X
    Categories: Video Stories

കോണ്‍ഗ്രസിന്റെ ബഹുമാനവും ബി.ജെ.പിയുടെ അധരസേവനവും

രാം പുനിയാനി

ഇന്ത്യന്‍ ഭരണഘടനാശില്‍പി ബി.ആര്‍ അംബേദ്കറിന്റെ 127 ാം ജന്മവാര്‍ഷിക ദിനമായ ഏപ്രില്‍ 14 രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അതിവിപുലമായി ആഘോഷിച്ചപ്പോള്‍ ബി.ജെ.പി ഇത്തവണ ഒന്നുകൂടി ഉഷാറാക്കി. ബാബ സാഹിബിന് ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു: കോണ്‍ഗ്രസ് പാര്‍ട്ടി അംബേദ്കറിന് എതിരായിരുന്നു. തന്റെ സര്‍ക്കാര്‍ അദ്ദേഹത്തിന് ബഹുമതി നല്‍കി. ഇപ്പോഴത്തെ ഭരണകൂടമല്ലാതെ മറ്റൊരു സര്‍ക്കാറും അദ്ദേഹത്തിന് ബഹുമതി നല്‍കിയിട്ടില്ല.
അംബേദ്കറെ സ്വന്തമാക്കുന്നതിനു പിന്നിലെ ബി.ജെ.പി ലക്ഷ്യം കാണാന്‍ പോകുന്നേയുള്ളു. ബഹുമുഖ നിലങ്ങളാണ് അതിനായി അവര്‍ ഒരുക്കുന്നത്. ഒന്ന്, കോണ്‍ഗ്രസ് അദ്ദേഹത്തെ എതിര്‍ത്തിരുന്നു എന്ന പ്രചാരണം. ഭീം എന്ന ആപ് പോലുള്ളവ അവതരിപ്പിക്കുക വഴി ബി.ജെ.പി അദ്ദേഹത്തിന്റെ പേരിനു ബഹുമതി നല്‍കിയെന്നും അല്ലെങ്കില്‍ ദലിതരുടെ വീടുകളില്‍ അവര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നുവെന്നതുമൊക്കെയാണ് രണ്ടാമത്തേത്. അംബേദ്കറെ ബഹുമാനിക്കാന്‍ ബി.ജെ.പിക്ക് അവസരം ലഭിച്ചുവെന്നത് യാഥാര്‍ത്ഥ്യമാണ്. ഇതിനെ വലിയ കാര്യമായെടുക്കുമ്പോള്‍ ബാബാസാഹിബ് നിലകൊണ്ടതും യഥാര്‍ത്ഥത്തില്‍ ബി.ജെ.പി ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളും എന്താണ്? ബഹുമാനിക്കുക എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്താണ്. വെറുമൊരു പരസ്യപ്പെടുത്തലോ അല്ലെങ്കില്‍ രാഷ്ട്രീയവും സാമൂഹികവുമായ അദ്ദേഹത്തിന്റെ സംഭാവനകളുടെ വിലയിരുത്തലോ?
എന്തിനാണോ ബി.ജെ.പി നിലകൊള്ളുന്നത് അതിനു മൊത്തം എതിരാണ് അംബേദ്കറിന്റെ ലോക വീക്ഷണവും തത്ത്വചിന്തയുമെന്ന് പറയാം. വലിയ അളവിലുള്ള വൈദഗ്ധ്യത്തോടെ നുണ പറയാന്‍ ബി.ജെ.പിക്കു കഴിയും. അംബേദ്കറെ കോണ്‍ഗ്രസ് എതിര്‍ത്തിരുന്നുവെന്ന് ബി.ജെ.പി പറയുമ്പോള്‍ സത്യവുമായി അത് എത്രമാത്രം അകലെയാണ്. അംബേദ്കറിന്റെ സമരങ്ങള്‍ ജാതി വ്യവസ്ഥയുടെ ചങ്ങലകള്‍ തകര്‍ക്കുന്നതിനായിരുന്നുവെന്ന് നമുക്കറിയാം. മഹാത്മാഗാന്ധിയുടെ തൊട്ടുകൂടായ്മ വിരുദ്ധ പോരാട്ടമാണ് അംബേദ്കറെ ഏറെ സ്വാധീനിച്ചത്. അംബേദ്കറെ ബഹുമാനിച്ചതിന്റെ യഥാര്‍ത്ഥ വഴി ഇതാണ്. അദ്ദേഹം കോണ്‍ഗ്രസില്‍ അംഗമായിരുന്നില്ലെങ്കിലും നെഹ്‌റു മന്ത്രിസഭയില്‍ സുപ്രധാനമായ നിയമ വകുപ്പ് കൈകാര്യം ചെയ്യാന്‍ അദ്ദേഹം ക്ഷണിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ആശങ്കകള്‍ ഗൗരവപൂര്‍വം ഏറ്റെടുത്ത് ഭരണഘടനയുടെ കരട് കമ്മിറ്റിയുടെ ചെയര്‍മാനാക്കിയത് കോണ്‍ഗ്രസാണ്. മാത്രമല്ല, നെഹ്‌റുവിന്റെ (കോണ്‍ഗ്രസ്) മനസ്സില്‍ സാമൂഹിക പരിഷ്‌കാരങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ നെഹ്‌റു അംബേദ്കറോട് ഹിന്ദു നിയമ ബില്ലിന്റെ കരട് തയാറാക്കാന്‍ ആവശ്യപ്പെട്ടു. ഇത് ബി.ജെ.പിയുടെ മാതൃ സംഘടന ശക്തമായി എതിര്‍ക്കുകയായിരുന്നു.
അംബേദ്കറിനോടുള്ള ബി.ജെ.പി നിലപാട് നമുക്ക് എങ്ങനെ വിലയിരുത്താനാകും? 1980ല്‍ മാത്രമാണ് ബി.ജെ.പി രൂപവത്കരിക്കുന്നത്. 1952ല്‍ രൂപവത്കരിച്ച ജനസംഘിന്റെ പിന്‍ഗാമിയാണ് അവര്‍. ഹിന്ദു ദേശീയത നിയന്ത്രിക്കുന്ന രാഷ്ട്രീയം പ്രത്യയശാസ്ത്രമായ ആര്‍.എസ്.എസാണ് (1925) അവരുടെ മാതൃ സംഘടന. ഇക്കാര്യം നമുക്ക് ആദ്യം കാണുകയും മനസ്സിലാക്കുകയും ചെയ്യാം. എല്ലാ നിര്‍ണായക സന്ദര്‍ഭങ്ങളിലും ആര്‍.എസ്.എസ് അംബേദ്കറിനെ പ്രത്യയശാസ്ത്രപരമായി എതിര്‍ത്തിരുന്നു. ഇന്ത്യന്‍ ഭരണഘടന രൂപവത്കരിക്കുന്ന വേളയില്‍ ഭരണഘടനയുടെ കരട് നിയമനിര്‍മ്മാണ സഭയില്‍ അവതരിപ്പിച്ചപ്പോള്‍ ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ (1949 നവംബര്‍ 30) എഴുതി: ‘… പുരാതന ഭാരതീയ ഭരണഘടനാ നിയമങ്ങളുമായും സ്ഥാപനങ്ങളുമായും നാമകരണങ്ങളുമായും പദങ്ങളുമായും ഇതിന് യാതൊരു മാതൃകയുമില്ല. …പുരാതന ഭാരതത്തിലെ അദ്വിതീയ ഭരണഘടനാപരമായ സംഭവവികാസങ്ങളെക്കുറിച്ച് യാതൊരു പരാമര്‍ശവുമില്ല. സ്പാര്‍ട്ടയിലെ ലാര്‍ഗൂംഗസ് അല്ലെങ്കില്‍ പേര്‍ഷ്യയിലെ സോളോണിന് എത്രയോ മുമ്പുതന്നെ മനുസ്മൃതി നിയമങ്ങള്‍ എഴുതപ്പെട്ടതാണ്. മനുസ്മൃതിയില്‍ അവതരിപ്പിച്ച നിയമങ്ങള്‍ ഇന്നും ലോകത്ത് അഭിമാനകരമായി പ്രചോദിപ്പിക്കുകയും സ്വീകാര്യത നേടുകയും ചെയ്യുന്നു. ഇന്ത്യയിലെ ഹൈന്ദവ മതവിശ്വാസികള്‍ അത് അനുവര്‍ത്തിക്കുകയും ചെയ്യുന്നു. എന്നാല്‍ നമ്മുടെ ഭരണഘടനാ പണ്ഡിറ്റുകള്‍ക്ക് അത് ഒന്നുമല്ല’.
സമാനമായി അംബേദ്കര്‍ക്കെതിരെ അവരുടെ ഏറ്റവും മോശമായ ആക്രമണം ഉണ്ടായത് അദ്ദേഹം ഹിന്ദു നിയമ ബില്‍ അവതരിപ്പിച്ചപ്പോഴായിരുന്നു. ആര്‍.എസ്.എസ് മേധാവി എം.എസ് ഗോള്‍വാള്‍കര്‍ ഇതുപോലെ തന്നെ ശക്തമായ പ്രതിഷേധവുമായായിരുന്നു ഇറങ്ങിത്തിരിച്ചിരുന്നത്. 1949 ഓഗസ്റ്റില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു: അംബേദ്കര്‍ മുന്നോട്ടുവെച്ച പരിഷ്‌കാരങ്ങള്‍ ഭാരതത്തെക്കുറിച്ച് ഒന്നുമില്ലാത്തതാണ്. വിവാഹം, വിവാഹ മോചനം തുടങ്ങിയ ചോദ്യങ്ങള്‍ക്ക് അമേരിക്കന്‍ മാതൃകയിലോ അല്ലെങ്കില്‍ ബ്രിട്ടീഷ് മാതൃകയിലോ ഈ രാജ്യത്ത് പരിഹാരം കാണാന്‍ കഴിയില്ല. ഹൈന്ദവ സംസ്‌കാരവും നിയമവുമനുസരിച്ച് വിവാഹം എന്നാല്‍ മരണ ശേഷവും മുറിയാത്ത ഒരു സംസ്‌കാരമാണ്. അല്ലാതെ ഏത് സമയവും പൊട്ടിച്ചെറിയാവുന്ന കരാറല്ല. ഗോള്‍വാള്‍ക്കര്‍ തുടരുന്നു: തീര്‍ച്ചയായും ഹിന്ദു സമൂഹത്തിലെ ചില താഴ്ന്ന ജാതിക്കാര്‍ വിവാഹ മോചനം ആചാരമായി അംഗീകരിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ അവരുടെ ചെയ്തികള്‍ എല്ലാവരും പിന്തുടരുന്നതിനുള്ള മാതൃകയായി അംഗീകരിക്കാനാവില്ല. (ഓര്‍ഗനൈസര്‍ സെപ്തംബര്‍ 6, 1949)
1998ല്‍ എന്‍.ഡി.എ സഖ്യത്തെ നയിച്ച് ബി.ജെ.പി അധികാരത്തിലെത്തി. ആ മന്ത്രിസഭയില്‍ പ്രധാനിയായ ക്യാബിനറ്റ് മന്ത്രിയായിരുന്നു അരുണ്‍ഷൂരി. അംബേദ്കറെ തള്ളിപ്പറഞ്ഞ് ഏറ്റവും രൂക്ഷമായി വിമര്‍ശിച്ചെഴുതിയ ആളായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ നടത്തിപ്പുകാര്‍ അംബേദ്കറുടെ ഛായാചിത്രങ്ങളും ഫോട്ടോഗ്രാഫുകളും രൂപകല്‍പന ചെയ്യുമ്പോഴും ബി.ജെ.പി മന്ത്രി ആനന്ദ്കൃഷ്ണ ഹെഗ്‌ഡെ പരസ്യമായി പ്രഖ്യാപിച്ചത് ഭരണഘടനയില്‍ മാറ്റം വരുത്താന്‍ ബി.ജെ.പി ഇവിടെയുണ്ടെന്നാണ്. അംബേദ്കര്‍ മതനിപേക്ഷതയേയും സമത്വത്തേയും വളരെയേറെ പ്രണയിച്ചിരുന്നുവെങ്കില്‍ മതേതരത്വമെന്നത് സ്വതന്ത്ര ഇന്ത്യയുടെ ഏറ്റവും വലിയ കള്ളമാണെന്നാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയത്. ബാബ സാഹിബിന്റെ കാര്യത്തില്‍ അധരസേവനം ചെയ്യുകയെന്നതാണ് ബി.ജെ.പി തന്ത്രം. അതേസമയം, ജാതിയും ലിംഗഭേദവും സംബന്ധിച്ച അദ്ദേഹത്തിന്റെ തത്ത്വങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്നു. ആര്‍.എസ്.എസ് പ്രത്യയശാസ്ത്രക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്ന മനുസ്മൃതി കത്തിക്കുക വഴി അംബേദ്കര്‍ തന്റെ തത്ത്വങ്ങള്‍ വ്യക്തമാക്കിയതാണ്.
അംബേദ്കറെ ബഹുമാനിക്കുകയെന്നാല്‍ അദ്ദേഹത്തെ ഹാരമണിയിക്കുകയെന്നതല്ല. ബാബ സാഹിബിനെ ബഹുമാനിക്കാന്‍ തുടങ്ങേണ്ടത് മനുസ്മൃതിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാവണം, ഇന്ത്യന്‍ ഭരണഘടനാമൂല്യങ്ങള്‍ ബഹുമാനിച്ചുകൊണ്ടാവണം, അദ്ദേഹത്തിന്റെ പ്രധാന താല്‍പര്യമായ മതേതരത്വത്തിനും സാമൂഹ്യ നീതിക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ സമര്‍പ്പണം ചെയ്തുകൊണ്ടാവണം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: