X
    Categories: Video Stories

മതങ്ങളും ധര്‍മ്മങ്ങളും ആഴത്തില്‍ പഠിച്ച ഗുരു

എ വി ഫിര്‍ദൗസ്

മുസ്‌ലിംകളോടുള്ള ഇതേ സമീപനം തന്നെയാണ് തീരദേശങ്ങളിലെ പരിവര്‍ത്തിത-ദലിത് ക്രൈസ്തവരോടും ശ്രീനാരായണ ഗുരു പുലര്‍ത്തിയിരുന്നത്. അവരുടെ ആഘോഷങ്ങളിലും മതപരമായ ചടങ്ങുകളിലുമെല്ലാം അദ്ദേഹം പൂര്‍ണ മനസ്സോടെത്തന്നെ പങ്കെടുക്കുകയും അവ ആസ്വദിക്കുകയും ചെയ്തിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തെയും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലെയും അവസ്ഥകളും കേരളത്തിലെ സാമൂഹ്യ സാഹചര്യങ്ങളും വെച്ചുനോക്കുമ്പോള്‍ തീരദേശങ്ങളിലെ പരിവര്‍ത്തിത ക്രൈസ്തവരുമായി ഈഴവ സമുദായത്തില്‍പെട്ട ഒരാള്‍ സമ്പര്‍ക്കം പുലര്‍ത്തുക എന്നത് ചിന്തിക്കാന്‍ പോലും കഴിയുന്ന സാഹചര്യമായിരുന്നില്ല. ഇവിടെയാണ് നാരായണഗുരു തന്റെ സഹജമായ വിശാല മാനുഷബോധത്തോടെ ഇടപെടലുകള്‍ നടത്തുന്നത്. പില്‍ക്കാലത്ത് ജാതി നശീകരണത്തിന് പിന്‍ബലം നല്‍കുന്ന വിധത്തില്‍ ഗുരു രചിച്ച കൃതികളില്‍ ആവര്‍ത്തിച്ചത് തന്റെ ജീവിതത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ സ്വന്തം മനസ്സാക്ഷിയുടെ പിന്‍ബലത്തോടെ പ്രാവര്‍ത്തികമാക്കിയിരുന്ന കാര്യങ്ങളുടെ ആശയരൂപങ്ങള്‍ മാത്രമായിരുന്നു. ‘മനുഷ്യാണാം മനുഷ്യത്വം ജാതിര്‍, ഗോത്വം ഗവാം യഥാ’ (ഗോക്കള്‍ക്ക് എപ്രകാരമാണോ ഗോത്വം ജാതിയായിരിക്കുന്നത്) എന്ന് നാരായണ ഗുരു പറയുന്നുണ്ടെങ്കില്‍ അത് കേവലം തത്വോദീരണം മാത്രമായിരുന്നില്ല. സ്വജീവിതത്തില്‍ പ്രയോഗവത്കരിച്ചു തെളിയിച്ച നന്മ തന്നെയായിരുന്നു. സാമൂഹികവും വ്യക്തിപരവുമായ ബന്ധങ്ങളിലും സമ്പര്‍ക്കങ്ങളിലും മാത്രമല്ല, മതപരമായ സ്വഭാവമുള്ളവയും ആത്മീയ ലക്ഷ്യത്തോടെ നിര്‍വഹിക്കപ്പെട്ടവയുമായ പ്രവര്‍ത്തനങ്ങളിലും ഇത്തരത്തില്‍ നാരായണഗുരു മനുഷ്യോന്മുഖതയെ സന്നിവേശിപ്പിക്കുന്നത് കാണാവുന്നതാണ്. മതപരവും ആത്മീയവുമായ ലക്ഷ്യത്തോടെ അദ്ദേഹം ചെയ്ത കാര്യങ്ങള്‍ സത്യത്തില്‍, സ്വന്തം വ്യക്തി ജീവിതത്തെ അടിസ്ഥാനമാക്കി ചിന്തിക്കുമ്പോള്‍ വളരെ കുറവായിരുന്നു.
എന്നാല്‍ ഈശ്വര പ്രീതി മുന്‍നിര്‍ത്തി ചെയ്യുന്ന കാര്യങ്ങളില്‍ എന്തെങ്കിലും മനുഷ്യഗുണം ഉണ്ടെന്ന് കാണുമ്പോള്‍ ഗുരു അവയെ പ്രോത്സാഹിപ്പിക്കുന്നത് കാണാം. ഭക്തരായ പാവപ്പെട്ട ജനങ്ങള്‍ അമ്പലങ്ങളിലേക്കും ക്ഷേത്രങ്ങളിലേക്കും സമര്‍പ്പിക്കുന്ന വഴിപാട് വസ്തുക്കളില്‍ പട്ടിണി മാറ്റുന്നതിനുള്ള വസ്തുക്കള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കാന്‍ ഗുരു നിര്‍ദ്ദേശിക്കുന്ന പരാമര്‍ശങ്ങളുണ്ട്. ഇങ്ങനെ സമാഹരിക്കപ്പെടുന്ന വസ്തുക്കള്‍ പാവങ്ങള്‍ക്കായി വിതരണം ചെയ്യുക എന്നതായിരുന്നു അത്തരം നിര്‍ദ്ദേശങ്ങളുടെ ലക്ഷ്യം. പുതിയതും ചെറിയവയുമായ അമ്പലങ്ങളില്‍ ഒന്നിലധികം വിളക്കുകള്‍ കൊളുത്തിവെച്ച് എണ്ണ ദുര്‍വ്യയം ചെയ്യരുത് എന്നും ആ എണ്ണക്കാശ് പാവപ്പെട്ടവന് അരി വാങ്ങി കഞ്ഞിവെച്ച് കുടിക്കാന്‍ നല്‍കണമെന്നും പറയുന്ന ഗുരുവിനെ കാണാം. അമ്പലങ്ങളുടെ നടയടച്ചു വരുമ്പോള്‍ അവിടങ്ങളിലെ വിളക്ക് കെടുത്താതെ വരിക എന്നതായിരുന്നു ബ്രാഹ്മണ പൂജാരിമാരുടെ പതിവ്. എന്നാല്‍ നാരായണഗുരു അനുയായികളെ പഠിപ്പിച്ചത് നടയടച്ചു വരുമ്പോള്‍ നിര്‍ബന്ധമായും വിളക്ക് കെടുത്തണം എന്നാണ്. എണ്ണയും തിരിയും പാഴാകാതിരിക്കാനുള്ള ഈ നിര്‍ദ്ദേശത്തെ രസകരമാക്കി അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ‘വിളക്ക് കത്തിച്ചുനിര്‍ത്തി കടയടച്ചു പോന്നാല്‍ ദൈവങ്ങള്‍ക്ക് ഉറങ്ങാന്‍ കഴിയില്ല’ എന്ന ഒരു തമാശയും ഗുരു പറയുന്നുണ്ട്. തന്നെ സന്ദര്‍ശിക്കാന്‍ വരുന്ന ചില ഭക്തര്‍ വലിയ തലച്ചുമടുമായി വരുന്നതില്‍ ഗുരുവിന് തൃപ്തിയുണ്ടായിരുന്നില്ല. വലിയ കായക്കുലകളും നാളികേരങ്ങളും മത്തന്‍, കുമ്പളം, പയര്‍, ചേന തുടങ്ങിയ പച്ചക്കറി ഇനങ്ങളുമെല്ലാം കുട്ടയില്‍ ചുമന്ന് കാണാന്‍ വന്നവരോട് ‘ഇതെന്തിനാണിത്ര കഷ്ടപ്പെട്ട് ഇങ്ങോട്ട് കൊണ്ടുവന്നത്. അയല്‍പക്കത്തുള്ളവര്‍ക്ക് കൊടുത്തുകൂടായിരുന്നോ’ എന്നു ചോദിച്ചതു കാണാം. ഇങ്ങനെ വന്നുചേരുന്നതെന്തും അധികം വൈകാതെ തന്നെ ചുറ്റും നില്‍ക്കുന്നവര്‍ക്കിടയില്‍ വിതരണം ചെയ്തു തീര്‍ക്കുമായിരുന്നു. പുണ്യവും ദൈവപ്രീതിയും ഉദ്ദേശിച്ചു ചെയ്യുന്ന ഏതൊരു കാര്യത്തിലും മനുഷ്യര്‍ക്ക് ഗുണങ്ങള്‍ ഉണ്ടാവണമെന്ന ഗുരുവിന്റെ സഹജമായ മനസ്സാക്ഷി അവസ്ഥയാണ് ‘അവനവന്‍ ആത്മസുഖത്തിനായ് ആചരിക്കുന്നത് എന്തും അപരന് ഗുണത്തിനായ് വരണം’ എന്ന ദര്‍ശനാവിഷ്‌കാരത്തില്‍ വരുന്നത്. ക്ഷേത്രങ്ങള്‍ പ്രതിഷ്ഠിക്കുകയും ഒരു ഘട്ടം വരെ അവയെ അനുകൂലിക്കുകയും ചെയ്തുവന്ന ഗുരു പിന്നെ അവയില്‍ നിന്ന് പതുക്കെപ്പതുക്കെ അകലുകയും ദേവാലയങ്ങള്‍ക്ക് പകരം വിദ്യാലയങ്ങള്‍ പണിയാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നത് കാണാം. ക്ഷേത്രങ്ങളുടെയും ദേവാലയങ്ങളുടെയും പ്രവര്‍ത്തനങ്ങളെ മനുഷ്യോന്മുഖമായി പുനക്രമീകരിക്കുക എന്ന ലക്ഷ്യത്തോടെ ഗുരു കൊണ്ടുവന്ന പല പരിഷ്‌കാരങ്ങളും മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളും പാലിക്കപ്പെടുകയുണ്ടായില്ല എന്നതിന്റെ സ്വാഭാവിക ഫലം കൂടിയായിരുന്നു ആ മാനസികവും പ്രാവര്‍ത്തികവുമായ പിന്‍മാറ്റം.
എല്ലാ മതങ്ങളെയും ധര്‍മ്മങ്ങളെയും ആഴത്തില്‍ പഠിച്ചുള്‍ക്കൊള്ളാന്‍ നാരായണ ഗുരുവിന് കഴിഞ്ഞിരുന്നു. ആലുവാ അദ്വൈതാശ്രമത്തില്‍ സര്‍വമത സമ്മേളനം വിളിച്ചുകൂട്ടാന്‍ ഗുരുവിനെ പ്രേരിപ്പിച്ചതും ആ കഴിവു തന്നെയായിരുന്നു. മതങ്ങള്‍ക്ക് പരസ്പരം വാദിച്ചു ജയിക്കാന്‍ കഴിയില്ലെന്നും ഏതെങ്കിലും മതത്തിന്റെ വക്താവിന് അങ്ങനെ തോന്നുന്നത് അവന്റെ മതചിന്ത മദമായി മാറിയതിനാലാണെന്നും ഗുരു പറയുന്നുണ്ട്. മതങ്ങളെ കുറിച്ചുള്ള ഈ ഗുരുവീക്ഷണവും അദ്ദേഹത്തിലെ സഹജമായ മാനവികതയുടെയും മാനുഷികതയുടെ പ്രതിഫലനമാണ്. അതോടൊപ്പം പഠിച്ചും പ്രാവര്‍ത്തികമാക്കിയും ഉള്ള തിരിച്ചറിവും അതിനു പിന്നിലുണ്ട്. ഇസ്‌ലാമിനെയും ക്രിസ്തുമതത്തെയും ആഴത്തില്‍ പഠിച്ചറിയാന്‍ ഗുരുവിന് സാധിച്ചതിനെ കുറിച്ച് നേരത്തെ സൂചിപ്പിക്കയുണ്ടായി. തന്റെ ‘അനുകമ്പാദശകം’ എന്ന ചെറിയ കൃതിയില്‍ മുഹമ്മദ് നബിയെ കുറിച്ച് ‘കാരുണ്യവാന്‍ നബി മുത്തുരത്‌നം’ എന്നും ക്രിസ്തുവിനെ കുറിച്ച് ‘പരമേശ പവിത്ര പുത്രന്‍’ എന്നും ഗുരു വിശേഷിപ്പിക്കുമ്പോള്‍ ആ വരികള്‍ തീരെച്ചെറുതാണെങ്കില്‍ പോലും അതില്‍ ഗുരുവിന്റെ ഇസ്‌ലാമിക-ക്രൈസ്തവ പരിജ്ഞാനം പ്രതിഫലിക്കുന്നുണ്ട്. ഖുര്‍ആനിലെ ‘സര്‍വ ലോകങ്ങള്‍ക്കും കരുണയും അനുഗ്രഹവും ആയിട്ടല്ലാതെ പ്രവാചകനെ നാം അയച്ചിട്ടില്ല’ എന്ന വാക്യപരാമര്‍ശം ഗുരുവിന്റെ അവബോധ മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചതിനാലാണ് ‘കാരുണ്യവാന്‍ നബി മുത്തുരത്‌നം’ എന്നെഴുതാന്‍ കഴിഞ്ഞത്. ‘പരമേശ പവിത്ര പുത്രന്‍’ എന്ന് ക്രിസ്തുവിനെ കുറിച്ച് പറയുന്നിടത്ത് ക്രൈസ്തവ ദൈവശാസ്ത്രത്തിലെ പിതാവ്-പുത്രന്‍-പരിശുദ്ധാത്മാവ് എന്നുള്ള ത്രിത്വ വീക്ഷണമാണ് പ്രതിഫലിപ്പിക്കുന്നത്. പിതാവിന്റെയും പുത്രന്റെയും ഇടയില്‍ വരുന്ന ദൈവത്തിന്റെ മൂന്നാം ഭാവമാണ് പരിശുദ്ധാത്മാവ് എന്നതിനാലാണ്, പരിശുദ്ധാത്മാവിനെ പ്രതിനിധീകരിക്കുന്ന ‘പവിത്ര’ എന്ന വാക്ക് മേല്‍വരിയുടെ നടുക്കായി കൊണ്ടുവന്നിരിക്കുന്നത്. ഇങ്ങനെ ഗുരുവിന്റെ പല കൃതികളുടെയും വരികള്‍ക്കിടയില്‍ വായിച്ചാല്‍ തന്റെ അനന്യമായ വിജ്ഞാനത്തിന്റെ പലപല അംശങ്ങളും ആ വരികളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണികളായി വര്‍ത്തിക്കുന്നത് കാണാം. ഒന്നും ഒരു മതവും ധര്‍മ്മവും ആശയവും ചിന്താഗതിയും തനിക്ക് അന്യമല്ലെന്ന അടിയുറച്ച ബോധ്യത്തോടെ നീങ്ങിയ നാരായണ ഗുരുവിനെ ജാതി വിഗ്രഹമാക്കുന്നതും ആ നിലക്ക് പ്രചാരം നടത്തുന്നതും അദ്ദേഹത്തോട് ചെയ്യുന്ന വലിയൊരു കൃതഘ്‌നത തന്നെയാണ്. ഹൈന്ദവ ആചാര്യനും സമുദായ പരിഷ്‌കര്‍ത്താവുമായി ചിത്രീകരിച്ച് പരിമിതപ്പെടുത്തുന്നതും ഇത്തരത്തില്‍ തന്നെയാണ്. നാരായണ ഗുരുവിനെ കുറിച്ചുള്ള യഥാര്‍ത്ഥവും സത്യസന്ധവുമായ വിവരങ്ങളും വസ്തുതകളുമായി ഇനിയുമൊട്ടേറെ കാര്യങ്ങള്‍ പുറത്തുവരാനുണ്ട്. (അവസാനിച്ചു)
(ശ്രീനാരായണ ഗുരുവിന്റെ കൃതികളുടെ അറബി വിവര്‍ത്തകനാണ് ലേഖകന്‍)

ചന്ദ്രിക വെബ് ഡെസ്‌ക്‌: