X
    Categories: Video Stories

പൊളിഞ്ഞുവീഴുന്ന റാഫേല്‍ കള്ളക്കളികള്‍

പ്രകാശ് ചന്ദ്ര

റാഫേല്‍ കരാറില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള ഇടപെടല്‍ ഉണ്ടായിരുന്നുവെന്നും ഇത് പ്രതിരോധ മന്ത്രാലയത്തിന്റെയും ഫ്രഞ്ച് സര്‍ക്കാരുമായി റാഫേല്‍ യുദ്ധവിമാനം വാങ്ങുന്നതിന് രൂപീകരിച്ച വിദഗ്ധ സംഘ (ചലഴീശേമശേീി ഠലമാ) ത്തിന്റെയും നിലപാടുകളെ ദുര്‍ബലപ്പെടുത്തിയെന്നും മുന്‍ പ്രതിരോധ സെക്രട്ടറിതന്നെ ചൂണ്ടിക്കാട്ടിയതിന്റെ തെളിവുകള്‍ ഹിന്ദു ദിനപത്രം പുറത്തുവിട്ടതോടെ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ വീണ്ടും പ്രതിരോധത്തിലായിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ ‘പ്രധാനമന്ത്രി കള്ളനാണ്’ എന്ന ആരോപണം വീണ്ടും ഉയര്‍ത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നലെ മാധ്യമങ്ങളെ കാണുകയും ചെയ്തു.
2015 നവംബര്‍ 24ന് അന്ന് പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കറിനുള്ള ഫയല്‍ നോട്ടിലാണ് അന്നത്തെ പ്രതിരോധ സെക്രട്ടറി ജി. മോഹന്‍ കുമാര്‍ റാഫേല്‍ ചര്‍ച്ചകളില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ രാജ്യ താല്‍പര്യങ്ങള്‍ ഹനിക്കപ്പെടുന്നുവെന്നും ഇത് ഫ്രഞ്ച് സംഘത്തിന് ഗുണകരമാകുന്നുവെന്നും ചൂണ്ടിക്കാട്ടിയത് എന്ന് പത്രം രേഖകള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്തതാണ് മോദി സര്‍ക്കാറിന് വീണ്ടും കനത്ത പ്രഹരമേല്‍പ്പിച്ചത്. ‘ഫ്രഞ്ച് സര്‍ക്കാരുമായുള്ള സമാന്തര ചര്‍ച്ചകളില്‍നിന്ന് ഇന്ത്യന്‍ ചര്‍ച്ചാസംഘത്തിന്റെ ഭാഗമല്ലാത്തവര്‍ ഒഴിഞ്ഞു നില്‍ക്കണമെന്ന് നാം പ്രധാന മന്ത്രിയുടെ ഓഫീസിനെ ധരിപ്പിക്കേണ്ടതുണ്ട്’, എന്നാണ് പ്രതിരോധ മന്ത്രാലയം കുറിപ്പില്‍ പറയുന്നത്. ‘പ്രതിരോധ മന്ത്രാലയത്തിന്റെ സംഘം ഇക്കാര്യത്തില്‍ നടത്തുന്ന ചര്‍ച്ചകളില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തൃപ്തികരമല്ലെങ്കില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ക്കായുള്ള മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചു കൊണ്ടുള്ള കാര്യങ്ങള്‍ പുറത്തിറക്കാവുന്നതാണ്’- മന്ത്രാലയം പറയുന്നു.
എന്നാല്‍ റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിര്‍ണായ വിധി പുറപ്പെടുവിക്കുന്നതിന്മുമ്പ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ ഒന്നും പ്രധാനമന്ത്രിയുടെ ഓഫീസ് (പി.എം.ഒ) ഇക്കാര്യത്തില്‍ ഇടപെട്ടതായി പറയുന്നില്ല. മറിച്ച് ഡെപ്യൂട്ടി ചീഫ് ഓഫ് എയര്‍ സ്റ്റാഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കരാര്‍ പൂര്‍ത്തീകരിച്ചത് എന്നാണ് കോടതിയെ അറിയിച്ചത്. എന്നാല്‍ പി.എം.ഒ ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് പ്രതിരോധ മന്ത്രാലയവും ചര്‍ച്ചാ സംഘവും സ്വീകരിച്ചിരിക്കുന്ന നിലപാടിന് വിരുദ്ധമാണെന്ന് പ്രതിരോധ മന്ത്രാലയം കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജി. മോഹന്‍ കുമാര്‍ സ്വന്തം കൈപ്പടയില്‍ ഫയലില്‍ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്: ‘പ്രതിരോധ മന്ത്രി ദയവായി നോക്കിയാലും, ഇത്തരം ചര്‍ച്ചകളില്‍നിന്ന് പി.എം.ഒ ഒഴിഞ്ഞുനില്‍ക്കുകയാണ് അഭികാമ്യം. അത് നമ്മുടെ ഈ കരാര്‍ ഉറപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നമ്മുടെ നിലപാടിനെ ഗുരുതരമായി ബാധിക്കുന്നു’.
മുന്‍ പ്രതിരോധ സെക്രട്ടറിയുടെ എതിര്‍പ്പ് എയര്‍ സ്റ്റാഫിലെ ഡപ്യൂട്ടി സെക്രട്ടറി എസ്.കെ ശര്‍മ 2015 നവംബര്‍ 24ന് രേഖപ്പെടുത്തുകയും പ്രതിരോധ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയും അക്വിസിഷേന്‍ മാനേജറും (എയര്‍) ഡയറക്ടര്‍ ജനറല്‍ (അക്വിസിഷന്‍)ലും സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 2015 ഏപ്രില്‍ മാസത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ ഫ്രഞ്ച് കമ്പനിയായ റാഫേലില്‍നിന്ന് 36 യുദ്ധവിമാനങ്ങള്‍ നിര്‍മിച്ചു വാങ്ങുന്നു എന്ന പ്രഖ്യാപനം നടത്തിയത്. അതിനുമുമ്പുള്ള യു.പി.എ സര്‍ക്കാരിന്റെ കാലത്ത് 126 യുദ്ധ വിമാനങ്ങള്‍ക്കായി ടെണ്ടര്‍ നടപടികളിലൂടെ റാഫേലിനെ തെരഞ്ഞെടുക്കുകയും പൊതുമേഖലാ കമ്പനിയായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിനെ ഇന്ത്യന്‍ പങ്കാളിയാക്കി വിമാനങ്ങള്‍ വാങ്ങാനുള്ള ചര്‍ച്ചകള്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യുന്നതിനിടയ്ക്കായിരുന്നു മോദിയുടെ പ്രഖ്യാപനം വരുന്നത്. യു.പി.എ കരാറില്‍ 18 വിമാനങ്ങള്‍ ഉടന്‍ നിര്‍മിച്ചുനല്‍കാനും ബാക്കി 118 എണ്ണം സാങ്കേതികവിദ്യ ഇന്ത്യക്ക് നല്‍കി എച്ച്. എ.എല്ലിന്റെ സഹായത്തോടെ ഇന്ത്യയില്‍ നിര്‍മിക്കാനുമായിരുന്നു കരാറെങ്കില്‍ മോദി അത് 36 എണ്ണമാക്കി ചുരുക്കുകയും ഉടന്‍ നിര്‍മിച്ചുവാങ്ങാന്‍ തീരുമാനിക്കുകയും ചെയ്തു എന്നുമാണ് വാഗ്ദാനം. ഇതുവഴി ഇന്ത്യക്ക് സാങ്കേതിക വിദ്യ ലഭിക്കുകയുമില്ല. എച്ച്.എ.എല്ലിനെ ഒഴിവാക്കി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ ഇന്ത്യന്‍ പങ്കാളിയാക്കി നിശ്ചയിക്കുകയും ചെയ്തു. കരാര്‍ പ്രഖ്യാപിക്കുന്നതിന് 10 ദിവസം മുമ്പ് മാത്രമായിരുന്നു റിലയന്‍സ് ഡിഫന്‍സ് കമ്പനി രൂപീകരിക്കുന്നത് എന്ന വാര്‍ത്തകളും പിന്നാലെ പുറത്തുവന്നിരുന്നു. വിലയുടെ കാര്യത്തിലും വന്‍ വര്‍ധനവാണ് മോദിയുടെ കരാര്‍ കൊണ്ട് ഉണ്ടായത് എന്നും ആക്ഷേപമുണ്ട്. 526 കോടി ഒരു വിമാനത്തിന് നല്‍കേണ്ടതിന് പകരം 1600 കോടി രൂപയായി ഉയര്‍ന്നുവെന്നും ഇതുവഴി ഫ്രഞ്ച് കമ്പനിക്കും അനില്‍ അംബാനിക്കും 30,000 കോടി രൂപയുടെ ലാഭം ലഭിച്ചു എന്നുമാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തിന്റെ ആരോപണം. മോദി അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഒളാന്ദിന്റെ സാന്നിധ്യത്തില്‍ റാഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനം പ്രഖ്യാപിച്ചതിനുപിന്നാലെ ഒളാന്ദെ 2016 ജനുവരിയില്‍ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളിലെ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയ സമയത്ത് ധാരണാപത്രവും ഒപ്പുവച്ചു. പിന്നീട് 2016 സെപ്തംബര്‍ 23ന് യുദ്ധവിമാനങ്ങള്‍ സംബന്ധിച്ച് സര്‍ക്കാരുകള്‍ തമ്മിലുള്ള കരാര്‍ ഔദ്യോഗികമായി ഒപ്പിട്ടു.
തങ്ങള്‍ ഫ്രഞ്ച് സര്‍ക്കാരുമായി നടത്തുന്ന ചര്‍ച്ചകള്‍ക്ക് സമാന്തരമായി പ്രധാനമന്ത്രിയുടെ ഓഫീസും ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട് എന്ന് പ്രതിരോധ മന്ത്രാലയം അറിയുന്നത് 2015 ഒക്‌ടോബര്‍ 23നാണ് എന്ന് ഹിന്ദു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അന്ന് ഫ്രഞ്ച് ചര്‍ച്ചാ സംഘത്തെ നയിക്കുന്ന ജനറല്‍ സ്റ്റീഫന്‍ റെബ് പ്രതിരോധ മന്ത്രാലയത്തിന് അയച്ച കത്തിലാണ് അതിനെക്കുറിച്ച് സൂചനയുള്ളത്: ‘പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്റ് സെക്രട്ടറി ജാവേദ് അഷ്‌റഫും ഫ്രഞ്ച് പ്രതിരോധ മന്ത്രിയുടെ പ്രതിരോധ ഉപദേഷ്ടാവുമായ ലൂയിസ് വാസിയുമായി സംസാരിച്ച കാര്യങ്ങള്‍ അറിയാല്ലോ’ എന്ന പരാമര്‍ശം കത്തിലുണ്ടായിരുന്നു. പിന്നാലെ ഇക്കാര്യം പ്രതിരോധ മന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഇന്ത്യന്‍ ചര്‍ച്ചാസംഘത്തിന് നേതൃത്വം നല്‍കുന്ന എയര്‍മാര്‍ഷല്‍ എസ്.ബി.പി സിന്‍ഹയും ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തു നല്‍കി. 2015 നവംബര്‍ 11ന് എയര്‍ മാര്‍ഷല്‍ സിന്‍ഹക്ക് നല്‍കിയ മറുപടിയില്‍ ജാവേദ് അഷ്‌റഫ് ഇങ്ങനെ പറഞ്ഞതായി പ്രതിരോധ മന്ത്രാലയത്തിന്റെ കുറിപ്പില്‍ പറയന്നു: ‘ഫ്രഞ്ച് പ്രതിരോധ മന്ത്രിയുടെ ഉപദേഷ്ടാവുമായി ചര്‍ച്ച നടത്തിയ കാര്യം അഷ്‌റഫ് ശരിയാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ഒപ്പം, ലൂയിസ് വാസി അദ്ദേഹവുമായി ചര്‍ച്ച നടത്തിയത് ഫ്രഞ്ച് പ്രസിഡന്റിന്റെ ഓഫീസിന്റെ നിര്‍ദേശപ്രകാരമാണെന്നും അത് ജനറല്‍ റെബിന്റെ കത്തില്‍ പറഞ്ഞ കാര്യത്തിലാണെ’ന്നും കുറിപ്പില്‍ പറയുന്നു. ഇവിടെയാണ് റാഫേല്‍ കരാറിലെ വന്‍ അഴിമതിയുടെ തെളിവുകള്‍ എന്ന് ഹിന്ദു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2018 സെപ്തംബറില്‍ ഫ്രാന്‍സിലെ ലേ മോണ്ടെയോട് ഒളാന്ദ പറഞ്ഞത് ഇങ്ങനെയാണെന്ന് വാര്‍ത്താഏജന്‍സിയായ എഫ്.എഫ്.പിയോട് ഒളാന്ദെ ശരിവെക്കുന്നു: ‘റാഫേല്‍ കരാര്‍ കാര്യത്തില്‍ റിലയന്‍സ് ഗ്രൂപ്പിനെ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ചത് നരേന്ദ്ര മോദി സര്‍ക്കാരാണ്.’
‘പ്രതിരോധ മന്ത്രാലയം രൂപീകരിച്ച വിദഗ്ധ ചര്‍ച്ചാസംഘം ഫ്രഞ്ച് സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തുന്നതിന് സമാന്തരമായി ഫ്രഞ്ച് പ്രതിരോധ മന്ത്രാലയവുമായി പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തുന്ന ചര്‍ച്ചകള്‍ ഇന്ത്യന്‍ സംഘത്തിന്റെ നിലപാടുകളെ ദുര്‍ബലമാക്കുകയും ഒപ്പം അത് ഫ്രഞ്ച് സംഘത്തിന് ഗുണകരമായി തീരുകയും ചെയ്യും. ഇതാണ് ഇവിടെ സംഭവിച്ചിരിക്കുന്നത’ പ്രതിരോധ മന്ത്രാലയം കുറിപ്പില്‍ പറയുന്നു. ജനറല്‍ റെബിന്റെ കത്തില്‍ പറഞ്ഞിരിക്കുന്ന കാര്യം എന്താണെന്നും പ്രതിരോധ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു: ‘ഫ്രഞ്ച് പ്രതിരോധ മന്ത്രാലയത്തിലെ ഉപദേഷ്ടാവും പി.എം.ഒയിലെ ജോയിന്റ് സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയില്‍ കരാറില്‍ ബാങ്ക് ഗാരണ്ടി എന്നത് ആവശ്യമില്ലെന്നും കരാറില്‍ ലെറ്റര്‍ ഓഫ് കംഫര്‍ട്ട് മതിയാകുമെന്നും അംഗീകരിച്ചിട്ടുണ്ട്’ എന്നാണ് ഇതില്‍ പറയുന്നത്. പ്രതിരോധ മന്ത്രാലയത്തിന്റെ കുറിപ്പ് തുടരുന്നു: ‘ഈ നിലപാട് പ്രതിരോധ മന്ത്രാലയവും ഇന്ത്യന്‍ ചര്‍ച്ചാ സംഘവും സ്വീകരിച്ചിരിക്കുന്ന നിലപാടിന് കടകവിരുദ്ധമാണ്. ഇത്തരത്തിലുള്ള വാണിജ്യ കരാറുകളില്‍ സോവറീന്‍, സര്‍ക്കാര്‍ ഗ്യാരണ്ടി അല്ലെങ്കില്‍ ബാങ്ക് ഗ്യാരണ്ടി എന്നത് അഭികാമ്യമാണ് എന്ന നിലപാടാണ് ഇന്ത്യന്‍ സംഘത്തിന്റേത്’. കരാറില്‍നിന്ന് പിന്മാറുന്നത് അടക്കമുള്ള കാര്യങ്ങളിലെ വ്യവസ്ഥകളിലും ഇന്ത്യന്‍ സംഘത്തിന്റെ നിലപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വെള്ളം ചേര്‍ത്തു. എന്നാല്‍ ഇതു മാത്രമല്ല, റാഫേല്‍ കരാറില്‍ ഇടപെടല്‍ ഉണ്ടായിട്ടുള്ളത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇതു സംബന്ധിച്ച് 2016 ജനുവരിയില്‍ പാരീസില്‍ വച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു എന്ന കാര്യം പുറത്തു വന്നിട്ടുണ്ട്. കരാര്‍ ഉറപ്പിക്കുന്നതിന് ഏതെങ്കിലും ഗ്യാരണ്ടിയുടെ പിന്‍ബലം ആവശ്യമില്ലെന്ന് ഡോവല്‍ അന്ന് മനോഹര്‍ പരീക്കറിനോട് പറഞ്ഞതും പരീക്കറിന്റെ ഫയലില്‍ കുറിച്ചിട്ടുണ്ട്.
ഇതോടെ, ലോക്‌സഭാതെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിനില്‍ക്കെ, തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ റാഫേല്‍ വീണ്ടും വലിയ വിവാദ വിഷയമായി ഉയരുമെന്ന് ഉറപ്പാണ്. മറ്റുള്ളവരുടെ ദേശസ്‌നേഹം ചോദ്യംചെയ്യുന്ന ബി.ജെ.പി നേതാക്കള്‍ രാജ്യസുരക്ഷയുടെയും സൈനികരുടെയും പേരില്‍ നടത്തിയ കൊള്ള അവരുടെ ഇരട്ടമുഖം കൃത്യമായി വെളിപ്പെടുത്തുന്നതായി. രാജ്യത്തെ ജനങ്ങളോട് മാത്രമല്ല, കോടതിയെപോലും തെറ്റിദ്ധരിപ്പിച്ചവര്‍ ഇന്നലെ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ പാര്‍ലമെന്റില്‍ നിന്ന് ഒളിച്ചോടുകയായിരുന്നു. മോദിയുടെ ഓഫീസ് കാര്യങ്ങളൊക്കെ നിരന്തരം ‘അന്വേഷിച്ച്’ ശരിപ്പെടുത്തിയത് പ്രതിരോധ മന്ത്രി സീതാരാമന്‍ തന്നെ ശരിവെച്ചതോടെ മുദ്രവെച്ച കവറിലെ കള്ളം കേട്ട് പ്രഖ്യാപിച്ച കോടതി വിധിയും മോദിക്കാലത്തെ മറ്റൊരു ദുരന്തമായി. കള്ളം പറയുന്ന കാവല്‍ക്കാരില്‍ നിന്ന് രാജ്യത്തെ രക്ഷിച്ചെടുക്കാനുള്ള സുവര്‍ണാവസരമാണ് അടുത്ത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: