറ്റില്‍ വന്ന കുറിപ്പില്‍ കാണുകയുമുണ്ടായി: ‘പാര്‍ട്ടി നിര്‍ദ്ദേശത്തിനും ഗവണ്മെന്റിന്റെ നയത്തിനും എതിരായ നടപടിയാണ് കാസര്‍കോട്ടുണ്ടായത്. സി.പി.എമ്മിന്റെ ഭാഗമായി ഇത്തരം സംഭവങ്ങള്‍ നടത്താന്‍ ആരെയും അനുവദിക്കില്ല. പൊലീസ് ശക്തമായ നടപടി സ്വീകരിക്കണം.’
തൃശൂരിലായിരുന്ന മുഖ്യമന്ത്രി നേരെ എ.കെ.ജി സെന്ററിലെത്തി സംസ്ഥാന സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അതിനുശേഷമാണ് കൊലപാതകം സംബന്ധിച്ച നിലപാടിലും അന്വേഷണത്തിലും മാറ്റം വന്നത്. ചൊവ്വാഴ്ച പത്രസമ്മേളനത്തില്‍ ഇരട്ട കൊലപാതകം സംബന്ധിച്ച് ഉയര്‍ന്ന ചോദ്യങ്ങളില്‍ പ്രകോപിതനായി സമ്മേളനം അവസാനിപ്പിച്ച് മുഖ്യമന്ത്രി ഇറങ്ങിപ്പോയതും അന്വേഷണത്തില്‍ സര്‍ക്കാറിന്റെ നിലപാട് സുതാര്യമല്ലെന്ന് വ്യക്തമാക്കുന്നു. നേരറിയാനുള്ള ചോദ്യങ്ങളോടുള്ള അസഹിഷ്ണുതയും. ടി.പി വധക്കേസില്‍ തുടങ്ങി അരിയില്‍ ഷുക്കൂര്‍, ഫസല്‍ വധത്തിലൂടെ സി.പി.എം എത്തിനില്‍ക്കുന്ന ആസൂത്രിത രാഷ്ട്രീയ കൊലപാതകങ്ങളില്‍നിന്ന് രക്ഷപെടാന്‍ നടത്തിയ ശ്രമങ്ങള്‍തന്നെയാണ് ഇപ്പോഴും ആവര്‍ത്തിക്കുന്നത്. പാര്‍ട്ടിക്കകത്ത് ഓരോ ജില്ലയിലുമുള്ള കൊലയാളി സംഘങ്ങളുടെ ശൃംഖലയും കണ്ണൂര്‍ കേന്ദ്രീകരിച്ച് അതിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടി സംവിധാനവും പുറത്തുവരാതിരിക്കാനാണ് ഈ ഇരട്ടകൊലപാതകത്തിലും ശ്രമിക്കുന്നത്. ടി.പി കൊലക്കേസ് വിധിയില്‍ കുഞ്ഞനന്തനും ഗൂഢാലോചനയും പുറത്തുവന്നതോടെ ഭാഗികമായി സി.പി.എം നീക്കം പൊളിഞ്ഞുവരികയാണ്. പെരിയ ഇരട്ട കൊലപാതകത്തില്‍ പൊലീസ് ആദ്യം എടുത്ത നിലപാടും സി.പി.എമ്മിന്റെ പ്രൊഫഷണല്‍ കൊലയുടെ ശൈലിയിലേക്കാണ് വിരല്‍ ചൂണ്ടിയിരുന്നത്. ഷുഹൈബ് വധത്തിലെന്നപോലെ.
കൊന്നവരേയും കൊല്ലിച്ചവരേയും വാടകക്കൊലയാളികളേയും നിയമത്തിനുമുമ്പില്‍ കൊണ്ടുവരണമെന്നതാണ് കേരളത്തിന്റെ മനസ്സാക്ഷി ആവശ്യപ്പെടുന്നത്. ജനാധിപത്യ വിശ്വാസികളാകെ ഒന്നിച്ചു ശബ്ദമുയര്‍ത്തിയാലേ അതിനു കഴിയൂ. ടി.പി വധക്കേസ് മുതല്‍ രക്ഷപെട്ടുനില്‍ക്കുന്ന രഹസ്യ പ്രതിരോധ സേനയെന്ന നിലയില്‍ കാണാമറയത്തുനില്‍ക്കുന്ന സി.പി.എമ്മിലെ കൊലയാളി സംവിധാനത്തെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാന്‍ അപ്പോള്‍മാത്രമേ കഴിയൂ. ഭരണത്തിലെയും തെരഞ്ഞെടുപ്പിലെയും ചെറിയ നേട്ടങ്ങളും താല്‍പര്യങ്ങളും നോക്കി നിശബ്ദരാകുകയും പിന്മാറുകയും ചെയ്യുന്നത് ജനാധിപത്യത്തോടും ധാര്‍മ്മികതയോടും മനുഷ്യത്വത്തോടും ചെയ്യുന്ന ഏറ്റവും വലിയ വഞ്ചനയായിരിക്കും.

ചന്ദ്രിക വെബ് ഡെസ്‌ക്‌: